കൊച്ചി: പൊലീസിന്റെ ഔദ്യോഗിക ആപ്ലിക്കേഷനുകളുടെ യൂസർ നെയിമും പാസ്സ് വേർഡും ഹാക്കർമാർ കൊണ്ടു പോയി. എറണാകുളം സിറ്റി ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടറാണ് ഹാക്ക് ചെയ്യപ്പെട്ടത്. കംപ്യൂട്ടറിൽ ഉണ്ടായിരുന്ന എല്ലാ ആപ്പുകളുടെയും യൂസർ നെയിമും പാസ്സ് വേർഡും ഈമെയിൽ അഡ്രസ്സുകളും ഹാക്കർമാർ ചോർത്തി എടുത്തു.

കഴിഞ്ഞ സെപ്റ്റംബറിലാണ് സംഭവം. പോൽ ആപ്പ്, ക്രൈം ഡ്രൈവ്, ഡയൽ എ കോപ്, ഐ-ആപ്സ്, സി.സി.ടി.എൻ.എസ് എന്നീ പ്രധാനപ്പെട്ട ആപ്ലിക്കേഷനുകളുടെ വിവരങ്ങളാണ് ചോർത്തിയതെന്നാണ് വിവരം. ഇത് സംബന്ധിച്ച് സ്റ്റേഷൻ എസ്.എച്ച്.ഓ കെ.ജി പ്രതാപ ചന്ദ്രൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഐ.ടി ആക്ട് 43,66 വകുപ്പ് പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എല്ലാ ക്രിമിനലുകളുടെയും വിവരങ്ങൾ ശേഖരിച്ചിരിക്കുന്ന ആപ്പാണ് ക്രൈം ഡ്രൈവ്. ഇതിൽ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തിയാൽ അവരുടെ മുൻകാല കേസുകളുടെ വിവരങ്ങൾ അറിയാൻ കഴിയും. പോൽ ആപ് ജനങ്ങൾക്ക് പരാതി അറിയിക്കാനും മറ്റുമുള്ള ആപ്പാണ്. പൊലീസുകാരുടെ എല്ലാ വിവരങ്ങളും അടങ്ങിയ ആപ്പാണ് ഡയൽ എ കോപ്. ഐ-ആപ്സ് പൊലീസിന്റെ കമ്യൂണിക്കേഷൻ ആപ്പാണ്. പരാതികളും എഫ്.ഐ.ആറുകളും രേഖപ്പെടുത്തുന്ന സംവിധാനമാണ് സി.സി.ടി.എൻ.എസ്. ഇത്തരം സുപ്രധാന വിവരങ്ങൾ അടങ്ങിയ ആപ്പുകളുടെ യൂസർ നെയിമും പാസ്സ് വേർഡുകളും ചോർത്തിയെടുത്തത് ദുരുദ്ദേശപരമായ കാര്യങ്ങൾക്ക് വേണ്ടിയാണോ എന്നാണ് സംശയമുയരുന്നത്.

കംപ്യൂട്ടർ ഹാക്ക് ചെയ്തത് പൊലീസ് അറിയുന്നത് ഒരുമാസത്തിന് ശേഷമാണ്. പൊലീസിന്റെ സൈബർ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടർ ഹാക്ക് ചെയ്തിരിക്കുന്ന വിവരം ശ്രദ്ധയിൽപ്പെടുന്നത്. കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് യൂസർ നെയിമുകളും പാസ്സ് വേർഡുകളും പ്രധാനപ്പെട്ട ഈ മെയിൽ അഡ്രസ്സുകളും ഹാക്ക് ചെയ്തെന്ന് കണ്ടെത്തിയത്. ഒക്ടോബർ 23 നാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. തുടർന്നാണ് എസ്.എച്ച്.ഓ പരാതി നൽകിയത്. ഹാക്ക് ചെയ്യാൻ ഉപയോഗിച്ച ഐ.പി അഡ്രസ്സ് കണ്ടെത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

അതേ സമയം ഹാക്ക് ചെയ്യപ്പെട്ടു എന്ന് മനസ്സിലായതോടെ എല്ലാ ആപ്ലിക്കേഷനുകളുടെ യൂസെർ നെയിമും പാസ് വേർഡുകളും മാറ്റി. ഇവയുടെ സുരക്ഷ വർദ്ധിപ്പിച്ചതായിട്ടാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.