കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കിടക്കാനായി എറണാകുളം ഗസ്റ്റ് ഹൗസിൽ ഒരുക്കിയത് 30000 രൂപ വിലയുള്ള കയർ ഫെഡ് കിടക്ക. കട്ടിയുള്ള കിടക്ക ഒരുക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് വില കൂടിയ മെത്ത വാങ്ങിയത്. എന്നാൽ വ്രതമായതിനാൽ തറയിൽ കിടക്കാനുള്ള കട്ടിയുള്ള കിടക്കയായിരുന്നു ഉദ്ദേശിച്ചത്. അങ്ങനെ മികച്ച കിടക്കയുമായി കാത്തിരുന്ന ഗസ്റ്റ് ഹൗസ് ജീവനക്കാരെ ഞെട്ടിച്ച് മോദി തറയിൽ യോഗ മാറ്റ് വിരിച്ച് കിടന്നുറങ്ങി. സാധാരണ പുതപ്പായിരുന്നു അതിന് മുകളിൽ വിരിച്ചതും. മോദിയുടെ സന്ദർശനം അക്ഷരാർത്ഥത്തിൽ ഗസ്റ്റ് ഹൗസിലുള്ളവർക്ക് പുതുമയുള്ള അനുഭവമായിരുന്നു. കരിക്കിനോട് കാട്ടിയ താൽപ്പര്യവും ജീവനക്കാർ ഏറ്റെടുത്തു. 20 നാടൻ കരിക്കുമായാണ് കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് മോദി മടങ്ങിയത്.

വിഭവ സമൃദ്ധമായ ഭക്ഷണമാണ് അടുക്കളയിൽ ഒരുക്കിയത്. ഇതുമായി എത്തിയ ജീവനക്കാരോട് ആഹാരം വേണ്ടെന്നും കരിക്കിൻ വെള്ളവും പഴവും മതിയെന്ന് പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രിക്കൊപ്പം എത്തിയ കമാണ്ടോകൾ അടക്കമുള്ളവരും സസ്യാഹാരം മാത്രമാണ് കഴിച്ചത്. പ്രധാനമന്ത്രിയുടെ വ്രതമായിരുന്നു ഇതിന് കാരണം. ഗസ്റ്റ് ഹൗസിലെ എട്ടാം നിലയിലെ സ്യൂട്ടിലായിരുന്നു മോദിയുടെ താമസം. ഇതേ നിലയിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പരിപാടികളിൽ പങ്കെടുത്ത ശേഷം തങ്ങുന്നത്. അതീവ സുരക്ഷയായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഈ നിലയിലെ തറയിലായിരുന്നു മോദിയുടെ രാത്രിയുറക്കം.

ഗസ്റ്റ് ഹൗസിൽ എത്തിയപ്പോൾ തന്നെ മോദിക്ക് ജീവനക്കാർ കുടിക്കാൻ കരിക്ക് നൽകി. ഈ കരിക്കിൻ വെള്ളത്തിന്റെ രുചി മോദിക്ക് നന്നേ ഇഷ്ടപ്പെട്ടു. ഇത് പ്രധാനമന്ത്രി ജീവനക്കാരെ അറിയിച്ചു. ഇന്ത്യയിൽ ഉടനീളമുള്ള യാത്രകളിൽ കരിക്ക് കുടിക്കാറുണ്ട്. എന്നാൽ ഇതേ പോലെ രുചിയുള്ള കരിക്ക് ഇതു വരെ കുടിച്ചിട്ടില്ല-ഇതായിരുന്നു മോദിയുടെ പറഞ്ഞത്. ഇതോടൊപ്പം കൊണ്ടു പോകാൻ 20 കരിക്കും ആവശ്യപ്പെട്ടു. ഗസ്റ്റ് ഹൗസ് ജീവനക്കാർക്ക് പുറത്തിറങ്ങാൻ സുരക്ഷാ കാരണങ്ങളാൽ അനുമതിയില്ല. അതുകൊണ്ട് അവർ പൊലീസിനെ കാര്യമറിയിച്ചു. മറൈൻ ഡ്രൈവിൽ നിന്നും കരിക്ക് വാങ്ങി ഗസ്റ്റ് ഹൗസിൽ എത്തിച്ചത് കേരളാ പൊലീസാണ്. ആ കരിക്കുമായാണ് മോദി കൊച്ചിയിൽ നിന്നും മടങ്ങിയത്.

മോദി തറയിൽ കിടന്നുറങ്ങിയത് കണ്ട് ജീവനക്കാർ അക്ഷരാർത്ഥത്തിൽ ഞെട്ടി. മുമ്പൊന്നും ഇതിന് സമാനമായ അനുഭവം ഗസ്റ്റ് ഹൗസ് ജീവനക്കാർക്ക് ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത. മോദിക്കായി ജാക്കറ്റും ഡൽഹിയിൽ നിന്നും കൊണ്ടു വന്നു. ഈ ജാക്കറ്റ് തേച്ച് വൃത്തിയാക്കി നൽകിയതും ഗസ്റ്റ് ഹൗസിലെ ജീവനക്കാരായിരുന്നു. ഈ ജാക്കറ്റുമായിട്ടായിരുന്നു ഗുരുവായൂരിലേക്ക് മോദി യാത്ര ചെയ്തത്. ഭക്ഷണം പാകം ചെയ്യാനും വിളമ്പാനുമെല്ലാം പ്രത്യേക ടീമിനെ തന്നെ ഒരുക്കി. മറ്റ് ഗസ്റ്റ് ഹൗസിൽ നിന്നും ആളെത്തിച്ചു. 120 ഓളം പേർ ഇതിനായി നിയോഗിക്കപ്പെട്ടു. നുറുക്ക് ഗോതമ്പ് പായസവും മോദിക്ക് ഇഷ്ടമായി. ഗുരുവായൂരിൽ നിന്നും തിരികെ കൊച്ചിയിലെത്തുമ്പോൾ ഒരുപക്ഷേ ഗസ്റ്റ് ഹൗസിലേക്ക് വരികയാണെങ്കിൽ നാടൻ സദ്യയും ജീവനക്കാർ ഒരുക്കിയിരുന്നു.

അയോധ്യയിലെ പ്രാണ പ്രതിഷ്ഠയ്ക്കായി എങ്ങനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്രതം എടുക്കുന്നതെന്നതിന്റെ വിശദാംശങ്ങൾ പുറത്തു വന്നത് ഗസ്റ്റ് ഹൗസ് താമസത്തിലൂടെയാണ്. മോദി താമസിച്ച എറണാകുളം സർക്കാർ ഗസ്റ്റ് ഹൗസിൽ കിടന്നുറങ്ങിയത് നിലത്ത് യോഗ മാറ്റ് വിരിച്ചായിരുന്നു കഴിച്ചതാകട്ടെ കരിക്കിൻ വെള്ളവും പഴങ്ങളും മാത്രം. വ്രതത്തിലായതിനാലാണ് പ്രധാനമന്ത്രി ബെഡ് ഉപയോഗിക്കുകയോ മറ്റ് ഭക്ഷണങ്ങൾ കഴിക്കുകയോ ചെയ്യാതിരുന്നത്. ഡ്രാഗൺ, ആപ്പിൾ, ഏത്തപ്പഴം, മുന്തിരി, പേരയ്ക്ക, മാതളം, ഓറഞ്ച് എന്നീ പഴങ്ങളാണ് മോദിക്ക് നൽകിയത്. പ്രധാനമന്ത്രിക്കായി കേരള, നോർത്ത് ഇന്ത്യൻ വിഭവങ്ങൾ തയ്യാറാക്കിയിരുന്നു. വെൽക്കം ഡ്രിങ്കായി കരിക്കിൻ വെള്ളമാണ് നൽകിയത്.

പ്രധാനമന്ത്രിക്ക് വേണ്ടി കിങ് സൈസ് ബെഡ് തയാറാക്കിയിരുന്നു. എങ്കിലും നിലത്ത് വുഡൻ ഫ്ളോറിൽ യോഗ മാറ്റ് വിരിച്ച് അതിന്റെ മുകളിൽ ബെഡ് ഷീറ്റ് വിരിച്ചാണ് കിടന്നുറങ്ങിയതെന്ന് ഗസ്റ്റ് ഹൗസ് ജീവനക്കാർ പറഞ്ഞു. കേരള സന്ദർശനത്തിന് 16 ന് രാത്രി എട്ടിനാണ് പ്രധാനമന്ത്രി എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ എത്തിച്ചേർന്നത്. പിറ്റേദിവസം പുലർച്ചെ 4.30 ന് ഉണർന്ന് ചൂടുവെള്ളം കുടിച്ച ശേഷം യോഗ ചെയ്തു. എല്ലാ ജീവനക്കാർക്കും നന്ദി പറഞ്ഞാണ് പ്രധാനമന്ത്രി മടങ്ങിയത്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ഫോട്ടോ എടുത്തതുമില്ല.

മോദിയെ സ്വീകരിക്കാനും യാത്ര അയയ്ക്കാനും ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് വിമാനത്തിന് അടുത്തേക്ക് പോയെന്നതും പ്രത്യേകതയാണ്. മറ്റൊരു പ്രധാന പരിപാടി മാറ്റിവച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രധാനമന്ത്രിയെ കാണൽ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഉണ്ടായിരുന്നു. പഴുതടച്ച സുരക്ഷയാണ് എസ് പി ജി ഒരുക്കിയത്. കേരള കേഡർ എഡിജിപിയായ സുരേഷ് രാജ് പുരോഹിതിനായിരുന്നു മേൽനോട്ട ചുമതല. എല്ലാ അർത്ഥത്തിലും ചർച്ചയാക്കിയാണ് കൊച്ചിയിൽ നിന്നും മോദി മടങ്ങിയത്. ജനുവരിയിൽ മോദിയുടെ കേരളത്തിലേക്കുള്ള രണ്ടാം വരവാണ് ഇത്. ആദ്യ വരവിൽ സ്വീകരിക്കാൻ പിണറായി എത്തിയിരുന്നില്ല. തൃശൂരിൽ ബിജെപി പരിപാടിക്ക് ജനുവരിയിൽ ആദ്യം എത്തിയ മോദി അന്നു തന്നെ ഡൽഹിയിലേക്ക് മടങ്ങിയിരുന്നു. ഇത്തവണ കൂടുതൽ വിപുലമായ പരിപാടി തയ്യാറാക്കിയാണ് മോദി എത്തിയത്.

അയോധ്യയിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് തൃപ്രയാർ ക്ഷേത്രത്തിൽ മോദി സന്ദർശനം നടത്തിയത്. കേരളത്തിലെ പ്രധാന രാമക്ഷേത്രമാണ് തൃപ്രയാർ. കേരളീയരും അയോധ്യയിലെ പ്രതിഷ്ഠാദിനത്തിൽ ആചാരപരമായ ചടങ്ങുകൾ നിർവ്വഹിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനൊപ്പം രാഷ്ട്രീയവും വികസനവും ചർച്ചയാക്കി. ഗുരുവായൂരിലെ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിനും മോദി ഉയർത്തിയത് 'അയോധ്യ'യിലെ പ്രാധാന്യം. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വധൂവരന്മാരെ അനുഗ്രഹിച്ചത് അക്ഷതം നൽകിയായിരുന്നു. ഭാഗ്യ സുരേഷിന്റെ താലികെട്ട് ചടങ്ങിൽ പങ്കെടുത്തിന് ശേഷം തൊട്ടടുത്ത വേദിയിൽ നടന്ന താലികെട്ട് ചടങ്ങിലെ 10 നവദമ്പതികളെ അക്ഷതം നൽകിയാണ് അനുഗ്രഹിച്ചത്.

വിവാഹത്തിൽ പങ്കെടുക്കാനെത്തിയ താര നിരയേയും മോദി കണ്ടു. സുരേഷ് ഗോപി ഓരോരുത്തരെയായി പരിചയപ്പെടുത്തി. എന്നാൽ ചിലരെ മോദിക്ക് നേരിട്ട് അറിയാമായിരുന്നു. മോഹൻലാലിനേയും മമ്മൂട്ടിയേയും പിന്നെ ഖുശ്‌ബുവിനേയും. മോഹൻലാലിനെ കണ്ടതും മോദി കുശലാന്വേഷണത്തിലായി. എല്ലാവർക്കും നൽകിയത് പോലെ അക്ഷതം നൽകി. തൊട്ടടുത്ത് മമ്മൂട്ടി. മമ്മൂട്ടിയേയും മോദിക്ക് നന്നായി അറിയാം. മോദിക്കും അക്ഷതം നൽകി. പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അയോദ്ധ്യയിൽ പൂജിച്ച അക്ഷതമാണ് ഗുരുവായൂർ അമ്പലത്തിന്റെ നടയിൽ വച്ച് പ്രധാനമന്ത്രി മോദിയിൽ നിന്നും മമ്മൂട്ടി അടക്കം ഏറ്റുവാങ്ങിയത്. ഭാര്യ സുൽഫത്തും അക്ഷതം സ്വീകരിച്ചു.