കൊച്ചി: മറുനാടൻ മലയാളി അടച്ചുപൂട്ടാൻ ശ്രമിക്കുമ്പോൾ ഓരോരുത്തരും മറുനാടൻ റിപ്പോർട്ടർമാരായി മാറുക എന്ന ആഹ്വാനം പ്രമുഖർ മാത്രമല്ല, സാധാരണക്കാരും ഏറ്റെടുത്തിരിക്കുകയാണ്. ബിജെപി നേതാവ് സന്ദീപ് വചസ്പതി തുടങ്ങി വച്ച ഈ വാർത്താവതരണം, ഇന്ന് ചെല്ലാനം പഞ്ചായത്തിലെ ചെറിയ കടവിലെ സാധാരണക്കാരി ഷിബി സജിയിൽ എത്തിയിരിക്കുന്നു. കാലവർഷം കനത്തതോടെ, കടലേറ്റമാണ് ഇവരുടെ പ്രശ്‌നം. വീടുകളിൽ വെള്ളം കയറി ജീവിതം ദുരിതത്തിലായിരിക്കുന്നു. മൺസൂണിന് മുമ്പ് കടൽഭിത്തി കെട്ടാത്തത് മൂലം ഇവിടെ ജനജീവിതം പൊറുതിമുട്ടിയിരിക്കുന്നു. നാട്ടുകാരുമായി സംസാരിച്ച് ഷിബി തയ്യാറാക്കിയ റിപ്പോർട്ട് കാണാം. ഈ ജനകീയ റിപ്പോർട്ടിങ്ങിനെ വിപ്ലവാത്മക റിപ്പോർട്ടിങ് എന്നാണ് സംവിധായകൻ ജോയ് മാത്യു വിശേഷിപ്പിച്ചത്. ഇനി ജനങ്ങളുടെ ഊഴമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ഷിബി സജിയുടെ റിപ്പോർട്ടിലേക്ക്:

നമസ്‌കാരം, എന്റെ പേര് ഷിബി. ഞാൻ ഈ ചെല്ലാനം പഞ്ചായത്തിലെ ചെറിയ കടവ് എന്ന സ്ഥലത്താണ് താമസിക്കുന്നത്. നിങ്ങളീ കാണുന്നത് എല്ലാ വർഷവും ഇങ്ങനെ കടല് കേറിക്കൊണ്ടിരിക്കുന്നതാണ്. ഞങ്ങളുടെ എല്ലാ വീടുകളിലും ഈ ദുരിതമാണ്. ഞങ്ങളുടെ അയലംതറത്തുകാരുമൊക്കെ ഒരുപാട് ദുരിതം അനുഭവിക്കുന്നുണ്ട്. അവരുടെ വീടുകളിൽ ബാത്ത് റൂമിൽ പോകാൻ കൂടി പറ്റണില്ല. ഇതാണ് ഞങ്ങളുടെ എല്ലാ വർഷത്തെയും അനുഭവം. ഇത് തോടല്ല, റോഡാണ്. പക്ഷേ റോഡ് ഇപ്പോ കാണാനില്ല, വെള്ളം കയറിയിട്ട്. ഇവിടെ മണ്ണുചാക്ക് വച്ചിട്ട് ഈ മണ്ണെല്ലാം ഒഴുകി ഓരോ വീട്ടിലും കേറണേന്...ഓരോരുത്തരുടെ ബാത്തറൂമിലും റിങ്ങുകളെല്ലാം നിറഞ്ഞുകിടന്നിട്ട് ബാത്ത് റൂമിൽ പോകാനായിട്ടോ ഒന്നും പറ്റണില്ല. ഇതാണ് ഞങ്ങളുടെ ദുരവസ്ഥ.

തുടർന്ന് ഷിബി അയൽക്കാരോട് വിവരങ്ങൾ പങ്കിടാൻ ആവശ്യപ്പെടുന്നു.

ഷിബി: ഇത് കുഞ്ഞപ്പൻ ചേട്ടന്റെ വീടാണ്. ചേട്ടാ എന്താണ് ഇവിടുത്തെ പ്രശ്‌നങ്ങൾ ഒക്കെ?

ഇവിടെ ഇത്തിരി കൂടി കഴിഞ്ഞാൽ പെരേടകം നിറയും വെള്ളം. വെള്ളം അകത്തോട്ടും പോകില്ല പുറത്തോട്ടും പോകില്ല. കൊച്ചുങ്ങളായിട്ട് ഒരുസ്ഥലത്ത് ഇരിക്കാനും കിടക്കാനും പറ്റാത്ത അവസ്ഥയാണ്.

ഒരുമാതിരി പെട്ട ചെറിയ സാധനങ്ങളെല്ലാം എടുത്ത് കട്ടിലേൽ വച്ചിട്ടുണ്ട്. പിന്നെ ഞങ്ങൾക്ക് കിടക്കാനുള്ള സ്ഥലോം ഉണ്ടാകില്ല, ഇരിക്കാനുള്ള സ്ഥലോം ഉണ്ടാകില്ല. ചുരുണ്ട് കൂടി ഒരുകട്ടിലേൽ കിടക്കണം. അതാണ് ഞങ്ങളുടെ ്അവസ്ഥ. പിന്നെ ഭക്ഷണം ഇന്നലേം ഇന്നും കിട്ടി.

ഷിബി: ഭക്ഷണം കിട്ടിയോണ്ട് മാത്രമായില്ല, കല്ലാണ് ഇവിടെ വേണ്ടത്. ഇതുകണ്ടോ, ഈ അവസ്ഥയെല്ലാം കാണണൊണ്ടല്ലോ..ഇത് എല്ലാ വർഷവും ഞങ്ങൾ അനുഭവിക്കണതാണ്.

ഇത് ആന്റപ്പൻ ചേട്ടന്റെ വീടാണ്. ഇതുകണ്ടോ, വെള്ളം കയറാതിരിക്കാൻ വേണ്ടി വച്ചേക്കണാതാണ്. പക്ഷേ വീട് നിറച്ച് വെള്ളമാണ്. ആ ദുരവസ്ഥ നിങ്ങളെല്ലാവരും കാണണം. അവര് വീടും പൂട്ടി നിക്കുകയാണ്.

ഇത് ജൈന ചേച്ചിയുടെ വീടാണ്. ജൈന ചേച്ചിയുടെ അവസ്ഥ എന്താണ്?

ജൈന ചേച്ചി: ഞങ്ങൾക്ക് വേറെ ഒന്നും പറയാനില്ല. കല്ല് മാത്രം മതി. വേറെ ഒന്നും നമുക്ക് ആവശ്യമില്ല. വേറെ ഒരുകാര്യം പറയാനില്ല.

ഒരുദിവസം 500 രൂപ കൊടുത്ത് മോട്ടോർ വച്ച് വെള്ളം കളഞ്ഞോണ്ടിരിക്കുകയാണ്. സമയം ഇപ്പോൾ ഉച്ചയായി. ആർക്കും ഒരുഭക്ഷണോം ഒന്നും വയ്ക്കാൻ പറ്റിയിട്ടില്ല ഇപ്പോ വരെ.

ഷിബി മറ്റൊരു വീട്ടുകാരെ കാണുന്നു. കൊല്ലം കൊല്ലം ഞങ്ങൾക്കിതാണ് പണി. അതായത് മോട്ടോറിന് തന്നെ കൊടുക്കണം 500 ഒരുദിവസത്തെ വാടകയ്ക്ക്. പെരേടെകത്ത് മുഴുവൻ വെള്ളം കേറിയേക്കണാണ്. ഭക്ഷണം പാകം ചെയ്യണതെങ്ങനെയാണ്. അടുക്കള മുഴുവൻ വെള്ളം കയറുകയാണ്. അമ്മേനെ ഇന്ന് കാലത്താണ് കൊണ്ടാണ് ആക്കിയത്. ചൊമന്നാണ് കയറ്റിയത് എന്തോന്ന് ചെയ്യാനാണ്.

ഷിബി: പ്രധാനപ്പെട്ട മുഖ്യമന്ത്രി ഇതുകാണണം.ഞങ്ങളുടെ ദുരിതം കാണണം. എല്ലാ ദിവസവും 500 രൂപ കൊടുത്താണ് മോട്ടോർ വച്ച് വെള്ളം കളയുന്നത്. കടല് കേറുമ്പോൾ മോട്ടോർ വച്ച് വെള്ളം കളഞ്ഞുകൊണ്ടിരിക്കുന്നത്.

തുടർന്ന് മറ്റുകുടുംബങ്ങളുമായും ഷിബി സംസാരിക്കുന്നു. വെള്ളത്തിൽ കിടന്ന് നിലവിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് സ്ത്രീകൾ പറയുന്നു. സർക്കാരുമായി ബന്ധപ്പെട്ട ആരും ഇവിടെ വന്ന് തങ്ങളുടെ കഷ്ടതയും ദുരിതവും കണ്ടില്ലെന്ന് പരാതി പറയുന്നു.

ഷിബി ഒരു വീടിനുള്ളിൽ കയറി ദുരിതങ്ങൾ കാട്ടുന്നു.' ഇതു ആന്റി ചേട്ടന്റെ വീടാണ്. ഇതുകണ്ടാ..ഈ അവസ്ഥ കണ്ടാ..എത്ര ദിവസം കൊണ്ടാണ് ഇതൊക്കെ ഒന്നുമെനയാക്കി എടുക്കുന്നത്. ഈ അവസ്ഥ എല്ലാവരും കാണണം. കിടക്കണ റൂമുകളൊക്കെയാണ് ഈ കാണണത്. സർക്കാർ മണ്ണ് ചാക്കു വക്കണേന്റെ ഗുണമാണ് ഈ കാണുന്നത്. ഈ പെരേടെ അകത്ത് നിറച്ചും മണ്ണ്. ഇവർക്ക് ബാത്ത് റൂമിൽ പോകാനായിട്ട് പറ്റണില്ല. ഇവരുടെ ടൊയ്‌ലറ്റ് കണ്ടോ..ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇത് പ്രധാനപ്പെട്ട മുഖ്യമന്ത്രി എംഎൽഎ എല്ലാം ഇത് കാണണം. പാവപ്പെട്ട മനുഷ്യരുടെ സ്ഥിതി കാണണം. എല്ലാവരും കാണണം. അടുക്കളെയല്ലാം പൊളിഞ്ഞ് നാറി. ഇവർക്ക് നന്നാക്കി എടുക്കാനുള്ള സാമ്പത്തികവും ഇല്ല.

ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ് വീടുകളെന്നും, സർക്കാർ മറുപടി പറയണമെന്നും പ്രദേശവാസികൾ പറയുന്നു. കടലൊഴുകുന്നത് വീടിന് അകത്തൂടെയാണെന്നും അധികാരികൾ ഇത് കണ്ണുതുറന്നുകാണണമെന്നും അവർ പറയുന്നു. ഞങ്ങൾ ഇവിടെ കിടന്ന് മരിക്കണോ, നിങ്ങൾ അതുകൂടി പറയണമെന്നും ചിലർ. മരിക്കണമെങ്കിൽ മരിക്കാമെന്നും തങ്ങൾക്ക് വേറെ വഴിയില്ലെന്നും പാതി രോഷത്തിലും പാതി സങ്കടത്തിലും അവർ പറയുന്നു. ഒരുമനുഷ്യൻ ഇങ്ങോട്ട് തിരിഞ്ഞുനോക്കണില്ലെന്നും എന്താണിതിന് പരിഹാരമെന്നും മറ്റുചിലർ.

ഷിബി: ഈ കടലിന്റെ ഈ അരികിൽ കാണണ വീട് കണ്ടോ..ഇപ്പോ കടല് കാണാൻ വരുന്ന ആൾക്കാർക്ക് കടല് കണ്ടുപോകാൻ നല്ല രസമാണ്. ഇത് ഞങ്ങടെ കടലിൽ കിടക്കുന്ന ആൾക്കാരുടെ അവസ്ഥ കാണണം. ഇപ്പോ, ഞങ്ങൾ കടലിന്റെ അരികത്തുകൊണ്ടു പുര വച്ചതല്ല. കടൽ ഒരുപാട് പടിഞ്ഞാറായിരുന്നു. പക്ഷേ കടൽ ഇപ്പോ കേറി കേറി ഇപ്പോ ഇത്രേം ആയതാണ്.

അഞ്ചാറ് വർഷമായിട്ട് ഇതുതന്നെയാണ് അവസ്ഥയെന്നും കടലേറ്റം തടയാൻ ജിയോ ട്യൂബ് ശാശ്വത പരിഹാരമല്ലെന്നും ഇവിടെ ടെട്രോപോഡ് തന്നെ വയ്ക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. മറ്റുചില കുടുംബങ്ങളെ കൂടി ഷിബി കാണുന്നു.മ നുഷ്യന് ഒരുവിലേം തരാത്ത സർക്കാരെന്ന് ചിലർ പരാതിപ്പെടുന്നു.

സൈൻ ഓഫ്: ഷിബി: അപ്പോ, ഇതാണ് ഞങ്ങളുടെ ദുരവസ്ഥ. നിങ്ങ എല്ലാവരും കണ്ടല്ലോ, ഇതാണ് ഞങ്ങളുടെ ദുരവസ്ഥ. സർക്കാരിന്റെ അനാസ്ഥ തന്നെയാണ് ഈ കാണുന്നതൊക്കെ. അപ്പോ, ജനിച്ച നാട്ടീന്ന് ഞങ്ങൾക്ക് ഒരുസ്ഥലത്തേക്കും പോകാൻ പറ്റുകേല. അതുകൊണ്ട് ടെട്രോപോഡിന്റെ പണി ചെല്ലാനത്ത് ചെയ്ത പോലെ ഞങ്ങൾക്ക് പുത്തൻതോടിന് അവിടെ നിന്നിങ്ങോട്ട് തുടരെ ചെയ്തുകിട്ടണം. കല്ല് വരികയാണ് ശാശ്വത പരിഹാരം. ചെറിയകടവിൽ നിന്ന് മറുനാടൻ മലയാളിക്ക് വേണ്ടി ഷിബി സജി.