ലണ്ടൻ: മലയാളികളായ 200 ഓളം പേരെ നഴ്‌സിങ്, കെയർ അസിസ്റ്റന്റ് ജോലിക്കെടുത്ത സ്ഥാപനം ഇന്നലെ ബിബിസി പനോരമ നടത്തിയ വെളിപ്പെടുത്തലിലൂടെ വമ്പൻ പ്രതിസന്ധിയിലേക്ക്. സ്ഥാപനത്തിന്റെ വിശ്വാസ്യതയും പ്രവർത്തനവും ഒക്കെ നിരവധി അന്വേഷണ ഏജൻസികൾ ഏറ്റെടുക്കുന്ന സാഹചര്യമാണ് ഇപ്പോൾ സംജാതം ആയിരിക്കുന്നത്. സ്ഥാപനത്തിലെ ജീവനക്കാരുടെ സാക്ഷ്യപ്പെടുത്തലുകൾ മലയാളിയായ റിപ്പോർട്ടർ ബാലഗോപാൽ ബിബിസിക്ക് വേണ്ടി രഹസ്യ കാമറയുടെ സഹായത്തോടെ സംഘടിപ്പിച്ചപ്പോൾ കഴിഞ്ഞ രണ്ടു വർഷത്തിലേറെ ആയി ബ്രിട്ടീഷ് മലയാളി നടത്തുന്ന വിസ കച്ചവട മാഫിയയിലെ ഡോൺ എന്ന് വിശേഷിപ്പിക്കാവുന്ന ഹാംഷെയറിലെ ആൽഡർഷോട്ട് മലയാളിയായായ സുനിൽ തോമസിന്റെ പേരും വിശദാംശങ്ങൾ സഹിതം പുറത്തു വന്നിരിക്കുകയാണ്.

സുനിൽ സമാധാനം പറയേണ്ടി വരും എന്ന സൂചന ബിബിസി റിപ്പോർട്ടിന് മുൻപ് തന്നെ ഇന്നലെ ബ്രിട്ടീഷ് മലയാളി വെളിപ്പെടുത്തിയിരുന്നു. ഇന്നലെ പനോരമ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് നോർത്ത് ഈസ്റ്റിലെ മുഴുവൻ കെയർ ഹോമുകളിലും അടിയന്തിരമായി പുതിയ ജീവനക്കാരെ എടുക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയാണ് നഴ്‌സിങ് ഹോം ഉടമകൾ സ്വന്തം സ്ഥാപനങ്ങളെ രക്ഷിക്കാൻ രംഗത്ത് എത്തിയിരിക്കുന്നത്.

മാത്രമല്ല രാജ്യമെങ്ങും നഴ്‌സിങ്, കെയർ ഹോമുകളിലും വ്യാപകമായ പരിശോധനകളും റെയ്ഡും നടക്കാനുള്ള സാധ്യതകളാണ് ഇപ്പോൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ കേസിൽ അഡിസൺ കോർട് നഴ്‌സിങ് ഹോം ഉടമ മാത്രമാണോ കുടുങ്ങുക, ജീവനക്കാരെ അനധികൃതമായി പണം ഈടാക്കി എത്തിച്ച വിസ കച്ചവടക്കാരനും കുടുങ്ങുമോ എന്ന് വഴിയേ തിരിച്ചറിയാം. ബിബിസി നടത്തിയ വെളിപ്പെടുത്തലിൽ സുനിൽ തോമസിന്റെ ചിത്രമടക്കം സംപ്രേഷണം ചെയ്തതോടെ കൂടുതൽ കാര്യങ്ങൾ ഇനിയും പുറത്തു വരുമെന്ന് ഉറപ്പാണ്.

എന്നാൽ ബിബിസി റിപ്പോർട്ടിൽ പോലും സുനിൽ തോമസിന്റെയും അയാളും ഭാര്യ ലിൻസിയും ചേർന്ന് നടത്തുന്ന ബിജിഎം കൺസൾട്ടൻസിയുടെയും കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ലെങ്കിലും നഴ്‌സിങ് ഹോം ഉടമ ബണ്ടി മൽഹോത്രയും മലയാളികളായ വിസ തട്ടിപ്പിന് ഇരകളായവരുടെ സാക്ഷി മൊഴികൾ അടങ്ങുന്ന വിഡിയോ ഫൂട്ടേജുകളുമാണ് ഈ വിസ കച്ചവടത്തിൽ ഏറ്റവും സുപ്രധാന തെളിവുകളായി മാറുന്നത്.

എന്നാൽ ബിബിസിക്ക് വേണ്ടി രഹസ്യ റിപ്പോർട്ടിങ് നടത്തിയ ബാലഗോപാലിനോട് സുനിൽ തോമസ് പറയുന്നത് താൻ ആരോടും പൈസ വാങ്ങിയിട്ടില്ല, തന്റെ സബ് ഏജന്റ്സ് ആണ് പണം വാങ്ങിയത് എന്നാണ്. എന്നാൽ സുനിൽ പറയുന്ന സബ് ഏജൻസികൾക്ക് പുറകെ ബിബിസിക്കും മുൻപേ ബ്രിട്ടീഷ് മലയാളി യാത്ര തുടങ്ങിയിരുന്നു. ഹോം ഓഫിസിൽ ഇതിനകം എത്തിയ ആയിരക്കണക്കിന് പരാതികളിൽ സുനിൽ തോമസിന്റെ പേരും പതിഞ്ഞതോടെയാണ് ഇയാളുടെ നാടായ കൊല്ലത്തേക്ക് യാത്ര നടത്താൻ ബ്രിട്ടീഷ് മലയാളി റിപ്പോർട്ടർമാർക്ക് പ്രചോദനമായത്.

ഇതോടെ ഇയാളുടെ കച്ചവടത്തിൽ വർഷങ്ങളായി പങ്കാളികളായ ജെയിംസ്, ഗിരീശൻ സി എസ് അയ്യർ എന്നിവരിലേക്കാണ് എത്താനായിരിക്കുന്നത്. കച്ചവടത്തിൽ കിട്ടിയ പണമൊക്കെ സബ് ഏജന്റുമാർ കൊണ്ടുപോയെന്നാണ് ഇപ്പോൾ സുനിൽ തോമസ് വാദിക്കുന്നത്. എന്നാൽ സബ് ഏജന്റുമാർ പറയുന്നത് നേരെ തിരിച്ചും. അതിനിടയിൽ സ്വന്തം നാട്ടുകാർ വരെ വഞ്ചിതരായവരയുടെ ലിസ്റ്റിൽ പെട്ടതിനാൽ കുറച്ചു പൈസ എങ്കിലും മടക്കി നൽകി പ്രശ്നം ഒത്തുതീർക്കണം എന്ന കാര്യമാണ് ബ്രിട്ടീഷ് മലായളി നടത്തിയ തിരച്ചിലിൽ സബ് ഏജന്റുമാർ പറയുന്നത്. എന്നാൽ ഇക്കാര്യത്തിന് സുനിൽ തോമസ് തയ്യാറല്ലെന്ന് അയാളുടെ തന്നെ വാക്കുകളിലൂടെ ഇന്നലെ ബിബിസിയുടെ ലോകമെങ്ങും മലയാളികൾ കണ്ടു കഴിഞ്ഞതാണ്.

സുനിൽ സ്വന്തമാക്കിയത് രമ്യ ഹർമം, താമസം തുടങ്ങിയത് യുകെയിൽ ലഭിക്കാവുന്ന ഏറ്റവും വിലകൂടിയ മദ്യം ഒഴുക്കി തന്നെ

വീട് പോലും പണയം വച്ച് യുകെയിൽ എത്തിയ, ആത്മഹത്യയുടെ മുന്നിൽ നിൽക്കുന്ന നൂറുകണക്കിന് മലയാളികളുടെ കണ്ണീരിൽ കുതിർന്ന കാശു കൊണ്ടാണ് സുനിൽ തോമസ് ആൽഡർഷോട്ടിലെ ഏതു മലയാളിയുടെയും കണ്ണ് മഞ്ഞളിക്കുന്ന രമ്യ ഹർമം സ്വന്തമാക്കിയിരിക്കുന്നത്. സാധാരണ ആളുകൾ പഴയ വീടുകൾ വാങ്ങുമ്പോൾ ഏഴര ലക്ഷം പൗണ്ട് (ഏഴര കോടി രൂപ) മുടക്കിയാണ് ബ്രാൻഡ് ന്യൂ വീടായ രമ്യ ഹർമം വാങ്ങിയത് ഏതാനും മാസങ്ങൾക്ക് മുൻപ് മാത്രമാണ്.

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ പുതിയ വീട്ടിലേക്ക് മാറുമ്പോൾ ആൽഡർഷോട്ടിലെ മലയാളികൾ ഞെട്ടണം എന്ന ആഗ്രഹത്തോടെ മദ്യപ്പുഴ ഒഴുക്കിയാണ് ആഡംബര സദ്യ നടത്തിയതെന്ന് അന്ന് ക്ഷണിക്കപ്പെട്ട ആൽഡർഷോട്ട് മലയാളികൾ ഇപ്പോൾ ഖേദത്തോടെ പറയുന്നു. ഇത്തരത്തിൽ വഞ്ചിച്ചുണ്ടാക്കിയ പണം കൊണ്ട് നൽകിയ സദ്യ കഴിച്ച ദഹനക്കേട് ഓർക്കുമ്പോൾ ഓക്കാനം വരാതിരിക്കുന്നതെങ്ങനെ എന്നും ആൽഡർഷോട്ടിലെ സാധാരണക്കാർ ചോദിക്കുന്നത് തങ്ങൾ യുകെയിൽ വന്നത് ആരെയും വഞ്ചിച്ചു ജീവിക്കാൻ അല്ല എന്ന ഉത്തമ ബോധ്യം ഉള്ളതിനാൽ കൂടിയാണ്.

പണം നൽകി ആളുകളെ ജോലിക്ക് നിയമിച്ചോ എന്ന് ബിബിസി ന്യുകാസിലെ അഡിസൺ കോസ്റ്റ് നഴ്‌സിങ് ഹോം ഉടമ ബണ്ടി മൽഹോത്രയോട് ചോദിക്കുമ്പോൾ അക്കാര്യങ്ങൾ സുനിലും ഭാര്യ ലിൻസിയും ചേർന്ന് നടത്തുന്ന ബിജിഎം കൺസൾട്ടൻസിയോട് പോയി ചോദിക്കൂ എന്നാണ് പറയുന്നത്. ഇതിനർത്ഥം പത്തു ലക്ഷം രൂപ വീതം വാങ്ങി ആളുകളെ നിയമിക്കുമ്പോൾ ആ പണം മുഴുവൻ സുനിൽ തോമസും ഭാര്യ ലിൻസിയും ചേർന്ന് വിഴുങ്ങുക ആണെന്നാണ് വ്യക്തമാകുന്നത്.

മൂന്നു മക്കൾ വളർന്നു വരുമ്പോൾ ഞങ്ങളെ പോലെ ഉള്ള സാധാരണക്കാരായ ആളുകളുടെ വിയർപ്പിൽ പൊടിഞ്ഞ പണം കൊണ്ട് വാങ്ങിയ ബ്രെഡും ബട്ടറും ആകില്ലേ ആ കുഞ്ഞുങ്ങളുടെ ശരീരത്തെ വളർത്തി വലുതാക്കുക എന്നാണ് നെഞ്ചു കലങ്ങി യുകെയിൽ എത്തിയ ശേഷം ഹൃദ്രോഗിയായി മാറിയ കെയർ അസിസ്റ്റന്റ് ആയ യുവാവ് ചോദിച്ചത്. സുനിൽ തോമസ് എത്തിച്ച ഈ യുവാവ് താൻ ജോലിക്ക് എത്തിയ സ്ഥാപനം നിയമ നടപടി നേരിടുകയാണ് എന്നറിഞ്ഞാണ് ഹൃദ്രോഗിയായി മാറിയത്. ഈ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കാര്യങ്ങൾ അടക്കം സുനിൽ തോമസ് അറിഞ്ഞിട്ടും പണം മടക്കി നൽകാൻ തയ്യാറാകുന്നില്ല എന്നത് മറ്റുള്ളവരെയും ഇപ്പോൾ പ്രകോപിതരാക്കുകയാണ്.

ബിജിഎം ബിസിനസ്സിൽ സുനിലിന്റെ പങ്കാളി നഴ്സ് ആയ ലിൻസി, പിൻ നമ്പർ എപ്പോൾ പോയാലും കോടികൾ സ്വന്തമാക്കിയതിനാൽ ആശങ്കപ്പെടാതെ ദമ്പതികൾ

ബിബിസി വാർത്ത വരുന്ന വിവരം ബ്രിട്ടീഷ് മലയാളി വെളിപ്പെടുത്തിയ ശേഷവും ദമ്പതികൾ വളരെ കൂളായാണ് വിളിക്കുന്നവരോട് പോലും സംസാരിക്കുന്നത്. സാധാരണ തട്ടിപ്പ് ബിസിനസിന് ഇറങ്ങുന്ന യുകെ മലയാളികൾ തുടക്കത്തിൽ ഭാര്യമാരെ കൂടി ചേർത്താണ് കമ്പനി രജിസ്റ്റർ ചെയ്യുന്നത് എങ്കിലും പിന്നീട് അവരെ കമ്പനി രേഖകളിൽ നിന്നും നീക്കം ചെയ്യുന്നതാണ് പതിവ്. എന്നാൽ സുനിലിന്റെ കാര്യത്തിൽ ഹോം ഓഫിസ് അടക്കമുള്ളവർ രഹസ്യ വിവര ശേഖരത്തിൽ ആയതിന്റെ സൂചന പോലും സുനിലോ ലിൻസിയോ ഇതുവരെ തിരിച്ചറിഞ്ഞില്ല. ഹോം ഓഫിസിൽ നിന്നും ബിബിസിക്ക് മാത്രമല്ല യുകെയിലെ പ്രധാന മാധ്യമ പ്രവർത്തകർക്ക് ഒക്കെ ആവശ്യത്തിലേറെ വിവരം ഇതിനകം ലഭ്യമായിട്ടുണ്ട്.

കെയർ വിസ കച്ചവട കൃഷിക്ക് ഇറങ്ങി കോടികൾ സമ്പാദിച്ച നൂറോളം യുകെ മലയാളികളായ എജൻസികളുടെ വിശദാംശങ്ങളാണ് ഇപ്പോൾ ശേഖരിക്കപ്പെട്ട ലിസ്റ്റിൽ ഉൾപെട്ടിരിക്കുന്നത്. എൻഎംസി കോഡ് അനുസരിച്ച് നഴ്സ് ആയ ഇത്തരം കാര്യങ്ങളിൽ ഉൾപ്പെടരുത് എന്നത് വ്യക്തമാക്കിയാണ് ഐസക് മാത്യു, ജിനു ചെറിയാൻ എന്നിവരെ തുടർന്ന് നഴ്സ് ആയി ജോലി ചെയ്യുന്നത് വിലക്കിയത്. ഇപ്പോൾ സമാനമായ നടപടി ലിൻസിക്ക് എതിരെ ഉണ്ടാകും എന്ന് ഉറപ്പാക്കപ്പെടുമ്പോഴും കോടികൾ വിസ കച്ചവടത്തിലൂടെ സമ്പാദിച്ചു കഴിഞ്ഞതിനാൽ ഇനിയെന്തിനു വെറുതെ ജോലി ചെയ്യണം എന്ന ചിന്തയും ഉണ്ടായിക്കൂടെന്നില്ല എന്നതാണ് വിവരം പുറത്തറിഞ്ഞിട്ടും ഇരുവരും ആശങ്ക പുറത്തു കാട്ടാതെ കഴിയുന്നതിൽ നിന്നും വ്യക്തമാകുന്നത്.

വലിയ മരിയ ഭക്തൻ, സാധു ശീലം, നാട്ടുകാർക്കും പ്രിയപ്പെട്ടവർ, തുണിക്കച്ചവടത്തിൽ നിന്നും കോടീശ്വരൻ ആയതു കണ്ണടച്ച് തുറന്ന വേഗത്തിൽ

കക്കാൻ പഠിച്ചാലും നിൽക്കാനും പഠിക്കണം എന്ന ചൊല്ലാണ് സുനിൽ തോമസും ഭാര്യ ലിൻസിയും ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നത്. തനിക്ക് വിസ കച്ചവടത്തിൽ പണമിടപാട് ഇല്ലെന്നു വാദിക്കുന്ന സുനിൽ തോമസ് ഏഴരക്കോടിയുടെ രമ്യ ഹർമം വാങ്ങിയതിന് പണം എവിടെ നിന്നും എന്ന ചോദ്യത്തിന് ഉത്തരം നൽകണം. തന്റെ വിസ കച്ചവടത്തിൽ പണമൊക്കെ ജെയിംസ്, ഗിരീശൻ എന്ന സബ് ഏജന്റുമാർ കൊണ്ട് പോയെന്നു പറയുമ്പോൾ ഇതുവരെ സമ്പാദിച്ച മുഴുവൻ പണത്തിന്റെയും ഉത്തരവാദിത്തം കൊല്ലത്തുള്ള സഹായികളുടെ തലയിലേക്ക് കെട്ടി വയ്ക്കുകയാണ് എന്ന് വ്യക്തം.

യുകെയിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ഭാര്യക്ക് ഇത്രയും വരുമാനം ഉണ്ടെങ്കിൽ സകല യുകെ മലയാളികൾക്കും ഇപ്പോൾ ഇത്തരം ഒരു വീട് എങ്കിലും ചുരുങ്ങിയത് ഉണ്ടാകേണ്ടതല്ലേ എന്നാണ് വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ അതിഥി സൽക്കാരം കൊഴുപ്പിക്കാൻ കരാർ എടുത്തവർ ചോദിക്കുന്നത്. വീടിന്റെ അകത്തളങ്ങൾ കണ്ടാൽ യുകെയിൽ മറ്റൊരു മലയാളിക്ക് അത്തരം ഒരു വീടുണ്ടോ എന്ന് തോന്നിപ്പോകുമെന്നു മിനുക്ക് പണികളിൽ സഹായികൾ ആയി എത്തിയവരും പറയുന്നു. എന്നാൽ തികഞ്ഞ മാതാവിന്റെ ഭക്തനായി അറിയപ്പെടുന്ന സുനിൽ തോമസ് ഇങ്ങനെ ഒരു കാര്യം ചെയ്യുമോ എന്ന് ചോദിക്കുന്ന മലയാളികൾ ആൽഡർ ഷോട്ടിൽ ഇപ്പോഴുമുണ്ട്.

വർഷങ്ങൾക്ക് മുൻപ് തുണിക്കച്ചവടം നടത്തിയാണ് സുനിൽ തോമസ് തനിക്ക് കച്ചവടമാണ് ഇണങ്ങുന്ന വഴിയെന്ന് മനസിലാക്കിയത്. സാരിയും ചുരിദാറും ഒക്കെ ട്രെൻഡ് അനുസരിച്ചു കച്ചവടം ചെയ്തു അരിക്കാശ് കിട്ടും എന്നല്ലാതെ കോടികൾ ഉണ്ടാക്കാനാകില്ലെന്നു വ്യക്തമായതോടെ സ്ഥാപനം നേപ്പാളികൾക്ക് വിറ്റു തടിയൂരുക ആയിരുന്നു. തുടർന്ന് 2017ലാണ് ബിജിഎം എന്ന് പേരിട്ടു വിസ കച്ചവടത്തിലേക്കു തിരിയുന്നത്. ബണ്ടി മൽഹോത്രയുടെ സ്ഥാപനത്തിലേക്ക് അതുവരെ ജീവനക്കാരെ നൽകിയിരുന്ന സ്ഥാപനത്തെ തള്ളി മാറ്റിയാണ് യുകെയിൽ നിയമ പരമായി അനുവദനീയം അല്ലാത്ത അഞ്ചു വർഷത്തെ കരാർ ഉണ്ടാക്കി നൂറുകണക്കിനു മലയാളികളെ സുനിലും ഭാര്യ ലിൻസിയും ചേർന്നു യുകെയിൽ എത്തിച്ചത്. വാസ്തവത്തിൽ ഈ കരാറിൽ പെട്ട് പോയ അഹമ്മദ് എന്ന യുവാവ് നൽകിയ പരാതിയാണ് ബണ്ടി മൽഹോത്രയുടെ സ്ഥാപനത്തെ ഇപ്പോൾ ബിബിസി പനോരമയിൽ എത്തിച്ചതും അതുവഴി സുനിലും ലിൻസിയും നടത്തിയ വ്യാജ വിസ കച്ചവടം മലയാളി സമൂഹത്തിലേക്ക് തുറന്നു കാണിക്കപ്പെടുന്നതും.

സുനിലിന്റെ വീടിനു മുന്നിൽ ചതിക്കപ്പെട്ടവർ പന്തൽ ഉയർത്തുമോ?

ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ഇന്നലെ രാത്രി ലിവർപൂളിൽ മറ്റൊരു സമാനതകൾ ഇല്ലാത്ത സമര രംഗം അരങ്ങേറുകയാണ്. വിസ കച്ചവടത്തിൽ 12 ലക്ഷം രൂപ നഷ്ടമായ മലപ്പുറം സ്വദേശിയായ റസാഖ് എന്ന യുവാവ് വിസ ഏജന്റിൽ നിന്നും പണം മടക്കി കിട്ടാൻ രാത്രി നിരാഹാരത്തിനു തയ്യാറായത് മാധ്യമ പ്രവർത്തകരെയും അഭിഭാഷകരെയും മലയാളി സാമൂഹ്യ പ്രവർത്തകരെയും ഒക്കെ തണുപ്പും മറന്നു ലിവർപൂളിലെ ബട്ടർ ക്രെസന്റ് റോഡിലേക്ക് കണ്ണുകൾ എത്തിക്കാൻ പ്രേരിപ്പിച്ചത്.

ഇക്കാര്യത്തിൽ തനിക്ക് ഇനി യുകെയിൽ ജീവിക്കണ്ടാ, നാട്ടിലേക്ക് മടങ്ങുന്നത് കച്ചവടക്കാരാണ് കൊടുത്ത പൈസയും ആയിട്ടാകും എന്ന നിലപാട് എടുത്ത റസാഖിന്റെ ധീരതയാണ് ഏറ്റവും ശ്രദ്ധേയമായത്. ഇപ്പോൾ സുനിൽ തോമസ് കൈകഴുകുമ്പോൾ ആൽഡർഷോട്ടിലെ രമ്യ ഹർമത്തിനു മുന്നിലേക്ക് റസാഖ് പറയുന്നത് പോലെ നിരാഹാരമിരിക്കാൻ പണം നഷ്ടമായ മലയാളികൾ തയ്യാറാകുമോ എന്ന ചോദ്യം ഉയരുന്നത് അധ്വാനിച്ചുണ്ടാക്കിയ പണം ഒരു തട്ടിപ്പുകാരനും സുഖിച്ചു ജീവിക്കാൻ വേണ്ടിയാകരുതു എന്ന തന്റേടം ഉള്ള മലയാളികൾക്ക് ചിന്തിക്കുവാൻ വേണ്ടിയുമാണ്.

അങ്ങനെ ധീരതയോടെ ആരെങ്കിലും മുന്നോട്ട് വന്നാൽ യുകെ മലയാളി സമൂഹത്തിന്റെ പിന്തുണ കൂടെയുണ്ടാകും എന്നാണ് ഇന്നലെ രാത്രി ലിവർപൂളിൽ കാണാനായത്.