ലണ്ടൻ: അറസ്റ്റ് എപ്പോൾ...? വരും ദിവസങ്ങളിൽ ഉറങ്ങാൻ പോകും മുൻപ് യുകെയിൽ വിസ കച്ചവടത്തിന് ഇറങ്ങിയ ഓരോ യുകെ മലയാളിയും ഭയത്തോടെ ചിന്തിക്കേണ്ട ചോദ്യമാണിത്. കഴിഞ്ഞ രണ്ടു വർഷമായി തകൃതിയായി നടന്ന കച്ചവടത്തിന്റെ കലാശക്കൊട്ട് ഉയരുന്നതിനൊപ്പം ഈ അനധികൃത ഏർപ്പാടിന് ഇറങ്ങിയ നൂറു കണക്കിന് ചെറുതും വലുതുമായ റിക്രൂട്ടിങ് ഏജൻസികളെ കുറിച്ചുള്ള അന്വേഷണം അവസാന ഘട്ടത്തിൽ. ഹോം ഓഫിസിൽ നിയമിതരായ 600 ഓളം ജീവനക്കാരുടെ പരിശീലനം പൂർത്തിയായാൽ ഉടൻ അറസ്റ്റ് അടക്കമുള്ള നടപടിക്ക് കാത്തിരിക്കുകയാണ് അന്വേഷണ ഏജൻസികൾ. ഏജൻസി നടത്തിപ്പുകാരുടെ ഓരോ നീക്കവും ഇപ്പോൾ നിരീക്ഷണത്തിൽ ആണെന്നാണ് ലഭ്യമാകുന്ന വിവരം. മറുനാടൻ മലയാളി രണ്ടു വർഷമായി നടത്തിയ വാർത്ത കാമ്പയിന്റെ ഫലമായി ഹോം ഓഫിസിൽ എത്തിയ 3500 ഓളം പരാതികളിൽ നിന്നാണ് നൂറു കണക്കിന് ഏജൻസികളുടെ വിവരങ്ങൾ തരംതിരിച്ചെടുത്തത്.

ഈ നടപടി ക്രമത്തിൽ സിക്യൂസി അടക്കമുള്ള ഏജൻസികൾ നിർണായക സഹായം നൽകിയതോടെ കടുത്ത നിയമ ലംഘനം നടത്തിയ 30 ഏജൻസികളുടെ പ്രവർത്തനം സംബന്ധിച്ച അന്വേഷണം അവസാന ഘട്ടത്തിൽ എത്തിയതായി ഗാങ് മാസ്റ്റർ ആൻഡ് ലേബർ അഭ്യൂസ് അഥോറിറ്റി - ജി എൽ എ എ - അറിയിച്ചു. മനുഷ്യക്കടത്തും അടിമക്കച്ചവടവും കൈകാര്യം ചെയുന്ന ഈ ഏജൻസി തന്നെയാണ് രണ്ടു വർഷം മുൻപ് നോർത്ത് വെയ്ൽസിൽ ദമ്പതികളായ മലയാളി ഏജൻസി നടത്തിപ്പുകാരെയും ഇവരുടെ രണ്ടു ബന്ധുക്കളെയും അറസ്റ്റ് ചെയ്തത്. ഈ സംഭവത്തോടെയാണ് ബ്രിട്ടീഷ് മലയാളി വാർത്ത കാമ്പയിൻ ആരംഭിക്കുന്നതും. നഴ്‌സിങ് ജോലിക്കിടയിൽ ഏജൻസി നടത്താനിറങ്ങിയ ദമ്പതികളുടെ ജോലിയും തുടർന്ന് നഷ്ടമായിരുന്നു. ഈ കേസ് ഇപ്പോഴും തുടരുകയാണ്.

''എന്നെക്കുറിച്ചു ഇനിയൊന്നും എഴുതരുതേ...., '', കോട്ടിട്ട ക്രിമിനലിന്റെ സങ്കടം

യുകെയിൽ പഠിക്കാൻ എത്തിയ യുവാവ് പഠന ശേഷം ജോലി ലഭിക്കാതെ എളുപ്പത്തിൽ കാശുണ്ടാക്കാൻ വഴി കണ്ടെത്തിയത് വിസ കച്ചവടത്തിലൂടെയാണ്. യുവാവിന്റെ പേരടക്കം വെളിപ്പെടുത്തി ദമ്പതികൾ പണം നഷ്ടമായ കാര്യം സോഷ്യൽ മീഡിയ വഴി വെളിപ്പെടുത്തിയത് അടുത്തിടെയാണ്. ദൂതർ വഴിയും നേരിട്ടും യുവാവ് ബന്ധപ്പെടുക ആയിരുന്നു. ഒറ്റ ആവശ്യം മാത്രം, ഇനിയും ആരെങ്കിലും പേര് വെളിപ്പെടുത്തിയാൽ വാർത്തയിലൂടെ പ്രയാസപ്പെടുത്തരുത്. ഇതിനകം ആവശ്യത്തിന് പേര് ദോഷമായിക്കഴിഞ്ഞു. താൻ ചെയ്യുന്നത് വൈറ്റ് കോളർ ബിസിനസ് ആണെന്ന നാട്യത്തിലാണ് യുവാവ് സംസാരിച്ചു തുടങ്ങിയത്. എന്നാൽ നിയമ ലംഘനവും ക്രിമിനൽ കുറ്റവും ആയ കാര്യമല്ലേ ചെയ്യുന്നത് എന്ന ചോദ്യത്തിൽ കുഴങ്ങിയ യുവാവിനോട് മയക്കുമരുന്നു കച്ചവടവും ആയുധ കച്ചവടവും നടത്തുന്നവരും നിങ്ങളും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളതെന്ന് ചോദിച്ചതോടെ ഉത്തരമില്ലാതെ വിയർക്കുക ആയിരുന്നു വിസ കച്ചവടക്കാരൻ.

വാസ്തവത്തിൽ ഈ യുവാവ് കരുതിയത് പോലെ തന്നെയാണ് യുകെയിലെ മുഴുവൻ വിസ കച്ചവടക്കാരും പെരുമാറുന്നതും. കോട്ടും സ്യൂട്ടും സ്പോൺസർ ആയി പരിപാടികളിൽ പരസ്യവും ആയാൽ ബിസിനസുകാരൻ ആയി എന്ന ലേബൽ ഒട്ടിക്കാനുള്ള വ്യഗ്രതയാണ് റിക്രൂട്ടിങ് ലോബിക്ക്. അതിനാൽ തന്നെ ഇവരെ ക്രിമിനലുകൾ എന്ന് വിശേഷിപ്പിച്ചാണ് ജി എൽ എ എ മാധ്യമങ്ങൾക്ക് വിവരം കൈമാറിയിരിക്കുന്നത്. ഇതോടെ ഒരു സംശയവും ഇല്ലാതെ ഇവരെ ഇപ്പോൾ വിശേഷിപ്പിക്കാം, യുകെയിലെ കോട്ടിട്ട ക്രിമിനലുകളാണ് മലയാളി വിസ കച്ചവടക്കാർ.

ബിബിസിക്ക് പിന്നാലെ സ്‌കൈ ന്യൂസും രംഗത്ത്, അന്വേഷണ സംഘം സമ്മർദ്ദത്തിൽ

തട്ടിപ്പ് നടത്തുന്നവരുടെ എണ്ണം നൂറു കണക്കിനും ഇരകൾ ആയിരക്കണക്കിനും എന്നായതോടെയാണ് അടുത്തിടെ എത്തി തുടങ്ങിയ വിസ തട്ടിപ്പ് സംബന്ധിച്ച പരാതികൾ ദേശീയ മാധ്യമങ്ങൾക്ക് എത്തിച്ചു തുടങ്ങിയത്. ഇതേതുടർന്ന് കുപ്രസിദ്ധ ഏജൻസികളെ തേടി ലിവർപൂളിലും സ്റ്റോക് ഓൺ ട്രെന്റിലും മാഞ്ചസ്റ്ററിലും കവൻട്രിയിലും അടക്കം അനേകം സ്ഥലങ്ങളിൽ ഇരകളെ തേടി മാധ്യമ പ്രവർത്തകർ എത്തിയിരുന്നു. മുതിർന്ന മാധ്യമ പ്രവർത്തക ശാന്തി ദാസും അലിസാണ് ഹോട്, ബെക്കി ജോൺസൺ, ജെയിംസ് മാർട്ടിൻ എന്നിവരൊക്കെ ദിവസങ്ങൾ അലഞ്ഞാണ് വിവര ശേഖരണം പൂർത്തിയാക്കിയത്.

ഇതേതുടർന്ന് ഗാർഡിയനും ഒബ്സർവറും നടത്തിയ റിപ്പോർട്ടുകൾക്ക് പിന്നാലെ സ്‌കൈന്യൂസും ഒടുവിൽ ബിബിസിയും വിഷയത്തിൽ ശ്രദ്ധ നൽകുക ആയിരുന്നു. ഇപ്പോൾ സ്‌കൈ ന്യൂസ് രണ്ടാം ഘട്ട വാർത്തകളാണ് നൽകി തുടങ്ങിയിരിക്കുന്നത്. ഇതോടെ ഹോം ഓഫിസ്, ഇമിഗ്രേഷൻ ഓഫിസ്, ആരോഗ്യ വകുപ്പ് എന്നീ മന്ത്രാലയങ്ങൾ കടുത്ത സമർദ്ദത്തിലായി. സ്യുവേല ബ്രെവർമാൻ നൽകിയ നിർദ്ദേശത്തിൽ അതിവേഗത്തിൽ 600 ജീവനക്കാരെയാണ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിൽ അടക്കം നിയമിച്ചത്. വിസ തട്ടിപ്പ് അടക്കമുള്ള കേസുകൾ ഈ സംഘമാണ് പരിശോധിക്കുക. മന്ത്രിമാരയുടെ റോബർട്ട് ജനറിക്, സ്റ്റീവ് ബാർക്ലെയ്‌സ് എന്നിവർ കൂടി സ്യുവേലക്കൊപ്പം ചേർന്നതോടെ മൂന്നു മന്ത്രാലയങ്ങളുടെ കൂട്ടായ പ്രവർത്തനമാണ് ഇപ്പോൾ വിസ ലോബിയെ പൂട്ടാൻ പ്രവർത്തിക്കുന്നത്. ഇതോടെ അന്വേഷണ സംഘവും കടുത്ത സമ്മർദ്ദത്തിലാണ്.

മലയാളികൾ അടക്കമുള്ള 30 ഏജൻസികളുടെ പേര് വിവരം അടക്കം തയ്യാറാണ് എന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്. ഇവരുടെ അറസ്റ്റും എപ്പോൾ വേണമെങ്കിലും നടക്കാം. ഈ ഏജൻസി നടത്തിപ്പുകാരുടെ നീക്കം സദാ സമയം നിരീക്ഷിക്കാനും രാജ്യം വിടുന്നത് തടയാനും സംവിധാനം ആയിക്കഴിഞ്ഞു. അറസ്റ്റ് എപ്പോൾ ഏതു ഘട്ടത്തിൽ സംഭവിക്കും എന്ന കാര്യം മാത്രമാണ് ഇനി വ്യക്തമാകാനുള്ളത്. നേരിട്ടല്ലാതെ നിരവധി സബ് ഏജൻസികൾ മുഖേനെ പതിനായിരക്കണക്കിന് പൗണ്ട് വാങ്ങിയ മലയാളി ഏജൻസിക്കാരന്റെ പേരും ലിസ്റ്റിൽ എത്തിയിട്ടുണ്ട്. താൻ നേരിട്ട് പണം വാങ്ങിയിട്ടില്ല എന്ന ന്യായത്തിലാണ് ഇയാൾ ഇതുവരെ ഒരു പരാതികകർക്കും പണം മടക്കി നൽകാതിരുന്നത്.

വിസ തട്ടിപ്പിന്റെ തുടക്കം മുതൽ ഉയർന്നു കേൾക്കുന്ന പേരാണ് വടക്കൻ പട്ടണത്തിൽ പ്രവർത്തിക്കുന്ന ഈ പ്രധാനിയുടേത്. ഇയാളെ സംബന്ധിച്ച മുഴുവൻ വിവരവും ഇപ്പോൾ പ്രസിദ്ധീകരണത്തിന് ലഭ്യമാണെങ്കിലും അറസ്റ്റ് നടക്കും വരെ അത്തരം വിവരങ്ങൾ പരസ്യപ്പെടുത്തരുത് എന്നാണ് ഏജൻസികൾ നൽകുന്ന നിർദ്ദേശം. പണം വാങ്ങി നിസാര കാരണത്തിന് ആറു മാസം എത്തും മുൻപ് ജോലി നഷ്ടപ്പെടുത്തി ആ ഒഴിവിൽ പകരം ആളെക്കയറ്റുന്ന ജാലവിദ്യ ആദ്യമായി നടപ്പാക്കിയതും ഇയാളാണ്.

സ്വത്തുക്കൾ നഷ്ടമാകും, ജയിൽ ഉറപ്പ്

ജി എൽ എ എ മാസങ്ങളായി ഏറ്റെടുത്തു നടത്തിയ കേസുകളാണ് ഇപ്പോൾ അറെസ്റ്റിന്റെ ഘട്ടത്തിൽ എത്തി നിൽക്കുന്നത്. ഇക്കൂട്ടത്തിൽ 14 ലക്ഷം രൂപ വാങ്ങി അതിൽ രണ്ടു ലക്ഷം മാത്രം കമ്മീഷൻ ആയി ലഭിച്ച പണിയറിയാത്ത ''വനിത സംരംഭകരുടെ'' ഏജൻസികളുമുണ്ട്. നാൽപതിലേറെ പേരെ വഴിയാധാരമാക്കിയ വനിതാ പറയുന്നത് ബാക്കി പണമൊക്കെ ബ്രിട്ടീഷുകാരനായ കെയർ ഏജൻസിക്കാരൻ കൊണ്ടുപോയെന്നാണ്. എന്നാൽ തനിക്കാരുടെ പണവും കിട്ടിയിട്ടില്ലെന്ന് ബ്രിട്ടീഷുകാരനും പറയുന്നു. വിസ കച്ചവടം നാട്ടിൽ പാട്ടായതോടെ മലയാളി സംരംഭകയും ഭർത്താവും ഇപ്പോൾ അകന്നു കഴിയുകയാണ്. കുട്ടിയെ നാട്ടിൽ ഉള്ള മാതാപിതാക്കളുടെ സംരക്ഷണയിൽ എത്തിച്ചിരിക്കുകയാണ് നഴ്സ് ആയ വനിതാ വിസ സംരംഭക. ഇത്തരത്തിൽ പണത്തോടുള്ള ആർത്തിയിൽ വിസ കച്ചവടത്തിന് ഇറങ്ങിയവരാണ് ഇപ്പോൾ ജി എൽ എ എ ക്രിമിനലുകൾ എന്ന് വിശേഷിപ്പിക്കുന്നവർ.

അറസ്റ്റിനെ തുടർന്ന് ജാമ്യം ലഭിച്ചാലും ജയിൽ ശിക്ഷ നടപടികൾ ഒഴിവാകില്ല എന്ന് തന്നെയാണ് വ്യക്തമാകുന്നത്. ജപ്തി അടക്കമുള്ള നടപടികളും ഉണ്ടാകാൻ സാധ്യത ഏറെയാണ്. ഇതറിഞ്ഞു ധൃതി പിടിച്ചു സ്ഥാവര ജംഗമ വസ്തുക്കൾ വിൽക്കുവാനോ മറ്റാരുടെ പേരിലേക്ക് മാറ്റുവാനോ തയ്യാറായാൽ കുപ്രസിദ്ധയായ മലയാളി ചിട്ടി നടത്തിപ്പുകാരിക്ക് പീറ്റർബറോയിൽ ഉണ്ടായ അനുഭവം തന്നെയാകും വിസ കച്ചവടക്കാരെയും തേടിയെത്തുക. ചുരുക്കത്തിൽ രക്ഷപെടാനുള്ള പഴുതുകൾ അടച്ചുള്ള അന്വേഷണമാണ് വിസ കച്ചവടത്തിൽ പൂർത്തിയാകുന്നത്.

രണ്ടു വർഷം മുൻപ് ഈ രംഗത്തെ കുറിച്ച് ഒരു പരാതി പോലും ഉണ്ടായിട്ടില്ല എന്ന് ജി എൽ എ എ ഉദ്യോഗസ്ഥാൻ മാർട്ടിൻ പ്ലിംമാർ വ്യക്തമാകുമ്പോൾ മലയാളികൾ രംഗത്ത് വന്നതോടെയാണ് കെയർ വിസയും മനുഷ്യക്കടത്തിന്റെ രൂപത്തിലേക്ക് വേഷം മാറിയത് എന്ന് വ്യക്തം. പണം ഉണ്ടാക്കണം എന്ന ആർത്തിയിൽ ലക്ഷങ്ങൾ ദശ ലക്ഷങ്ങൾ ആയി ഉയരുമ്പോൾ ഒരു വിസകച്ചവടക്കാരനും ഇതിന്റെ അന്ത്യം എന്ത് എന്നത് ആലോചിട്ടില്ല.

റിസോർട് മാഫിയക്കും സിനിമ നിർമ്മാണത്തിനും യുകെയിൽ നിന്നും പണം ഒഴുകിയപ്പോൾ കേരളത്തിൽ നിന്നും തിരിച്ചൊഴുകിയ വിസ പണം ഹോട്ടൽ ബിസിനസിലെ പ്രോപ്പർട്ടി രംഗത്തും നിക്ഷേപമായി മാറുക ആയിരുന്നു. ഇത്തരം ആക്ഷേപം കൂടി ഓരോ പരാതിയിലും വ്യക്തമാക്കിയിരിക്കുന്നതിൽ അറസ്റ്റിൽ ആകുന്ന ഓരോ വിസ തട്ടിപ്പ് ക്രിമിനലും ചോദ്യങ്ങൾക്ക് അക്കമിട്ട് മറുപടികൾ നൽകേണ്ടി വരും. തങ്ങൾ റഡാര് കണ്ണുകളോടെയാണ് ഇപ്പോൾ ഈ പരാതികൾ പരിശോധിക്കുന്നത് എന്ന് ഉദ്യോഗസ്ഥർ പറയുന്നത് തമാശയായി കരുതാനാകില്ല