ലണ്ടൻ: പച്ചക്കറി കടകൾ മുതൽ ഹോട്ടലുകളും റെസ്റ്റോറന്റുകളും വരെ. കുട്ടികളെ നോക്കാനുള്ള ആയ മുതൽ വിരുന്നുകളിൽ ഉള്ള വിളമ്പുകാർ വരെ. വീട് പണിയാൻ വരുന്നവരിൽ പെയിന്റിംഗുകാർ മുതൽ വേലി പൊളിച്ചു പണിയാൻ എത്തുന്ന മെയ്‌ക്കാട്ട് പണിക്കാർ വരെ. ലക്ഷങ്ങൾ മുടക്കി യുകെയിൽ പഠിക്കാൻ വന്ന ശേഷം ജീവിച്ചു പോകാൻ മലയാളി വിദ്യാർത്ഥികൾ പണി തേടി ചെല്ലുന്ന മേഖലകളാണ് ഇതൊക്കെ. കെയർ വിസയിൽ വന്നവരും അവരുടെ ഡിപ്പൻഡൻഡ് വിസയിൽ വന്നവരും ഇപ്പോൾ ചെയ്യുന്ന പണികളും ഇതൊക്കെ തന്നെയാണ്. കാരണം മറ്റു പണികൾ കിട്ടാനില്ല, കിട്ടാനുള്ള രേഖകളും കയ്യിൽ ഇല്ല.

ഷോർട് ടേം വിസയിൽ വന്നവർക്കു ബിആർപി കാർഡ് പോലും നൽകാതെ നക്ഷത്രം എണ്ണിക്കുകയാണ് ബ്രിട്ടീഷ് സർക്കാർ. ചിലർക്കാകട്ടെ കിട്ടിയ ബിആർപി കാർഡുകളിൽ നോ ജോബ്, നോ ബിസിനസ് എന്ന മുദ്രയും. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല മറിച്ചു പതിനായിരങ്ങൾ നേരിടുന്ന ജീവിത യാഥാർത്ഥ്യമാണ്. അതിനാൽ എങ്ങനെയും ജീവിച്ചു പോകാൻ കാശ് ഇൻ ഹാൻഡ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ചൂഷണത്തിന് അറിഞ്ഞു കൊണ്ട് നിന്ന് കൊടുക്കുകയാണ് സാധാരണക്കാരായ മലയാളികളും മറ്റു കുടിയേറ്റക്കാരും.

വീട് വാടകക്ക് നൽകിയ വീട്ടുടമകളും സമാധാനം പറയേണ്ടി വരും, പൊല്ലാപ്പുകൾ വരുന്ന വഴികൾ പലത്, വീടുകൾ എൻഎച്ച്എസ് ജോലിക്കാർക്ക് മാത്രം
ഇപ്പോൾ ഇത്തരം ചൂഷണത്തിന് തടയിടാൻ അനധികൃത ജോലി ചെയ്യുന്നത് കണ്ടെത്തിയാൽ തൊഴിൽ ഉടമക്ക് 60,000 പൗണ്ട് പിഴ എന്ന കൂറ്റൻ ശിക്ഷയാണ് ഹോം ഓഫീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന 20,000 പൗണ്ടാണ് ഒറ്റയടിക്ക് 60,000 ആയി വളർന്നത്. 20,000 പൗണ്ട് പിഴ വന്നിട്ടും കാശ് ഇൻ ഹാൻഡ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന സാമ്പത്തിക ചൂഷണത്തിന് തയ്യാറായത് മലയാളികൾ ഉൾപ്പെടെ അനേകം സംരംഭകരാണ്. കൂറ്റൻ പിഴ വന്നിട്ടും തട്ടിപ്പ് തുടരുകയാണ് എന്ന് കണ്ടതോടെയാണ് ഇപ്പോൾ ഹോം ഓഫീസ് പിഴ മൂന്നിരട്ടിയാക്കി വർധിപ്പിച്ചത്.

കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ആദ്യമായാണ് ഇത്രയും ഉയർന്ന പിഴ ശിക്ഷ എത്തുന്നതും. പിടിക്കപ്പെട്ടാൽ ആർക്കും ആ ബിസിനസ് മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കരുത് എന്നത് തന്നെയാണ് ഹോം ഓഫിസിന്റെ ലക്ഷ്യം. പുതുക്കിയ നിയമം അനുസരിച്ചു അനധികൃത താമസക്കാർക്ക് വീട് വാടകക്ക് നൽകിയാലും വീട്ടു ഉടമയെ തേടി കൂറ്റൻ പിഴ വരും എന്നത് നൂറു കണക്കിന് മലയാളികൾക്ക് കൂടിയുള്ള മുന്നറിയിപ്പാണ്. കൂറ്റൻ പിഴ 28 ദിവസത്തിനുള്ളിൽ അടയ്ക്കണം എന്ന സാവകാശം മാത്രമാണ് ഇപ്പോൾ സർക്കാർ നൽകുന്ന ആനുകൂല്യം.

ജനങ്ങൾ നിയമം കയ്യിലെടുത്തു കളിക്കുകയാണ് എന്ന് വ്യക്തമായതോടെയാണ് ഈ നീക്കം നടത്തേണ്ടി വന്നത് എന്ന് ഇല്ലീഗൽ ഇമ്മിഗ്രേഷൻ മന്ത്രി മൈക്കേൽ ടോമിൽസൺ വ്യക്തമാക്കി. പരാതികളെ തുടർന്ന് കഴിഞ്ഞ വർഷം ഹോം ഓഫീസിനു 70 ശതമാനം അധിക റെയ്ഡുകളാണ് അനധികൃത കുടിയേറ്റക്കാരെ തപ്പി നടത്തേണ്ടി വന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴചയും ഇല്ലാത്ത സമീപനമാകും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവുകയെന്നും അദ്ദേഹം തുടർന്ന് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ ഷെഫീൽഡിൽ വന്നു കുടുങ്ങിയ മലയാളി ദമ്പതികൾ കാശ് ഇൻ ഹാൻഡ് ജോലിയെങ്കിലും കിട്ടുമോ എന്ന് പലയിടത്തും തിരഞ്ഞു നിരാശരായതോടെ ഇപ്പോൾ തിരികെ നാട്ടിലേക്ക് തന്നെ മടങ്ങാൻ തയ്യാറാവുകയാണ് എന്ന വിവരവും മന്ത്രിയുടെ വാക്കുകൾക്കൊപ്പം ഇപ്പോൾ കൂട്ടിവായിക്കപ്പെടേണ്ടതാണ്.

കയ്യിൽ പണം വാങ്ങുന്നവരും കൊടുക്കുന്നവരും നശിപ്പിക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ

പലിശ കുറഞ്ഞു നിന്ന സമയത്തു വീടുകൾ വാങ്ങി വാടകക്ക് നൽകിയിരുന്ന പല മലയാളി വീട്ടുടമകളും വീട്ടിൽ ആരാണ് താമസിക്കുന്നത് എന്ന് പോലും നിശ്ചയം ഇല്ലാത്തവരാണ്. അനധികൃത ജോലിയുടെ പേരിൽ പിടിക്കപ്പെടുന്നവർ വീടിന്റെ അഡ്രസ് നൽകുമ്പോൾ വീട്ടുടമയും സമാധാനം പറയേണ്ടി വരും എന്നുറപ്പ്. ഈ വിവരം മണത്തറിഞ്ഞ അനേകം മലയാളി വീട്ടുടമകൾ ഇപ്പോൾ വീടുകൾ എൻഎച്ച്എസിൽ ജോലി ചെയ്യുന്നവർക്ക് മാത്രം എന്ന നിബന്ധനയും കൊണ്ട് വന്നിരിക്കുകയാണ്. സ്റ്റുഡന്റ് വിസയിൽ വന്നവരും കെയർ വിസയിൽ വന്നവരും എപ്പോൾ അനധികൃത താമസക്കാരായി മാറും എന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് ഇത്തരം ഒരു മാറ്റത്തിനു തയ്യാറായതെന്നു 11 വീടുകൾ വാടകയ്ക്ക് നൽകുന്ന മലയാളി വീട്ടുടമ ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കി.

ബ്രിട്ടനിലെ നിയമം അനുസരിച്ച് ഇപ്പോൾ പത്തര പൗണ്ട് ആണ് ഏറ്റവും ചുരുങ്ങിയ വേതനം എങ്കിലും കൈക്കാശ് മതിയെന്ന് പറഞ്ഞു വരുന്നവർക്ക് ഏഴോ എട്ടോ പൗണ്ട് മാത്രം നൽകിയാൽ മതി. കിട്ടുന്നവർക്കും കൊടുക്കുന്നവർക്കും ലാഭമാണ് ഈ കച്ചവട ഫോർമുല. മറ്റെവിടെയും പണി കിട്ടാത്ത സാഹചര്യത്തിൽ കിട്ടുന്നത് ഇരിക്കട്ടെ എന്നത് മാത്രമല്ല കിട്ടുന്നതിൽ നിന്നും സർക്കാരിന് ടാക്സ് പോകില്ല എന്നതാണ് നേട്ടം. കൊടുക്കുന്നവർക്കാകട്ടെ കണക്കിൽ കേറാത്ത പണം ആയതുകൊണ്ട് കൃത്രിമം നടത്തി ആ വകയിലും ടാക്സ് വെട്ടിപ്പ് നടത്താം.

ചുരുക്കത്തിൽ കൊടുക്കുന്നവരും മേടിക്കുന്നവരും അറിഞ്ഞു കൊണ്ട് സർക്കാരിനെ പറ്റിക്കുന്നു. നല്ല റോഡും വെള്ളവും വെളിച്ചവും വിളിച്ചാൽ ഓടിയെത്തുന്ന പാരാമെഡിക്സ് സംവിധാനവും ഒക്കെ ബ്രിട്ടനിൽ നിലനിൽക്കുന്നത് ഓരോ മനുഷ്യരും നൽകുന്ന ടാക്സിൽ നിന്നാണെന്നും വെട്ടിപ്പുകാരുടെ എണ്ണം കൂടുന്നതോടെ കിട്ടുന്ന സേവനത്തിന്റെ ക്വാളിറ്റി നഷ്ടമാകുകയാണ് എന്ന ചിന്തയും ടാക്സ് വെട്ടിക്കുന്നവർക്ക് ഇല്ല എന്നതാണ് ഇവരുടെ പെരുകുന്ന എണ്ണം തെളിയിക്കുന്നത്.

യുകെയിലെ കോട്ടിട്ട മാന്യന്മാർ കാശുണ്ടാക്കിയത് ഇങ്ങനെയാണ്, സർക്കാർ കടുത്ത പിഴയുമായി വരാനും കാരണം മലയാളികൾ ഉൾപ്പെടെ തട്ടിപ്പുകാർ പെരുകിയത് തന്നെ
യുകെയിൽ കോട്ടിട്ട് നടക്കുന്ന ക്രിമിനലുകൾ എന്ന് വിളിക്കപ്പെടുന്ന നഴ്‌സിങ് ഏജൻസി നടത്തിപ്പുകാർ കാശുണ്ടാക്കിയത് ഈ വളഞ്ഞ വഴിയിലൂടെ ആണെന്നത് പകൽ പോലെ സത്യമാണ്. ഒരു വിദ്യാർത്ഥി വിസയിൽ ഉള്ള കെയർ ജീവനക്കാരൻ കയ്യിൽ കാശു കിട്ടാൻ എട്ടു പൗണ്ട് വേതനത്തിന് തയ്യാറാകുമ്പോൾ ഏജൻസി നടത്തിപ്പുകാരക്ക് മണിക്കൂറിനു 15 പൗണ്ട് വരെയാണ് നഴ്‌സിങ് - കെയർ ഹോം ഉടമകൾ നൽകുന്നത്. ആ ലാഭം നോക്കാതെ തന്നെ സർക്കാരിനെ വെട്ടിക്കുന്ന രണ്ടു പൗണ്ടിന്റെ കണക്ക് എടുത്താൽ മാത്രം ഒരാളിൽ നിന്നും ഒരു ദിവസം ലഭിക്കുന്നത് 12 മണിക്കൂർ ജോലിയിൽ നിന്നും 24 പൗണ്ടാണ്.

രാവും പകലും ജീവനക്കാരെ നിയമിക്കുന്ന ഏജൻസിക്കാരൻ 24 മണിക്കൂറിൽ സ്വന്തമാക്കുന്നത് 48 പൗണ്ട്. മുപ്പതു ദിവസത്തിനു പകരം 20 ദിവസത്തെ കണക്ക് എടുത്താൽ പോലും സർക്കാരിനെയും കയ്യിൽ കാശു മേടിക്കാൻ നിസ്സഹായതയിൽ വിധിക്കപ്പെട്ടവരെയും പറ്റിച്ച വകയിൽ കിട്ടുന്നത് ആയിരം പൗണ്ട്. നൂറു പേരെ വിടുന്ന ഒരു ഏജൻസിക്ക് ഇത്തരത്തിലെ വെട്ടിപ്പ് തുക ഒരാളിൽ നിന്നും ആയിരം പൗണ്ട് എന്ന കണക്കിൽ മാസം കയ്യിൽ എത്തുന്നത് ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷം പൗണ്ട് എന്ന ഭീമൻ സംഖ്യയാണ്.

കെയർ ഏജൻസികളുടെ നല്ല കാലം ആയിരുന്ന കോവിഡിനെ തുടർന്നുള്ള വർഷങ്ങളിൽ 400 ജീവനക്കാർ ഉണ്ടായിരുന്ന മലയാളി ഏജൻസികൾ ഡസൻ കണക്കിന് ആയിരുന്നു. അതായതു ടാക്സ് വെട്ടിപ്പിലൂടെ മാത്രം ഇവർ ഒരു മാസം കണ്ടെത്തിക്കൊണ്ടിരുന്നത് നാലു ലക്ഷത്തോളം പൗണ്ട്. ഒരു വർഷത്തെ കണക്കാക്കുമ്പോൾ 50 കോടിയെന്ന ഭീമൻ സംഖ്യയും. മനുഷ്യത്വം ഉണ്ടോ എന്ന ചോദ്യമൊക്കെ ഈ അമ്പതു കോടിയുടെ അധിക ലാഭത്തിൽ ആര് കേൾക്കാൻ എന്നതാണ് പിന്നീട് നൂറുകണക്കിന് മലയാളി വിദ്യാർത്ഥികൾ ഹോം ഓഫിസ് എൻഫോഴ്‌സ്‌മെന്റ് ടീമിന്റെ റെയ്ഡിൽ കുടുങ്ങി നാട്ടിലേക്കു പഠനം മുടങ്ങി മടങ്ങേണ്ടി വന്നപ്പോൾ കേൾക്കേണ്ടി വന്നതെങ്കിലും അതൊന്നും കാശുണ്ടാക്കിയ മാന്യന്മാരെ അന്നും ഇന്നും വേവലാതിപ്പെടുത്തിയിട്ടില്ല. ബ്രൈറ്റണിൽ ഇങ്ങനെ ഏജൻസി നടത്തിയ മലയാളിക്ക് നാട്ടുകാർ ഇട്ട ഇരട്ടപ്പേരു തന്നെ ഏഴര എന്നായിരുന്നു. കാരണം ആ ഏജൻസിയിൽ പണിയെടുത്താൽ കിട്ടുന്ന പരമാവധി വേതനം ആയിരുന്നു ഏഴര പൗണ്ട്.

ഇങ്ങനെ ഏഴരയെന്നു പേര് വീണവരെ കുടുക്കാനാണ് ഇപ്പോൾ സർക്കാർ കൂറ്റൻ പിഴ ശിക്ഷയുമായി രംഗത്ത് വന്നിരിക്കുന്നത്. ബ്രിട്ടീഷ് മലയാളി വാർത്തകളെ നഖശിഖാന്തം സോഷ്യൽ മീഡിയയിൽ എതിർത്തിരുന്ന സിനിമാ മേഖലയിൽ വരെ കൈവച്ച പകൽ മാന്യനും സ്വയം പ്രഖ്യാപിത സാംസ്‌കാരിക പണ്ഡിതനും ഇങ്ങനെ സ്റ്റോക് ഓൺ ട്രെന്റിൽ വിദ്യാർത്ഥികളെ പറ്റിച്ചത് ഹോം ഓഫിസ് പിടികൂടിയപ്പോൾ പതിനായിരക്കണക്കിന് പൗണ്ട് പിഴ നൽകി തടിയൂരിയ വിവരം കഴിഞ്ഞ വർഷം ബ്രിട്ടീഷ് മലയാളി റിപ്പോർട്ട് ചെയ്തിരുന്നതാണ്.

ഒരു വർഷം മുൻപ് ഇങ്ങനെ പിഴ തേടി എത്തിയവരിൽ മുൻ സംഘാടക പ്രതിഭയും ലിവർപൂളിലെയും സൗത്താംപ്ടണിലെയും സ്റ്റോക് ഓൺ ട്രെന്റിലെയും പുത്തൻ പണ ചാക്കുകളും ഏറെയാണ്. ഒടുവിൽ പിഴ കിട്ടാത്ത മലയാളി നഴ്‌സിങ് ഏജൻസി ഏതുണ്ട് എന്ന ചോദ്യം വരെ എത്തിയതോടെയാണ് തട്ടിപ്പ് മാത്രമായിരുന്നു നഴ്‌സിങ് ഏജൻസികളുടെ മറവിൽ നടന്നിരുന്നത് എന്ന പരദൂഷണം പരക്കാനും കാരണമായത്. ഇപ്പോൾ പടുകൂറ്റൻ പിഴയുമായി ബ്രിട്ടീഷ് സർക്കാർ രംഗത്ത് വരാൻ എണ്ണിയാൽ തീരാത്ത വിധം പെരുകിയ മലയാളി നഴ്‌സിങ് ഏജൻസികളും പ്രധാന കാരണമായി എന്നുറപ്പാവുകയാണ്.