ലണ്ടൻ: പത്തനംതിട്ടയിൽ മൈലപ്ര ടൗണിൽ വയോധികനായ വ്യാപാരി ജോർജ് ഉണ്ണുണ്ണി (73) കൊലയ്ക്കിരയായപ്പോൾ കേരളത്തിനൊപ്പം നടുങ്ങിയത് മാഞ്ചസ്റ്ററിലെ മലയാളികളും യുകെക്കാരായ മൈലപ്രാക്കാരും. കാരണം ഇപ്പോൾ യുകെയിൽ ഉള്ള ഓരോ മൈലപ്ര സ്വദേശിയും വർഷങ്ങളായി കണ്ടുപരിചയം ഉള്ളതാണ് കാർഷിക ഉൽപ്പന്നങ്ങൾ വ്യാപാരം ചെയ്യുന്ന ജോർജ് ഉണ്ണുണ്ണിയുടെ കട. മാഞ്ചസ്റ്റർ മലയാളികളെ സംബന്ധിച്ചിടത്തോഇളം തങ്ങൾക്ക് പ്രിയപ്പെട്ട ഒരു കുടുംബത്തിലേക്കാണ് ജോർജ് ഉണ്ണുണ്ണിയുടെ മരണവാർത്ത തേങ്ങലായി വന്നെത്തിയത്. ജോർജ് ഉണ്ണുണ്ണിയുടെ മകൻ ഷാജി ജോർജ് മൈലപ്ര ബാങ്കിന്റെ സെക്രട്ടറി ആയി ചുമതലയേറ്റ് ഇപ്പോൾ നാട്ടിൽ ആണെങ്കിലും വർഷങ്ങളായി അദ്ദേഹവും കുടുംബവും മാഞ്ചസ്റ്റർ മലയാളികളായാണ് അറിയപ്പെടുന്നതും.

മാഞ്ചസ്റ്ററിൽ ഹൈഡ് എന്ന് വിളിക്കപ്പെടുന്ന സ്ഥലത്താണ് കുടുംബം താമസിക്കുന്നത്. ലിവർപൂളിൽ താമസിക്കുന്ന ബിനു മൈലപ്രയടക്കം വേറെയും ഉറ്റ ബന്ധുക്കൾ കൊല്ലപ്പെട്ട ജോർജ് ഉണ്ണുണ്ണിക്കു യുകെയിലുണ്ട്. അതിനാൽ തന്നെ ഇന്നലെ രാത്രിയോടെ യുകെ മലയാളികളെ തേടി എത്തിയ അത്യന്തം ദുഃഖകരമായ വാർത്ത ഏറെ വ്യസനത്തോടെയാണ് ഞങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. ഷാജി ജോർജിന്റെ ഭാര്യയും കുടുംബവും ഇന്ന് നാട്ടിലേക്ക് യാത്ര തിരിക്കുകയാണ്. ഇവർ കൂടി എത്തിയ ശേഷമേ സംസ്‌കാര ചടങ്ങുകൾ പൂർത്തിയാകൂ. കടയിൽ വന്നിരിക്കുമ്പോൾ ഷർട്ട് അധികമായി ധരിക്കാത്ത പ്രകൃതം ഉള്ളതിനാൽ ഇദ്ദേഹം സ്ഥിരമായി കഴുത്തിൽ അണിഞ്ഞിരുന്ന ഏഴു പവനോളം തൂക്കമുള്ള സ്വർണ മാല തേടിയെത്തിയവരാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിൽ നിന്നും ഈ മാല നഷ്ടമായിട്ടുണ്ട്. ഒപ്പം കടയിൽ നിന്നും പണവും മോഷണം പോയതായാണ് പൊലീസ് നൽകുന്ന സൂചനകൾ.

വായിൽ തുണി തിരുകി കൈയും കാലും കസേരയിൽ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കട പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. മാത്രമല്ല, സ്വർണത്തിനും പണത്തിനും ഒപ്പം സ്ഥാപനത്തിലെ സിസിടിവി ഹാർഡ് ഡിസ്‌കും കാണാതായിട്ടുണ്ട്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. എല്ലാ ദിവസവും ആറ് മണിക്ക് ജോർജ് കടയടച്ചുപോകാറാണ് പതിവ്. കൊച്ചുമകനാണ് ആദ്യം മൃതദേഹം കണ്ടത്. വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോകാൻ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൈലപ്ര സർവ്വീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറിയുടെ പിതാവാണ് ജോർജ്.

കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണ വിലയിൽ പവന് 6000 രൂപയിൽ അധികം ഉയർന്നതോടെ ഒരു തരി പൊന്നു കിട്ടിയാലും മോഷണവും പിടിച്ചു പറിയും കൊലപാതകവും വരെ സംഭവിക്കാം എന്ന മുന്നറിയിപ്പിനുള്ള സാധൂകരണമാണ് ജോർജ് ഉണ്ണുണ്ണിയുടെ കൊലപാതകം നൽകുന്ന സൂചന. കഴിഞ്ഞ വർഷം പവന് 40,000 രൂപയിൽ തൊട്ടുനിന്ന സ്വർണ വില ഇപ്പോൾ 46,000 ആയി മാറിയത് കഴിഞ്ഞ ദിവസമാണ് പ്രാധാന്യത്തോടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

കോവിഡിന് ശേഷം കേരളത്തിൽ സ്ഥിര വരുമാനം നഷ്ടമായ അനേകം കുടുംബങ്ങളിൽ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ തന്നെയാണ് സ്വർണ വില വാർത്തയും അതിലൂടെ ഇരകളായേക്കാം എന്ന് കരുതപ്പെടുന്നവരുടെയും ഇപ്പോഴത്തെ നിസ്സഹായാവസ്ഥ. ഇതിനു പ്രതിവിധിയായി പരമാവധി സ്വർണാഭരണ ഉപയോഗം കുറയ്ക്കുക എന്നതാണ് പൊലീസിന് അടക്കം ഉപദേശിക്കാനുള്ളതും.

യുകെയിൽ മലയാളികൾ ഉൾപ്പെടെയുള്ള ഏഷ്യൻ കുടുംബങ്ങൾ സ്വർണം ഉപയോഗിക്കുന്നത് കൂടിയപ്പോൾ പതിവായ മോഷണം ഇപ്പോൾ അൽപം കുറഞ്ഞതിന് കാരണവും സ്വർണം പുറത്തു പ്രദർശിപ്പിക്കുന്നത് മലയാളികൾ കുറച്ചതോടെയാണ് എന്നതും പ്രത്യേകം നിരീക്ഷിക്കപ്പെടുന്നു.