കൊച്ചി: നിക്കോൾസ് കമ്പനിയുടെ മദ്യങ്ങൾ വിൽക്കുന്നത് താൽക്കാലികമായി തടഞ്ഞ് എക്സൈസ്. കമ്പനിയുടെ രണ്ട് വ്യത്യസ്ഥ ബ്രാൻഡിലുള്ള മദ്യക്കുപ്പികളിൽ മാലിന്യം കണ്ടെത്തിയ സംഭവത്തിലാണ് എക്സൈസ് നടപടി.

ബിവറേജസ് കോർപ്പറേഷൻ പട്ടിമറ്റം ഔട്ട്ലെറ്റിൽ നിന്നും വാങ്ങിയ മദ്യത്തിൽ മാലിന്യം കണ്ടെത്തിയ സംഭവത്തിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ഇതേ ബ്രാൻഡിന്റെ മറ്റ് മദ്യക്കുപ്പികളിലും മാലിന്യം കണ്ടെത്തി. നിക്കോൾസ് ബ്രാൻഡിന്റെ കോക്കോ കരീബ് കോക്കോ റമ്മിലാണ് ആദ്യം മാലിന്യം കണ്ടെത്തിയത്. പിന്നീട് എക്സൈസ് പരിശോധനയിൽ നിക്കോൾസിന്റെ ബ്ലാക്ക് അൻഡ് ഗോൾഡ് റെയർ പ്രീമിയം ഏജ്ഡ് വിസ്‌ക്കിയുടെ ബോട്ടിലുകളിലും മാലിന്യം കണ്ടെത്തി.

കോക്കോ കരീബ് കോക്കനട്ട് റമ്മിന്റെ 750 എം.എല്ലിന്റെ 11 കുപ്പികളിലും ബ്ലാക്ക് ആൻഡ് ഗോൾഡ് റെയർ പ്രീമിയം ഏജ്ഡ് വിസ്‌ക്കിയുടെ 750 എം.എല്ലിന്റെ 17 കുപ്പികളിലുമാണ് മാമല എക്സൈസ് ഇൻസ്പെക്ടർ വി. കലാധരന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാലിന്യം കണ്ടെത്തിയത്. ഇതോടെ കോക്കോ കരീബ് കോക്കനട്ട് റമ്മിന്റെ ബാച്ച് നമ്പർ 52/ചഛഢ23, 217/ചഛഢ22, ബ്ലാക്ക് ആൻഡ ്ഗോൾഡ് റെയർ പ്രീമിയം ഏജ്ഡ് വിസ്‌ക്കിയുടെ ബാച്ച് നമ്പർ 09/ഛഇഠ23 എന്നിവയുടെ വിൽപ്പന താൽക്കാലികമായി എക്സൈസ് മരവിപ്പിച്ചു.

ഗോവൻ നിർമ്മിതമായ മദ്യത്തിൽ കഴിഞ്ഞ 25 നാണ് മാലിന്യം കണ്ടെത്തി എന്ന വാർത്ത മറുനാടൻ പുറത്ത് വിട്ടത്. അറയ്ക്കപ്പടി സ്വദേശി പ്രകാശൻ വാങ്ങിയ 'നിക്കോൾസ് കോക്കോ കരീബ് കോക്കനട്ട് റമ്മി' ലാണ് മാലിന്യം കണ്ടെത്തിയത്. 23 ന് വൈകിട്ടാണ് പ്രകാശൻ മദ്യം വാങ്ങിയത്. 25ന് മദ്യം കഴിക്കാനെടുത്തപ്പോഴാണ് കുപ്പിയുടെ അടിഭാഗത്തായി ചെളിയും അഴുക്കും കണ്ടത്.

ഇതോടെ ഔട്ട്‌ലെറ്റിലെത്തി പരാതി പറയുകയായിരുന്നു. മദ്യക്കുപ്പി പരിശോധിച്ച ജീവനക്കാർ പരാതിയിൽ കഴമ്പുണ്ടെന്ന് മനസ്സിലായതോടെ മാറ്റി നൽകാമെന്ന് പറഞ്ഞു. തുടർന്ന് ജീവനക്കാർ പരിശോധിച്ചപ്പോൾ ഇതേ മദ്യത്തിന്റെ എല്ലാ ബോട്ടിലുകളിലും അഴുക്ക് അടിഞ്ഞു കൂടിയതായി കണ്ടെത്തി. തുടർന്ന് ഇതേ വിലയുള്ള മറ്റൊരു മദ്യം മാറ്റി നൽകുകയായിരുന്നു. 1330 രൂപ വിലയാണ് 'നിക്കോൾസ് കോക്കോ കരീബ് കോക്കനട്ട് റമ്മിന്'.

വിൽപ്പന തടഞ്ഞ ബാച്ചിലുള്ള മദ്യങ്ങൾ ലഭിച്ചാൽ ഔട്ട്ലെറ്റിൽ തിരികെ നൽകണമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത്തരത്തിൽ മദ്യക്കുപ്പികളിൽ മാലിന്യം കടന്നു കൂടിയത് എന്ന് അന്വേഷിക്കുമെന്നും കമ്പനിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.