ലണ്ടൻ: അടുത്തിടെ പുറത്തിറങ്ങിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് സുരേഷ് ഗോപി നായകനായ ഗരുഡൻ. ആ സിനിമയിൽ പൊലീസ് ഉന്നത ഉദ്യോഗസ്ഥനായി വിരമിക്കുന്ന സുരേഷ് ഗോപിയുടെ കഥാപാത്രം ഹരീഷിന്റെ ഏക മകന് പ്ലസ് ടൂ പഠന ശേഷം ഭാവി എന്തെന്ന് ചോദിക്കുമ്പോൾ സിനിമയിൽ കൂടെകൂടെ പറയുന്ന വാചകമാണ് യൂറോപ്പിലെ ഉന്നത പഠനം. സ്‌കൂൾ പരീക്ഷകളിൽ മകൻ പിന്നിലായി പോകുമ്പോൾ ഭാര്യ ഉയർത്തുന്ന ചോദ്യത്തോട് ഹരീഷ് എന്ന കഥാപാത്രം പറയുന്നത് യൂറോപ്പിൽ ഏതെങ്കിലും റെസ്റ്റോറന്റിലെ അടുക്കളയിൽ പണിയെടുക്കാൻ പോകുന്നവന് ഇത്രയൊക്കെ മാർക്ക് മതിയെന്ന് പറയുമ്പോൾ ശരാശരി മലയാളി ചിന്തയാണ് ആ സിനിമയിലെ സംഭാഷണം ഇപ്പോൾ ഓർമ്മിപ്പിക്കുന്നത്.

പിരിയുമ്പോൾ കിട്ടുന്ന തുക മകന്റെ വിദേശ പഠനത്തിന് വേണ്ടി മാത്രമായി കരുതുന്ന പിതാവാണ് സിനിമയിലെ സുരേഷ് ഗോപി. എന്നാൽ ജീവിതത്തിൽ ഇത്തരത്തിൽ അനേകായിരം സുരേഷ് ഗോപിമാരാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത്. അയൽവാസികളുടെയും പരിചയക്കാരുടെയും ഒക്കെ മക്കൾ യുകെ, കാനഡ, ഓസ്ട്രേലിയ, ന്യുസിലാൻഡ് എന്നിവിടങ്ങളിൽ ഒക്കെ പഠിക്കാൻ പോയി തുടങ്ങിയപ്പോൾ ഓരോ വീടുകളിലെയും സമാധാനം കൂടിയാണ് ഓരോ വിമാനത്തിന്റെയും പുറകെ പറന്നു തുടങ്ങിയത്.

സുരേഷ് ഗോപിയുടെ കഥാപാത്രം അതിശയോക്തിയല്ല

മക്കളുടെ റിസൾട്ട് വരാൻ കാത്തു നിൽക്കാതെ തന്നെ സ്റ്റുഡന്റ് കൺസൾട്ടൻസികളുടെ വാതിൽക്കൽ ക്യൂ നിന്ന മാതാപിതാക്കൾ വെറും മൂവായിരം രൂപയല്ലേ ഉപദേശത്തിന് ഫീസുള്ളൂ എന്ന് ആശ്വസിച്ചവരാണ്. എന്നാൽ ഓരോ വിദ്യാർത്ഥിയും കടൽ കടന്നു എത്തുമ്പോൾ ഉപദേശകരായ കൺസൾട്ടൻസികൾക്ക് അക്കൗണ്ടിലേക്ക് പറന്നു ചെന്നത് 7-8 ലക്ഷം രൂപ വീതം ആണെന്ന് അടുത്തിടെ ബ്രിട്ടനിലെ ഗാർഡിയൻ പത്രം വെളിപ്പെടുത്തിയിരുന്നു.

തങ്ങൾക്ക് കിട്ടിയ ഉപദേശം മക്കളുടെ ഭാവി ഓർത്തല്ല, ഏറ്റവും കൂടുതൽ കമ്മീഷൻ ഓഫർ ചെയുന്ന സർവകലാശാലയും കോഴ്‌സും ആണ് ഈ ഉപദേശകർ ചെവിയിൽ ഓതിയതെന്നു സുരേഷ് ഗോപിയുടെ കഥാപാത്രം പോലെ സ്വപ്നം കണ്ടു നടന്നവർ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. അഥവാ അറിഞ്ഞാലും മക്കൾ വിദേശത്താണ് എന്ന് പറയാനുള്ള വ്യഗ്രതയിൽ അതേക്കുറിച്ചു പറയാനോ ഓർക്കാനോ ശരാശരി മലയാളി കുടുംബങ്ങളോ അവരെ പറഞ്ഞു ബോധ്യപ്പെടുത്താൻ ധാർമിക ചുമതലയുള്ള സർക്കാരോ മാധ്യമങ്ങളോ ഒന്നും തയ്യാറല്ല എന്നതാണ് യാഥാർഥ്യം.

വിദേശത്തേക്കുള്ള ഒഴുക്ക് ആയിരങ്ങളിൽ നിന്നും പതിനായിരങ്ങളിലേക്കും പിന്നീട് ലക്ഷങ്ങളിലേക്കും കടന്നപ്പോൾ മലയാളി വിദ്യാർത്ഥികൾ എത്തിച്ചേർന്ന ഓരോ രാജ്യത്തും കുഴപ്പങ്ങളും തുടങ്ങുക ആയിരുന്നു. ഇക്കഴിഞ്ഞ ജനുവരി മുതൽ ഡിസംബർ വരെയുള്ള സമയത്തു ഓരോ മാസവും പതിനായിരം മലയാളികൾക്കാണ് യുകെ വിസ നൽകിയത് എന്ന് ബ്രിട്ടീഷ് ഡെപ്യുട്ടി ഹൈ കമ്മീഷണർ ചന്ദ്രു അയ്യർ കൊച്ചിയിൽ ഒരു ചടങ്ങിൽ വെളിപ്പെടുത്തിയത് കൃത്യം ഒരു മാസം മുൻപാണ്.

ഇതിൽ സിംഹഭാഗവും സ്റ്റുഡന്റ് വിസക്കാർ ആണെന്ന് ഉറപ്പാണ്. എന്നാൽ ക്രമാതീതമായി സ്റ്റുഡന്റ് വിസക്കാർ എത്തി തുടങ്ങിയതോടെ കുടിയേറ്റ സംഖ്യ മാത്രമല്ല ഉയർന്നത് അതാതു രാജ്യങ്ങളിൽ വീടുകൾ വാടകക്ക് കിട്ടാതായി, ആശ്രിതരായി എത്തിയവർക്ക് സ്‌കൂളിൽ പ്രവേശനം കിട്ടാൻ പ്രയാസമായി, രോഗവുമായി ആശുപത്രിയിൽ എത്തിയാൽ ചികിത്സ വൈകി തുടങ്ങി, ഇത്തരത്തിൽ പ്രശ്നങ്ങളുടെയും പ്രയാസങ്ങളുടെയും കൂമ്പാരമാണ് വിദ്യാർത്ഥി വിസക്കാർക്ക് ഒപ്പം തള്ളിക്കയറി എത്തിയത്.

ബ്രിട്ടനെ കണ്ടു പഠിക്കാൻ മറ്റു രാജ്യങ്ങളും

കൂടാതെ വിദ്യാർത്ഥി എന്ന പേരിൽ എത്തി കുടിയേറ്റത്തിനു ശ്രമിച്ചവരുടെ എണ്ണമാകട്ടെ എണ്ണിയാൽ ഒടുങ്ങാത്തതായി. ഒരു സെമസ്റ്റർ പോലും പൂർത്തിയാക്കാതെ കെയർ ഹോമുകളിൽ ജോലി കണ്ടെത്തി വിസ അപേക്ഷകരായി എത്തിയവരുടെ കൃത്യമായ എണ്ണം ഹോം ഓഫിസ് ആഭ്യന്തര സെക്രട്ടറിയേയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചതോടെ ആദ്യ പ്രഹരം തുടങ്ങി. അതിനൊപ്പം യൂണിവേഴ്‌സിറ്റികളിൽ ഹാജർ നില കുറയുകയും പ്രവേശനം നേടിയ വിദ്യാർത്ഥികൾ എത്താതെ കോഴ്‌സുകൾ ഉപേക്ഷിക്കേണ്ടി വന്നതും ഒക്കെ റിപ്പോർട്ടുകൾ ആയി പുറത്തു വരാൻ തുടങ്ങി. ഇതോടെയാണ് ഇക്കഴിഞ്ഞ ജൂലൈ 17 നു വിദ്യാർത്ഥി വിസക്കാരുടെ കാര്യത്തിൽ സർക്കാർ എതിർപ്പിന്റെ ഭാഷ ഉയർത്തി തുടങ്ങിയത്.

ഇതോടെ യുകെ എന്ന സ്വപ്നം തീരുകയാണ് എന്ന് മനസിലാക്കിയ മലയാളി വിദ്യാർത്ഥികൾ നേരെ ഇടിച്ചു കയറിയത് കാനഡയ്ക്കാണ്. ഒരു സ്വകാര്യ ഏജൻസി മാത്രം കാനഡയ്ക്ക് 7000 വിസ നൽകിയതിന്റെ ആഘോഷം വൻ മാമാങ്കമായാണ് കൊച്ചിയിൽ ആഘോഷിച്ചത്. ഇതിനു കൂട്ടുപിടിക്കാൻ പരസ്യ വരുമാനവും ഓർത്ത് ഏതാനും മാധ്യമങ്ങളും കൂട്ടിനെത്തി. എന്നാൽ ഭാവിയിലേക്കുള്ള വാതിലുകളാണ് എന്നന്നേക്കുമായി ഈ ആഘോഷങ്ങൾക്ക് ശേഷം ഇല്ലാതാകുന്നത് എന്ന് ഒരാളും ഓർത്തതുമില്ല ആരും ഓർമ്മിപ്പിക്കാനുമുണ്ടായില്ല.

കാനഡയ്ക്ക് ഒപ്പം ഓസ്ട്രേലിയയിലേക്കും വിദ്യാർത്ഥി തള്ളിക്കയറ്റം തുടങ്ങിയതും ഈ ഘട്ടത്തിലാണ്, എന്നാൽ വർഷങ്ങൾ കൊണ്ട് ബ്രിട്ടൻ പഠിച്ച സത്യം അതിവേഗമാണ് കാനഡ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ തിരിച്ചറിഞ്ഞത്. അതോടെ കൃത്യമായി ഈ രാജ്യങ്ങളും പറഞ്ഞു കഴിഞ്ഞു വിദ്യാർത്ഥി ആയോ ജോലിക്കായോ ക്രമാതീതമായി വിദേശികളെ ഞങ്ങൾക്കാവശ്യമില്ല. ഒരവസരം ലഭിക്കുന്നു എന്ന് കേട്ടപ്പോൾ കൂട്ടത്തോടെ പാഞ്ഞടുത്ത മലയാളി പ്രവണതയാണ് ഇപ്പോൾ നാലു മുൻനിര രാജ്യങ്ങളിലേക്കുള്ള മലയാളി ചെറുപ്പക്കാരുടെ ഒഴുക്കിനു മുൻപിൽ വാതിൽ അടച്ചിടാൻ തയ്യാറാകുന്നത്.

ഏതാനും വർഷത്തേക്ക് ഈ നിയന്ത്രണം ഉണ്ടാകും എന്നുറപ്പായതിനാൽ അടുത്ത നാളുകളിൽ പഠിച്ചിറങ്ങുന്ന ചെറുപ്പക്കാർക്ക് മുന്നിൽ അവസരങ്ങൾ തീർച്ചയായും കുറയുകയാണ്. ഇവരെ കൈപിടിച്ച് ഉയർത്താൻ മറ്റെന്ത് വഴി എന്നത് സർക്കാരും ആലോചിക്കേണ്ട കാര്യം ആണെങ്കിലും ആരുടേയും സഹായം ഇല്ലാതെ പ്രവാസം തേടി അലഞ്ഞ മുൻകാല മലയാളികളെ പോലെ ജീവിതം കണ്ടെത്താൻ ഇനി വരുന്ന തലമുറകളും തയ്യാറാകട്ടെ എന്ന ഭാവമാണ് ഈ വിഷയത്തോടുള്ള സർക്കാരിന്റെ നിസ്സംഗ നിലപാടുകൾ തെളിയിക്കുന്നതും.

കാനഡ നഷ്ടമാകുന്നത് അതി വേഗത്തിൽ, പിന്നാലെ ഓസീസും

ഖാലിസ്ഥാൻ പ്രശ്നത്തിന്റെ പേരിൽ ഇന്ത്യയും കാനഡയും നയതന്ത്ര ബന്ധത്തിൽ ഉലച്ചിൽ ഉണ്ടായപ്പോഴേ കാനഡ നഷ്ടമാകും എന്നുറപ്പായിരുന്നു. എന്നാൽ ബ്രിട്ടനിൽ വരാൻ പറ്റാതെ പോകുന്നവരാണ് അധികവും കാനഡ തിരഞ്ഞെടുത്തത്. പക്ഷെ കാനഡയിൽ അടുത്ത കാലത്തു എത്തിയവർ നൽകിയ ഫീഡ്ബാക്ക് കൊണ്ട് തന്നെ ഒട്ടേറെ മലയാളി ചെറുപ്പക്കാർ ആ മോഹം ഉപേക്ഷിച്ചിരുന്നു. ഇപ്പോൾ നിയന്ത്രണം കൂടി പ്രഖ്യാപിച്ചതോടെ വിസ അപേക്ഷകരുടെ എണ്ണം പാതിയായി മാറും എന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ വന്നാൽ കാനഡയ്ക്കും നഷ്ടങ്ങൾ ഏറെയുണ്ട്.

രാജ്യത്തെ വിദേശ വിദ്യാർത്ഥികളിൽ പാതിയിൽ അധികവും ഇന്ത്യയിൽ നിന്നാണ്. ഇതിൽ തന്നെ മലയാളികളും പഞ്ചാബികളുമാണ് മുന്നിൽ നിൽക്കുന്നത്. ജീവിത ചെലവ് ലോകമെങ്ങും ഉയർന്ന സാഹചര്യത്തിൽ കാനഡയിൽ രാജ്യാന്തര വിദ്യാർത്ഥികൾ സൂക്ഷിക്കേണ്ട പണം ഇരട്ടിയാക്കിയതും അനേകം പേരെ കാനഡ മോഹത്തിൽ നിന്നും പിന്തിരിപ്പിക്കുന്ന കാരണമായി മാറിയിട്ടുണ്ട്. പതിനായിരം ഡോളറിൽ നിന്നും 20,635 ഡോളറായാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

മുൻ വർഷം ഇതേ കാലയളവിൽ ഒന്നര ലക്ഷം അപേക്ഷകർ എത്തിയ സ്ഥാനത്ത് ഈ വർഷം അവരുടെ എണ്ണം നേർ പാതിയിലേക്ക് താഴ്ന്നിരിക്കുകയാണ്. കാനഡയും ഓസ്‌ട്രേലിയയും കൂടി വാതിൽ അടച്ചാൽ ഇന്ത്യക്കാർക്ക് പൗരത്വം നൽകി ശിഷ്ട ജീവിതം സുഖകരമാക്കൻ സാധിക്കുന്ന നാലു രാജ്യങ്ങളാണ് ഒറ്റയടിക്ക് നഷ്ടമാകുക. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഇന്ത്യക്കാർക്ക് പൗരത്വം നൽകിയ യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ എന്നീ നാലു രാജ്യങ്ങളിലാണ് ശക്തമായ കുടിയേറ്റ നിയമങ്ങൾ തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം അമേരിക്ക 78,284, ആസ്‌ട്രേലിയ 23,533, കാനഡ 21,597, യുകെ 14,637 എന്ന കണക്കിലാണ് ഇന്ത്യൻ വംശജർക്ക് പൗരത്വം നൽകിയിരിക്കുന്നത്. ഏകദേശം 1,35,000 ആളുകളാണ് ഇങ്ങനെ ഈ നാലു രാജ്യങ്ങളിലെ പൗരന്മാരായി മാറിയത്.

കാനഡയും ഓസ്‌ട്രേലിയയും ബ്രിട്ടനും പറയുന്നത് ഒരേ കാരണങ്ങൾ

യുകെയിൽ സ്റ്റുഡന്റ് വിസയും കെയർ വിസയും മാരകമായ വിധത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടെന്നു സർക്കാർ പറയുമ്പോൾ കാനഡയിൽ വ്യാജ രേഖകൾ നിർമ്മിച്ച് എത്തിയ നൂറുകണക്കിന് പഞ്ചാബികൾ നിയമ നടപടികൾ നേരിടുകയാണ്. മുൻപ് യുകെയിൽ എത്താനും പഞ്ചാബികൾ ഇതേ വിദ്യയാണ് പ്രയോഗിച്ചത്. പഞ്ചാബികൾ ചെയ്യുന്നത് കേട്ടറിഞ്ഞോ മറ്റോ ആകണം ഇപ്പോൾ യുകെയിലും നൂറുകണക്കിന് മലയാളികൾ വേണ്ടത്ര യോഗ്യത ഇല്ലാതെയും വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയും യുകെ വിസ സമ്പാദിച്ചിട്ടുണ്ട്. ഇത്തരക്കാർക്കുള്ള വിസയ്ക്കാണ് 20 ലക്ഷത്തിനു മുകളിലേക്ക് തുക ഉയർത്താൻ വ്യാജ ഏജന്റുമാർ തയ്യാറായത്. ഈ വിവരം സർക്കാർ തലത്തിൽ ശ്രദ്ധിക്കപ്പെട്ടാൽ ഭാവിയിൽ മലയാളികളുടെ യുകെ വിസ സ്വപ്നവും സമ്പൂർണമായി തകർന്നടിയും.

തങ്ങൾ നൽകിയ അവസരം ഇന്ത്യക്കാർ ദുരുപയോഗം ചെയ്തു എന്ന് കാനഡയും ബ്രിട്ടനും ഓസ്‌ട്രേലിയയും ഒരേ സ്വരത്തിൽ പറയുമ്പോൾ ആ ആരോപണം വന്നെത്തി നിൽക്കുന്നത് പ്രധാനമായും മലയാളികളിൽ തന്നെയാണ്. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ വിസ കച്ചവടത്തിന് ഇറങ്ങിയവർ കോടീശ്വരന്മാരായപ്പോൾ കണ്ടു നിന്നവർ വരെ സബ് ഏജൻസികൾ ആയതാണ് ഏറ്റവും വേഗത്തിൽ ഈ കച്ചവടം പൂട്ടിപ്പോകാൻ പ്രധാന കാരണമായത്.

പത്തു പൈസയുടെ നിക്ഷേപം ആവശ്യമില്ലാതെ, ഒരു വ്യാജ സിം കാർഡ് സംഘടിപ്പിക്കുകയും നാണം കെട്ടും പണമുണ്ടാക്കാം എന്ന് തെളിയിക്കുകയും ചെയ്താൽ വിസ കച്ചവടക്കാരൻ ആകാം എന്നതാണ് ഈ രംഗത്ത് എത്തിയവരുടെ പ്രധാന യോഗ്യത. ആ നിലയിൽ നോക്കുമ്പോൾ യുകെയാണോ കാനഡയാണോ ഓസ്‌ട്രേലിയയാണോ മലയാളി കച്ചവടത്തിൽ കൂടുതൽ പരുക്ക് പറ്റിയത് എന്നേ സംശയിക്കേണ്ടൂ.

നിലവിലെ കണക്കുകൾ വച്ച് പറയുമ്പോൾ ഇക്കാര്യത്തിൽ യുകെ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. വിസാ കച്ചവടക്കാരും അവർ വഴി എത്തി വഞ്ചിക്കപ്പെട്ടവരും താൽക്കാലിക ജോലി കണ്ടെത്തിയവരും എപ്പോൾ വേണമെങ്കിലും നാട്ടിലേക്കു മടങ്ങേണ്ടി വരുന്നവരും ഒക്കെ യുകെയിൽ തന്നെയാണ് ഏറ്റവും അധികം. ഇവരെക്കുറിച്ചു നിരന്തരം വാർത്തകൾ നൽകിയതോടെയാണ് പ്രശ്നം സർക്കാരിന്റെ അടിയന്തിര ശ്രദ്ധയിൽ എത്തിയതും ഇപ്പോൾ ബ്രിട്ടൻ നിലപാട് കടുപ്പിക്കുമ്പോൾ മറ്റു രാജ്യങ്ങളും അതേ വഴിയിൽ നീങ്ങിത്തുടങ്ങിയിരിക്കുന്നതും എന്നതും ഏറെ ചർച്ച ചെയ്യപ്പെടുകയാണ്.

പക്ഷെ ഇക്കാര്യം ഏറ്റവും അധികം ചർച്ചയാകേണ്ട കേരളത്തിൽ മാത്രം മറ്റു പലതുമാണ് ഇപ്പോൾ ചർച്ചകളിൽ ഇടം പിടിക്കുന്നത് എന്നതും ഇനിയും വിസ കച്ചവടത്തിന്റെ പേരിൽ മലയാളി യുവത്വം ചതിക്കപ്പെടാനുള്ള സാധ്യതകൾ കൂടി തുറന്നിടാനാണ് സഹായിക്കുന്നത്.