തിരുവനന്തപുരം: മലയാള സിനിമയെ പിടിച്ചുലയ്ക്കുന്ന വെളിപ്പെടുത്തലുകള്‍ തുടര്‍ന്നുകൊണ്ടിരിക്കവേ സമാനരീതിയിലുള്ള പരാതികള്‍ ടെലിവിഷന്‍ സീരിയല്‍ രംഗത്തേക്കും വ്യാപിക്കുന്നു. സീരിയല്‍ സംവിധായകനെതിരെയാണ് നടി പരാതിയുമായി രംഗത്തെത്തിയത്. സീരിയല്‍ സംവിധായകന്‍ സുധീഷ് ശങ്കറിനെതിരെ നടിയായ താര ലക്ഷ്മിയാണ് കഠിനംകുളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഏഷ്യാനെറ്റിലെ പാടാത്ത പൈങ്കിളി ഉള്‍പ്പെടെയുള്ള സീരിയല്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനാണ് വ്യക്തിയാണ് സുധീഷ് ശങ്കര്‍.

2019 ലാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്. നടി ഷോര്‍ട്ട്ഫിലിമൊക്കെ ചെയ്ത് നില്‍ക്കുന്നതിനിടയിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വഴി സീരിയലിലേക്ക് ഓഡിഷനായി സംവിധായകന്‍ സുധിഷ് ശങ്കര്‍ തന്നെ വിളിക്കുന്നത്. ഓരോ അഭിനേതാവിനും ഓരോ സമയം എന്നാണ് മുന്‍കൂട്ടി പറഞ്ഞിരുന്നത്. അതിനാല്‍ തന്നെ സ്ഥലത്ത് മറ്റ് താരങ്ങളെയും ഒന്നും കാണത്തതിനാല്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. സംവിധായകന്‍ ഇരുന്ന് തന്നോട് കഥ പറയാന്‍ ആരംഭിച്ചു. മറ്റ് താരങ്ങളെക്കുറിച്ചൊക്കെ വിശദമായി പറഞ്ഞെങ്കിലും തന്റെ വേഷത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല.

സംവിധായകനോട് എന്താണ് തന്റെ വേഷമെന്ന് ചോദിച്ചപ്പോള്‍ ഗംഭീരവേഷമാണ് ഈ ഒരൊറ്റ കഥാപാത്രത്തിലൂടെ താരയെ പ്രശസ്തയാക്കി തരുമെന്നും പക്ഷെ അഡ്ജസ്റ്റ് ചെയ്യണമെന്നും പറഞ്ഞു. എന്താണ് അഡ്ജസ്റ്റ് എന്നു ചോദിച്ചപ്പോള്‍ സംവിധായകന്‍ തന്റെ കൈയില്‍ കയറിപ്പിടിച്ചെന്നും പേടിച്ചുവിറച്ച താന്‍ അയാളെ തള്ളിയിട്ട് പുറത്തേക്ക് ഓടി രക്ഷപ്പെടുകയുമായിരുന്നുവെന്ന് താര വെളിപ്പെടുത്തുന്നു.സഅപ്പോള്‍ തന്നെ താന്‍ ഇത് മ്യൂസിയം പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ അവിടെക്കെത്തിയ സംവിധായകന്‍ തന്നോട് കോംപ്രമൈസിന് ശ്രമിക്കുകയും അയാളുടെ കുടുംബത്തെ ഓര്‍ത്ത് അന്ന് താന്‍ കേസാക്കിയില്ലെന്നും നടി പറയുന്നു.

പിന്നാലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ച് സംവിധായകന് അപ്പോഴത്തെ മാനസികാവസ്ഥയില്‍ പറ്റിയതാണെന്നും ഇനിയുണ്ടാവില്ലെന്നും അടുത്ത സീരിയലില്‍ വേഷം തരാമെന്ന് പറയുകയും ചെയ്തു. പക്ഷെ അവിടെക്ക് തന്നെ വിളിച്ചത് സംവിധായകന് പകരം വീട്ടാനായിരുന്നുവെന്നും മുന്നു നാല് ദിവസം തനിക്ക് വേഷമൊന്നും തരാതെ തന്നെ സെറ്റില്‍ കാഴ്ച്ചക്കാരിയാക്കിയെന്നും നടി വിശദീകരിക്കുന്നു. ഈ രീതിക്കെതിരെ താന്‍ പ്രതികരിച്ചപ്പോള്‍ തൊട്ടടുത്ത ദിവസം മുതല്‍ തനിക്ക് വേഷം തന്നു.പക്ഷെ രംഗങ്ങള്‍ ഉണ്ടാക്കി മറ്റുകാഥാപാത്രങ്ങളെക്കൊണ്ട് തന്നെ അടിക്കുകയും മുടിയില്‍ പിടിച്ച് ഉപദ്രവിക്കുന്നത് പോലെയുള്ള ഷോട്ടുകള്‍ എടുക്കുകയും ചെയ്തു.

തനിക്ക് വേദനിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ കൃത്യമായ എക്സ്പ്രഷന്‍ കിട്ടാനാണ് വേദനിപ്പിച്ച് അടിച്ചതെന്നായിരുന്നു സംവിധായകന്റെ മറുപടി.ഇത്തരത്തില്‍ രംഗങ്ങളെടുത്ത് അടികൊണ്ട് തന്റെ ചെവി വരെ മുറിഞ്ഞു. ആ രംഗത്തില്‍ അഭിനയിച്ച സഹതാരം ഇ സംഭവം അവരുടെ യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു.എന്നാല്‍ തെളിവ് നശിപ്പിക്കാനായി അവരെക്കൊണ്ട് തന്നെ സംവിധായകന്‍ വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ചുവെന്നും താര ആരോപിക്കുന്നു. സീരിയലില്‍ അഭിനയിച്ചതിന്റെതുള്‍പ്പടെ വ്യക്തമായ തെളിവുകളോടെയാണ് ഇത്തവണ നടി സംവിധായകനെതിരെ പരാതി നല്‍കിയിരിക്കുന്നത്.ഇത്തരം സംവിധായകര്‍ക്ക് കൂട്ടു നില്‍ക്കുന്ന സ്ത്രീകള്‍ വരെ സീരിയല്‍ രംഗത്തുണ്ടെന്നും വേട്ടക്കാരന്‍മാത്രമല്ല സീരയിലില്‍ വേട്ടക്കാരികളും ഉണ്ടെന്നും താര വ്യക്തമാക്കുന്നു.

https://youtu.be/IYYfiRa_-mM

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഇന്ന് കൂടുതല്‍ നടന്മാര്‍ക്കെതിരെ പരാതിയുമായി സിനിമാ നടി രംഗത്ത് വന്നു.ജയസൂര്യ,മണിയന്‍പിള്ള രാജു, മുകേഷ്, ഇടവേള ബാബു തുടങ്ങിയവര്‍ക്കെതിരെയാണ് നടി മിനു മുനീര്‍ രംഗത്തുവന്നത്. പിന്നാലെ നടനും എംഎല്‍എയുമായ മുകേഷിനെതിരെ നാളെ ലൈംഗിക പീഡന പരാതി നല്‍കുമെന്ന് നടി മിനു മുനീര്‍ വ്യക്തമാക്കി.

അമ്മയില്‍ അംഗത്വം ലഭിക്കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടെന്ന് മിനു പറഞ്ഞിരുന്നു. താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് മുകേഷ് ഭീഷണിപ്പെടുത്തിയെന്നും നേരിട്ട് കണ്ടപ്പോള്‍ അദ്ദേഹം മോശമായി സംസാരിച്ചുവെന്നും വില്ലയിലേക്ക് വരാന്‍ ക്ഷണിച്ചുവെന്നും മിനു വെളിപ്പെടുത്തിയിരുന്നു. മൂന്ന് സിനിമയില്‍ അഭിനയിച്ചാല്‍ അമ്മയില്‍ മെമ്പര്‍ഷിപ്പ് കിട്ടും. ആറ് സിനിമ കഴിഞ്ഞതോടെ മെമ്പര്‍ഷിപ്പിനായി ഇന്നസെന്റ് ചേട്ടനെ കണ്ടിരുന്നു. അവിടെ എത്തിയപ്പോള്‍ താന്‍ അറിയാതെ അമ്മയില്‍ മെമ്പര്‍ഷിപ്പ് കിട്ടില്ലെന്ന് മുകേഷ് പറഞ്ഞു. മെമ്പര്‍ഷിപ്പ് തരാത്തതിനെ കുറിച്ച് പിന്നീട് ചോദിച്ചപ്പോള്‍ മിനുവിനെ കമ്മിറ്റി മെമ്പര്‍മാര്‍ക്ക് ആര്‍ക്കും അറിയില്ലെന്നാണ് പറഞ്ഞത്.

2008 ലാണ് ജയസൂര്യയില്‍നിന്ന് മോശം അനുഭവമുണ്ടായതെന്നാണ് നടി വെളിപ്പെടുത്തിയത്. പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ച് അദ്ദേഹം തന്നെ ചുംബിച്ചുവെന്നും ഫ്ളാറ്റിലേക്ക് വരാന്‍ ക്ഷണിച്ചെന്നുമായിരുന്നു മിനു പറഞ്ഞത്. ഇടവേള ബാബു ഫ്‌ലാറ്റില്‍ വെച്ചും മണിയന്‍പിള്ള രാജു വാഹത്തില്‍ വെച്ചുമാണ് മോശമായി പെരുമാറിയതെന്ന് മിനു ആരോപിച്ചിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു എന്നിവരും മോശമായി പെരുമാറിയെന്നും നടി വ്യക്തമാക്കിയിരുന്നു.