കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് താൻ പ്രതിയായ കേസിൽ പരാതിക്കാരൻ ഹാജരാക്കിയ രേഖയിലെ ഒപ്പ് തന്റേതല്ലെന്ന് അഭിഭാഷകനും സിനിമാ നടനും സാമൂഹ്യ പ്രവർത്തകനുമായ അഡ്വ. സി ഷുക്കൂർ മറുനാടൻ മലയാളിയോട് വെളിപ്പെടുത്തി. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ 11-ാം പ്രതിയായ കളനാട് കട്ടക്കാലിലെ ന്യൂ വൈറ്റ് ഹൗസിൽ എസ് കെ മുഹമ്മദ് കുഞ്ഞി പരാതിക്കൊപ്പം നൽകിയ രേഖയിലെ ഒപ്പ് തന്റേതല്ലെന്ന വാദമാണ് സി ഷുക്കൂർ ഉയർത്തിയിരിക്കുന്നത്.

ഡയറക്ടർ എന്ന നിലയിൽ ഐഡന്റിഫിക്കേഷൻ കിട്ടാനായി ഫോറം 32 നൊപ്പം 2013 ഓഗസ്റ്റ് 13നാണ് തന്റെ പേരിൽ സത്യവാങ്മൂലവും സമ്മത പത്രവും സമർപിച്ചിട്ടുള്ളതെന്നും എന്നാൽ ഈ സമയത്ത് താൻ വിദേശത്ത് ആയിരുന്നുവെന്നും മുഹമ്മദ് കുഞ്ഞി കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. തന്റെ പേരിലുള്ള സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയത് അന്നത്തെ നോട്ടറിയായിരുന്ന അഡ്വ. സി ഷുക്കൂറാണെന്നായിരുന്നു പരാതിക്കാരൻ ആരോപിച്ചത്. സത്യവാങ്മൂലത്തിന്റെ പകർപ്പും കോടതിയിൽ നൽകിയിരുന്നു.

ഈ ഒപ്പ് തന്റേതല്ല എന്നാണ് ഷുക്കൂർ ഇപ്പോൾ വ്യക്തമാക്കിയത്. ഒരു മാധ്യമ പ്രവർത്തകൻ അരുൺ വാർത്തയുടെ ഭാഗമായി ശേഖരിച്ച സത്യവാങ്മൂലത്തിന്റെ പകർപ്പ് തനിക്ക് ലഭിച്ചപ്പോഴാണ് ഇതിലെ ഒപ്പ് തന്റേതല്ലെന്ന് വ്യക്തമായതെന്നും ഷുക്കൂർ പറഞ്ഞു. സത്യവാങ്മൂലത്തിലെ സീൽ സംബന്ധിച്ചുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കട്ടെയെന്നും കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്നും ഷുക്കൂർ വ്യക്തമാക്കി.

കേസ് കോടതിയുടെ പരിഗണനയിലായതിനാലും കൂടുതൽ അന്വേഷണം നടക്കുന്നതിനാലും ഇതുസംബന്ധിച്ച് കൂടുതൽ പ്രതികരണത്തിനില്ല. പൊലീസിന്റെ അന്വേഷണം പൂർത്തിയായ ശേഷം ഇതുമായി ബന്ധപ്പെട്ട നിയമനടപടി സ്വീകരിക്കും. താൻ ഇരകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണ്. ബഡ്സ് ആക്ട് പ്രകാരം എം സി ഖമറുദ്ദീന്റെ വീട്, പൂക്കോയ തങ്ങളുടെ വീട്, കമ്പനി 2017ൽ ബെംഗ്‌ളൂറിൽ വാങ്ങിയ സ്ഥലം, ഫാഷൻ ഗോൾഡിന്റെ കാസർകോട്ടെ കെട്ടിടം, പയ്യന്നൂരിലെ ഫാഷൻ ഗോൾഡിന്റെ കെട്ടിടം എന്നിങ്ങനെ ആറ് സ്ഥലങ്ങളും സ്ഥാപനങ്ങളും കണ്ടുകെട്ടി 29 കോടിയിലധികം രൂപ വസൂലാക്കാൻ ക്രൈംബ്രാഞ്ച് നടപടി സ്വീകരിച്ചിട്ടുണ്ട്. അങ്ങനെ വന്നാൽ ആ തുക പരാതിക്കാരായ 165 നിക്ഷേപകരിൽ അർഹതപ്പെട്ടവർക്ക് ലഭിക്കും. നേരിട്ട് വരാത്ത ഒരാൾക്കും, താൻ നോട്ടറി എന്ന നിലയിൽ സാക്ഷ്യപ്പെടുത്തൽ നടത്തിയിട്ടില്ലെന്നും ഷുക്കൂർ വ്യക്തമാക്കി.

24 ന്യൂസും, മീഡിയവൺ ചാനലുമാണ് വസ്തുതാ വിരുദ്ധമായ വാർത്ത പ്രചരിപ്പിച്ചത്. എന്റെ ആരോപണങ്ങൾ പൊളിഞ്ഞു എന്ന് എന്നെ കേൾക്കാതെ വാർത്ത പടച്ചുവിടുകയായിരുന്നു. മീഡിയ വണ്ണിന് പ്രത്യേക അജണ്ടയാണ്. തന്റെ നിലപാടുമായി ബന്ധപ്പെട്ട് അവർക്കുള്ള അസഹിഷ്ണുത തുറന്നു കാണിക്കപ്പെടുകയാണ് ഇവിടെ എന്ന് ഷുക്കൂർ അഭിപ്രായപ്പെട്ടു. പ്രായം 50 കഴിഞ്ഞു. ഇത്തരം വാർത്തകളിൽ സങ്കടമില്ലെന്നും സാധാരണക്കാരോടൊപ്പം ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് പ്രവർത്തകർ സ്‌നേഹമുള്ളവരാണെന്നും അവരുടെ കാഴ്ചപ്പാടാണ് പ്രശ്‌നമെന്നും താനും ഒരുകാലത്ത് സമാന രീതിയിൽ തന്നെയാണ് ചിന്തിച്ചതെന്നും ഷുക്കൂർ പറഞ്ഞു. മുസ്ലിം പിന്തുടർച്ചാവകാശങ്ങളിൽ കാതലായ മാറ്റങ്ങൾ ആവശ്യമാണ്. പക്ഷേ അതൊരിക്കലും ഏക സിവിൽ കോഡിലൂടെ ആവരുതെന്നും ഷുക്കൂർ ആവശ്യപ്പെട്ടു.

അപകീർത്തികരമാകും വിധം വാർത്തകൾ പ്രചരിപ്പിച്ച ചാനലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. താൻ ഇടതുപക്ഷത്തോടൊപ്പം പ്രവർത്തിക്കുന്ന ആളാണ്. സിപിഎം അംഗവുമാണ്. രാഷ്ട്രീയ മാനങ്ങൾ അടക്കം ഉള്ള ഈ കേസിൽ വലിയ രീതിയിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് സംശയിക്കുന്നതെന്നും സി ശുകൂർ പറഞ്ഞു.