തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷനേതാവിന് മറുപടിനല്‍കാന്‍ മന്ത്രി വിണാ ജോര്‍ജിന് മൂന്നാമതും അവസരം നല്‍കാത്തതില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനോട് സിപിഎമ്മിന് അതൃപ്തി. ഇക്കാര്യം പാര്‍ട്ടി സ്പീക്കറെ അറിയിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങളില്‍ സര്‍ക്കാരിനെയും മന്ത്രി വീണാ ജോര്‍ജിനെയും വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വീ.ഡി. സതീശന്‍ ആഞ്ഞടിച്ചിരുന്നു. സ്പീക്കര്‍ക്കെതിരെ മന്ത്രിമാര്‍ സഭയില്‍ പ്രതിഷേധിച്ച സംഭവമാണ് ഇത്. മന്ത്രിയ്ക്ക് വേണ്ട പരിഗണന സ്പീക്കര്‍ നല്‍കിയില്ലെന്നാണ് ആക്ഷേപം.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇരയ്‌ക്കൊപ്പംനിന്ന നഴ്‌സിനെ ആരോഗ്യമന്ത്രി ഇടുക്കിയിലേക്കു സ്ഥലംമാറ്റിയെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. ഉപക്ഷേപനോട്ടീസിന് രണ്ടുവട്ടം മറുപടിനല്‍കിയ മന്ത്രി വീണാ ജോര്‍ജ്, പ്രതിപക്ഷവാക്കൗട്ടിനുശേഷം വീണ്ടും സംസാരിക്കാന്‍ എഴുന്നേറ്റത് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പൂര്‍ണമായി അനുവദിച്ചില്ല. ഇതു കാരണം ചര്‍ച്ചകളില്‍ പ്രതിപക്ഷത്തിന് മുന്‍തൂക്കം കിട്ടിയെന്നാണ് ആരോപണം.

പെട്ടന്നു മറുപടിപറയാന്‍ സ്പീക്കര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. മന്ത്രിയുടെ മറുപടി നീണ്ടതോടെ സ്പീക്കര്‍ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ പ്രസംഗിക്കാന്‍ ക്ഷണിച്ച് മന്ത്രിയുടെ മൈക്ക് ഓഫ് ചെയ്തു. മറുപടിപറയാന്‍ ചട്ടമുണ്ടെന്ന് മന്ത്രി വീണ ചൂണ്ടിക്കാട്ടി. അത് എഴുതിനല്‍കാന്‍ സ്പീക്കറും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, വി. ശിവന്‍കുട്ടി, ആര്‍. ബിന്ദു തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബഹളമുണ്ടായത്. പിന്നീട് പ്രതിപക്ഷകക്ഷി നേതാക്കളുടെ പ്രസംഗത്തിനുശേഷം മന്ത്രിക്ക് വീണ്ടും പ്രസംഗിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. മുമ്പ് പ്രതിപക്ഷത്തിരുന്നപ്പോള്‍ കെ എം മാണിക്കെതിരെ ശിവന്‍കുട്ടിയുടെ ബഹളം വിവാദമായിരുന്നു. ഇതിന് ശേഷം ആദ്യമായാണ് ശിവന്‍കുട്ടിയ്ക്ക് പോലും പ്രതിഷേധിക്കേണ്ടി വന്നത്.

വീണാ ജോര്‍ജിനോട് ഇത് അല്ല ചെയ്യേണ്ടി ഇരുന്നതെന്നാണ് സിപിഎം നിലപാട്. മുമ്പ് മന്ത്രി മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഷംസീറിനെതിരെ ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നു. സ്പീക്കറായ ശേഷം അതെല്ലാം മാറുകയും സര്‍ക്കാരുമായി പൂര്‍ണ്ണമായും സഹകരിക്കുകയും ചെയ്തു. ഇത് തുടരണമെന്നാണ് സിപിഎമ്മിന്റേയും ആവശ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മും പിണറായി സര്‍ക്കാരും പ്രതിസന്ധിയിലാണ്. ഇതിനൊപ്പം സ്പീക്കര്‍ കൂടി എതിര്‍ നിലപാട് എടുത്താല്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് സിപിഎം നിലപാട്.

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച അടിയന്തരപ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷത്തിന്റെ നോട്ടീസ് അവതരണത്തിനിടെ നിയമസഭയില്‍ മന്ത്രി എം.ബി. രാജേഷന്റെ അഭിപ്രായം തിരുത്തിയ സ്പീക്കറുടെ നടപടിയും ചര്‍ച്ചയായിരുന്നു. അന്ന് നോട്ടീസ് അവതരിപ്പിക്കാന്‍ നജീബ് കാന്തപുരം എം.എല്‍.എക്ക് ചെയര്‍ അനുവദിച്ച സമയത്തെച്ചൊല്ലിയുള്ള മന്ത്രിയുടെ പരാതിയിലാണ് എ.എന്‍. ഷംസീറിന്റെ തിരുത്തുണ്ടായത്. സമയം അനുവദിക്കുന്നതില്‍ പ്രതിപക്ഷ എം.എല്‍.എമാരോട് കാണിക്കുന്ന ഉദാരത മന്ത്രിമാരോടും വേണമെന്നായിരുന്നു എം.ബി. രാജേഷിന്റെ ആവശ്യം. ഇതിലാണ് സ്പീക്കര്‍ വ്യക്തതവരുത്തിയത്.

തന്റെ നിയോജകമണ്ഡലത്തിലെ പട്ടാമ്പി റോഡില്‍ ഒരു ഗര്‍ഭിണി വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ഗര്‍ഭഛിദ്രം സംഭവിച്ചെന്നും ഈ കൊലക്കുറ്റത്തിന് ആരുടെ പേരിലാണ് കേസ് എടുക്കുകയെന്നും നജീബ് കാന്തപുരം ചോദിച്ചിരുന്നു. പ്രസംഗം അവസാനിപ്പിച്ച് നജീബ് കാന്തപുരം നോട്ടീസിന് അവതരണാനുമതി തേടുന്നതായി വ്യക്തമാക്കിയതിന് പിന്നാലെ സ്പീക്കര്‍ മറുപടി പറയാന്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ക്ഷണിച്ചു. ഇതിനിടെ തദ്ദേശമന്ത്രി എം.ബി. രാജേഷ് ഇടപെടുകയായിരുന്നു.

'16 മിനിറ്റും 22 സെക്കന്‍ഡുമാണ് അങ്ങ് ഉദാരമായി അനുവദിച്ചത്. ഒരു വിരോധവുമില്ല. അങ്ങ് മന്ത്രിമാരെ കര്‍ശനമായി നിയന്ത്രിക്കാറുണ്ട്. ഈ ഉദാരത മന്ത്രിമാരോടും കാണിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു', എന്ന് എം.ബി. രാജേഷ് പറഞ്ഞു. പിന്നാലെ ഇതിന് വിശദീകരണം നല്‍കിയ സ്പീക്കര്‍ പറഞ്ഞത് ഇങ്ങനെ: 'മന്ത്രി പറഞ്ഞത് തെറ്റാണ്. തെറ്റായാണ് മന്ത്രി മനസിലാക്കിയത്. അത് ഡിജിറ്റല്‍ ക്ലോക്കിലെ തെറ്റാണ്. അദ്ദേഹം 10 മിനിറ്റേ എടുത്തിട്ടുള്ളൂ', തുടര്‍ന്ന് മന്ത്രി റിയാസ് മറുപടി നല്‍കുകയും ചെയ്തിരുന്നു.