കൊച്ചി: 126 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് തൃശൂർ ആസ്ഥാനമായുള്ള മൾട്ടി ലെവൽ മാർക്കറ്റിങ് (എംഎൽഎം) കമ്പനിയുടെ ഡയറക്ടറെ സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തു. സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയ ഏറ്റവും വലിയ ജിഎസ്ടി വെട്ടിപ്പ് കേസാണിത്. അതീവ രഹസ്യമായിട്ടായിരുന്നു നീക്കം.

ആറാട്ടുപുഴ നെരുവിശ്ശേരി ആസ്ഥാനമായുള്ള ഹൈറിച്ച് ഓൺലൈൻ ഷോപ്പ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ പ്രതാപൻ കോലാട്ട് ദാസനെ(പ്രതാപൻ കെഡി) ജിഎസ്ടി ഇന്റലിജൻസ് കാസർകോട് യൂണിറ്റ് അറസ്റ്റ് ചെയ്തത് ദിവസങ്ങൾക്ക് മുമ്പാണ്. എന്നാൽ വാർത്ത പോലും പുറത്തു വരാതെ രഹസ്യമായി സൂക്ഷിച്ചു. 'സാധാരണയായി, 5 കോടിയിലധികം രൂപയുടെ നികുതിവെട്ടിപ്പ് കേസുകളിൽ ജി എസ് ടി വകുപ്പ് പത്രക്കുറിപ്പ് ഇറക്കാറുണ്ട്. എന്നാൽ ഇവിടെ അതും ഉണ്ടായില്ല. ഇതിനൊപ്പം കമ്പനിയുടെ അക്കൗണ്ടുകൾ മരവിപ്പിക്കാത്തും സംശയകരമായി മാറുന്നുണ്ട്.

എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തിക കുറ്റം) കോടതിയാണ് പ്രതാപനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ജിഎസ്ടി വെട്ടിപ്പ് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നവംബർ 24ന് ജിഎസ്ടി ഇന്റലിജൻസ് കാസർകോട് യൂണിറ്റ് ആറാട്ടുപുഴയിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പിന്റെ ഓഫീസിൽ റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കമ്പനി 703 കോടി രൂപയുടെ വിറ്റുവരവ് കുറച്ചു കാട്ടിം 126.54 കോടി രൂപ നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തി.

അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കമ്പനി ഡയറക്ടർമാരായ പ്രതാപനെയും ശ്രീന കെ എസിനെയും നവംബർ 30 ന് തൃശ്ശൂരിലെ ഓഫീസിലേക്ക് വിളിപ്പിച്ചു. അതിന് ശേഷമാണ് അറസ്റ്റ്. സ്ഥാപനത്തിന് 15 ശതമാനം പിഴയും ചുമത്തി. 75 കോടിയുടെ ബാധ്യത തീർക്കാനാള്ളപ്പോഴാണ് അറസ്റ്റ്. കമ്പനിക്ക് മറ്റ് സംസ്ഥാനങ്ങളിൽ പ്രവർത്തനമുണ്ടെന്നും വിറ്റുവരവ് കൂടുതലാകാൻ സാധ്യതയുണ്ടെന്നുമാണ് വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. കമ്പനിയുടെ ഡയറക്ടർമാർ കുറ്റം സമ്മതിച്ചതായാണ് വിവരം.

ഹൈറിച്ച് ഓൺലൈൻ കമ്പനിയുടെ പേരിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ നേരത്തെ പൊലീസിന് മുന്നിലും എത്തിയിരുന്നു. തൃശൂർ കണിമംഗലം വലിയാലുക്കലിൽ പ്രവർത്തിക്കുന്ന ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലുള്ള കമ്പനിക്കെതിരെ പയ്യന്നൂരിലെ ഒരു വ്യക്തിയാണ് പരാതി കൊടുത്തത്. തട്ടിപ്പിൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതി തുടരന്വേഷണത്തിനായി പയ്യന്നൂർ പൊലീസിന് കൈമാറുകയായിരുന്നു.

പയ്യന്നൂരിൽ സംഘടിപ്പിച്ച നിക്ഷേപ സംഗമത്തിൽനിന്നും ലഭിച്ച ലഘുലേഖകളും ഹൈറിച്ച് എന്ന കമ്പനിയുടെ രണ്ട് വർഷത്തെ ബാലൻസ് ഷീറ്റുൾപ്പെടെയുള്ള രേഖകളും പരാതിക്കാരൻ പൊലീസിന് കൈമാറിയിരുന്നു. ഗ്രീൻകോ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തി ജയിൽ വാസവും പിഴയുമൊടുക്കേണ്ടി വന്നയാളാണ് കമ്പനിയുടെ സാരഥിയെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ മൂലധനത്തിൽ 2019 ഒക്ടോബർ ഇരുപത്തിരണ്ടിനാണ് ഹൈറിച്ച് കമ്പനി രജിസ്റ്റർ ചെയ്തത്.

കൂടാതെ ഹൈറിച്ച് നിധി, ഹൈറിച്ച് സ്മാർടെക് എന്നിങ്ങനെ രണ്ടു കമ്പനികൾ കൂടി ഇവർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിനിമ പ്രദർശിപ്പിക്കാനുള്ള ഹൈറിച്ച് ഒടിടി പ്ലാറ്റ്ഫോമും ഉണ്ട്. മോഹന വാഗ്ദാനങ്ങൾ നൽകി ഇവർ പൊതുജനത്തെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മൾട്ടി ലെവൽ മാർക്കറ്റിങ് മാതൃകയിലുള്ള ഈ തട്ടിപ്പിനെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിക്ക് നൽകിയ പരാതി. ആർ ബി ഐയ്ക്കും മറ്റും പരാതിയും കൊടുത്തു. ഇതിലൊന്നും നടപടികളുണ്ടായില്ല. ഇതിനിടെയാണ് ജി എസ് ടി വകുപ്പിന്റെ ഇടപെടൽ.