കണ്ണൂർ: കോടികളുടെ നിക്ഷേപം സ്വീകരിച്ചു കാലാവധി കഴിഞ്ഞിട്ടും തിരിച്ചു നൽകാത വഞ്ചിച്ചുവെന്ന കേസിൽ റോയൽ ട്രാവൻകൂർ ഉടമ രാഹുൽചക്രപാണിയുടെ അറസ്റ്റ് കണ്ണൂർ ടൗൺ പൊലിസ് രേഖപ്പെടുത്തിതോടെ തട്ടിപ്പിന്റെ അടിവേരു തേടി അന്വേഷണമാരംഭിച്ചു.

കണ്ണൂർ സയൻസ് പാർക്കിന് എതിർവശത്തെ സ്ഥാപനത്തിന്റെ ഹെഡ് ഓഫീസിൽ വച്ചാണ് കണ്ണൂർ ടൗൺ പൊലിസ് ഇയാളെ അറസ്റ്റു ചെയ്തത്. കണ്ണൂർ ജില്ലയിലെവിവിധ പൊലിസ് സ്റ്റേഷനുകളിലും ജില്ലയ്ക്കു പുറത്തും രാഹുൽ ചക്രപാണിക്കെതിരെ നിക്ഷേപതട്ടിപ്പു നടത്തിയതിന് പരാതികളുണ്ട്. അരോളി സ്വദേശി ഇ.കെ മോഹനനിൽ നിന്നും പത്തുലക്ഷംരൂപയും കണ്ണൂക്കരസ്വദേശി നിധിനിൽ നിന്നും 3,76,000 രൂപ നിക്ഷേപമായി സ്വീകരിച്ചു മുതലും പലിശയും മടക്കികൊടുക്കാതെ വഞ്ചിച്ചുവെന്ന പരാതിയിലുമാണ് രാഹുൽചക്രപാണിക്കെതിരെ നിലവിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തത്.

നിക്ഷേപതുക അവധിയെത്തിയിട്ടും തിരികെലഭിക്കാത്തതിനെ തുടർന്ന് വെള്ളിയാഴ്‌ച്ച ഉച്ചയ്ക്ക് കൂട്ടത്തോടെ രാഹുൽ ചക്രപാണിയുടെ ഓഫീസിലെത്തുകയായിരുന്നു. ഓഫീസിലുണ്ടായിരുന്ന രാഹുൽചക്രപാണി പണത്തിന് അവധിപറഞ്ഞു നിക്ഷേപകരെ പിൻതിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഇവർ വഴങ്ങിയില്ല. ഒടുവിൽ ബഹളമുണ്ടായതിനെ തുടർന്ന് കണ്ണൂർ ടൗൺ പൊലിസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പണം തിരികെ ലഭിക്കാനുള്ളവർ കൂട്ടത്തോടെ എത്തുന്നതിനാൽ കണ്ണൂർ ജില്ലയിലെ മിക്കസ്ഥാപനങ്ങളും പൂട്ടിയിട്ടിരിക്കുകയാണ്. നിശ്ചിതതുക നിക്ഷേപമായി ആളുകളെ കൊണ്ടു സ്ഥാപനത്തിൽ അടപ്പിക്കണമെന്ന വ്യവസ്ഥയിലാണ് ഇവിടെ ജീവനക്കാരെയെടുത്തിരുന്നത്.

ഇവർ മുഖേനെ ഓട്ടോറിക്ഷ തൊഴിലാളികൾ, കർഷകർ, സ്വകാര്യ സ്ഥാപന ജീവനക്കാർ മുതൽ സമ്പന്നർവരെ നിക്ഷേപമായിചെറുതും വലുതുമായ തുക നൽകിയിരുന്നു. കാർഷികമേഖലയിൽ കർഷകർക്ക് വായ്പയും കാർഷിക ഉപകരണങ്ങളും നൽകുന്നതിനാണ് റോയൽട്രാവൻകൂർ എന്ന സ്ഥാപനം രാഹുൽചക്രപാണി ചെയർമാനും എം.ഡിയമായി രൂപീകരിച്ചത്. കേരളത്തിന്റെ എല്ലാജില്ലകളിലും തമിഴ്‌നാട്. കർണാടക,മഹാരാഷ്ട്ര എന്നിവടങ്ങളിലും സ്ഥാപനത്തിന് ബ്രാഞ്ചുകളും എ.ടി. എം കൗണ്ടറുകളുമുള്ളതായി മാനേജ്മെന്റ് അവകാശപ്പെട്ടിരുന്നു.

എന്നാൽ തുടങ്ങി ഒരുവർഷം തികയുന്നതിനു മുൻപെ പലയിടങ്ങളിലെയും പ്രവർത്തനങ്ങളിൽ താളഭംഗമുണ്ടായി. തളിപറമ്പ് മന്നയിൽ ഉൾപ്പെടെ എ.ടി. എംകൗണ്ടറുകൾ പ്രവർത്തനരഹിതമായി. കണ്ണൂർ ജില്ലയിലെ മലയോരങ്ങളിലുൾപ്പെടെ റോയൽ ട്രാവൻകൂർ ശാഖകൾതുടങ്ങിയെങ്കിലും പലതിന്റെയും ദൈനംദിന പ്രവർത്തനങ്ങൾ കൃത്യമായി നടത്തിയിരുന്നില്ല. കർഷകരെസഹായിക്കുന്നതിനായിതുടങ്ങിയ റോയൽ ട്രാവൻകൂർ ബാങ്കിങ് ഇടപാടുകളായ സ്വർണപണയ വായ്പ, ബിസിനസ് വായ്പ തുടങ്ങിയവയിലേക്ക് തിരിയുകയായിരുന്നു. നേരത്തെ ചെട്ടിപ്പീടികയിൽ മെഡിസിറ്റിയെന്ന നഴ്സിങ് റിക്രൂട്ട്മെന്റ് സ്ഥാപനം രാഹുൽ ചക്രപാണിയും സഹോദരനും ചേർന്നു നടത്തിയിരുന്നു.

ഇവിടെ നിന്നും ആലക്കോട് സ്വദേശിനിയായ ഉദ്യോഗാർത്ഥിക്ക് നൽകിയ സർട്ടിഫിക്കറ്റിന് അംഗീകാരമില്ലാത്തതാണെന്ന ആരോപണത്തെ തുടർന്ന് പൊലിസ് സ്ഥാപനത്തിൽ റെയ്ഡു നടത്തുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസിൽ അറസ്റ്റിലായതിനെ തുടർന്ന് വിശ്വാസ്യത നഷ്ടപ്പെട്ട രാഹുൽചക്രപാണി മറ്റൊരു സംരഭവുമായി രംഗത്തുവന്നത് സംശയാസ്പദമാണെന്ന ആരോപണം ഉയർന്നിരുന്നുവെങ്കിലും ഭരണകക്ഷിയിലെ ചില ഉന്നത നേതാക്കളുടെ സഹായത്തോടെ ഇയാൾ മുഖം മിനുക്കി കോടികൾ നിക്ഷേപമായി സ്വീകരിക്കുകയായിരുന്നു. ഇടതു വിദ്യാർത്ഥി സംഘടനയുടെ ജില്ലാ നേതൃത്വത്തിൽ പ്രവർത്തിച്ച രാഹുൽ ചക്രപാണിക്ക് ഭരണകക്ഷി പാർട്ടിയുമായി അടുത്ത ബന്ധമാണുള്ളത്.

പിന്നീട് ഇയാൾ എൻ.സി.പിയുടെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു. കോൺഗ്രസ് വിട്ടു എൻ.സി.പിയിൽ ചേർന്ന പയ്യന്നൂരിലെ ഒരു നേതാവാണ് രാഹുൽ ചക്രപാണിയെ എൻ.സി.പിയിലെത്തിച്ചത്. സംസ്ഥാനമാകെ പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ യൂട്യൂബ് ചാനലും ന്യൂസ് വെബ് സൈറ്റും രാഹുൽ ചക്രപാണിക്കുണ്ട്. കണ്ണൂരിൽ നിന്നുള്ള ഒരു സായാഹ്ന പത്രവും നടത്തിപ്പിനു വാങ്ങിയിരുന്നുവെങ്കിലും അതു മുൻപോട്ടു പോയിട്ടില്ല.

രാഹുൽ ചക്രപാണി എത്രകോടിയുടെ തട്ടിപ്പു നടത്തിയെന്ന കാര്യം വിശദമായ അന്വേഷണത്തിലൂടെ മാത്രമേ തെളിയിക്കാൻ കഴിയുകയുള്ളൂവെന്നാണ് പൊലിസ് പറയുന്നത്. റോയൽ ട്രാവൻകൂറിനെതിരെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും നിക്ഷേപകരുടെ പരാതി പ്രവാഹമാണുണ്ടായിരിക്കുന്നത്. കണ്ണൂർ താവക്കരയിൽ പ്രവർത്തിക്കുന്നഅർബൻനിധി തട്ടിപ്പിനെക്കാൾ വലിയ കുംഭകോണമാണ് റോയൽ ട്രാവൻകൂറിൽ നടന്നതെന്നാണ് പൊലിസ്നൽകുന്ന പ്രാഥമിക വിവരം.