ലണ്ടൻ: മോദിയുടെ ഗ്യാരന്റി എന്നത് ഇന്ത്യയിൽ അലയടിക്കുന്ന ബിജെപി തിരഞ്ഞെടുപ്പ് മുദ്രാവാക്യമാണ്. എന്നാൽ കുടിയേറ്റക്കാരുടെ വിസാ വിഷയത്തിൽ ഇപ്പോൾ ഒരു ഗ്യാരന്റിയും നൽകാൻ തയ്യാറല്ല എന്നാണ് ബ്രിട്ടനിൽ ഋഷി സർക്കാരിന്റെ മുദ്രാവാക്യം. കഴിഞ്ഞ ഒരൊറ്റ വർഷം ഏഴര ലക്ഷം കുടിയേറ്റക്കാർ എത്തി കണക്ക് കയ്യിൽ കിട്ടിയപ്പോളാണ് എങ്ങനെയും രാജ്യത്തേക്ക് കയറാനുള്ള വാതിൽ അടച്ചിടണം എന്ന് ഋഷി സർക്കാർ തീരുമാനിക്കുന്നത്.

ഏതാനും വർഷം മുൻപ് പ്രധാനമന്ത്രി ആയിരുന്ന ഡേവിഡ് കാമറോൺ വർഷം തോറുമുള്ള കുടിയേറ്റ നിരക്ക് ഒരു ലക്ഷത്തിൽ താഴെ നിർത്തും എന്ന കണക്ക് മുന്നിൽ നിൽക്കെയാണ് കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നും മാത്രമായി മൂന്നര ലക്ഷം പേർ യുകെയിൽ എത്തി എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. സ്റ്റുഡന്റ് വിസയിലും കെയറർ വിസയിലും അനിയന്ത്രിതമായ തരത്തിൽ ആളുകൾ എത്തിയതും അവർക്കൊപ്പം ആശ്രിത വിസയിൽ കുടുംബ അംഗങ്ങളും എത്തിയതാണ് ബ്രിട്ടനെ ഇപ്പോൾ കടുത്ത തീരുമാനത്തിൽ എത്തിച്ചിരിക്കുന്നത്.

ബ്രിട്ടനിൽ ആഡംബരമായി ജീവിക്കാനുള്ള വരുമാനം കണ്ടെത്തുന്ന പ്രൊഫഷനലുകൾക്കായി വീണ്ടും വാതിൽ തുറന്നിടും

ഈ തീരുമാനത്തിന്റെ ചുരുക്കം എന്നത് കെയർ വിസയിലും സ്റ്റുഡന്റ് വിസയിലും എത്തുന്നവരുടെ എണ്ണം പരമാവധി എങ്ങനെ കുറയ്ക്കാം എന്ന പുതിയ നിയമ നിയന്ത്രണം തന്നെയാണ്. ഏറ്റവും കൂടുതൽ വിദേശ വിദ്യാർത്ഥികൾ എത്തുന്നത് ഇന്ത്യയിൽ നിന്നും ആണെന്ന് വ്യക്തമായതോടെ അവരിൽ നല്ല പങ്കും വന്നത് പഠിക്കാനല്ല എന്ന വാസ്തവം കൂടിയാണ് സർക്കാരിന്റെ മുന്നിലേക്ക് മറനീക്കി എത്തിയത്.

യുകെയിൽ കാല് കുത്തിയ പാടെ കെയർ ഹോമിലേക്കുള്ള വിസ സ്വിച്ചിങ് നടത്താൻ ഹോം ഓഫിസിൽ എത്താതിരുന്നതും യൂണിവേഴ്‌സിറ്റികളിൽ കോഴ്സ് ഡ്രോപ്പ് ഔട്ട് നടത്താൻ കാട്ടിയ വ്യഗ്രതയുമാണ് കയ്യോടെ നിയമം കടുപ്പിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. ഇതേ തരത്തിൽ തന്നെയാണ് കെയർ വിസയുടെ കാര്യത്തിലും സംഭവിച്ചത്. 2022 ഫെബ്രുവരി 15 മുതൽ കെയർ ജോലി കൂടി ഷോർട്ടേജ് ഒക്യുപ്പേഷൻ ലിസ്റ്റിൽ വന്നതോടെ ചാകര കണക്കെയാണ് മലയാളികൾ അടക്കമുള്ളവർ യുകെയിലേക്ക് ഇടിച്ചു കയറിയത്. യുകെയിലെ ഏറ്റവും കുറഞ്ഞ വേതനമുള്ള ജോലിക്കായി ഇത്രയധികം വിദേശികൾ എത്തിയത് സർക്കാരിനെ ഞെട്ടിക്കുക തന്നെ ചെയ്തു.

ഇത്തരക്കാരോടൊപ്പം കുടുംബം കൂടി ചേരുന്നതോടെ ഇവർ ഭാവിയിൽ സർക്കാരിന് തന്നെ ബാധ്യതയായി മാറും എന്ന റിപ്പോർട്ടും വൈകാതെ മന്ത്രിമാരുടെ മുന്നിലെക്കെത്തി. യുകെയിൽ വർധിച്ചു വരുന്ന ജീവിത ചെലവിൽ ഒരു കെയററുടെ വരുമാനം വഴി കുടുംബത്തിന് ജീവിക്കാനാകില്ല എന്നുറപ്പാണ്. ആശ്രിത വിസയിൽ വന്ന പങ്കാളി കൂടി ജോലി ചെയ്താലും ബ്രിട്ടൻ മുന്നോട്ടു വയ്ക്കുന്ന ക്വാളിറ്റി ലൈഫ് എന്ന സങ്കൽപ്പത്തിലേക്ക് ഈ കുടുംബങ്ങൾ എത്തില്ല.

തീർച്ചയായും കേരളത്തേക്കാൾ മെച്ചമായ ജീവിതം ലഭിക്കുമെങ്കിലും ബ്രിട്ടന്റെ കണക്കെടുപ്പിൽ ഈ കുടുംബങ്ങൾ ഒക്കെ ശരാശരി ജീവിത നിലവാരത്തിലും താഴെയാണ് എത്തി നിൽക്കുക എന്ന റിപ്പോർട്ടും മൈഗ്രേഷൻ അഡൈ്വസറി കമ്മിറ്റിക്ക് മുന്നിലെത്തി. ഓക്സ്ഫോർഡ് സർവകലാശാല അടക്കം നിരവധി യൂണിവേഴ്സിറ്റികളാണ് കുടിയേറ്റം വിഷയമാക്കി പഠന റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിച്ചത്.

ചുരുക്കത്തിൽ എങ്ങനെയും രക്ഷപ്പെടാം എന്ന ചിന്താഗതിയിൽ എത്തിയ മലയാളികൾ അടക്കമുള്ള കുടിയേറ്റ വിദേശികളോട് ബ്രിട്ടൻ പറയുന്നത് ഈ നാട്ടിൽ എത്തിയാലും നാടിനു ബാധ്യതയാകുന്നവരെയല്ല ആവശ്യം മറിച്ച് ഉയർന്ന വരുമാനം ഉള്ള പ്രൊഫഷനലുകളെയാണ് ആവശ്യം എന്ന സന്ദേശം തന്നെയാണ്. കാരണം ഉയർന്ന വരുമാനം ഉള്ളവർ എത്തുമ്പോൾ അവർ അതനുസരിച്ചു പണത്തിന്റെ ക്രയവിക്രയം നടത്താൻ തയ്യാറാകുന്നതും നാടിന്റെ സമ്പദ് ഘടനയ്ക്ക് ഗുണം ചെയ്യും എന്ന ചിന്തയാണ് ഇതിന് അടിസ്ഥാനം. ഇക്കാരണം കൊണ്ടാണ് ഉയർന്ന വരുമാനം ഉള്ളവരുടെ കുടിയേറ്റത്തിനു ബ്രിട്ടൻ യാതൊരു വിധ നിയന്ത്രണവും ഇപ്പോഴും നടപ്പാക്കാത്തത്.

വന്നവർ സുരക്ഷിതരായിരിക്കും എന്ന് സൂചന, എന്നാൽ കരുതലോടെ ജീവിക്കണം

അതിനിടെ ഏറ്റവും വേവലാതിയോടെ യുകെയിൽ എത്തിയ മലയാളി കുടുംബങ്ങൾ ചോദിച്ച കാര്യത്തിനും ഇപ്പോൾ ഏകദേശ രൂപം കൈവരികയാണ്. നിലവിൽ യുകെയിൽ എത്തിയവരെ നിയമ മാറ്റം ബാധിക്കുമോ എന്ന ചോദ്യത്തിന് സാധ്യതയില്ല എന്ന ഉത്തരമാണ് നിയമ വകുപ്പിൽ നിന്നും ലഭിക്കുന്നത്. ഇപ്പോൾ കെയറർ ആയി എത്തിയ കുടുംബങ്ങൾക്ക് വിസ കാലാവധി പുതുക്കാൻ ചെല്ലുമ്പോൾ ജീവിത പങ്കാളികൾക്ക് ഒന്നിച്ചുള്ള വരുമാനമാകും കണക്കിലെടുക്കുക എന്നാണ് ലഭ്യമാകുന്ന വിവരം. ഇതാണ് അടിസ്ഥാനമാക്കുക എങ്കിൽ ഇപ്പോൾ സർക്കാർ പറയുന്ന വരുമാന പരിധിയിലേക്ക് എത്താൻ മലയാളി കുടുംബങ്ങൾക്ക് പ്രയാസം കാണില്ല.

ഒരു തരത്തിലും സർക്കാർ പറയുന്ന വരുമാന പരിധിയിലേക്ക് ശമ്പളം എത്തുന്നില്ലെങ്കിൽ ബാങ്ക് അക്കൗണ്ടിൽ 16,000 പൗണ്ട് സേവിങ്സ് ആയി കാണിച്ചാൽ മതിയാകും എന്ന സൂചനയും പുറത്തു വരുന്നുണ്ട്. എന്നാൽ ഈ തുക സ്ഥിരമായി അക്കൗണ്ടിൽ കിടന്നതിനെ തെളിവും നൽകേണ്ടി വരും. ആരുടെയെങ്കിലും കയ്യിൽ നിന്നും വായ്പ വാങ്ങിയോ നാട്ടിൽ നിന്നും താൽക്കാലികമായി എത്തിച്ചോ സർക്കാരിനെ പറ്റിക്കാം എന്ന് കരുതുന്നവർക്ക് വിസാ നിഷേധികളായിരിക്കും സംഭവിക്കുക.

വിദ്യാർത്ഥികളുടെ കാര്യത്തിൽ ആശങ്ക തുടരും

കുടിയേറ്റ കണക്കിൽ ഏറ്റവും അധികം എണ്ണം സംഭാവന ചെയ്ത വിദ്യാർത്ഥികളുടെ കാര്യത്തിൽ ഇപ്പോഴും ഒരു ഗ്യാരന്റിയും നൽകാൻ സർക്കാർ തയ്യാറല്ല. വാർഷിക പരീക്ഷയിൽ ഡിസ്റ്റിങ്ഷനും ഉയർന്ന ഹാജർ നിലയും ഉണ്ടെങ്കിൽ പോസ്റ്റ് സ്റ്റഡി വിസ പരിഗണിക്കാം എന്ന നിർദ്ദേശം കാലങ്ങളായി പറഞ്ഞു കേൾക്കുന്നതാണ്. എന്നാൽ പോസ്റ്റ് സ്റ്റഡി എന്ന സമ്പ്രദായം തന്നെ വേണ്ടെന്നു വയ്ക്കണം എന്ന മറുവാദവും ഇപ്പോൾ മൈഗ്രേഷൻ അഡൈ്വസറി കമ്മിറ്റിയിൽ എത്തിയിട്ടുണ്ട്. ഇതിന്റെ പ്രത്യാഘാതം സംബന്ധമായ പഠനമാണ് ഇപ്പോൾ കമ്മിറ്റി നടത്തുന്നത്. അതിനാൽ ഈ വർഷം അവസാനം വരെ കാത്തിരിക്കണം എന്നതാണ് തൽസ്ഥിതി.

പക്ഷെ രണ്ടിൽ ഒന്നറിയാതെ വായ്പയും എടുത്തു സാധാരണക്കാരുടെ കുടുംബത്തിൽ നിന്നും എത്തുന്ന അടുത്ത രണ്ടു പ്രവേശന കാലയളവിലെ വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണ് ഒടുവിൽ മൈഗ്രേഷൻ അഡൈ്വസറി കമ്മിറ്റി ശുപാർശ ചെയ്യുന്നതെങ്കിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് നിരാശയോടെ ബ്രിട്ടനിൽ നിന്നും പഠന ശേഷം മടങ്ങേണ്ടി വരും. ഇത് സംഭവിക്കുമോ ഇല്ലയോ എന്ന് ഉറപ്പു പറയാൻ തൽക്കാലം ആർക്കും സാധിക്കില്ല. ചുരുക്കത്തിൽ ബ്രിട്ടനിലേക്ക് പഠിക്കാൻ വരുക എന്നതു ചൂതാട്ടക്കാരന്റെ കൈയിലെ മാജിക് കാർഡ് പോലെ ആയി മാറുകയാണ്.