ലണ്ടൻ: ഒരു വർഷത്തോളമായി ആഭ്യന്തര സെക്രട്ടറി സ്യുവേല ബ്രെവർമാൻ ബ്രിട്ടനിലെ കുടിയേറ്റ നിരക്ക് കുറയ്ക്കാൻ നടത്തുന്ന ശ്രമങ്ങളിൽ ഏറ്റവും ഒടുവിലെത്തേതും ലീക്കായി. വിദ്യാർത്ഥി വിസക്കാരിൽ കുടുംബ ആശ്രിത വിസ ലഭിക്കുന്നത് നിരോധിച്ച സ്യുവേല ഇത്തവണ കൈവയ്ക്കുന്നത് കാര്യമായ യോഗ്യതകൾ ഇല്ലാതെ എത്തുന്ന കെയർ വിസക്കാരിൽ ആണ്. കഴിഞ്ഞ രണ്ടു വർഷമായി ഏറ്റവും അധികം മലയാളികൾ എത്തുന്ന വിസ ആണിത് എന്നതിനാൽ സർക്കാർ നയം നടപ്പിലാക്കിയാൽ ഏറ്റവും അധികം ദോഷമായി ബാധിക്കുന്നതും മലയാളികളെ തന്നെയാണ്.

2020 ആഗസ്റ്റിൽ കെയർ വിസയിലേക്കും കാര്യമായ മാനദണ്ഡം നോക്കാതെ വിസ നൽകി തുടങ്ങിയതിനു ശേഷം ഇക്കഴിഞ്ഞ 25 മാസത്തിനിടയിൽ പതിനായിരക്കണക്കിന് കെയറർമാരാണ് യുകെയിൽ എത്തിയത്. യുകെ ആരോഗ്യ മേഖലയിൽ ജീവനക്കാർക്ക് കടുത്ത ക്ഷാമം ഉണ്ടായതോടെയാണ് ബ്രിട്ടീഷ് സർക്കാർ രണ്ടും കൽപ്പിച്ച തീരുമാനം എടുത്തു കാര്യമായ നിയന്ത്രണം ഇല്ലാതെ കെയറർമാർക്കും വിസ നൽകാൻ തീരുമാനിച്ചത്.

ഇതോടെ ഇന്ത്യ, ആഫ്രിക്ക, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നും ഉണ്ടായ കുത്തൊഴുക്ക് ബ്രിട്ടന്റെ സമസ്ത മേഖലയെയും ബാധിക്കുന്ന തരത്തിൽ കുടിയേറ്റക്കാരുടെ എണ്ണം കൂട്ടുന്നതിൽ ഇത്തരം വിസക്കാർ കൂടി പങ്കാളികൾ ആകുന്നുണ്ടെന്നാണ് ഹോം ഓഫിസ് കണക്കുകൾ ചൂണ്ടിക്കാട്ടി സ്യുവേല സമർത്ഥിക്കുന്നത്. ഇക്കാര്യം ഋഷി സുനകിനെ ബോധ്യപ്പെടുത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. വെറും എണ്ണായിരം വിസ മാത്രം നൽകേണ്ടി വരും എന്ന് സർക്കാർ കരുതിയിടത്താണ് ഇപ്പോൾ 50,000ത്തിലേറെപ്പേർ ഈ വിസ സ്വന്തമാക്കിക്കഴിഞ്ഞത്. ഇതോടെ നിയന്ത്രണം അല്ലാതെ മറ്റു വഴി ഇല്ലെന്നു സർക്കാരിന് ബോധ്യപ്പെട്ടിരിക്കുകയാണ്.

ഇത്തവണ നടപടികൾക്ക് വേഗം കൂടും, കണക്കുകൾ വ്യക്തം

കഴിഞ്ഞ തവണ സ്റ്റുഡന്റ് വിസക്കാരുടെ കാര്യത്തിൽ സ്യുവേല കടുപ്പിച്ച നടപടികൾക്ക് തുനിഞ്ഞപ്പോൾ എതിർവാദവുമായി വിദ്യാഭ്യാസ സെക്രട്ടറി ജില്ലിയാൻ കീഗൻ രംഗത്ത് ഉണ്ടായിരുന്നെങ്കിലും ഇത്തവണ സ്യുവേല പറയുന്നതിന് കൂട്ട് നിൽക്കാൻ കുടിയേറ്റ മന്ത്രി ഉണ്ടെനന്നതാണ് ഏറ്റവും പ്രധാനം. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ സുനകിനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സ്യുവേലക്കൊപ്പം ജെന്റിക് കൂടി എത്തിയതും ശ്രദ്ധേയമായി. ഇരുവരും പങ്കു വച്ച കാര്യങ്ങൾ സുനാക് സശ്രദ്ധം കേട്ടെങ്കിലും കടൽ കടന്നെത്തുന്ന അഭയാർത്ഥികളുടെ കാര്യത്തിൽ അല്ലേ നിയമം കടുപ്പിക്കേണ്ടത് എന്നാണ് അദ്ദേഹം മന്ത്രിമാരോട് ചോദിച്ചത്.

എന്നാൽ നവംബറിൽ പുറത്തു വിടാൻ ഇരിക്കുന്ന പുതിയ കുടിയേറ്റ നിരക്കുകൾ ഞെട്ടിക്കുന്നത് ആയിരിക്കും എന്ന് സ്യുവേല പറഞ്ഞതോടെ എങ്കിൽ മുന്നോട്ടു പോകാം എന്ന മറുപടി നൽകുക ആയിരുന്നു സുനാക്. ഇതോടെ നവംബറിൽ ഹോം ഓഫിസ് കെയർ വിസക്കാർക്ക് എതിരെയുള്ള നടപടികൾ പ്രഖ്യാപിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. കുടിയേറ്റക്കാരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴേയ്ക്കും എത്തിക്കും എന്ന് ഡേവിഡ് കാമറോൺ പറഞ്ഞതിൽ നിന്നും ഇപ്പോൾ ആറു ലക്ഷത്തിനു മുകളിൽ കുടിയേറ്റ സംഖ്യാ എത്തിയതോടെയാണ് കൺസർവേറ്റീവ് സംഘം കടുത്ത സമ്മർദ്ദത്തിൽ ആയിരിക്കുന്നത്.

ഇതോടെ ഒട്ടും പ്രതീക്ഷിക്കാത്ത വിധം സ്റ്റുഡന്റ് വിസക്കാരുടെ കാര്യത്തിൽ സംഭവിച്ചത് പോലെ കെയർ വിസക്കാരുടെ കാര്യത്തിലും കടുത്ത നിബന്ധനകളിലൂടെ മുന്നോട്ട് പോകാൻ ഉള്ള പ്രഖ്യാപനം ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. ഋഷി സുനകിനെ ഉദ്ധരിച്ചു ഡെയ്‌ലി ടെലിഗ്രാഫ് ഇക്കാര്യം പുറത്തു വിട്ടതോടെ കുടിയേറ്റ സമൂഹത്തിൽ വ്യാപക ചർച്ചയാവുകയാണ് കെയർ വിസക്കാർക്ക് കുടുംബത്തെ യുകെയിൽ എത്തിക്കാൻ ഉള്ള നിയന്ത്രണ നടപടികൾ. ഇത് നടപ്പിലായാൽ ചെറുപ്പക്കാർ അല്ലാത്ത ആരും തന്നെ യുകെയിലേക്ക് അത്ര ആകർഷകമല്ലാത്ത കെയർ വിസ തേടി എത്തില്ല എന്നാണ് ഹോം ഓഫിസിന്റെ വിലയിരുത്തൽ, കാര്യമായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവർക്ക് ആയിരിക്കണം നിയന്ത്രണം എന്നാണ് ടെലിഗ്രാഫ് ചോർത്തിയ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇത് എങ്ങനെ നടപ്പിലാക്കാൻ കഴിയും എന്ന കാര്യത്തിൽ വ്യക്തത ഉണ്ടാകേണ്ടതുണ്ട്.

കെയർക്ക് ലഭിക്കുന്ന നിസാര ശമ്പളത്തിന് ഒപ്പം പങ്കാളിയായ ഭാര്യയോ ഭർത്താവോ കൂടി ജോലി ചെയ്യുന്നതിലൂടെ വലിയ അല്ലൽ ഇല്ലാതെ കുടുംബം പോറ്റാനാകും എന്ന ആകർഷണമാണ് അനേകം കുടുംബങ്ങളെ യുകെയിലേക്ക് എത്തിച്ചത് എന്നാണ് ഹോം ഓഫിസിന്റെ വിലയിരുത്തൽ. ഇത് സുനാകിനെ ബോധ്യപെടുത്താനായ സ്യുവേല മന്ത്രിസഭയുടെയും എംപിമാരുടെയും അംഗീകാരം നേടിയെടുത്താൽ സ്റ്റുഡന്റ് വിസയിൽ സംഭവിച്ചത് പോലെയുള്ള നിയന്ത്രണ നടപടികൾ നടപ്പാക്കപ്പെടുകയും മലയാളികൾ ഉൾപ്പെടെയുള്ള വലിയൊരു വിഭാഗത്തിന്റെ കുടിയേറ്റ സ്വപ്നങ്ങൾ അടയുകയും ചെയ്യും.

പാരയായത് ആർത്തിയും വ്യാപക പരാതിയും

ഹോം ഓഫിസ് കടുത്ത നടപടികൾക്ക് നീങ്ങാൻ കാരണം ആയതിൽ മലയാളി സമൂഹത്തിനുള്ള പങ്ക് ഒട്ടും ചെറുതല്ല എന്ന വിവരവും ഇപ്പോൾ ലഭിക്കുന്നുണ്ട്. വെറും മൂന്ന് ലക്ഷത്തിൽ തുടങ്ങിയ വിസ കച്ചവടം ഇപ്പോൾ 31 ലക്ഷം വരെ ആയിട്ടും പണം നൽകാൻ യുകെ മോഹം പൂണ്ട മലയാളികൾ വ്യാജ ഏജൻസികൾക്ക് മുൻപിൽ ക്യൂ നിൽക്കുന്നു എന്ന വിവരമാണ് ലഭിക്കുന്നത്, അതും ജോലി പോലും ഉറപ്പില്ലാത്ത ഡോം കെയർ വിസയിലേക്കാണ് ലക്ഷങ്ങൾ കണ്ണും പൂട്ടി നൽകിയുള്ള ഈ തള്ളിക്കയറ്റം.

ഡോമിസൈലാരി കെയർ വിസയിൽ എത്തിയ ഭൂരിഭാഗം പേർക്കും ജോലി ഇല്ലെന്ന വിവരം പുറത്തായിട്ടും വീണ്ടും വീണ്ടും ആളുകൾ പണവുമായി കാത്തു നിൽക്കുന്നു എന്നതാണ് കുടിയേറ്റ ട്രെൻഡ്. നൂറുകണക്കിന് എന്നതിൽ നിന്നും ആയിരക്കണക്കിന് ആളുകൾ എത്തിയതോടെ ഈ രംഗത്ത് ഉയരുന്ന പരാതികളും പരിധി വിട്ടു തുടങ്ങി. ഈ സാഹചര്യത്തിൽ സഹായം തേടി എത്തുന്നവരെ പോലും പരിഗണിക്കാൻ ആകാത്ത നിലയിലായിരിക്കുകയാണ് പ്രാദേശിക മലയാളി സമൂഹം. അഭിഭാഷകർ പോലും കേസെടുക്കാൻ മടിക്കുകയാണ് എന്നതാണ് നിലവിലെ സാഹചര്യം.

ആർത്തി പിടിച്ച ഏജൻസിക്കാരും ആയിരക്കണക്കിന് പരാതിക്കാരും കൂടി ഒരുക്കിയ ഗതികേടിൽ തകരുന്നത് ആയിരങ്ങളുടെ കുടിയേറ്റ സ്വപ്നങ്ങൾ. ഇതോടെ ആർത്തി പിടിച്ച റിക്രൂട്ടിങ് ഏജൻസികൾക്ക് എതിരായി 3300 ലേറെ പരാതികളാണ് ഹോം ഓഫിസ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. ഇതിനായി ആറു മാസം മുൻപ് 300 എൻഫോഴ്‌സ്‌മെന്റ് ജീവനക്കാരെ നിയമിച്ച ഹോം ഓഫിസ് ഇപ്പോൾ വീണ്ടും അത്ര തന്നെ എണ്ണം ജീവനക്കാരെ എടുക്കാൻ പരസ്യം ചെയ്തിരിക്കുകയാണ്.

ഇതെല്ലാം ഹോം ഓഫിസിനു വരുത്തുന്ന കടുത്ത സാമ്പത്തിക ബാധ്യത കൂടി കണക്കുകളായി ആഭ്യന്തര സെക്രട്ടറിയുടെ മേശപ്പുറത്ത് എത്തിയതോടെയാണ് കെയർ വിസയിൽ എത്തുന്നവരെ നിരുത്സാഹപ്പെടുത്തണം എന്ന ചിന്തയ്ക്ക് കളം ഒരുങ്ങിയത്. മലയാളി സമൂഹത്തിൽ ഈ വിസയുടെ പേരിൽ വ്യാപക ചൂഷണം നടക്കുന്ന കാര്യം എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ വഴി പലതവണ ഹോം ഓഫിസ് അധികൃതരിൽ എത്തിക്കുകയും ചെയ്തതും സ്യുവേലയെ കാര്യങ്ങൾ ഉദാഹരണ സഹിതം ബോധ്യപെടുത്താൻ സഹായകമായിട്ടുണ്ട്.

ഇതിനൊപ്പം കഴിഞ്ഞ വർഷം ഡിസംബറിൽ ലിവർപൂളിന് അടുത്ത വിറളിൽ മലയാളി ഏജൻസിക്കാരുടെ സമ്മർദ്ദം സഹിക്കാനാകാതെ ആത്മഹത്യ ചെയ്ത കൊല്ലംകാരൻ യുവാവ് നേരിട്ട നിസഹായത യുകെയിലെ പ്രധാന മാധ്യമ പ്രവർത്തകരിലും വിശദംശങ്ങൾ സഹിതം എത്തിക്കാനും മലയാളി സമൂഹത്തിനു കഴിഞ്ഞത് ഇപ്പോഴത്തെ നടപടികളിലേക്ക് നയിച്ചതിൽ നിര്ണായകമായിട്ടുണ്ട്. പ്രധാനമായും ഡെയിലി ടെലിഗ്രാഫ്, ഡെയ്‌ലി മെയിൽ, ഗാർഡിയൻ, ഒബ്സർവേർ, സ്‌കൈ ന്യൂസ് എന്നീ മാധ്യമങ്ങളാണ് ഈ രംഗത്തെ ചൂഷണങ്ങൾ റിപ്പോർട്ടുകൾ ആയും രഹസ്യ വിവരങ്ങളായും ഹോം ഓഫിസിനു കൈമാറിയത്. ലിവർപൂളിൽ ആത്മഹത്യ ചെയ്ത യുവാവിന്റെ പേരിൽ പരാതി നൽകാൻ കുടുംബം യുകെയിൽ ഇല്ലാതെ പോയത് തടസം ആയെങ്കിലും ആ മരണത്തിനു കാരണം കെയർ വിസ ഏജൻസികളുടെ ആർത്തിയാണ് എന്ന് വ്യക്തമായി മാധ്യമ പ്രവർത്തകർക്ക് ബോധ്യമായതും ഹോം ഓഫിസിനു വിവര ശേഖരണത്തിൽ സഹായകമായി.

നിയന്ത്രിക്കാൻ ആരുമില്ലാതെ പോയപ്പോൾ ഏജൻസികൾ കൊള്ളക്കാരായി

ആർത്തി പിടിച്ച ഏജൻസികൾ ഇക്കാര്യത്തിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ കുടിയേറ്റ വഴിയാകും അടയുകയെന്നു കഴിഞ്ഞ രണ്ടു വർഷത്തോളമായി  നിരന്തരം കാമ്പയിൻ നടത്തുകയാണ്. എന്നാൽ കിട്ടുന്നിടത്തോളം കിട്ടട്ടെ എന്ന മനോഭാവം ഏജൻസി നടത്തിപ്പുകാരും ഉണ്ടാക്കുന്നവർ ഉണ്ടാക്കട്ടെ എന്ന തരത്തിൽ നിസ്സംഗതയോടെ കണ്ടുനിന്ന മലയാളി സംഘടനകളും ചേർന്നാണ് ഇപ്പോൾ എത്തിയിരിക്കുന്ന നിയന്ത്രണ നടപടികൾക്ക് കാരണമായ ആലോചനയ്ക്ക് കാരണമായത് എന്ന് വ്യക്തം.

ഒരു നിയന്ത്രണവും ഇല്ലാതെ പണം വാങ്ങിയ ഏജൻസികൾക്ക് എതിരെ പരാതി ഉയർന്നപ്പോൾ പോലും പ്രാദേശികമായിട്ടെങ്കിലും ചോദ്യം ചെയ്യാനുള്ള ധർമ്മികത ഒരു സംഘടനയും കാട്ടിയില്ല എന്നതാണ് വസ്തുത. പകരം ഏജൻസി നടത്തിപ്പുകാർക്ക് പരമാവധി സഹായമാകുന്ന തരത്തിൽ ഉള്ള പെരുമാറ്റം ആണ് മലയാളി സംഘടനകൾ ഏറ്റെടുത്തത്. എന്നാൽ ഏജൻസിക്കാർ മലയാളികളെ ചൂഷണം ചെയ്യുന്നത് തുടക്കത്തിൽ തടഞ്ഞിരുന്നെകിൽ ഇപ്പോൾ ഉയർന്നത് പോലെയുള്ള ആയിരക്കണക്കിന് പരാതികൾ ഉണ്ടാകുമായിരുന്നില്ല എന്നതാണ് വസ്തുത. ഇരിക്കുന്ന കൊമ്പു മുറിക്കുകയാണ് ഏജൻസി നടത്തിപ്പുകാർ എന്നത് പലവട്ടം റിപ്പോർട്ട് ചെയ്തിട്ടും അതുൾക്കൊള്ളാൻ ആർക്കും സാധിച്ചില്ല എന്നതും ഇപ്പോൾ ബ്രിട്ടീഷ് സർക്കാർ നടപടിയിലേക്ക് നീങ്ങാൻ ഉള്ള കാരണത്തിന് ഉള്ള തുടക്കമിട്ട കാര്യമാണ്.