കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ കേസിൽ കെ.എസ്.യു പ്രവർത്തകർക്കൊപ്പം മാധ്യമ പ്രവർത്തകയും പ്രതിയാകും. 24 ന്യൂസിലെ മാധ്യമ പ്രവർത്തകയെയാണ് കേസിൽ പ്രതിയാക്കുക. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ മാധ്യമ പ്രവർത്തകയ്ക്ക് പൊലീസ് നോട്ടീസ് നൽകി. മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനൊപ്പം 24 ന്യൂസിന്റെ ബ്യൂറോ ചീഫിനോടും മൊഴി നൽകാൻ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

കുറുപ്പുംപടി പൊലീസ് സ്‌റ്റേഷനാണ് കേസ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രിയുടെ ബസിന് നേരെ ചെരുപ്പെറിയുന്നത് നേരിട്ട് റിപ്പോർട്ട് ചെയ്തത് 24 ന്യൂസ് മാത്രമാണ്. ചെരിപ്പെറിയുന്ന സമയം അവിടെയുണ്ടായിരുന്നത് 24 ന്യൂസ് മാധ്യമ പ്രവർത്തക മാത്രമാണ്. ഈ സാഹചര്യത്തിൽ അവർക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. ഇങ്ങനെയൊരു കേസിൽ മാധ്യമ പ്രവർത്തകയെ ഉൾപ്പെടുത്തന്നത് കേട്ടു കേൾവിയില്ലാ സംഭവമാണ്. ചെരുപ്പെറിയൽ ഗൂഢാലോചനയിൽ മാധ്യമ പ്രവർത്തകയ്ക്ക് പങ്കുണ്ടെന്ന തരത്തിലാണ് പൊലീസ് നോട്ടീസും. കഴിഞ്ഞ ദിവസമാണ് 24 ന്യൂസിന്റെ ബ്യൂറോ ചീഫിനും മാധ്യമ പ്രവർത്തകയ്ക്കും ഇത്തരത്തിൽ നോട്ടീസ് കിട്ടിയത്. 22ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ഇത്തരം കുറ്റകൃത്യങ്ങളിൽ ഇനി പങ്കാളിയാകരുതെന്ന മുന്നറിയിപ്പും ഉണ്ട്.

22ന് തന്നെയാണ് 24 ന്യൂസിന്റെ കൊച്ചി ബ്യൂറോ ചീഫും മൊഴി കൊടുക്കാൻ എത്തേണ്ടത്. ചെരുപ്പേറ് സമയത്ത് താങ്കളുടെ റിപ്പോർട്ടർ സംഭവ സ്ഥലത്തുണ്ട്. താങ്കളുടെ നിർദ്ദേശാനുസരണവും അറിവോടെയും കൂടിയാണോ റിപ്പോർട്ട് അവിടെ എത്തിയത് എന്ന് അറിയേണ്ടതുണ്ട്. അതിന് വേണ്ടിയുള്ള മൊഴി എടുക്കലിനാണ് ബ്യൂറോ ചീഫിനെ വിളിച്ചതെന്ന് കുറുപ്പുംപടി പൊലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ നൽകിയ നോട്ടീസിൽ വ്യക്തമാണ്. വധശ്രമം അടക്കമുള്ള കുറ്റകൃത്യങ്ങൾ ചുമത്തിയ കേസിലാണ് ചോദ്യം ചെയ്യലെന്നും നോട്ടീസിൽ നിന്നും വ്യക്തമാണ്. ഇത്തരത്തിലെ പൊലീസ് ഇടപെടൽ ആദ്യമായിട്ടും മാധ്യമ പ്രവർത്തകരുടെ സംഘടനകൾ പോലും പ്രതിഷേധിച്ചിട്ടില്ല. 24 ന്യൂസും ഈ നോട്ടീസിനെ കുറിച്ച് വാർത്ത നൽകിയില്ലെന്നതാണ് വസ്തുത. 24 ന്യൂസിൽ നിന്ന് തന്നെയാണ് ഈ പൊലീസ് നോട്ടീസ് മറുനാടന് ലഭിച്ചത്.

ഈ സംഭവത്തിൽ നാല് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഷൂ ഏറിന് പിന്നാലെ പൊലീസ് ലാത്തിവീശി. കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിക്കുകയും ചെയ്തു. പൊലീസ് നോക്കിനിൽക്കുമ്പോഴായിരുന്നു മർദനം. കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും കൊടി ഡിവൈഎഫ്ഐക്കാർ കൂട്ടിയിട്ട് കത്തിച്ചു. പിന്നീട് കെ എസ് യുക്കാർക്ക് കോടതി ജാമ്യവും നൽകി. ഈ കേസിലാണ് മാധ്യമ പ്രവർത്തകരേയും പ്രതിയാക്കാനുള്ള നീക്കം പൊലീസ് നൽകുന്നത്. ക്രിമിനൽ പ്രൊസീഡിയർ കോഡിലെ 160-ാം വകുപ്പ് പ്രകാരമാണ് ബ്യൂറോ ചീഫിന് നോട്ടീസ്. സാക്ഷിയെന്ന നിലയിലുള്ള നോട്ടീസാണ് ഇത്. അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്യില്ല.

എന്നാൽ ഏഴു കൊല്ലത്തിൽ അധികം ശിക്ഷ കിട്ടാവുന്ന കേസിൽ കുറ്റക്കാരാണെന്ന സംശയം നിലനിൽക്കുമ്പോൾ പ്രതികളെ സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന വകുപ്പിലാണ് മാധ്യമ പ്രവർത്തകയ്ക്കുള്ള നോട്ടീസ്. ഇതിൽ നിന്ന് കേസിൽ പ്രതിയാക്കാനുള്ള സാധ്യത പൊലീസ് തേടുന്നുവെന്ന് വ്യക്തം. പല പ്രതിഷേധ സമരങ്ങളും പല മാധ്യമങ്ങളും എക്‌സ്‌ക്ലൂസീവായി റിപ്പോർട്ട് ചെയ്യാറുണ്ട്. കോൺഗ്രസ് ഭരണ കാലത്ത് എസ് എഫ് ഐയുടേയും ഡി വൈഎഫ് ഐയുടേയും സമരത്തിലെ കാർ കത്തിക്കൽ അടക്കം പല മാധ്യമങ്ങളും എക്‌സ്‌ക്ലൂസീവായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ അന്നൊന്നും മാധ്യമങ്ങൾക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല.

കരിങ്കൊടി കാണിച്ച കെ എസ് യുക്കാർക്കെതിരെ വ്യാപകമായി പൊലീസ് കേസെടുത്തിരുന്നു. അത് റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരേയും കേസിൽ കുടുക്കാൻ ശ്രമം നടക്കുന്നുവെന്നതാണ് വസ്തുത. തുടക്കത്തിൽ ഏകപക്ഷീയ അക്രമണമാണ് ഡി വൈഎഫ് ഐ കരിങ്കൊടി കാട്ടിയവർക്കെതിരെ നടത്തിയത്. ഇപ്പോൾ ഡിഫിക്കാർക്ക് തിരിച്ചും മർദ്ദനം കിട്ടുന്നു. ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നതും റിപ്പോർട്ട് ചെയ്യുന്നതും സിപിഎമ്മിന് നാണക്കേടായി മാറുന്നുണ്ട്. ഈ സാഹചര്യത്തിലാണോ കരിങ്കൊടി പ്രതിഷേധം അടക്കം റിപ്പോർട്ട് ചെയ്യുന്നവരും പ്രതിയാകുമെന്ന സന്ദേശം നൽകാൻ പൊലീസ് കേസെടുക്കുന്നതെന്ന സംശയവും സജീവമാണ്.

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ കെ.എസ്.യു പ്രവർത്തകർക്ക് ജാമ്യം നൽകിയിരുന്നു. ബേസിൽ, ജയ്ഡൻ ജോർജ്, ദേവകുമാർ, ജിബിൻ മാത്യു എന്നിവർക്കാണ് പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമക്കേസ് എടുത്തതിൽ കോടതി പൊലീസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. ഷൂ എറിഞ്ഞാൽ എങ്ങനെ വധശ്രമമാകുമെന്ന് കോടതി ചോദിച്ചു. കെ.എസ്.യു പ്രവർത്തകരെ മർദിച്ചവരെ അറസ്റ്റ് ചെയ്യാത്തതിലും കോടതി പൊലീസിനെ വിമർശിച്ചിരുന്നു. മന്ത്രിമാർക്ക് മാത്രമല്ല ജനങ്ങൾക്കും സംരക്ഷണം കൊടുക്കാൻ പൊലീസിന് ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു.

കെ.എസ്.യു പ്രതിഷേധത്തോട് രൂക്ഷമായ ഭാഷയിലായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. ഏറിനൊക്കെ പോയാൽ അതിന്റേതായ നടപടി വരുമെന്നും അപ്പോൾ വല്ലാതെ വിലപിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കോതമംഗലത്ത് നവകേരളസദസ്സിൽ പ്രസംഗിക്കവെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് നാടിനോടുള്ള ഒരു വെല്ലുവിളിയാണെന്ന് ഇത്തരക്കാർ മനസ്സിലാക്കണം. എന്താണ് ഇവരുടെ പ്രശ്നമെന്ന് മനസ്സിലാകുന്നില്ല. എന്താണീ കോപ്രായമെന്ന രീതിയിൽ നാട്ടുകാർ അവരെ അവഗണിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു,

'ഞങ്ങളുടെ ബസിന് നേരെ ഏറുണ്ടായി. എന്താണ് ഇവർക്ക് പറ്റിയത്? ഈ സംഭവത്തെ മൊത്തത്തിൽ മറ്റൊരു രീതിയിൽ മാറ്റിത്തീർക്കാനുള്ള ?ഗൂ?ഢോദ്ദേശ്യമാണോ? ഈ ആളുകളൊക്കെ കൂടി ശക്തിയായി ഊതിയാൽ കരിങ്കൊടിയായി വരുന്നവരും എറിയാൻ വരുന്നവരും പാറിപ്പോകുമെന്നതാണ് അവസ്ഥ. പക്ഷേ നാട്ടുകാർ നന്നായി സംയമനം പാലിച്ചാണ് നിൽക്കുന്നത്. അതുതന്നെയാണ് വേണ്ടത്. കാരണം അവരുടെ പ്രകോപനത്തിൽ കുടുങ്ങരുത്. ഏറിനൊക്കെ പോയാൽ അതിന്റേതായ നടപടി തുടരുമല്ലോ.

നിങ്ങൾ നാട്ടുകാർ ഏറ്റെടുക്കണമെന്നല്ല ഞാൻ പറയുന്നത്. നാട്ടുകാർ ഏറ്റെടുക്കണ്ട. പക്ഷേ, സാധാരണ ഗതിയിലുള്ള അതിന്റെതായ നടപടി വരുമ്പോൾ വല്ലാതെ വിലപിച്ചിട്ട് കാര്യമില്ല. ഇത് നാടിനോടുള്ള ഒരുവെല്ലുവിളിയാണെന്ന് ഇത്തരക്കാർ മനസ്സിലാക്കണം. ഈപരിപാടി ആർക്കെങ്കിലും എതിരെ സംഘടിപ്പിച്ചതല്ല' -മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.