ലണ്ടൻ: കഴിഞ്ഞ ഒരാഴ്ചയായി നൂറുകണക്കിന് സന്ദേശങ്ങളാണ് യുകെയിലേക്ക് കുടിയേറുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നും എത്തിക്കൊണ്ടിരിക്കുന്നത്. യുകെയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ നഴ്‌സിങ് റിക്രൂട്മെന്റിന് സർക്കാർ നിശ്ചയിച്ച പണം തീരുക ആണെന്നും അതിനാൽ പുതിയ സർക്കാർ എത്തി ബജറ്റ് അവതരിപ്പിച്ചു ഫണ്ടിങ് അനുവദിക്കും വരെ കാത്തിരിക്കണമെന്നും ചില യുട്യൂബ് വിദഗ്ദ്ധർ നൽകിയ കള്ളപ്രചാരണമാണ് ആദ്യ കിവദന്തിക്കും അതുവഴി ആശങ്കയ്ക്കും അടിസ്ഥാനമായത്.

നവംബറിൽ സർക്കാർ പ്രഖ്യാപിക്കാൻ സാധ്യതയുള്ള ഡെയ്‌ലി ടെലിഗ്രാഫിനെ ഉദ്ധരിച്ചു നൽകിയ വാർത്തയിൽ കെയർ വിസക്കാരുടെ ആശ്രിതർക്ക് നിയന്ത്രണമോ നിരോധനമോ ഉണ്ടാകാൻ ഉള്ള സാധ്യത നഴ്‌സുമാർക്കും ഉണ്ടാകും എന്ന തെറ്റിദ്ധാരണ പരത്തിയവരാണ് രണ്ടാമത്തെ കിംവദതി സൃഷ്ടിച്ചത്.

യുകെയിലേക്കുള്ള നഴ്‌സുമാരുടെ വരവ് വാർഷിക പദ്ധതിയല്ല, പ്രധാനമന്ത്രി ആരെന്നതു പ്രശ്നവുമല്ല

യുകെയിലെ വിദേശ നഴ്‌സുമാരുടെ വരവ് ഒരു വാർഷിക പദ്ധതി ആയിട്ടല്ല സർക്കാർ കണക്കാക്കുന്നത്. വളരെ വർഷത്തേക്കുള്ള നീണ്ട പദ്ധതിയാണത്. നിലവിൽ പതിനഞ്ചു വർഷത്തേക്കുള്ള ബ്ലൂ പ്രിന്റ് പദ്ധതിയാണ് എൻഎച്ച്എസ് ഇക്കാര്യത്തിൽ മാത്രമായി തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി രണ്ടര ബില്യൺ പൗണ്ടിന്റെ വിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ സർക്കാർ മാറുമ്പോൾ അടുത്ത സർക്കാർ മുൻ സർക്കാരിന്റെ പദ്ധതികൾ ചുവപ്പ് നാടയിൽ കുടുക്കി ഇടുന്നതു പോലെയല്ല വിദേശ രാജ്യങ്ങളിലെ പദ്ധതികൾ. ഒരു സർക്കാർ കൊണ്ട് വന്ന പദ്ധതികൾ പിന്നീട് വരുന്ന സർക്കാരുകൾ തുടർച്ചയായി നടപ്പാക്കുകയാണ്.

ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ കൺസർവേറ്റീവ് സർക്കാർ ആക്ഷേപം കേൾക്കുന്ന സ്പീഡ് റെയിൽ പ്രോജക്ട്. ഇത് വാസ്തവത്തിൽ ഗോർഡൻ ബ്രൗൺ പ്രധാനമന്ത്രി ആയപ്പോൾ തുടങ്ങിയ ആലോചനയാണ്. അതിനു ശേഷം അഞ്ചു പ്രധാനമന്ത്രിമാരെ ബ്രിട്ടൻ കണ്ടുകഴിഞ്ഞു. ഡേവിഡ് കാമറോണും തെരേസ മേയും ബോറിസ് ജോൺസണും ലിസ് ട്രസും ഋഷി സുനകും ഒക്കെ മാറിമാറി വന്നപ്പോഴും സ്പീഡ് റെയിൽ പ്രോജക്റ്റ് മുന്നോട്ടു പോകുകയാണ്.

അതിനാൽ ഋഷി സുനക് സർക്കാർ അംഗീകാരം നൽകുന്ന എൻഎച്ച്എസ് റിക്രൂട്ട്മെന്റ് പ്ലാൻ അടുത്തതായി അധികാരത്തിൽ എത്തുന്നത് ലേബർ പാർട്ടി ആണെങ്കിൽ പോലും ഒരു മാറ്റവും ഇല്ലാതെ പിന്തുടരും. ഒരു സർക്കാർ മാറി അടുത്ത സർക്കാരിന് ഇക്കാര്യത്തിൽ തീരുമാനിക്കാൻ ഒന്നുമില്ല. പണമോ ഫണ്ടിങ് വിഹിതമോ ഇല്ലെന്ന ആശങ്കയും ഉയരാനില്ല. ആരോ പറഞ്ഞു കേട്ട വിഡ്ഢിത്തമാണ് ഇപ്പോൾ നൂറു കണക്കിന് യുട്യൂബ് വിഡിയോ വിദഗ്ധന്മാർ വള്ളിപുള്ളി വിടാതെ യുകെ വിദേശ നേഴ്‌സുമാരുടെ റിക്രൂട്ട്മെന്റ് അവസാനിപ്പിക്കുകയാണ് എന്ന് തട്ടിവിടുന്നത്.

വ്യാജ ഡോക്ടർ ചികിത്സിച്ചാൽ രോഗികൾ മരിച്ചു പോകും എന്ന അവസ്ഥയാണ് ഇത്തരം വീഡിയോകളുടെ കാഴ്ചക്കാർ ഇപ്പോൾ അനുഭവിക്കുന്ന ആശങ്ക. റിക്രൂട്ടിങ് രംഗത്തുള്ളവർക്ക് പരമാവധി തൊഴിൽ അന്വേഷകരുടെ ഡാറ്റ കളക്റ്റ് ചെയ്യാനും അത് തൊഴിൽ ദാതാവായ എൻഎച്ച്എസിന് കൈമാറി തങ്ങളുടെ വരും വർഷങ്ങളിലേക്കുള്ള അലോട്മെന്റിൽ ഒരു കുറവും ഉണ്ടാകരുത് എന്ന ഒരു മുഴം മുന്നേ നീട്ടിയുള്ള എറിച്ചിലാണ് ഇപ്പോൾ യൂ ട്യൂബ് വിദ്വാന്മാർ ഏറ്റെടുത്തിരിക്കുന്നത്.

വിദഗ്ധ നഴ്‌സുമാരെ എത്ര കിട്ടിയാലും എൻഎച്ച്എസ് എടുത്തുകൊണ്ടേയിരിക്കും

വാസ്തവത്തിൽ വിദഗ്ധ നഴ്സുമാരായ സ്പെഷ്യലിസ്റ്റ് നഴ്സ് കാറ്റഗറി - ഉദാഹരണമായി പീഡിയാട്രിക്, കാർഡിയോളജി, നെഫ്രോളജി മുതലായ ഏതു വിഭാഗത്തിലും എത്ര നഴ്‌സുമാർ എത്തിയാലും എൻഎച്ച്എസിന് ആവശ്യമുണ്ട് ബ്രിട്ടനെ കുറിച്ചുള്ള മനോഹര സ്വപ്നങ്ങൾ നെയ്തുകൂട്ടി വരുന്ന പുതു തലമുറ നഴ്‌സുമാരിൽ അനേകം പേർ രണ്ടു വർഷത്തിന് ശേഷം ബ്രിട്ടൻ വിടുന്ന സാഹചര്യമാണ് ഇത്തരം ഒരു ദുരവസ്ഥ എൻഎച്ച്എസിന് സൃഷ്ടിക്കുന്നത്. ഒരു വിദേശ നഴ്‌സിനെ യുകെയിൽ എത്തിക്കാൻ പതിനായിരം പൗണ്ടിലേറെ മുടക്കുന്ന എൻഎച്ച്എസ് വെറും രണ്ടു വർഷം കൊണ്ട് ആ പണം നഷ്ടമാകുന്നത് വേണ്ട ഗൗരവത്തിൽ എടുക്കാത്തതുകൊണ്ടാണ് റിക്രൂട്ടിമെന്റ് ഒരു തുടർ പ്രക്രിയ ആയി തടസമില്ലാതെ തുടരുന്നത്.

ഇതിന്റെ ഗുണഭോക്താക്കൾ മലയാളികൾ അടക്കം ഉള്ള നഴ്‌സുമാർ മാത്രമല്ല റിക്രൂട്ടിങ് രംഗത്ത് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ചെറുതും വലുതുമായ ഏജൻസികൾ കൂടിയാണ്. എൻഎച്ച്എസ് ഫണ്ട് റിക്രൂട്മെന്റ് രംഗത്ത് ഒഴുകുന്നത് തടയാൻ ഫലപ്രദമായ നടപടി വേണമെന്ന് ഭരണ, പ്രതിപക്ഷ എംപിമാർക്കിടയിൽ ചർച്ച നടക്കുന്നുണ്ടെങ്കിലും അത് വേണ്ട വിധത്തിൽ എങ്ങനെ നടപ്പാക്കാനാകും എന്ന ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്. യുകെയിൽ നഴ്‌സിങ് പഠിക്കാൻ തയ്യാറാകുന്നവരുടെ ഫീസ് വേണ്ടെന്നു വയ്ക്കുക, അവർക്കായി ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ നിരവധി നിർദ്ദേശങ്ങളാണ് ആരോഗ്യ മന്ത്രാലയത്തെ തേടി എത്തുന്നത്. എന്നാൽ ശമ്പളം കുറവാണ് എന്ന മുറവിളിയാണ് പ്രധാനമായും സർക്കാരിന്റെ ശ്രദ്ധയിൽ എത്തുന്നത്.

ഋഷി സുനകിന്റെ സർജിക്കൽ സ്ട്രൈക്ക് ആരോഗ്യ മേഖലയിൽ

കഴിഞ്ഞ വർഷം റെക്കോർഡ് കുടിയേറ്റം സംഭവിച്ച സാഹചര്യത്തിൽ സ്റ്റുഡന്റ് വിസക്കാർ ഉൾപ്പടെ ഉള്ളവർക്ക് നിയന്ത്രണം ഉണ്ടാകും എന്ന് പ്രഖ്യാപിച്ച സർക്കാർ തന്നെ ഇപ്പോൾ എൻഎച്ച്എസിലേക്ക് മൂന്നു ലക്ഷം പേരെ വേണ്ടി വരും എന്ന പ്രഖ്യാപനം നടത്തിയത് അൽപം ഞെട്ടലോടെയാണ് ഇക്കഴിഞ്ഞ ജൂലൈയിൽ ബ്രിട്ടൻ കേട്ടത്. നഴ്‌സുമാരുടെ ഒഴിവിൽ അരലക്ഷം പേരെ ആവശ്യമുണ്ട് എന്ന് വർഷങ്ങളായി പറയുന്ന കണക്കിൽ ഇപ്പോളും മാറ്റം ഇല്ലാതെ തുടരുന്ന സാഹചര്യത്തിൽ ഡോക്ടർമാർ, നഴ്‌സുമാർ, മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവരുടെ കണക്കിലാണ് മൂന്നു ലക്ഷം പേരെ ആവശ്യമുണ്ടെന്നു സർക്കാർ പറയുന്നത്.

ഇതിൽ കുറേയേറെപ്പേരുടെ ഒഴിവുകൾ നികത്താൻ നഴ്‌സിങ്, മെഡിക്കൽ പഠനങ്ങൾക്ക് കൂടുതൽ സീറ്റുകൾ ഈ വർഷം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും ആവശ്യമുള്ളതിന്റെ ഒരംശം പോലും ആകുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ 2.4 ബില്യൺ പൗണ്ട് ചെലവാക്കി ആരോഗ്യ മേഖലയിൽ കൂടുതൽ ജീവനക്കാരെ നാട്ടിൽ നിന്നും മറുനാട്ടിൽ നിന്നും എങ്ങനെ കണ്ടെത്താം എന്ന ആശയമാണ് സർക്കാർ വിദഗ്ധരുമായി ആലോചന നടത്തികൊണ്ടിരിക്കുന്നത്. അടുത്ത 15 വർഷത്തേക്കുള്ള കണക്കിൽ മൂന്നര ലക്ഷം അധിക ജീവനക്കാർ എങ്കിലും വേണ്ടിവരും എന്നാണ് നിഗമനം.

മലയാളി ചെറുപ്പക്കാർക്ക് യുകെയിൽ മിന്നി തിളങ്ങാം

കോവിഡിന് ശേഷം എൻഎച്ച്എസ് നേരിടുന്ന നീണ്ട വെയ്റ്റിങ് ലിസ്റ്റ് മറികടക്കാൻ കൂടുതലായി ജീവനക്കാരെ കണ്ടെത്തുക എന്നത് മാത്രമാണ് പോംവഴി എന്ന തിരിച്ചറിവാണ് മൂന്നു ലക്ഷം പേരെ നിയമിക്കാനുള്ള തീരുമാനം. എന്നാൽ ഇതിനു വിദേശത്തുള്ളവരെ ആശ്രയിക്കാതെ വഴി ഇല്ല എന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ. ഈ സാഹചര്യം ഇപ്പോൾ ഏറ്റവും നന്നായി മുതലാക്കാനാകുന്നത് മലയാളി ചെറുപ്പക്കാർക്കാണ്. ഒരുപക്ഷെ ഒരു തലമുറയിലെ ആരോഗ്യ പ്രവർത്തകരായ മുഴുവൻ മലയാളി ചെറുപ്പക്കാർക്കും വേണമെങ്കിൽ യുകെയിൽ എത്താനാകുന്ന സാഹചര്യമാണ് അടുത്ത ഏതാനും വർഷങ്ങൾ തുറന്നിടുന്നത്. അതിനുള്ള വഴിയൊരുക്കലാണ് ഇപ്പോൾ എൻഎച്ച്എസ് യുകെ നടത്തുന്നത്.

മികച്ച ഇംഗ്ലീഷിന്റെ പിൻബലം ഉള്ള യുവ തലമുറ മലയാളി ചെറുപ്പക്കാർക്ക് യുകെയിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കാനുള്ള അവസരവും ഉണ്ട് എന്നത് പ്രധാനമാണ്. മറ്റേതൊരു രാജ്യത്തേക്ക് കുടിയേറുന്നതിലും മികച്ച തൊഴിൽ അവസരമാണ് ആരോഗ്യപ്രവർത്തകർക്കു യുകെ സമ്മാനിക്കുന്നത് എന്നത് 2000 കാലഘട്ടത്തിൽ യുകെയിലേക്കു കുടിയേറിയ നഴ്‌സുമാരിൽ സമർത്ഥരായവർ തെളിയിച്ചു കഴിഞ്ഞ കാര്യമാണ്.

അന്ന് വന്നവരുടെ പാതി പോലും ശ്രമം നടത്താതെയാണ് പത്തു വർഷം കഴിഞ്ഞു വന്നവർ തൊഴിൽ പടികൾ കയറിപ്പോയത്. അതിനേക്കാൾ വേഗത്തിൽ 2020 മുതൽ എത്തിയവർക്ക് അവസരങ്ങളുടെ വാതിലുകൾ തുറന്നു കയറാൻ കഴിയുന്നുമുണ്ട്. അതിനാൽ ഇനി എത്തുന്നവർക്ക് ഏറ്റവും വേഗത്തിൽ തൊഴിൽ രംഗത്ത് മിന്നിത്തിളങ്ങാൻ ഉള്ള സാഹചര്യം കൂടി ഒരുക്കിയാണ് എൻഎച്ച്എസ് യുകെ ക്ഷണിക്കുന്നത് എന്നതും പ്രത്യേകതയാണ്.

കേട്ടതൊന്ന്.. വാസ്തവം മറ്റൊന്ന്

ഒരു കിംവദന്തി എത്ര വേഗത്തിലാണ് മലയാളികൾക്കിടയിൽ പരക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ആഴ്ച ബ്രിട്ടീഷ് മലയാളി റിപ്പോർട്ട് ചെയ്ത കെയർമാർക്ക് ഉള്ള വിസ നിയന്ത്രണ വാർത്ത. വെറും 8000 പേർക്കായി സർക്കാർ ആലോചിച്ച വിസയിൽ ഇതിനകം 50,000 പേരെത്തിക്കഴിഞ്ഞു എന്ന് ഹോം ഓഫിസ് വ്യക്തമാക്കിയതോടെയാണ് നിയന്ത്രണമോ നിരോധനമോ വരണമെന്ന ചർച്ച തുടങ്ങിയത്. ഒടുവിൽ ഈ വിസയിൽ വരുന്നവരുടെ ആശ്രിതർക്ക് വിസ വേണ്ടെന്നു വയ്ക്കാം എന്ന നിർദ്ദേശമാണ് ഹോം ഓഫിസ് സർക്കാരിന് കൈമാറിയത് എന്ന് ഡെയ്‌ലി ടെലിഗ്രാഫ് എസ്‌ക്ലൂസിവ് വാർത്ത ആയി നൽകിയത്.

ഈ വാർത്തയെ ആധാരമാക്കി ബ്രിട്ടീഷ് മലയാളി റിപ്പോർട്ടിനെ തുടർന്ന് കെയറർമാർക്കുള്ള നിയന്ത്രണം നഴ്‌സുമാർക്കും ഉണ്ടാകും എന്നാരോ പറഞ്ഞു പരത്തുക ആയിരുന്നു. ഇതേതുടർന്ന് അടുത്തിടെ യുകെയിൽ എത്തിയ നഴ്‌സുമാരിൽ നല്ല പങ്കും ഇപ്പോൾ എൻഎച്ച്എസ് അധികൃതരെ തേടി എത്തുകയാണ്. കാരണം ഇവരൊക്കെ കുടുംബത്തെ യുകെയിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. നഴ്‌സുമാർക്ക് ഇത്തരം ഒരു നിയന്ത്രണമോ തടസവും ഇല്ലെന്നു വ്യക്തമാക്കി വശം കെടുകയാണ് എൻഎച്ച്എസ് ഹ്യൂമൻ റിസോഴ്‌സ് മാനേജർമാർ. എവിടെ നിന്നാണ് ഇത്തരം വിവരങ്ങൾ ലഭിക്കുന്നത് എന്ന് വരെ ഗതികെട്ട് മാനേജർമാർ ചോദിച്ചു തുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് രണ്ടാഴ്ചയായി ഉയരുന്ന രണ്ടു കിംവദന്തികളും ശരിയല്ലെന്ന് ഇപ്പോൾ പറയേണ്ടി വരുന്നത്.