തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കൈകാലിട്ടടിക്കുന്ന കെ എസ് ആർ ടി സിക്ക് വീണ്ടും ഇരുട്ടടി. ഇത്തവണ ജിഎസ്ടി ഇന്റലിജൻസ് ഡയറക്ടറേറ്റ് ആണ് കഴുത്തിന് പിടിച്ചത്. കെഎസ്ആർടിസി, എസി ബസ് ടിക്കറ്റുകളിൽ ഈടാക്കിയ സെസും, റിസർവേഷൻ ചാർജും ജിഎസ്ടിയിൽ ഉൾപ്പെടുത്തിയില്ല എന്നതിന്റെ പേരിൽ ജിഎസ്ടി ഇന്റലിജൻസ് ഡയറ്കടറേറ്റ ജനറൽ കോർപറേഷന് ഷോക്കോസ് നോട്ടീസ് അയച്ചിരിക്കുകയാണ്. ശരിയായ മറുപടി കൊടുത്തില്ലെങ്കിൽ പണി പാളും. കാരണം കെഎസ്ആർടിസി കടുത്ത ജിഎസ്ടി ചട്ട ലംഘനം നടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

കഥ ഇങ്ങനെ

2017 ജൂലൈ 1 മുതൽ 2022 മാർച്ച് 31 വരെയുള്ള ജിഎസ്ടി ബാധ്യത കെഎസ്ആർടിസി ക്യത്യമായി കണക്കാക്കിയില്ല. അതായത് സെസും റിസർവേഷൻ ചാർജും ഒഴിവാക്കിയാണ് ജിഎസ്ടി കണക്കാക്കിയത്. ഇതിൽ പിഴവ് പറ്റി. 2017 ലെ കേന്ദ്ര ജിഎസ്ടി നിയമത്തിലെയും, 2017 ലെ സംസ്ഥാന ജിഎസ്ടി നിയമത്തിലെയും വിവിധ ചട്ടങ്ങൾ കെഎസ്ആർടിസി ലംഘിച്ചു.

കണക്കിലെ കളി

2017 ജൂലൈ ഒന്നുമുതൽ, 2022 മാർച്ച് 31 വരെ കെ എസ് ആർ ടി സി എസി ബസുകൾക്കായി സെസിനത്തിൽ 11,15,55,571 രൂപയും, റിസർവേഷൻ ചാർജ് ഇനത്തിൽ 4,56,79,296 രൂപയും ശേഖരിച്ചു. മൊത്തം 15 കോടി, 72 ലക്ഷത്തി 34 ലായിരത്തി 867 രൂപ. ഇതനുസരിച്ച് 78 ലക്ഷത്തി അറുപത്തിയൊന്നായിരത്തി 742 രൂപ(78,61,742) ജിഎസ്ടിയായി കോർപറേഷൻ അടയ്‌ക്കേണ്ടതാണ്. ഇതിൽ സിജിഎസ്ടി 39,30,871 രൂപയാണ് അടയ്‌ക്കേണ്ടത്.

അതുകൊണ്ട് ട്രാൻസ്‌പോർട്ട് ഭവനിലേക്ക് നോട്ടീസ് പോയിരിക്കുകയാണ്, 30 ദിവസത്തിനകം ക്യത്യമായി മറുപടി നൽകണമെന്ന്. മറുപടി നൽകേണ്ടത് കേന്ദ്ര നികുതി, കേന്ദ്ര എക്‌സൈസ് ഡപ്യൂട്ടി/ അസിസ്റ്റന്റ് കമ്മീഷണർക്കാണ്. 78 ലക്ഷത്തി അറുപത്തിയൊന്നായിരത്തി 742 രൂപ(78,61,742) എന്തുകൊണ്ട് അടച്ചില്ലെന്നും, തിരിച്ചുപിടിക്കേണ്ടതില്ലെന്നും വിശദീകരിക്കണം. വെറുതെ വിശദീകരിച്ചാൽ പോരാ, മതിയായ തെളിവുകളും ഹാജരാക്കണം. ഇതൊന്നും നടന്നില്ലെങ്കിൽ, കേസ്, എക്‌സ് പാർട്ടിയായി വിധിക്കുമെന്നും ഷോക്കോസ് നോട്ടീസിൽ പറയുന്നു.

ആനവണ്ടി ജിഎസ്ടി വെട്ടിക്കാൻ നോക്കിയോ?

കേന്ദ്ര ജിഎസ്ടി നിയമത്തിലെയും, സംസ്ഥാന ജിഎസ്ടി നിയമത്തിലെയും ചട്ടങ്ങൾ കെഎസ്ആർടിസി ലംഘിച്ചതായാണ് കാണുന്നത്. എന്നാൽ, കോർപറേഷൻ മന: പൂർവം വസ്തുതകൾ മറച്ചുവയ്ക്കുകയോ, തെറ്റായ പ്രസ്താവന നടത്തുകയോ, തട്ടിപ്പ് കാണിക്കുകയോ, ജിഎസ്ടി വെട്ടിപ്പ് നടത്താൻ ഉദ്ദേശിക്കുകയോ ചെയ്തതായി കണക്കാക്കുന്നില്ലെന്ന് ജിഎസ്ടി ഇന്റലിജൻസ് ഡയറ്കടറേറ്റ് ജനറൽ വിലയിരുത്തുന്നു. സിജിഎസ്ടി നിയമത്തിലെ സെക്ഷൻ 73(1) പ്രകാരവും, സംസ്ഥാന ജിഎസ്ടി നിയമത്തിലെ സെക്ഷൻ 73(1) പ്രകാരവും കെഎസ്ആർടിസി ഒഴിവാക്കിയ ജിഎസ്ടി പലിശ സഹിതം തിരിച്ചുപിടിക്കേണ്ടതാണെന്ന് നോട്ടീസിൽ പറയുന്നു.

കോർപറേഷൻ ചെയ്യേണ്ടിയിരുന്നത്

2017 ജൂലൈ 1 മുതൽ 2022 മാർച്ച് 31 വരെ, എസി ബസുകളുടെ ടിക്കറ്റ് നിരക്കിൽ 5 ശതമാനം ജിഎസ്ടി അടയ്ക്കാൻ കെഎസ്ആർടിസിക്ക് ബാധ്യതയുണ്ടായിരുന്നു. സെസിനൊപ്പം റിസർവേഷൻ ചാർജ് കൂടി ഈടാക്കിയതുകൊണ്ട് രണ്ടിനും ജിഎസ്ടി ബാധകമാണ്. സെസ് ഉൾപ്പെടുത്താത്തതുകൊണ്ടുള്ള ജിഎസ്ടി ബാധ്യത 55,77,778 ഉം, റിസർവേഷൻ നിരക്ക് ഉൾപ്പെടുത്താത്തതുകൊണ്ടുള്ള ജിഎസ്ടി ബാധ്യത 22,83,964 രൂപയുമാണ്.

കെഎസ്ആർടിസി നൽകിയ പ്രാഥമിക വിശദീകരണം

ചീഫ് അക്കൗണ്ട്‌സ് ഓഫീസർക്കും, ധനകാര്യ ഉപദേഷ്ടാവിനും വേണ്ടി അക്കൗണ്ട്‌സ് ഡപ്യൂട്ടി മാനേജർ ഹരിപ്രിയ എസ്എ ആണ് മൊഴി നൽകിയത്. എസി ബസിലെ ടിക്കറ്റ് നിരക്കിൽ അടിസ്ഥാന നിരക്ക് കൂടാതെ സെസും ജിഎസ്ടിയും ഉണ്ട്. മുൻകൂർ റിസർവേഷനാണെങ്കിൽ, സീറ്റ് റിസർവേഷൻ നിരക്കായി ഒരു തുക ഈടാക്കുന്നുണ്ട്. ഓൺലൈൻ ബുക്കിങ്ങിന് 30 രൂപയും, കൗണ്ടർ റിസർവേഷന് 20 രൂപയും. ( 31-12-2021 വരെ) പിന്നീട് ഈ രണ്ടുനിരക്കും 10 രൂപയായി കുറത്തു.

ചില എസി-നോൺ എസി ബസുകൾക്ക് ചില ഡിപ്പോകളിൽ നിന്ന് സീറ്റ് റിസർവേഷൻ കൂപ്പൺ കൊടുക്കാറുണ്ട്. 10 രൂപയാണ് കൂപ്പൺ നിരക്ക്. എസി ബസുകളുടെ നികുതി മൂല്യത്തിൽ അടിസ്ഥാന നിരക്ക് മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു.സെസ്, റിസർവേഷൻ ചാർജ്, റിസർവേഷൻ കൂപ്പൺ എന്നിവ എസി ബസ് ടിക്കറ്റിന്റെ നികുതി മൂല്യത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. പിരിച്ചെടുക്കുന്ന സെസ്, റിസർവേഷൻ ചാർജ്, റിസർവേഷൻ കൂപ്പൺ എന്നിവയിൻ മേൽ യാത്രക്കാരിൽ നിന്ന് ജിഎസ്ടി പിരിക്കുകയോ, കെഎസ്ആർടിസി അടയ്ക്കുകയോ ചെയ്യുന്നില്ല.

എന്നാൽ, പിന്നീട് ഫിനാൻസ് ജിഎമ്മിന് വേണ്ടി ഹാജരായ അസിസ്റ്റന്റ് കിഷോർ കുമാർ കെ യു വ്യക്തമാക്കിയത് എസി ബസുകൾക്ക് റിസർവേഷൻ കൂപ്പൺ സൗകര്യം ഇല്ല എന്നതാണ്. ആ സൗകര്യം നോൺ എസി ബസുകൾക്ക് മാത്രമേയുള്ളുവെന്നും, ഡപ്യൂട്ടി മാനേജർക്ക് തെറ്റ് പറ്റിയതാണെന്നും വിശദീകരിച്ചു.

എന്തായാലും മന: പൂർവമല്ലെങ്കിലും, കെഎസ്ആർടിസി കേന്ദ്ര ജിഎസ്ടി നിയമത്തിലെയും, സംസ്ഥാന ജിഎസ്ടി നിയമത്തിലെയും ചട്ടങ്ങൾ ലംഘിച്ചിരിക്കുകയാണ്. മതിയായ മറുപടിയും, വിശദീകരണവും നൽകിയില്ലെങ്കിൽ, നേരത്തെ തന്നെ ഗതികേടിലായ കോർപറേഷന്റെ കീശ ഇനിയും ചോരും.