ലണ്ടൻ: ഭാര്യയല്ല, എന്നാൽ വിധവയുമല്ല. ഒരു പെണ്ണിന്റെ ഇത്തരം ഒരവസ്ഥ എന്നത് ജീവിതത്തിലെ ഏറ്റവും കഠിനമായ സാഹചര്യമാണ്. ഭർത്താവ് ഉണ്ടായിട്ടും അങ്ങനെ വിളിക്കാൻ പാടില്ല. എന്നാൽ ജീവിച്ചിരുന്നിട്ടും മരിച്ചതിന് തുല്യം. ഒടുവിൽ എല്ലാം വിധിയെന്ന് സമാധാനിച്ചു എരിഞ്ഞു തീരുക. ഒരു പക്ഷെ മുൻപൊക്കെ അങ്ങനെയായിരുന്നു പെൺകുട്ടികൾ എങ്കിൽ ഇപ്പോൾ എരിഞ്ഞു തീരാതെ ആളിക്കത്താൻ തയ്യാറാണ് ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്ന യുവതികൾ.

ഏറ്റവും ഒടുവിൽ മറുനാടനെ തേടി അങ്ങനെ വന്ന ഒരു ഫോൺ കോൾ കെന്റിലെ ഡാട്ട്ഫോഡിൽ ഉള്ള ഡോക്ടർ ദമ്പതികളുടെ മരുമകൾ ആയി വന്ന യുവതിയുടെയും ബ്രൈറ്റണിൽ കേസിൽ അകപ്പെട്ട് വിവാദത്തിൽ ആയ കുടുംബത്തിലേക്ക് വന്ന മരുമകളുടേതും ആയിരുന്നു. ഈ പെൺകുട്ടികളുടെ നിസ്സഹായാവസ്ഥ ദുരുപയോഗം ചെയുന്ന ഭർത്താക്കന്മാർക്കും അവരുടെ കുടുംബങ്ങൾക്കും ഉള്ള താക്കീതായി മാറുകയാണ് ലണ്ടനിൽ പഠിക്കാൻ എത്തിയ യുവതിയുടെ നിയമ പോരാട്ടം.

ഇത്തരം ദുരനുഭവമുള്ള വിദേശത്തോ സ്വദേശത്തോ ഉള്ള യുവതികൾക്ക് ദേശീയ വനിതാ കമ്മീഷന്റെ സഹായം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകhttp://ncw.nic.in/ncw-cells/nri-cell

മുങ്ങൽ വിദഗ്ധരായ ഭർത്താക്കന്മാർ ജാഗ്രതൈ, നിയമം പിന്നാലെയുണ്ട്

സമാനമായ തരത്തിൽ കേരളത്തിൽ നിന്നും ഏകദേശം പത്തോളം ഫോണുകളാണ് ഭർത്താക്കന്മാരെ കണ്ടെത്താൻ സഹായിക്കാമോ എന്ന അന്വേഷണവുമായി കഴിഞ്ഞ ഏതാനും വർഷത്തിനിടയിൽ എത്തിയിട്ടുള്ളത്. പാസ്‌പോർട്ടും ഫോൺ നമ്പറും ഒക്കെ സഹിതമാണ് ഇത്തരം അഭ്യർത്ഥനകൾ എത്താറുള്ളതെങ്കിലും ഭാര്യമാരിൽ നിന്നും മുങ്ങി നടക്കുന്ന ഇത്തരം ഭർത്താക്കന്മാർ ഇതിനകം തന്നെ പാസ്പോർട്ട് നഷ്ടമായെന്നും പറഞ്ഞു എംബസിയിൽ നിന്നും പുതിയ പാസ്പോർട്ട് വാങ്ങിക്കഴിഞ്ഞിരിക്കും. ഫോൺ നമ്പറാകട്ടെ പലതവണ മാറ്റിയിരിക്കും.

യുകെയിൽ എത്താനായി ലക്ഷക്കണക്കിന് രൂപയുടെ സ്വർണവും മറ്റും ഭാര്യയിൽ നിന്നും സ്വന്തമാക്കുന്ന ഇത്തരം ഭർത്താക്കന്മാർ യുകെയിൽ എത്തിക്കഴിഞ്ഞാൽ ഭാര്യയെ തേടി ഒരു ഫോൺ കോൾ പോലും നടത്താറില്ല എന്നതും വസ്തുതയാണ്. ഇത്തരം ഒരു സംഭവം തിരുവനന്തപുരം സ്വദേശിയായ യുവതി പരാതിപ്പെട്ടതോടെ വാർത്തയാക്കുകയും മണിക്കൂറുകൾക്കകം ഭർത്താവ് ഫേസ്‌ബുക് ലൈവിൽ പ്രത്യക്ഷപ്പെടുകയും ചെയ്തതാണ്.

ഭാര്യയെ വേണ്ടെങ്കിൽ വിവാഹ മോചനം നൽകാതെ ജീവിത കാലത്തോളം നരകിപ്പിക്കുക എന്ന കുബുദ്ധിയാണ് ഇത്തരം ഭർത്താക്കന്മാരും അവർക്ക് കൂട്ട് നിൽക്കുന്ന കുടുംബവും ചെയ്യുന്നത്. ഭർത്താവ് അകന്നുവെന്ന് മനസിലാക്കുന്ന ഭാര്യക്ക് ആകട്ടെ മുൻപോട്ട് ഒരു ജീവിതം വേണമെങ്കിലും സമൂഹം അംഗീകരിക്കണമെങ്കിലും വിവാഹ മോചനം കൂടിയേ തീരൂ.

എന്നാൽ കനത്ത തുക സ്ത്രീധനം വാങ്ങിയിട്ടുള്ളതിനാൽ വിവാഹ മോചനം ചിലവേറിയതു കൂടിയാണെന്നു ബോധ്യമുള്ളതിനാലാണ് തെമ്മാടികളായ ഭർത്താക്കന്മാർ മുങ്ങൽ വിദഗ്ദ്ധർ ആകുന്നതും മറ്റു സ്ത്രീകളുമായി ചങ്ങാത്തം കൂടി അവരുടെ കൂടി ജീവിതത്തിൽ പ്രശ്നക്കാരായി മാറുന്നതും. എന്നാൽ ഇത്തരക്കാരായ ഭർത്താക്കന്മാരെ കുടുക്കാൻ ഇന്ത്യൻ സർക്കാർ ഇപ്പോൾ സകല തരത്തിലും സഹായവുമായി കൂടെയുണ്ടെന്നാണ് ലണ്ടനിൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനി ആയി എത്തിയ യുവതി വെളിപ്പെടുത്തുന്നത്.

ലണ്ടനിൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനി ആയിരുന്ന യുവതി നോട്ടമിടുന്നത് കേംബ്രിഡ്ജിൽ ഒളിച്ചു കഴിയുന്ന ഭർത്താവിനെ

കഴിഞ്ഞ ആറു മാസം മുൻപ് ലണ്ടനിലെ മലയാളി യുവതി ഭർത്താവ് തന്നെ ഉപേക്ഷിച്ചു പോയതിൽ ഉള്ള വിഷമം പങ്കിട്ടു സഹായം തേടിയതാണ് (ഈ കേസിപ്പോൾ ഡൽഹിയിൽ സുപ്രീം കോടതി ഏറ്റെടുത്ത സാഹചര്യത്തിൽ വിവരങ്ങൾ കൂടുതൽ വെളിപ്പെടുത്താനാകില്ല, എന്നാൽ നിസഹായരായ യുവതികൾക്ക് മുന്നിൽ ഒരു വഴിയുണ്ട് എന്ന വിവരം വെളിപ്പെടുത്തുവാൻ കൂടിയാണ് ഈ വാർത്ത ഇപ്പോൾ പ്രസിദ്ധപ്പെടുത്തുന്നത്) അന്ന് ലണ്ടനിലെ യുവതിയെ ഉപേക്ഷിച്ചു ഭർത്താവ് മുങ്ങിയത് കേംബ്രിഡ്ജിലേക്കാണ്.

അവിടെയുള്ള സഹോദരന് ഒപ്പം താമസിക്കാൻ തുടങ്ങിയ യുവാവുമായി പലവട്ടം സംസാരിക്കാൻ ശ്രമിച്ചെങ്കിലും അപരിചിത നമ്പറിൽ നിന്നുള്ള ഫോൺ എടുക്കുന്നില്ല എന്ന തീരുമാനത്തിൽ ആയിരുന്നു കുബുദ്ധികളായ ഭർത്താവും സഹോദരനും. ഈ ഘട്ടത്തിൽ യുവാവിന്റെ മാതാപിതാക്കളും സന്ദർശക വിസയിൽ യുകെയിൽ എത്തിയിരുന്നു. ലണ്ടനിൽ നിന്നും മുങ്ങുന്നതിനും മുൻപേ യുവതിയെ ദേഹോപദ്രവം ഏൽപിച്ചതിനു മെട്രോപൊളിറ്റൻ പൊലീസിൽ കേസും ചാർജ് ചെയ്തിരുന്നു.

ഈ സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങിയ യുവതി പിന്നീട് ലക്ഷങ്ങൾ മുടക്കിയ കോഴ്സ് ഉപേക്ഷിച്ചതും ഭർത്താവ് നൽകിയ മാനസിക പീഡനം മൂലമാണ്. കാര്യമായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത യുവാവിനെ ഉയർന്ന വിദ്യാഭ്യാസവും ദുബൈയിൽ കമ്പനിയിൽ ഹ്യൂമൻ റിസോഴ്‌സിൽ ഉന്നത ജോലിയും ഉണ്ടായിരുന്ന യുവതി കുടുംബത്തിന്റെ പോലും ഇഷ്ടം നോക്കാതെ വിവാഹം കഴിക്കാൻ തയ്യാറായത് മനസ്സിൽ കയറിക്കൂടിയ പ്രണയത്തെ തുടർന്നാണ്.

എന്നാൽ തുടക്കകാലത്തിൽ മനോഹരമായ ജീവിതം നയിച്ചിരുന്ന ദമ്പതികൾ ലണ്ടനിൽ എത്തിയതോടെയാണ് അസ്വാരസ്യം ആരംഭിക്കുന്നത്. യുവതിയുടെ ഡിപെൻഡന്റ് വിസയിൽ എത്തിയ യുവാവ് ഇനി താൻ യുകെയിൽ സേഫാണ് എന്ന ചിന്തയിൽ കുടുംബക്കാരുടെ കൂടി അറിവോടെ യുവതിയിൽ നിന്നും അകലുക ആയിരുന്നു. ഇക്കാര്യങ്ങൾ ഏറ്റവും ഒടുവിലാണ് യുവതിക്ക് മനസിലാകുന്നത്. ഇതിനിടയിൽ യുവാവിന് വേണ്ടി ഏകദേശം 40 ലക്ഷത്തോളം രൂപയും യുവതി വിനിയോഗിച്ചിട്ടുണ്ട്.

ചിലവേറിയ വിവാഹ മോചനം വൈകിപ്പിക്കാൻ കുരുട്ട് ബുദ്ധി

എന്നാൽ താൻ മാറിപ്പൊയ്ക്കോളാം എന്ന് യുവതി പറയുമ്പോഴും ചില ഘട്ടങ്ങളിൽ കുടുംബക്കാർ അറിയാതെ സഹായ മനസ്ഥിതിയുമായി യുവാവ് വീണ്ടും അടുത്തു കൂടുന്നതും പതിവായിരുന്നു. യുവതി നിയമ നടപടികളുമായി മുന്നോട്ട് പോകുന്നത് തടയുക എന്ന കുൽസിത ബുദ്ധി മാത്രമായിരുന്നു ഈ സ്നേഹ പ്രകടന അഭിനയം എന്നതും വൈകിയാണ് യുവതി മനസിലാക്കിയത്. ഒടുവിൽ മറ്റൊരു രാജ്യത്തേക്ക് അവസരം ലഭിച്ച യുവതി അതിനു മുൻപായി യുവാവിനെ നിയമത്തിനു മുന്നിലേയ്ക്ക് എത്തിക്കാൻ ഉള്ള മുഴുവൻ കാര്യങ്ങളും ചെയ്തതോടെയാണ് സമാന അനുഭവമുള്ള നൂറു കണക്കിന് മലയാളി യുവതികൾക്ക് സഹായകമാകുന്ന വിവരം പുറത്തു വരുന്നത്.

ഇന്ത്യൻ പാസ്‌പോർട്ടും പൗരത്വം ഉള്ള യുവതികൾ വിദേശത്തുള്ള ഭർത്താക്കന്മാരാൽ വഞ്ചിക്കപ്പെട്ടാൽ ദേശീയ വനിതാ കമ്മീഷൻ കേസ് എടുത്ത് അത്തരം ഭർത്താക്കന്മാരെ ഇന്ത്യയിൽ മടക്കി എത്തിച്ചു സുപ്രീം കോടതിയിൽ എത്തിക്കും എന്നതാണ് ഏറ്റവും പ്രധാനമായ വസ്തുത. ഇത്തരത്തിൽ ദേശീയ തലത്തിൽ അഞ്ചു വർഷം മുൻപ് തന്നെ 4000 ലേറെ കേസ് ഉണ്ടെങ്കിലും കേരളത്തിൽ നിന്നും ഇക്കാര്യത്തിൽ അറിവില്ലായ്മ മൂലം വിരലിൽ എണ്ണാവുന്ന കേസ് മാത്രമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് മുൻപിൽ ഉള്ളത്.

ഇത്തരം കേസുകൾ നേരിട്ടെടുക്കുന്ന വനിതാ കമ്മീഷൻ സുപ്രീം കോടതി ബെഞ്ചിലാണ് അവ ഫയൽ ചെയ്യുന്നത് എന്നും ലണ്ടൻകാരി ആയിരുന്ന മലയാളി യുവതി പറയുന്നു. തന്റെ കേസ് ഇപ്പോൾ സുപ്രീം കോടതിയിൽ എത്തിയതിന്റെ രേഖകളും യുവതി ബ്രിട്ടീഷ് മലയാളിക്ക് നൽകിയിട്ടുണ്ട്. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ ആയിരിക്കണം കേസ് അന്വേഷിച്ചു റിപ്പോർട്ട് ചെയ്യേണ്ടത് എന്നതും ഇത്തരം കേസുകളിൽ പ്രധാനമാണ്.

കേസ് തീരും വരെ പാസ്പോർട്ട് സറണ്ടർ ചെയ്തു ദുരാഗ്രഹികളായ ഭർത്താക്കന്മാർ ഇന്ത്യ വിടുന്നത് തടയും എന്നതും കേസിൽ മർമ പ്രധാനമാണ്. ഇപ്പോൾ കേംബ്രിഡ്ജിൽ ഉള്ള മലയാളി യുവാവിനെ കണ്ടെത്തി ഹോം ഓഫിസിന്റെ സഹായത്തോടെ നാട്ടിൽ എത്തിക്കാൻ ഉള്ള നിയമ നടപടി തുടങ്ങി എന്നാണ് വ്യക്തമാകുന്നത്. ഈ കേസിന്റെ പൂർണ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്തരുത് എന്ന യുവതിയുടെ അഭ്യർത്ഥന മൂലമാണ് കൂടുതൽ വിശദാംശങ്ങൾ വാർത്തയിൽ നിന്നും ഒഴിവാക്കുന്നത്.

കൂടുതൽ കേസുകൾ ഉത്തരേന്ത്യയിൽ നിന്നും, മലയാളി യുവതികൾക്ക് നിയമ സഹായം ലഭിക്കാത്തതിനാൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. പ്രബുദ്ധ മലയാളി ആണെന്നൊക്കെ പറയാമെങ്കിലും പുതു തലമുറയിലും ഒന്നിച്ചു ജീവിക്കാൻ കഴിയാത്ത സാഹചര്യം വന്നാലും ബന്ധം തുടരാൻ കുടുംബം നൽകുന്ന നിർബന്ധമാണ് പലപ്പോഴും ഇത്തരം കേസുകൾ നിയമത്തിന് മുന്നിൽ എത്താൻ തടസമാകുന്നത്. അകൽച്ച അനുഭവപ്പെട്ടാൽ ഇനി അതിനെക്കുറിച്ചു ചിന്തിക്കാനില്ല എന്ന തരത്തിൽ തീരുമാനം എടുക്കുന്ന മലയാളി യുവതികളും കേസ് ഒഴിവാക്കുകയാണ്. മാനം കൂടി നഷ്ടപ്പെടേണ്ട എന്ന ചിന്തയാണ് ഇതിനു പിന്നിൽ.

മാത്രമല്ല ഇത്തരത്തിൽ കേസിനു ഇറങ്ങി പുറപ്പെട്ടാൽ മാനസിക പിന്തുണ നൽകാൻ പോലും ആരും ഉണ്ടാകില്ല എന്നത് മലയാളി യുവതികൾ നേരിടുന്ന പ്രതിസന്ധിയാണ്. തന്റേടി എന്ന ലേബൽ വീണാൽ മറ്റൊരു പുരുഷൻ തേടി വരുമോ എന്ന മുന വച്ച ചോദ്യവും ഇത്തരം കേസുകളിൽ നിന്നും മാറിനിൽക്കാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്. ആന്ധ്രായിലും ഹരിയാനയിലും പഞ്ചാബിലും ഒക്കെ ഇത്തരം യുവതികളെ സഹായിക്കാൻ ദേശിയ വനിതാ കമ്മീഷന്റെ പ്രത്യേക ഓഫിസും ഉണ്ട്. ഇക്കാര്യത്തിൽ അടക്കം വിശദമായ മാർഗ നിർദ്ദേശം ഇന്ത്യൻ ഓവർസീസ് മന്ത്രാലയം പുറത്തിറക്കിയിടുണ്ട്.