കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ ഇടയില വീടിന് പറയാനുള്ളത് സമ്പന്നതയുടെ ദുരഭിമാനം മാത്രം. നാട്ടുകാർക്ക് ഡോ റുവൈസിന്റെ അച്ഛനോട് വലിയ താൽപ്പര്യമില്ല. എന്നാൽ മകനെ കുറിച്ച് മതിപ്പുമുണ്ട്. പടുകൂറ്റൻ വീട്ടിൽ രണ്ടു കാറുകൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പലപ്പോഴും അതിൽ കൂടുതൽ കാറുകൾ ആ വീട്ടുമുറ്റത്ത് കിടക്കം. എത്ര കാർ വന്നാലും അതിനെ ഉൾക്കൊള്ളാൻ വണ്ണം കാർ പോർച്ചു പോലെ ഷീറ്റിട്ട് മുറ്റത്ത് സൗകര്യമൊരുക്കിയിട്ടുണ്ട്. ഡോ ഷഹ്നയുടെ മരണത്തോടെ ഈ വീടിലെ അസ്വാഭവികതകൾ നാട്ടുകാരും തിരിച്ചറിയുന്നു.

അബ്ദുൽ റഷീദും ഭാര്യയും മകനും മകളുമാണ് ഇവിടെ താമസം. പ്രവാസിയായിരുന്ന റഷീദിന്റെ മൂത്ത മകനായ റുവൈസ് എൻ്ട്രൻസ് പരീക്ഷയിലെ ഉന്നത വിജയവുമായി എംബിബിഎസ് പഠിച്ചു. മകളും എംബിബിഎസിനാണ് പഠനം. എന്നാൽ അത് തൃശൂരിലെ സ്വകാര്യ കോളേജിലാണ്. രണ്ടാം വർഷത്തിലാണ് പഠനം. റഷീദിന് ഈ പ്രദേശത്ത് 20ഓളം വീടുണ്ടെന്ന് നാട്ടുകാർ പറയുന്നു. മിക്കവയും വാടകയ്ക്ക് കൊടുത്തിരിക്കുന്നുവെന്നാണ് നാട്ടുകാരുടെ ഭാഷ്യം. നാട്ടുകാരിൽ നിന്ന് പണം വാങ്ങി കൊടുക്കാതിരുന്നുവെന്ന പരാതിയും റഷീദിനെതിരെ ഉയരുന്നുണ്ട. ഇതിൽ പലരും ശത്രുതയിലുമാണ്. അതിനിടെയാണ് ഇടയില വീടിനെ സ്ത്രീധന പീഡന വിവാദം വരിഞ്ഞു മുറക്കുന്നത്.

അമ്പത്തിയാറ് എന്നാണ് നാട്ടുകാർ റഷീദിനിട്ടിരിക്കുന്ന വിളിപ്പേര്. വള്ളത്തിൽ സാധനങ്ങൾ കരുനാഗപ്പള്ളിയിൽ കൊണ്ടു വരുന്ന സംവിധാനം ഇയാൾ്ക്കുണ്ടത്രേ. അങ്ങനെ സാധനം കൊണ്ടു വരുന്ന വള്ളത്തിന്റെ നീളവുമായി ബന്ധപ്പെട്ടതാണ് 56 എന്ന അക്കം. ഈ വള്ളത്തിന്റെ നീളക്കണക്കിലാണ് നാട്ടുകാർ റുവൈസിന്റെ അച്ഛനെ വിളിക്കുന്നത്. റുവൈസിന്റെ വീട്ടിന് മുന്നിൽ അബ്ദുൽ റഷീദ് എന്ന പേരും എഴുതി വച്ചിട്ടുണ്ട്. വലിയ ഗേറ്റുകളും മുറ്റത്ത് വലിയ പന്തലുമെല്ലാം ഒരുക്കിയ വമ്പൻ വീട്. ഈ വീട്ടിലാണ് ഡോ ഷഹ്നയെ വിലപേശലിന് വിധേയമാക്കാനുള്ള സ്ത്രീധന ഗൂഢാലോചന നടന്നത്. ഇതെല്ലാം മനസ്സിലാക്കിയിട്ടും പൊലീസ് റഷീദിനേയും കുടുംബത്തേയും രക്ഷപ്പെടാൻ അനുവദിക്കുന്ന നിസംഗത പുലർത്തിയെന്നതാണ് വസ്തുത.

ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഡോ ഇ എ റുവൈസിന്റെ പിതാവിനെയും പ്രതിയാക്കിയിട്ടുണ്ട്. കരുനാഗപ്പള്ളി കോഴിക്കോട് ഇടയില വീട്ടിൽ അബ്ദുൽ റഷീദിനെയാണ് രണ്ടാം പ്രതിയാക്കിയത്. പെൺകുട്ടിയുടെ മരണത്തിനു കാരണമായ സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയതിനാണ് ഇയാളെ പ്രതിയാക്കിയത്. റുവൈസിന്റെ പിതാവ് ഉൾപ്പെടെയുള്ള ബന്ധുക്കൾ കൂടുതൽ സ്ത്രീധനം ചോദിക്കുകയും അതിനായി സമ്മർദം ചെലുത്തുകയും ചെയ്തതായി ഷഹ്നയുടെ മാതാവ് പൊലീസിനു മൊഴിനൽകിയിരുന്നു. അതേസമയം റിമാൻഡിലുള്ള റുവൈസിനെ ചൊവ്വാഴ്ച ഹാജരാക്കാൻ കോടതി ജയിൽ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കൂടുതൽ ചോദ്യം ചെയ്യുന്നതിന് അന്ന് തന്നെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് ശ്രമം. ഷഹ്നയും ആത്മഹത്യാക്കുറിപ്പിലെ കാര്യങ്ങളും ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് റുവൈസിനെയും അച്ഛനെയും പ്രതിയാക്കിയത്. ആത്മഹത്യാക്കുറിപ്പിൽ റുവൈസിന്റെ പങ്ക് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ഷഹ്ന റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. എന്നാൽ അയാൾ പ്രതികരിച്ചിരുന്നില്ല. ഇത്രയും സ്ത്രീധനം ചോദിച്ചാൽ തങ്ങൾക്ക് അതു നൽകാനാകില്ലെന്നും താൻ മരിക്കുകയാണെന്നും ഷഹ്ന വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു.

റുവൈസ് ഇതു വായിച്ചശേഷം ഷഹനയെ ബ്ലോക്ക് ചെയ്യുകയായിരുന്നു. തുടർന്ന് ഷഹ്ന അയച്ച എല്ലാ സന്ദേശങ്ങളും ഡിലീറ്റ് ചെയ്തു. ഒരു പെൺകുട്ടിയുടെ മരണം തടയാമായിരുന്നിട്ടും അതിന് ഡോക്ടർ തുനിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു. ഷഹനയുടെ ഫോണിൽ നിന്നും സന്ദേശങ്ങൾ പൊലീസിന് കിട്ടിയിരുന്നു. ഇത് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

വിവാഹത്തിനു മുന്നോടിയായി റുവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ വീട്ടുകാർ റുവൈസിന്റെ വീട്ടിലേക്കും പോയിട്ടുണ്ടായിരുന്നു. എപ്പോൾ വിവാഹം നടത്തണമെന്നത് ഉൾപ്പെടെ ചർച്ച നടത്തി. പിന്നീടാണ് സ്ത്രീധനത്തിന്റെ പേരിൽ റുവൈസ് പിന്മാറിയതെന്നാണ് പൊലീസ് പറയുന്നത്.