കോഴിക്കോട്: സ്‌കൂൾ വിട്ടു വീട്ടിലേക്കു വരികയായിരുന്ന ഏഴാം ക്ലാസുകാരിയെ വഴിയിൽ പിടിച്ചുവെച്ച് വസ്ത്രത്തിനുള്ളിലുടെ കൈയിട്ട് മാറത്തു പിടിക്കുകയും കുതറി ഓടിയ പെൺകുട്ടിയുടെ പിറകെ ചെന്ന് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ രക്ഷിക്കാൻ പൊലീസ് നീക്കം. ഏലത്തൂർ പൊലീസ് രജിസ്റ്റർചെയ്ത കേസിലെ മുൻ റിട്ടയേർഡ് റവന്യൂ ഉദ്യേഗസ്ഥനായ പ്രതിയെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമം എന്നാണ് ആക്ഷേപം. വാർത്ത മാധ്യമങ്ങളിൽ വരുന്നതുവരെ തടയാനും പ്രതിയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു ശ്രമം നടക്കുന്നതായാണ് ആരോപണം.

മറുനാടൻ നടത്തിയ അന്വേഷണത്തിലും കള്ളക്കളികളാണ് തെളിയുന്നത്. ഇതുസംബന്ധിച്ച അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിലും പിന്നീട് ഏലത്തൂർ എസ്‌ഐയെ നേരിട്ടു ബന്ധപ്പെട്ടിട്ടും പൊലീസ് ഉരുണ്ടുകളിക്കുകയായിരുന്നു. പോക്സോ കേസായതുകൊണ്ടു ഒന്നും പറയാൻ പറ്റില്ലെന്ന പറഞ്ഞ എലത്തൂർ എസ്‌ഐ പിന്നീട് ഒന്നും പറഞ്ഞില്ല. കേസിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്‌ച്ചകൾ ചൂണ്ടിക്കാട്ടിയിട്ടും ഒന്നും പറയാനില്ലെന്ന നിലപാടാണ് എസ്‌ഐ എടുത്തത്. ആനന്ദൻ ആണ് പ്രതി.

മകളുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കോടതിയിൽ നേരിട്ടുപോയി 164 മൊഴികൊടുത്തിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. പീഡന വിവരം സ്‌കൂൾ അധികൃതർ ചൈൽഡ്ലൈനിനെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പ്രതിക്കെതിരെ സമാനമായി വേറെയും പരാതികൾ ഉയർന്നിട്ടുണ്ടെന്നു ഇരയുടെ പിതാവ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിവരം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും പിതാവ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വൈകിട്ടു നാലുമണിയോടെ സ്‌കൂൾ വിട്ടു വീട്ടിലേക്കു നടന്നുവരികയായിരുന്നു പെൺകുട്ടി. ഈ സമയത്ത് പ്രതി വഴിയരികിൽ നിൽപുണ്ടായിരുന്നു. കുട്ടികൾ സ്‌കൂളിൽ പോകുന്ന സമയത്തും വരുമ്പോഴും പ്രതിയുടെ താവളം ഇവിടെയാണ്. താൻ ട്യൂഷൻ എടുത്തുതരാമെന്ന് പറഞ്ഞ് പ്രതി പലപ്പോഴും ഇരയായ പെൺകുട്ടിയെ ശല്യപ്പെടുത്താറുണ്ട്.

എന്നാൽ ഇയാളുടെ നോട്ടവും പെരുമാറ്റവും മനസ്സിലാക്കിയ പെൺകുട്ടി ഇയാളെ കാണുമ്പോൾ തന്നെ ഒഴിഞ്ഞുമാറിയായിരുന്നു നടന്നിരുന്നത്. പതിവുപോലെ അന്നേദിവസവും പ്രതി പെൺകുട്ടിയുടെ പിന്നാലെ വന്നു. റോഡോരൊത്തൊന്നും ആരുമില്ലാത്ത തക്കം നോക്കി വന്ന പ്രതി താൻ ട്യൂഷൻ എടുത്തു നൽകാമെന്നു പറഞ്ഞു സംസാരിക്കുന്നതിനിടയിൽ വസ്ത്രത്തിനകത്തൂടെ കൈകൊണ്ടുപോയി മാറത്തുപിടിച്ചു. ഇതോടെ പരിഭ്രാന്തിയിലായ കുട്ടി ഉള്ളകരുത്തുംവെച്ച് ഇയാളെ തള്ളിമാറ്റി വീട്ടിലേക്കു ഓടി. പിന്നാലെ പ്രതിയും വന്നു. വീടിന്റെ ഗേറ്റിലെത്തിയതോടെ പ്രതി അവിടെ നിന്നു. പെൺകുട്ടി അകത്തേക്കുകയറി.

വീട്ടിലെ നായ അടുത്തേക്കു ഓടിവന്നതോടെയാണ് പ്രതി ഗൈറ്റിനരികിൽതന്നെ നിന്നത്. എന്നിട്ടും പ്രതി ഗേറ്റ് തുറക്കാനും നായയയെ പിടിച്ചുകെട്ടാനും വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. എന്നാൽ ഷോക്കായ പെൺകുട്ടി വീടിന്റെ വാതിലടച്ചു. ഈ സമയത്ത് വീട്ടിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. വേഗം ഫോണെടുത്ത് പുറത്തുപോയ പിതാവിനെ വിളിക്കുകയായിരുന്നു. കേസിൽ ഇങ്ങിനെയാണ് പെൺകുട്ട പൊലീസിനു നൽകിയ മൊഴി.

തുടർന്നു സ്‌കൂളിലെത്തി പെൺകുട്ടി വിവരം പറഞ്ഞതോടെയാണു ചൈൽഡ്ലൈനും പൊലീസും വന്നു കേസ് രജിസ്റ്റർചെയ്തത്. എന്നാൽ സംഭവം നടന്നു അഞ്ചു ദിവസം പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയിലെടുക്കാനോ പൊലീസ് തെയ്യാറായിട്ടില്ല. സിപിഎമ്മിന്റെ സജീവ പ്രവർത്തകനായ പ്രതിയുടെ ബന്ധുക്കളെല്ലാം കുടുത്ത പാർട്ടിപ്രവർത്തകരാണ്.

പാർട്ടി സ്വാധീനം ഉപയോഗിച്ച് കേസ് തേയ്ച്ചുമായ്ച്ചു കളയാൻ ശ്രമം നടക്കുന്നതായി ചില നാട്ടുകാർ മറുനാടനോട് വ്യക്തമാക്കി. പോക്സോ കേസ് രജിസ്റ്റർചെയ്തിട്ടും മജിസ്ട്രേറ്റിന് മുന്നിൽ 164മൊഴി നൽകിയിട്ടും പൊലീസിന്റെ ഭാഗത്തുനിന്നാണ്ടായിരിക്കുന്നത് കടുത്ത അനാസ്ഥയാണെന്നു ആരോപണം ഉയർന്നിട്ടുണ്ട്.