തലശേരി: തന്റെ ഫേസ്‌ബുക്ക് പേജിൽ വിദ്വേഷത്തെയും പകയെയും മന: സാന്നിധ്യം കൊണ്ടു മറി കടക്കണമെന്ന് കുറിച്ച ശ്യാംജിത്ത് വയലൻസ് സിനിമകളിൽ കാണുന്ന സൈക്കോ സീരിയൽ ക്രിമിനലിന്റെ മനസിന് ഉടമയെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട്. കൊറിയൻ സിനിമകളിൽ കാണുന്ന തരത്തിലുള്ള കൊലപാതകത്തിന് ഇയാൾ പ്‌ളാൻ ചെയ്തത് വ്യക്തമായ കണക്കുകൂട്ടലോടെയാണ്. അതാകട്ടെ കൃത്യമായി അണുകിട തെറ്റാതെ നടപ്പിലാക്കുകയും ചെയ്തു. മലയാളത്തിൽ പുറത്തിറങ്ങിയ അഞ്ചാംപാതിര എന്ന സിനിമയുടെ ശ്യാംജിത്തിനെ സ്വാധീനിച്ചിരുന്നു. അതും കൊറിയൻ ശൈലിയിൽ എടുത്ത മലയാളം സിനിമയായിരുന്നു.

യൂട്യൂബിൽ പ്രചരിക്കുന്ന കൊറിയൻ ആക്ഷൻ -ഹൊറർ സിനിമകളുടെ ആരാധകനായ ശ്യാംജിത്ത് സീരിയൽ കില്ലർമാരുടെ കൈയറപ്പില്ലാത്ത കൊല നടത്തുന്ന ദൃശ്യങ്ങൾ കണ്ട് രാത്രികാലങ്ങളിൽ ആവേശഭരിതനായിരുന്നുവെന്ന് പൊലിസ് അന്വേഷണ റിപ്പോർട്ട്. തലയ്ക്ക് ചുറ്റിക കൊണ്ടു ഇരയെ അടിച്ചു വീഴ്‌ത്തി കഴുത്തറത്തുകൊല്ലുകയെന്നതുകൊറിയൻ വയലൻസ് സിനിമകളിലെ സ്ഥിരം രംഗങ്ങളിലൊന്നാണ്. ഇതു കൂടാതെ പുറത്തെ ഗ്രിൽസ് കുത്തിതുറന്നാണ് ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീടിനകത്തേക്ക് കടന്നത്. ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു വീഴ്‌ത്തിയാണ് ശബ്ദമുണ്ടാക്കാതെ ഇയാൾ വിഷ്ണുപ്രിയയെ കൊന്നത്.

ഒരു സൈക്കോ സീരിയൽ കില്ലറിനെ അനുസ്മരിക്കുന്ന വിധത്തിലായിരുന്നു കൊലപാതകം. ശ്യാംജിത്തുകൊല നടത്തുമ്പോൾ ലഹരി ഉപയോഗിച്ചിരുന്നുവെന്ന സംശയം പൊലിസിനുണ്ടായിരുന്നുവെങ്കിലും പിന്നീട് വൈദ്യ പരിശോധനയിൽ ഇല്ലെന്ന് വ്യക്തമാവുകയായിരുന്നു. പിന്നീടാണ് ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും സീരിയൽ കില്ലർമാരുടെ സിനിമകളിൽ ആകൃഷ്ടനാണെന്ന് തിരിച്ചറിഞ്ഞത്. ഒരു സംഭവവുമായി ബന്ധപ്പെട്ട് തനിക്ക് പകയുള്ള മുഴുവൻ ആളുകളെയും കൊന്നൊടുക്കുകയെന്നതാണ് കൊറിയൻ സിനിമകളിലെ സിരിയൽ കില്ലർമാരുടെ രീതി. ഇതു തന്നെയാണ് ശ്യാംജിത്തും പിൻതുടർന്നത്.

പാനൂർ മൊകേരി വള്ള്യായിയിലെ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്യാംജിത്ത് മറ്റൊരു കൊലപാതകം കൂടി ആസൂത്രണം ചെയ്തതായി പൊലിസ് റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്. തന്നിൽ നിന്നും വിഷ്ണു പ്രിയ അകലാൻ കാരണം പൊന്നാനിയിലെ ആൺ സുഹൃത്താണെന്ന് ശ്യാംജിത്ത് വിശ്വസിച്ചിരുന്നു. ഇതാണ് വിഷ്ണുപ്രിയയുടെ കൊലയ്ക്കു ശേഷം ഈയാളെയും ഉന്നമിട്ടത്. പ്രതിയെ തലശേരി കോടതിയിലെ മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയുടെ കുത്തുപറമ്പ് മാനന്തേരിയിലെ വീടിന് സമീപത്തെ തെളിവെടുപ്പ് ഞായറാഴ്‌ച്ച ഉച്ചയോടെ പൂർത്തിയായിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി ശ്യാംജിത്തിന് തെളിവെടുപ്പിന് എത്തിച്ചപ്പോഴും യാതൊരു ഭാവവ്യത്യാസവുമില്ലായിരുന്നു. വീടിനടുത്ത ചെറിയ കുഴിയിൽ ഉപേക്ഷിച്ച ബാഗിൽ നിന്ന് കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. മാസ്‌ക്, ഷൂ, ഷർട്ട്, കൈയുറ, വെള്ളക്കുപ്പി, സോക്സ്, മുളകുപൊടി, ഇടിക്കട്ട, കുത്തി പരിക്കേൽപ്പിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പിന്റെ ആയുധം, വിഷ്ണുപ്രിയയെ അടിക്കാൻ ഉപയോഗിച്ച ചുറ്റിക, കഴുത്തറുക്കാൻ ഉപയോഗിച്ച കത്തി എന്നിവയാണ് ഈ ബാഗിൽ ഉണ്ടായിരുന്നത്.

വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ശേഷം ഈ സാധനങ്ങളെല്ലാം ബാഗിലാക്കി മാനന്തേരിയിലേക്ക് വന്ന പ്രതി വീടിന് അടുത്തുള്ള ഒരു കുഴിയിൽ ഇത് ഉപേക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇതേക്കുറിച്ച് പ്രതി തന്നെ പൊലീസിന് വിവരം നൽകി. കൊലപാതകത്തിന് ശേഷം വിഷ്ണുപ്രിയയുടെ വീട്ടിൽ വെച്ച് തന്നെ വസ്ത്രം മാറിയാണ് പ്രതി പുറത്തേക്ക് പോയത്. പ്രണയം അവസാനിപ്പിച്ചതിനുള്ള പകയാണ് പാനൂർ നഗരസഭയ്ക്കടുത്തെ മൊകേരി പഞ്ചായത്തിലെ വള്ള്യായിയിൽ വിഷ്ണുപ്രിയയെ (23) കൊലപ്പെടുത്താനുള്ള കാരണം. മൂന്നുദിവസമായി കൊലപാതകത്തിനുള്ള ആസൂത്രണത്തിലായിരുന്നു പ്രതിയായ മാനന്തേരി സ്വദേശി ശ്യാംജിത്ത്.

കൊലപാതകം നടത്തിയതിനു ശേഷം വീടിനു സമീപത്തെ കുളത്തിൽ നിന്നാണ് കുളിച്ച് വൃത്തിയായത്. അങ്ങാടിക്കുള്ളത്തിൽ ആയുധം ഉപേക്ഷിച്ചു. കൊലപ്പെടുത്തണം എന്ന ഉദ്ധേശ്യത്തോടെ ആയിരുന്നു പ്രതി പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. വീടിന്റെ പിൻവശത്തെ ഗ്രിൽ തുറന്നാണ് അകത്ത് കയറിയതെന്നും പ്രതി മൊഴി നൽകി. അഞ്ച് വർഷമായി വിഷ്ണുപ്രിയയുമായി പ്രണയത്തിലായിരുന്നുവെന്ന് ശ്യാംജിത്ത് പറഞ്ഞു. എന്നാൽ ആറു മാസം മുമ്പ് വിഷ്ണുപ്രിയ അകന്നു, മറ്റൊരാളുമായി അടുപ്പത്തിലായിരുന്നു. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ശ്യാംജിത്ത് മൊഴി നൽകി.

വിഷ്ണുപ്രിയയെ കൊന്നത് ആസൂത്രിതവും മൃഗീയവുമായാണെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. വിഷ്ണുപ്രിയയുടെ ശരീരത്തിൽ ആഴത്തിലുള്ള 18 മുറിവുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. കൈയിലും കഴുത്തിലും കാലിലും വെട്ടേറ്റെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.