കണ്ണൂർ: ക്യാമറ വിവാദത്തിലുൾപ്പെട്ട പ്രകാശ്ബാബു മുഖ്യമന്ത്രിയുമായി ബന്ധം സ്ഥാപിക്കുന്നത് വർഷങ്ങൾക്കു മുൻപ്. മുഖ്യമന്ത്രിയുടെ മകൻ വിവേക് പ്രകാശ്ബാബുവിന്റെ മകളെയാണ് വിവാഹം കഴിക്കുന്നത്. തലശേരി സ്വദേശിയായ പ്രകാശ്ബാബു മസ്‌കറ്റിൽ വൻവ്യവസായിയാണ്. സി.പി. ഐ നേതാവും യുക്തിവാദി പ്രസ്ഥാനത്തിന്റെ അമരക്കാരനുമായ അന്തരിച്ച എടത്തില ബാലകൃഷ്ണന്റെ മകളെയാണ് അദ്ദേഹം വിവാഹം കഴിക്കുന്നത്. മസ്‌കറ്റു കേന്ദ്രീകരിച്ചു ബിസിനസ് നടത്തിയിരുന്ന പ്രകാശ്ബാബുവിന് തലശേരിയിലും സ്വത്തുക്കളുണ്ടന്നാണ് വിവരം.

പിണറായിയുമായി കുടുംബബന്ധം പുലർത്തിയിരുന്ന പ്രകാശ്ബാബു തലശേരി കുയ്യാലിയിലുള്ള എംസി എൻക്ളൈവ് എന്ന ആഡംബര വില്ലകളിലൊന്നാണ് നവദമ്പതികൾക്ക് വാങ്ങി നൽകിയത്. ഇവരുടെ വിവാഹസൽക്കാരവും നടന്നത് ഇവിടെ നിന്നുതന്നെയാണ്. വി. ഐ.പികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ആഡംബരസൽക്കാരമായിരുന്നു പ്രകാശ്ബാബുഒരുക്കിയത്. ഗൾഫിൽ നിന്നും പിണറായി വിജയന്റെ മകൻ വിവേക് നാട്ടിലെത്തുമ്പോൾ പുഴയരികിലുള്ള എം.സി എൻക്ളൈവിലാണ് താമസിച്ചിരുന്നത്.

നേരത്തെ പുഴ നികത്തിയും കണ്ടൽക്കാടുകൾ വെട്ടിമാറ്റിയും വില്ല നിർമ്മിക്കുന്നതിനെതിരെ ശാസ്ത്രസാഹിത്യപരിഷത്തടക്കമുള്ള സംഘടനകൾ രംഗത്തുവന്നിരുന്നു. എന്നാൽ പാർട്ടിയിൽ അവസാന വാക്കായ പിണറായി വിജയന്റെ ഇടപടെലിനെ തുടർന്ന് എതിർശബ്ദങ്ങൾ ഇല്ലാതാവുകയായിരുന്നു. മകളുടെ വിവാഹം കഴിയുന്നതിന് മുൻപേ കോടികളുടെ സ്വത്തുക്കളുള്ള മസ്‌കറ്റിലെ വൻ ബിസിനസുകാരനാണ് പ്രകാശ്ബാബു. തലശേരിയിലെ അതീവ സമ്പന്നരിൽ ഒരാളായാണ് പ്രകാശ്ബാബു അറിയിപ്പെടുന്നത്.വല്ലപ്പോഴും മാത്രമേ ഇദ്ദേഹം തലശേരിയിലേക്ക് വരാറുള്ളുവെന്നാണ് പരിചയമുള്ളവർ പറയുന്നത്.

എ. ഐ ക്യാമറ വിവാദത്തിലുൾപ്പെട്ട കമ്പിനിയായ പ്രസാഡിയോയ്ക്കു മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവായ പ്രകാശ്ബാബുവുമായി അടുത്ത ബന്ധമുണ്ടെന്ന് ബിജെപി നേതാവ് ശോഭാസുരേന്ദ്രനാണ് വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. നേരത്തെ കണ്ണൂർ കേന്ദ്രീകരിച്ചുള്ള കറക്കു കമ്പിനിയാണ് ഇതിനു പിന്നിലെന്ന ആരോപണം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രകാശ്ബാബുവിന്റെ പേര് വെളിപ്പെടുത്തികൊണ്ടു ശോഭാസുരേന്ദ്രൻ രംഗത്തുവന്നത്.

പ്രസാഡിയോയ്ക്കു മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ്ബാബുവിന് ബന്ധമുണ്ടെന്നു തെളിയിക്കുന്ന രേഖകളും പുറത്തുവന്നിട്ടുണ്ട്. കമ്പിനി രജിസ്ട്രാർക്കു സമർപ്പിച്ച ഫിനാഷ്യൽ റിപ്പോർട്ടിലാണ് പ്രസാഡിയോയ്ക്കു പ്രകാശ്ബാബുവുമായുള്ള ഇടപാടുകൾ വ്യക്തമാകുന്നത്. പ്രസാഡിയോയുടെ ഔദ്യോഗികസ്ഥാനങ്ങളിലൊന്നും പ്രകാശ്ബാബുവില്ല. എന്നാൽ 2020-ൽ കമ്പനിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതുമുതൽ പ്രകാശ്ബാബുവുമായി ഇടപാടുകളുണ്ടെന്നു രേഖകൾ വ്യക്തമാക്കുന്നുണ്ട്.

തലശേരി സ്വദേശിയായ പ്രകാശ്ബാബു കോഴിക്കോട് പുതിയറയിലാണ് ഇപ്പോൾ താമസം. പ്രകാശ്ബാബുവിന് പങ്കാളിത്തമുള്ള കമ്പിനിയാണെന്നു പറഞ്ഞാണ് ക്യാമറ പദ്ധതിയിൽ ചേരാൻ പ്രസാഡിയോ എം.ഡി രാംജിത്ത് തങ്ങളെ ക്ഷണിച്ചതെന്നു നേരത്തെകരാറിന്റെ ഭാഗമായ അൽഹിന്ദ് വെളിപ്പെടുത്തിയിരുന്നു.