തൃശൂർ: ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് നഴ്സുമാർ നടത്തിയ സൂചനാ പണിമുടക്ക് വിജയത്തിലേക്ക്. യു.എൻ.എയുടെ ആവശ്യങ്ങൾ ന്യായമാണെന്നും അത് അംഗീകരിക്കാൻ തയ്യാറാണെന്നും ഒരു വിഭാഗം ആശുപത്രി മാനേജ്മെന്റുകൾ ഇന്ന് നടത്തിയ ചർച്ചയിൽ അറിയിച്ചു. എന്നാൽ ചില മാനേജ്മെന്റുകൾ തയ്യാറായിട്ടുമില്ല. അതിനാൽ ആശുപത്രി മാനേജ്മെന്റ് സംഘടന പിളർപ്പിലേക്ക് പോകുന്നുവെന്നും സൂചന.

ഇന്ന് വൈകിട്ടാണ് യു.എൻ.എയും ഒരു വിഭാഗം ആശുപത്രി മാനേജ്മെന്റുകളും തൃശൂർ എലൈറ്റ് ഹോട്ടലിൽ വച്ച് ചർച്ച നടത്തിയത്. ചർച്ചയിൽ പകുതി മാനേജ്മെന്റുകൾ മാത്രമാണ് പങ്കെടുത്തത്. പങ്കെടുത്തവരൊക്കെയും യു.എൻ.എയുടെ ആവശ്യങ്ങൾ അംഗീകരിച്ചു. എന്നാൽ പങ്കെടുക്കാത്തവർ ഇതിന് തയ്യാറാകുന്നുമില്ല. ക്രിസ്ത്യൻ ആശുപത്രി മാനേജ്മെന്റുകൾ ഭൂരിഭാഗവും നഴ്സുമാർക്ക് ആവശ്യങ്ങൾ ംഗീകരിക്കാമെന്ന് ഉറപ്പ് നൽകി. ഇതോടെ നഴ്സുമാരുടെ ശമ്പളം 40,000 രൂപയായി ഉയരുമെന്ന് ഉറപ്പായി. ശമ്പളം വർദ്ധിപ്പിക്കാത്ത ആശുപത്രികളിലെ നഴ്സുമാർ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും സൂചനയുണ്ട്.

കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ അനാവശ്യമായ വാശിയാണ് നഴ്സുമാരുടെ ആവശ്യങ്ങളോട് കാണിക്കുന്നത്. ആരോഗ്യമേഖലയിൽ നഴ്സുമാരോട് ഏറ്റുമുട്ടാൻ ആഗ്രഹമില്ലെന്നും നഴ്സിങ് ഫ്രണ്ട്ലിയായ ഒരു അസോസിയേഷനായി മുന്നോട്ട് പോകാനാണ് ആഗ്രഹമെന്നും പേരു വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ഒരു മാനേജ്മെന്റ് പ്രതിനിധി പറഞ്ഞു. യു.എൻ.എയുടെ ആവശ്യങ്ങൾ ിയമ വിരുദ്ധമാണെന്നും പണിമുടക്കിനെതിരെ മാനേജ്മെന്റുകൾ കോടതിയിൽ പോയതും സംഘടനയെ ചൊടിപ്പിച്ചിരുന്നു. എന്നാൽ ഒരു വിഭാഗം മാനേജ്മെന്റുകൾ ആവശ്യങ്ങൾ അംഗികരിക്കാൻ തയ്യാറാണെന്ന് അറിയിച്ചിരിക്കുന്നത് സംഘടനയ്ക്ക് സന്തോഷം പകരുന്ന കാര്യമാണെന്നും വരും ദിവസങ്ങളിലെ ചർച്ചയ്ക്ക് ശേഷം തൃശൂരിലെ നഴ്സുമാർക്ക് ശുഭകരമായ ഒരുവാർത്ത കേൾക്കാമെന്നും യു.എൻ.എ സംസ്താന ജനറൽ സെക്രട്ടറി രശ്മി പരമേശ്വരൻ പറഞ്ഞു.

ജനുവരി 5ന് നടത്തിയ സൂചനാ പണിമുടക്കിനെ തുടർന്ന് സ്വകാര്യ ആശുപത്രികൾക്ക് വലിയ നഷ്ടമുണ്ടായി. നഴ്സുമാർ ഇല്ലാത്തതിനാൽ കിടപ്പു രോഗികൾ മിക്കവരും ആശുപത്രി വിട്ടു പോയി. ബില്ലടക്കാതെ പോയവരും ഉണ്ട്. അതിനാൽ തന്നെ നല്ലൊരു തുക നഷ്ടം സംഭവിച്ചിട്ടുണ്ട്. നഴ്സുമാർ ഇനിയും പണിമുടക്കിയാൽ ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റും എന്ന് മനസ്സിലായതോടെയാണ് പകുതിയോളം മാനേജ്മെന്റുകൾ ശമ്പളം കൂട്ടി നൽകാമെന്ന തീരുമാനത്തിലേക്കെത്തിയത്. എന്നാൽ ഈ തീരുമാനത്തിനെതാരായി മറ്റു മാനേജ്മെന്റുകൾ രംഗത്ത് വന്നാൽ ഇവരുടെ അസോസിയേഷനിൽ പിളർപ്പുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.

>പ്രതിദിന വേതനം 1500 രൂപയാക്കുക.

> കോൺട്രാക്ട് നിയമനങ്ങൾ നിർത്തലാക്കുക.

> ലേബർ നിയമനങ്ങൾ കർശനമായി നടപ്പിലാക്കാൻ ലേബർ ഡിപ്പാർട്ട്‌മെന്റ് തയ്യാറാവുക.

> മുഴുവൻ പ്രൈവറ്റ് ആശുപത്രികളിലും ഇൻസ്‌പെക്ഷൻ നടത്തുക.

> നിയമലംഘനങ്ങൾ നടത്തുന്ന മാനേജ്‌മെന്റുകൾക്കെതിരെ നടപടി എടുക്കുക.

> നിയമ ലംഘനങ്ങൾ നടത്തുന്ന ആശുപത്രികളുടെ പേരുകൾ നോട്ടീസ്‌ബോർഡുകളിലും പത്രങ്ങളിലും പ്രസിദ്ധപ്പെടുത്തുക.

> ആശുപത്രികളിൽ കർശനമായി രോഗി- നഴ്‌സ് അനുപാതം നടപ്പിലാക്കുക.

> IRC കമ്മിറ്റികളിൽ മുൻ കാലങ്ങളിലെ പോലെ യു.എൻ.എ യുടെ രണ്ട് പ്രതിനിധികളെയെങ്കിലും ഉൾപ്പെടുത്തുക.

> ഇടക്കാലാശ്വാസമായ 50% ശബളവർദ്ധനയെങ്കിലും ഉടൻ നൽകുക, എന്നിവയായിരുന്നു യു.എൻ.എയുടെ ആവശ്യങ്ങൾ.

ആവശ്യങ്ങൾ അംഗീകരിക്കില്ലെങ്കിൽ കടുത്ത സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് യു.എൻ.എയുടെ തീരുമാനം. തൃശൂരിലെ ചർച്ചയിൽ ആശ്വാസമുണ്ടെങ്കിലും മറ്റു ജില്ലകളിലെ ശമ്പള വർദ്ധനവ് നടപ്പിലാക്കാൻ മാനേജ്മെന്റുകൾ തയ്യാറാകുമോ എന്ന് സംശയാണ്. തയ്യാറായില്ലെങ്കിൽ സംസ്ഥാനമൊട്ടാകെ പണിമുടക്ക് നടത്താനാണ് യു.എൻ.എയുടെ തീരുമാനം.