ലണ്ടൻ: ഒരാഴ്ച തികഞ്ഞിട്ടില്ല യുകെ മലയാളിയായ സംരംഭകൻ കോട്ടയം ജില്ലയിലെ മാഞ്ഞൂരിൽ 25 കോടി മുടക്കിയ സംരംഭം അടച്ചു പൂട്ടാൻ സർക്കാർ ഉദ്യോഗസ്ഥർ നടത്തിയ ശ്രമം ഒറ്റയാൾ സമരം കൊണ്ട് മാധ്യമ സഹായത്തോടെ ബസിൽഡൺ മലയാളിയായ ഷാജിമോൻ ജോർജ് പൊളിച്ചടുക്കിയത്. ലോക പ്രവാസി സമൂഹത്തിൽ തന്നെ ഞെട്ടൽ സൃഷ്ടിച്ച വാർത്ത കാതുകളിൽ നിന്നും മായും മുൻപേ മറ്റൊരു യുകെ മലയാളി സംരംഭകന്റെ കഞ്ഞിയിലും മണ്ണ് വാരിയിട്ടിരിക്കുകയാണ് കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർ.

ഇത്തവണ ഇരയായി മാറിയത് ഈസ്റ്റ് സസെക്‌സിലെ ബ്രൈറ്റന് അടുത്തുള്ള സീ ഫോർഡ് പട്ടണത്തിൽ താമസിക്കുന്ന സിബി തോമസാണ്. വർഷങ്ങളായി സ്വകാര്യ ബസ് സംരംഭം നടത്തുന്ന സിബി താൻ മുടക്കിയ പണത്തിന്റെ ഒരു ശതമാനം പോലും ലാഭ വിഹിതമായി തിരിച്ചു കിട്ടുന്നില്ലെങ്കിലും എട്ടു കുടുംബങ്ങൾ ജീവിക്കുന്നത് തന്റെ ബസുകൾ കൊണ്ടാണ് എന്ന മനുഷ്യത്വം ഓർത്താണ് ഹോളി മരിയ എന്ന ലക്ഷ്വറി ബസുകൾ ഇപ്പോഴും സർവീസ് നടത്തുന്നത്. എന്നാൽ നിയമം പറയുന്നതിനപ്പുറവും ഞങ്ങൾ ചെയ്തിരിക്കും എന്ന് വാശിയുള്ള കേരാളത്തിലെ സർക്കാർ ഉദ്യോഗസ്ഥർ യുകെയിലെ സാധാരണക്കാരനായ ഈ മലയാളിയുടെ ബസുകൾ പിടിച്ചെടുത്തത് വിവാദമായ റോബിൻ ബസിന്റെ സമാനമായ നടപടിയിലൂടെയാണ്.

കോട്ടയത്തു നിന്നും കാസർഗോട്ടെ തലപ്പാടി വരെ എത്തുമ്പോഴേക്കും 480 കിലോമീറ്റർ പിന്നിടുന്ന ഒരു ബസിനു, 1995 മുതലുള്ള പെർമിറ്റാണ് ഇപ്പോൾ സർക്കാർ പുതുക്കി നൽകില്ല എന്ന നിലപാടിലേക്ക് എത്തിയിരിക്കുന്നത്. ഇത്തരത്തിൽ ഓടുന്ന 300 ഓളം ബസുകൾ റൂട്ട് സർവീസ് നിർത്തി ടൂറിസ്റ്റു സർവീസിലേക്ക് മാറുന്ന നിലയിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. അതിനൊപ്പമാണ് ഇപ്പോൾ വഴിയിൽ തടഞ്ഞു നിർത്തിയുള്ള അനാവശ്യ പിഴയിടിക്കലും.

പുലർച്ചെ അഞ്ചു മണിക്ക് പ്രതികാര നടപടി പോലെ ബസ് പിടിച്ചെടുക്കൽ

പുലർച്ചെ അഞ്ചു മണിക്ക് ഉറക്കമൊഴിഞ്ഞു കാത്തിരുന്നു എത്തിയ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിയമം നടപ്പാകുന്നതിൽ ഉള്ള അമിത ശ്രദ്ധ വേണമെങ്കിൽ നടപടി വിവാദമാകുമ്പോൾ സർക്കാരും അല്പം നാണം കേട്ടോട്ടെ എന്ന മട്ടിലാണ്. കാരണം കഴിഞ്ഞ ദിവസമാണ് നിശിത വിമർശനം ഏറ്റുവാങ്ങി മോട്ടോർ വാഹന വകുപ്പിന് പിടിച്ചെടുത്ത റോബിൻ ബസ് ഹൈക്കോടതി ഉത്തരവിലൂടെ വിട്ടു കൊടുക്കേണ്ടി വന്നത്. ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർ തുടർച്ചയായി വിവാദങ്ങൾ സൃഷ്ടിച്ചു സർക്കാരിനെ നാണം കെടുത്തുമ്പോൾ ഒരു പക്ഷെ ബോധപൂർവ്വമുള്ള ഇടപെടൽ ആണെന്ന് കൂടി സംശയിക്കേണ്ടി വരും.

അല്ലെങ്കിൽ ആരെയും പേടിക്കാതെ തന്നിഷ്ടം കാട്ടാൻ ഏതൊരു സർക്കാർ ഉദ്യോഗസ്ഥനും കഴിയുന്ന വിധത്തിൽ കഴിവ് കെട്ട സർക്കാരാണ് കേരളത്തിൽ എന്നും വിലയിരുത്തേണ്ടി വരും. കാരണം തുടർച്ചയായ വീഴ്ചകൾക്ക് ന്യായം പറയാനാവില്ല എന്നത് തന്നെ. എന്നാൽ ഉദ്യോഗസ്ഥ വൃന്ദത്തിൽ നിന്നും കിട്ടുന്ന മറുപടി നേരെ സർക്കാരിനെ പ്രതികൂട്ടിൽ നിർത്തുന്നതുമാണ്. സർക്കാർ ഖജനാവിൽ പണം എത്തിക്കാൻ ഉദ്യോഗസ്ഥർക്ക് എന്തുമാകാം എന്ന നിർദ്ദേശമാണ് മുകളിൽ നിന്നും ലഭിക്കുന്നതത്രെ. ഒരു സർക്കാരിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായി ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന് ഒരു ദിവസം പ്രവർത്തിക്കാനാകുമോ എന്നാണ് ഇവർ ചോദിക്കുന്നത്. അതിനാൽ പിഴിയാൻ പറ്റുന്നിടത്തു നിന്നെല്ലാം പിഴിയേണ്ടി വരും. ഡിസംബറിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ റോബിൻ മോട്ടോഴ്സ്സിനും ഹോളി മരിക്കും ഉണ്ടായ ദുരനുഭവം ഇനിയും ആവർത്തിക്കും എന്ന് ചുരുക്കം.

ദീർഘ ദൂര സർവീസിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നീട്ടി നൽകാതെ വട്ടം കളിപ്പിക്കുന്ന സർക്കാരാണ് കഴിഞ്ഞ കാൽ നൂറ്റാണ്ട് ആയി കോട്ടയം - തലപ്പാടി (കാസർഗോഡിലെ അതിർത്തി പട്ടണം) റൂട്ടിൽ സർവീസ് നടത്തുന്ന ഹോളി മരിയ ഉൾപ്പെടെയുള്ള ബസുകളോട് പ്രതികാര നടപടി എടുത്തിരിക്കുന്നത്. ബസ് വ്യവസായം സർക്കാർ നടത്തി ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാതെ കഷ്ടപ്പെടുത്തുമ്പോളാണ് ഓരോ ജീവനക്കാർക്കും ബസ് ഉടമക്ക് കിട്ടുന്നതിനേക്കാൾ കൂടുതൽ പലപ്പോഴും ശമ്പളം കൊടുത്തു വ്യവസായത്തെ പിടിച്ചു നിർത്തുന്നതിനുള്ള ശിക്ഷ എന്ന നിലയിൽ ഇപ്പോൾ ഹോളി മരിയ ബസ് ഉടമ സിബി തോമസിനെ പോലെ ഉള്ളവരെ ദ്രോഹിക്കുന്നത്. നികുതി അടയ്ക്കാനായുള്ള ദീർഘിപ്പിച്ച സമയ പരിധി കണക്കിലെടുക്കാതെയാണ് ഉദ്യോഗസ്ഥർ സിബിക്ക് 14000 രൂപ പിഴ നൽകിയത്.

നികുതി അടയ്ക്കാൻ നാല് ദിവസം ബാക്കി നിൽക്കെയാണ് അത് പരിഗണിക്കാതെ ശിക്ഷ വിധിച്ചതും ബസിനെ കസ്റ്റഡിയിൽ എടുത്തതും. ജീവനക്കാരോടും യാത്രക്കാരോടും പുലർച്ചെ അഞ്ചു മണിക്ക് മോശമായ തരത്തിൽ പെരുമാറിയ ജീവനക്കാർ യാത്രക്കാരെ ഇറക്കി വിട്ടാണ് പ്രതികാര നടപടി പോലെ പെരുമാറിയത്. സിബിയുടെ തന്നെ മറ്റൊരു ടൂറിസ്റ്റു ബസിനും മൂന്നു ദിവസം മുൻപ് 7500 രൂപയുടെ പിഴ കിട്ടി. അങ്ങനെ ഒരാഴ്ചക്കിടെ രണ്ടു ബസുകളിൽ നിന്നും ലഭിച്ച ചെക്ക് റിപ്പോർട്ട് 21500 രൂപയുടേതാണ്. ഇത്രയും പൈസ യുകെയിലെ ഒരു സാധാരണക്കാരന് മിച്ചം പിടിക്കാൻ എത്ര ദിവസം കഷ്ടപ്പെടണം എന്ന് കേരളത്തിൽ ഇരിക്കുന്നവർക്ക് അറിയണമെന്നില്ല. ഇപ്പോൾ കേരളത്തിൽ ബസ് ഓടിക്കാൻ യുകെയിൽ അദ്ധ്വാനിക്കേണ്ടി വരുന്ന ദുരവസ്ഥയാണ് തനിക്കെന്നും ബസുടമ സിബി പറയുന്നു. ഇതൊക്കെ കൊണ്ട് തമിഴ്‌നാട്ടിൽ എങ്ങാനും പോയി ജീവിക്കേണ്ടി വരുമെന്നാണ് ഇപ്പോൾ ഓരോ ബസ് ഉടമയും ചിന്തിക്കുന്നതെന്നും സിബി കൂട്ടിച്ചേർക്കുന്നു.

വെറും ബസല്ല ഹോളി മരിയ, യാത്രക്കാരുടെ ആറുചക്ര ബന്ധു

സാധാരണക്കാർക്ക് ഹോളി മരിയ ഒരു ബസ് മാത്രമാണെങ്കിലും മലബാറിലെ യാത്രകകർക്ക് ആ ബസ് ആറുചക്രമുള്ള ബന്ധുവാണ്. പാലായിലെ ബ്രില്യൻസ് കോളേജിൽ പഠിക്കുന്ന നൂറു കണക്കിന് വിദ്യാർത്ഥികൾ അടക്കം മലബാറിൽ നിന്നും കോട്ടയത്തേക്ക് യാത്ര ചെയുന്ന വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും ഇടയിലെ വൈകാരിക ബന്ധമാണ് ഈ ബസ്. വിദ്യാർത്ഥികൾക്ക് കൈമാറാനുള്ള എന്തും മലബാറിൽ നിന്നും ബസ് ജീവനക്കാരെ ഏല്പിക്കാം. ഒരു സേവന പ്രതിഫലവും വാങ്ങാതെ അതൊക്കെ കൃത്യമായി കോട്ടയത്ത് എത്തും.

ബസ് ഉടമയുടെയും ബസ് ജീവനക്കാരുടെയും മൊബൈൽ ഫോൺ നമ്പറുകൾ മലബാറിലെ മിക്ക വീട്ടുകാർക്കും അറിയാമെന്നതിനാൽ ബസിന്റെ ഓരോ സമയത്തെയും സ്ഥാനം പോലും യാത്രക്കാർക്ക് ചോദിച്ചറിയാം. കൊടുത്ത വിട്ട സാധനം വസ്ത്രം ആയാലും അച്ചാർ ആയാലും പണം ആയാലും കൃത്യമായി വിദ്യാർത്ഥികളുടെ കൈകളിൽ എത്തിയിരിക്കും. കെ എസ് ആർ ടി സി നടത്തിപ്പുകാർക്ക് നൂറു കൊല്ലം തപസ്സിരുന്നാൽ കേരളത്തിലെ സ്വകാര്യ ബസുകൾ ഇത്തരത്തിൽ യാത്രാകരുമായി സൃഷ്ടിക്കുന്ന ആൽമബന്ധം സാധിച്ചെടുക്കാനാകില്ല. ഇവിടെയാണ് പ്രതിസന്ധിയിലും സ്വകാര്യ ബസുകൾ ഇന്നും പിടിച്ചു നിൽക്കുന്നതും കെ എസ്ആർ്്ടിസി ഓരോ ദിവസവും കൂടുതൽ കൂടുതൽ നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്നതും.

ബസ് ഉടമയുടെ വീട്ടിൽ കള്ളൻ കയറില്ല, കാരണം അവിടെ ഒന്നുമില്ല

യുകെയിൽ മോറിസണിലും കോ ഓപ്പറേറ്റീവ് സ്റ്റോറിലും നിത്യ വരുമാനത്തിന് ജോലി ചെയുന്ന സിബി തോമസിന് ഒരു ദിവസത്തെ അധ്വാനമായി പോലും യുകെയിൽ 15000 രൂപ കണ്ടെത്താനാകില്ല. ''ബസ് മുതലാളി എന്ന വിളിപ്പേര് പണ്ടെന്നോ ശാപം പോലെ വീണു കിട്ടിയ ഓരോ ബസ് ഉടമയും ഇന്ന് ദാരിദ്ര്യത്തിലാണ് കഴിഞ്ഞു പോകുന്നത്. ആ പിച്ചചട്ടിയിലാണ് ഇപ്പോൾ സർക്കാർ കയ്യിട്ട് വരുന്നതെന്നും സിബി തോമസ് ആരോപിക്കുന്നു. ഇന്ന് കേരളത്തിൽ ഒരു കള്ളനും ബസ് ഉടമയുടെ വീട്ടിൽ മോഷ്ടിക്കാൻ കയറില്ല. കാരണം അവിടെ ഒന്നുമില്ലെന്ന് അവർക്കറിയാം.

എന്നാൽ സർക്കാർ ജീവനക്കാരുടെയും സർക്കാർ വിരമിക്കൽ പെൻഷൻ വാങ്ങുന്നവരുടെയും വീടുകളിൽ മോഷണത്തിന് ഒരു കുറവുമില്ല, അടക്കാനാകാത്ത രോക്ഷത്തോടെയാണ് അദ്ദേഹം പ്രതികരിക്കുന്നത്.'' ഒരു പുതിയ എയർ കണ്ടീഷൻ ബസ് റോഡിൽ ഇറക്കാൻ 53 ലക്ഷം രൂപ മുതൽ മുടക്കേണ്ടി വരുന്ന ഉടമക്ക് ആ നിക്ഷേപത്തിന്റെ ആനുപാതം നോക്കുമ്പോൾ ദിവസക്കണക്കിൽ ഒരു ശതമാനം പോലും ലാഭം കിട്ടാൻ ഇപ്പോൾ മാർഗമില്ല . മറ്റേതൊരു ബിസിനസ് ആണ് ഇത്തരം ദുർഘട പാതയിൽ സഞ്ചരിക്കുന്നത്? ഞാൻ ബിസിനെസ്സിൽ ഇറങ്ങിയ 2004 ൽ ദിവസവും നാലായിരം രൂപ വരെയൊക്കെ മിച്ചം കിട്ടിയ അവസരങ്ങളുണ്ട്.

എന്നാൽ ആയിരം രൂപ പോലും ഇന്ന് കിട്ടാനില്ല. അതിനിടയിലാണ് ഇത്രയും ഉയർന്ന പിഴയുമായി ഒരു കാരണവും ഇല്ലാതെ ഉദ്യോഗസ്ഥരെ ഉറക്കമൊഴിച്ചും വഴിയിൽ പിടിച്ചു നിർത്തി സർക്കാർ ബസ് ഉടമകളെ കൊള്ളയടിക്കാൻ ഇറങ്ങുന്നത്'' , സങ്കടവും വിഷമവും ഒക്കെ ചേർത്താണ് സിബി വാക്കുകൾ പൂർത്തിയാക്കുന്നത്.

കോവിഡ് കാലത്തു സർക്കാരിനൊപ്പം നിന്ന ബസ്, നാട്ടുകാർ സ്നേഹ വലയത്തിൽ കാത്ത ബസ് ഇന്ന് നോട്ടപ്പുള്ളിയായി

കോവിഡ് കാലത്തു കർണാടകയിൽ ലോക് ഡൗണിൽ അകപ്പെട്ട വിദ്യാർത്ഥികളെ കാസർഗോഡ് നിന്നും കോട്ടയത്ത് എത്തിക്കാൻ ജീവനക്കാർക്ക് സ്വന്തം കയ്യിൽ നിന്നും 20000 രൂപ നൽകിയാണ് സിബി തോമസ് രക്ഷകനായത്. കാരണം ജില്ലാ വിട്ടു യാത്ര ചെയ്ത ഡ്രൈവറും കണ്ടക്ടറും ഏഴു ദിവസം ക്വറന്റൈൻ ഇരിക്കണം എന്നതിനാൽ ആ കൂലി കൂടി നൽകിയാണ് ബസ് കോട്ടയത്ത് നിന്നും കാസർഗോഡേയ്ക്കും പുറപ്പെട്ടത് വിദ്യാർത്ഥികൾ സുരക്ഷിതരായി വീടുകളിൽ എത്തിയപ്പോൾ പേര് സർക്കാരിനും.

ഈ കാര്യത്തിൽ ഉമ്മൻ ചാണ്ടിയുടെ അഭ്യർത്ഥന മാനിച്ചു ബാംഗ്ലൂരിൽ അകപ്പെട്ടവരെ അന്ന് കർണാടകം കോൺഗ്രസ് നേതാവ് ഡി ശിവകുമാർ കാസർഗോഡ് വരെ എത്തിക്കുകയും പിനീട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ കൂടി ആവശ്യപ്പെട്ടതോടെയാണ് സിബി തോമസ് സാഹസത്തിനു തയാറായത് .ആ ബസാണ് ഇപ്പോൾ സർക്കാർ പ്രതികാര ബുദ്ധിയിൽ പിടിച്ചെടുത്തത്.

ഇത്തരത്തിൽ നാട്ടുകാർക്ക് പലപ്പോഴും സേവനവുമായി കൂടെ നിന്നിട്ടുള്ള ബസാണ് തമിഴ്‌നാട്ടിലെ വായ്പ സ്ഥാപനം കോവിഡ് കാലത്തു അടവ് മുടങ്ങി എന്ന പേരിൽ പിടിക്കാൻ എത്തിയത്. എന്നാൽ വായ്പ സ്ഥാപനത്തിന്റെ ജപ്തി നടപ്പാക്കാൻ എത്തിയവരിൽ നിന്നും ബസ് ഒളിപ്പിക്കാൻ സിബി തോമസിന് സഹായമായി കൂടെ നിന്നതു ആ ബസ് അവരുടെ ഹൃദയത്തിൽ ഇടം നേടിയതുകൊണ്ടാണ്. പൊലീസ് സഹായവും അന്ന് സിബിക്ക് ഒപ്പമായിരുന്നു. ഒടുവിൽ ഉമ്മൻ ചാണ്ടി ഇടപെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി സറ്റാൻലിനെ അറിയിച്ചതോടെ തമിഴ്‌നാട് സ്ഥാപനവും വായ്പയിൽ ഇളവ് നൽകി സഹായിച്ചു.

എന്നാൽ വായ്പ എടുത്ത തുകയ്ക്ക് കോവിഡ് കാലത്തു ഓടാതെ കിടന്ന ബസിനു ഏഴു ലക്ഷം രൂപ പലിശ മാത്രം അടയ്ക്കാൻ പറഞ്ഞ അനുഭവമാണ് കേരളത്തിൽ സിബിക്ക് ഉണ്ടായത്. വിദേശത്തു നഴ്സ് ആയ ഭാര്യ അയച്ച പണമൊക്കെ ബസ് വ്യവസായത്തിൽ നഷ്ടപ്പെടുത്തിയ അനുഭവമാണ് സിബിക്ക് ഉള്ളത്. 2004 ൽ കുടുംബ സ്വത്തു വിറ്റു കിട്ടിയ പണം ഉപയോഗിച്ചാണ് സിബി ആദ്യ ബസ് വാങ്ങുന്നതും.

മുന്നോട്ടു ഒരിഞ്ചു നീങ്ങാനാകാത്ത നിലയിൽ ബസ് വ്യവസായം

ഇത്തരത്തിലാണ് കേരാളത്തിൽ സർക്കാർ ബസ് വ്യവസായത്തെ കരുതൽ നൽകി നശിപ്പിക്കുന്നതെങ്കിൽ തന്റെ രണ്ടു ബസുകളും കയ്യൊഴിയേണ്ടി വരുമെന്നാണ് സിബി കരുതുന്നത്. യുകെയിൽ സാധാരണക്കാരിൽ സാധാരണക്കാരനായ താൻ ദിവസക്കൂലിക്ക് അധ്വാനിക്കേണ്ടി വരുന്ന സാഹചര്യത്തിൽ നിന്നും കേരളത്തിലെ ഒരു ബസ് ഉടമയുടെ അവസ്ഥ ആർക്കും ഊഹിക്കാനാകും. ബസ് കൊണ്ട് കുടുംബം പുലരില്ല എന്ന് വ്യക്തമായപ്പോഴാണ് ഭാര്യക്ക് ലഭിച്ച കെയർ ഹോം ജോലിക്കൊപ്പം ഇക്കഴിഞ്ഞ മെയ് മാസത്തിൽ സിബി യുകെയിൽ എത്തുന്നതും. ഇന്നുവരെ ഒരു ദിവസം പോലും രാത്രി ബസിനെക്കുറിച്ചുള്ള ആധിയോർത്തു നാട്ടിലേക്ക് വിളിക്കാതിരിക്കാൻ കഴിഞ്ഞിട്ടില്ല. അത്രയ്ക്ക് ടെൻഷനാണ്.

ദിവസം ആയിരം കിലോമീറ്റർ ഓടി വരുന്ന ഒരു ബസ് അറ്റകുറ്റപ്പണി നടത്താൻ മാത്രമാണ് ഇപ്പോൾ നേരമുള്ളത്. റോഡിലെങ്ങും ക്യാമറ വന്നതോടെ വേഗത കുറഞ്ഞു, തേയ്മാനം കൂടി, ഡീസൽ ഉപയോഗം വർധിച്ചു. ഇതെല്ലം ഉടമയുടെ പോക്കറ്റിൽ നിന്നുമാണ് ചോരുന്നത്. സർക്കാർ ബസിൽ ജീവനക്കാർക്ക് ശമ്പളം പോലും നൽകാതെ പ്രയാസപ്പെടുമ്പോൾ അതേ സേവനമേഖലയിൽ ഒരു സ്വകര്യ ബസിൽ പോലും ജീവനക്കാർ ശമ്പള കുടിശികയോടെ ജോലി ചെയ്യുന്നുമില്ല.

എന്നാൽ പതിനായിരക്കണക്കിന് സ്വകാര്യ ബസ് ഓടിയ കേരളത്തിൽ ഇപ്പോൾ അവയുടെ എണ്ണം 5000 ൽ താഴേക്ക് എത്തിയത് മാത്രം മതിയാകുമല്ലോ ഇക്കാര്യത്തിൽ ഇനിയങ്ങോട്ട് എന്താണ് സംഭവിക്കാൻ ഇരിക്കുന്നതെന്നു മനസിലാക്കാൻ എന്നും ഹൃദയ വേദനയോടെയാണ് സിബി ചോദിക്കുന്നത്. ഇത്തരത്തിലാണ് അധികകാലം തനിക്കും ബസ് നടത്തിപ്പുമായി മുന്നോട്ടു പോകാനാകില്ല എന്നാണ് പ്രവാസി സ്നേഹികളായ കേരള സർക്കാരിനോട് നടത്താനുള്ള വേദന നിറഞ്ഞ അപേക്ഷ.