കൊച്ചി: വാഹന പരിശോധനയ്ക്കിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ബസ് കയറ്റി കൊല്ലുമെന്ന് ഭീഷണി. കോൺട്രാക്ട് ക്യാരേജ് വാഹനമായ 'യാത്രാ' ട്രാവൽസ് ബസിന്റെ ഉടമയാണ് എറണാകുളം ആർ.ടി.ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയത്. ജീപ്പിന് മുകളിലേക്ക് ബസ് ഓടിച്ചു കയറ്റി കൊല്ലുമെന്നായിരുന്നു ഭീഷണി.

കഴിഞ്ഞ ദിവസം എറണാകുളം വൈറ്റിലയ്ക്ക് സമീപം ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുകയായിരുന്നു. റോബിൻ ബസുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്നതിനിടയിൽ കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന എല്ലാ കോൺട്രാക്ട് ക്യാരേജ് ബസുകളും പരിശോധിക്കണമെന്ന മേലുദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന. യാത്രാ ബസ് ഉൾപ്പെടെയുള്ള സ്വകാര്യ ബസുകൾ വൈറ്റിലയിൽ തടഞ്ഞിടുകയും ചെയ്തു. ഇതറിഞ്ഞ് പ്രകോപിതനായാണ് ബസ് ഉടമ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത്.

ബസ് പരിശോധിക്കുന്ന വിവരം ഉടമയെ ഫോണിൽ ഒരാൾ വിളിച്ച് അറിയിക്കുമ്പോഴായിരുന്നു ഭീഷണി. ജീപ്പിന് മുകളിലേക്ക് യാത്രാ ബസ് ഓടിച്ചു കയറ്റി കൊന്നു കളയാനായിരുന്നു നിർദ്ദേശം. ഇതിനിടയിൽ ഫോൺ ആർ.ടി.ഓ ഉദ്യോഗസ്ഥർക്ക് കൈമാറാനും പറയുന്നുണ്ട്. ഈ സമയമാണ് വെഹിക്കിൾ ഇൻസ്പെക്ടർ വിതിൻ കുമാർ ഇയാളുമായി സംസാരിക്കുന്നത്. അസഭ്യം പറഞ്ഞു കൊണ്ടാണ് ഇയാൾ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത്. ഈ ഫോൺ സംഭാഷണം ഇപ്പോൾ പുറത്തായിട്ടുണ്ട്. മറുനാടൻ മലയാളി എക്സ്‌ക്ലൂസ്സീവ് യൂട്യൂബ് ചാനലിൽ ഫോൺ സംഭാഷണം കേൾക്കാം. അതേ സമയം സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പരാതി നൽകിയിട്ടില്ലെന്നാണ് വിവരം.

അതേസമയം, പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് ആരോപിച്ച് റോബിൻ ബസ് എംവിഡി പിടിച്ചെടുത്ത് പത്തനംതിട്ട എആർ ക്യാമ്പിലേക്ക് മാറ്റിയതിൽ രൂക്ഷവിമർശനവുമായി ബസുടമ ഗിരീഷ്. ബസ് ഉടൻ പുറത്തിറക്കുമെന്നും ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് ബോർഡ് വച്ച് സർവീസ് നടത്തുമെന്നും ബസുടമ പ്രഖ്യാപിച്ചു.

ഫൈനൽ കളി വരുന്നത് പുറകെയാണ്. ഒരു കടുകുമണിക്ക് പിന്മാറില്ല. മൂന്ന് നാല് മാസമായല്ലോ കളി തുടങ്ങിയിട്ട്. പെർമിറ്റ് എടുത്തത് മുതൽ തടസം തുടങ്ങിയതാണല്ലോ. എന്നിട്ടും ഇതുവരെ ഓടിയില്ലേ. എന്നെക്കൊണ്ട് പറ്റുന്നതുപോലെ ഒക്കെ ഇനിയും ചെയ്യും. ഉടൻ ഞാൻ ബസ് പുറത്തിറക്കും. ഇറക്കുക മാത്രമല്ല, ഇത് ഓടാൻ വിട്ടിട്ട്, പത്ത് ദിവസത്തിനകം ഞാൻ ചെങ്ങന്നൂർ- പമ്പ സർവീസ് നടത്തുകയും ചെയ്യും. ബോർഡ് വച്ച് തന്നെ സർവീസ് നടത്തുമെന്നും ഗിരീഷ് പറയുന്നു.

അതേ സമയം വാഹനത്തിന് എതിരെ മോട്ടോർ വാഹനവകുപ്പ് കേസെടുമെടുത്തിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടിയാണ് ബസ് പിടിച്ചെടുത്തത്. വൻ പൊലീസ് സന്നാഹത്തോടെയാണ് എംവിഡി കർശന നടപടി എടുത്തത്. ഡ്രൈവർമാരുടെ ലൈസൻസ്, വാഹനത്തിന്റെ പെർമിറ്റ് എന്നിവ റദ്ദാക്കുന്നതിനും നടപടിയെടുക്കുമെന്ന് എംവിഡി അറിയിച്ചു. നിയമലംഘനത്തിന് ആഹ്വാനം ചെയ്ത വ്ലോഗർമാർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ആലോചനയുണ്ട്.