ലണ്ടൻ: കൊന്നിട്ടും കലിയടങ്ങാത്ത പക..... ഇന്നലെ നോർത്താംപ്ടൺ ക്രൗൺ കോടതി 40 വർഷത്തേക്ക് ജയിൽ ശിക്ഷ നൽകിയ സാജുവിന്റെ മനസിപ്പോൾ വായിച്ചെടുക്കാൻ കഴിയുന്നത് ഇങ്ങനെയാണ്. ഭാര്യയോടൊപ്പം ജീവിക്കുമ്പോൾ തന്നെ സംശയരോഗം മൂത്തു മാനസിക നില കൈവിട്ട നിലയിൽ പെരുമാറിയ സലജു കൊലപാതകത്തിന് ശേഷം തനിക്ക് ഉറപ്പായ ശിക്ഷയിൽ ഇളവ് ലഭിക്കാൻ വേണ്ടിയുള്ള ശ്രമത്തിൽ നടത്തിയതു ഭാര്യയെ സ്വഭാവഹത്യ ചെയ്യുന്നതിന്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരെയും കോടതിയെയും അമ്പരപ്പിച്ചെന്നു വ്യക്തം.

താൻ നടത്തിയ കൊലപാതകത്തെ കുറിച്ചു റിമാൻഡിൽ കഴിഞ്ഞ ആറു മാസവും കെറ്ററിങ്ങിലെ പരിചയക്കാരായ മലയാളികളോട് ഒരക്ഷരം പറയാതെ സൂക്ഷിച്ച സാജു, വേണ്ടതിൽ അധികം കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരോട് സംസാരിച്ചതായി പ്രോസിക്യൂഷൻ വാദങ്ങൾ തന്നെയാണ് തെളിയിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബർ 15നു കൊല്ലപ്പെട്ട കെറ്ററിങ്ങിലെ മലയാളി നഴ്സ് അഞ്ചുവിന്റെയും മക്കളായ ജീവയുടെയും ജാൻവിയുടെയും മരണത്തിനു കാരണക്കാരൻ ആയ സാജു ചെലവേലിനുള്ള ശിക്ഷ വിധിയിൽ ഇതുവരെ പുറത്തു വരാത്ത ഒട്ടേറെ കാര്യങ്ങളാണ് പുറംലോകത്തെ തേടി എത്തികൊണ്ടിരിക്കുന്നത്.

കൊലപാതകക്കേസിൽ അറസ്റ്റിൽ ആയി റിമാൻഡിൽ ജയിലിൽ കഴിയവേ സാജു പലവട്ടം മലയാളി സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെട്ടപ്പോഴൊക്കെ പ്രകോപന കാരണം തിരക്കുമ്പോൾ അൽപനേരം സ്വബോധം നഷ്ടപ്പെട്ടവനെ പോലെ കരയുകയും പിന്നീട് തനിക്കൊന്നും അറിയില്ല എന്ന പതിവ് പല്ലവി ആവർത്തിക്കുകയും ആയിരുന്നു ചെയ്തിരുന്നത്. ആദ്യ ദിവസങ്ങളിൽ ജയിൽ ഭക്ഷണം ഇഷ്ടപ്പെടാത്തതും നാട്ടിൽ അമ്മയെ വിളിക്കാൻ ഫോൺ ഇല്ലാത്തതിനും പണം തേടിയാണ് സാജു മലയാളികളെ ബന്ധപ്പെട്ടത്. ഈ പണത്തിനായി തന്റെ കാർ വിറ്റു തരണം എന്നതായിരുന്നു പ്രധാന ആവശ്യം. ഈ സമയങ്ങളിൽ മിക്ക ദിവസവും പതിവ് തെറ്റാതെ ജയിൽ ഫോണിൽ നിന്നും സജു വിളിച്ചിരുന്നെങ്കിലും ഒരിക്കലും കൊലപാതകങ്ങൾക്കുള്ള പ്രേരണ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല.

ഭാര്യയെ സംശയിക്കുന്ന വിവരം പങ്കിട്ടത് അന്വേഷണ ഉദ്യോഗസ്ഥരോട്, വിവാഹ മോചനം ആലോചിച്ചെങ്കിലും നടന്നില്ലെന്നും മൊഴി

കൊലപാതകത്തിന് തന്റെ ഭാഗത്തു നിന്നും ന്യായമായ ഒരു കാരണം കണ്ടെത്തുന്നതിനാണ് സാജു ശ്രമം നടത്തിയത്. ഇതിനായി ഭാര്യയെ സ്വഭാവ ദൂഷ്യത്തിന് കുറ്റപ്പെടുത്തുക എന്നതായിരുന്നു ഏറ്റവും എളുപ്പവഴിയെന്നു കൊലപാതകി കരുതി. സ്വകാര്യ ദൃശ്യങ്ങൾ അടക്കം ഏതോ രഹസ്യ പങ്കാളിക്ക് കൈമാറുന്നു എന്നായിരുന്നു സാജുവിന്റെ ആവർത്തിച്ചുള്ള മൊഴി. എന്നാൽ ഇതിൽ കാരണം തിരക്കി അഞ്ജുവിന്റെ ഫോൺ പരിശോധിച്ച പൊലീസിന് സാജു പറയുന്ന തരത്തിൽ ഉള്ള ഒരു തെളിവും കണ്ടെത്താനായില്ല.

ഫോൺ ഉപയോഗിക്കാതെ ഹോസ്പിറ്റലിലെ ഔദ്യോഗിക ഇമെയിൽ ആണ് തന്നെ വഞ്ചിക്കാൻ ഭാര്യ ഉപയോഗിച്ചതെന്നും അയാൾ ആവർത്തിച്ചപ്പോൾ പൊലീസ് ഇമെയിലും തുറന്നു പരിശോധിച്ചു. എന്നാൽ അവിടെയും അഞ്ജുവിനെ മോശക്കാരിയാക്കാനുള്ള ഒന്നും കണ്ടെത്താനായില്ല. ഇതോടെ സാജു മനഃപൂർവം ഒരു കഥ മെനഞ്ഞെടുക്കുക ആയിരുന്നു എന്ന് കോടതിക്കും ബോധ്യപ്പെടുക ആയിരുന്നു.

ഭാര്യയിൽ വിശ്വാസമില്ലായതായതോടെ ഒരു ഘട്ടത്തിൽ താൻ വിവാഹ മോചനം ആഗ്രഹിച്ചിരുന്നതായും എന്നാൽ അതിനു വേണ്ട വിധത്തിൽ മുന്നോട്ട് പോകാനായില്ല എന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം വെളിപ്പെടുത്തിയത് ഭാര്യ മൂലം തനിക്ക് പരിധിയിൽ കവിഞ്ഞ ശല്യം ഉണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും അതുവഴി ശിക്ഷ കാലാവധി കുറപ്പിക്കാൻ കഴിയും എന്നതുമായിരുന്നു സാജുവിന്റെ ചിന്ത. പക്ഷെ സാജു പറഞ്ഞ കഥകൾ ഒന്നൊന്നായി പൊളിഞ്ഞു വീണത് അയാളുടെ സ്വന്തം ഫോൺ പൊലീസ് പരിശോധിച്ചതോടെയാണ്.

വിധിയറിഞ്ഞു സാജുവിന്റെയും അഞ്ജുവിന്റെയും വീടുകളിൽ പൊട്ടിക്കരച്ചിൽ

കോടതിയിൽ നടന്ന കാര്യങ്ങൾ സാജുവിന്റെയും അഞ്ജുവിന്റെയും വീടുകളിൽ അറിയിച്ചതുകൊലപാതകത്തിന് ശേഷം അഞ്ജുവിന്റെ നെക്സ്റ്റ് ഓഫ് കിൻ ആയി മാറിയ മനോജ് മാത്യു ആയിരുന്നു. ഇനി പരോൾ പോലും ലഭിക്കാത്ത ശിക്ഷയിലൂടെ നാൽപതു വർഷത്തേക്ക് സാജുവിനെ കാണാൻ പോലും ആകില്ലെന്ന് കേട്ട് വൃദ്ധയായ മാതാവും അമ്മയെ ശുശ്രൂഷിക്കാൻ കൂടെയുള്ള സഹോദരിയും പൊട്ടിക്കരയുക ആയിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന് അവരെ നേരത്തെ ധരിപ്പിച്ചിരുന്നെങ്കിലും കോടതിയിൽ നടന്ന കാര്യങ്ങൾ കേൾക്കുവാൻ പോലും അവരെ സംബന്ധിച്ചിടത്തോളം പ്രയാസകരം ആയിരുന്നു.

എന്നാൽ തികച്ചും വൈകാരികമായ മറ്റു ചില രംഗങ്ങളാണ് അഞ്ജുവിന്റെ വീട്ടിൽ അരങ്ങേറിയത്. മകളുടെ മരണ ശേഷം നെഞ്ചു വേദന മൂലം പലവട്ടം ആശുപത്രിയിൽ പോകേണ്ടി വന്ന അച്ഛനും അമ്മയും കൊലപാതകിയായ മരുമകൻ തങ്ങളുടെ മകളെ അവൾ ഒരിക്കലും ചെയ്യാത്ത കാര്യത്തിന്റെ പേരിൽ സ്വഭാവഹത്യ നടത്തുവാനും മോശക്കാരിയാക്കുവാനും ശ്രമിച്ചതിലാണ് ഏറെ സങ്കടപ്പെട്ടത്. കൊന്നിട്ടും അവന്റെ പക അടങ്ങിയില്ലല്ലോ എന്ന സങ്കടമാണ് ഇപ്പോൾ ആ മാതാപിതാക്കൾക്ക്. എന്തിനാണ് അവൻ വീണ്ടും വീണ്ടും മകളുടെ ആത്മാവിനെ പോലും ദ്രോഹിക്കുന്നത് എന്നതാണ് അവർക്ക് മനസിലാകാതെ പോകുന്നത്. ചുരുക്കത്തിൽ കൊന്നിട്ടും പകയടങ്ങാത്ത ഒരു ക്രൂരതയാണ് സാജു എന്ന പേരിൽ പോലും മാതാപിതാക്കളുടെ മുന്നിലേക്ക് എത്തുന്നത്.

ഒരു പക്ഷെ ജയിലിലെ ഇരുട്ടറയിൽ ഉറക്കം നഷ്ടപ്പെടുന്ന രാത്രികളിൽ താൻ എന്തിന് ഇങ്ങനെയൊക്കെ ചെയ്തു കൂട്ടി എന്ന് സാജുവും ചിന്തിക്കുമായിരിക്കാം. അല്ലലില്ലാതെ കഴിയാൻ സാധിക്കുന്ന നാട്ടിൽ എത്തി ഭാര്യയോടും മക്കളോടൊപ്പം ഒപ്പം എന്ത് പ്രയാസം ഉണ്ടായാലും സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന അവസരം ഇല്ലാതാക്കിയ സാജുവും ജീവിതത്തിന്റെ അവസാന നാളുകളിൽ മകന്റെ സ്നേഹവും സാന്ത്വനവും കൂടുതലായി കിട്ടാൻ ആഗ്രഹിച്ച വൃദ്ധ മാതാവ് ഇനി മരണ വേളയിൽ വായ്ക്കരിയിടാൻ പോലും അവൻ എത്തില്ലെന്നറിഞ്ഞു ഓരോ നിമിഷവും മനസ് നീറുന്ന ഒരു അമ്മയും സ്വന്തം ആഗ്രഹത്തോടെ പ്രായ വത്യസം പോലും കണക്കിലെടുക്കാതെ മനസ് നിറയെ സ്നേഹവുമായി ഒരാളുടെ ജീവിതത്തിൽ തണലേകാൻ എത്തി അതേ കൈകളിലൂടെ കഴുത്തു ഞെരിച്ചു കൊല്ലപ്പെടാൻ വിധിക്കപ്പെട്ട മകളുടെയും പേരക്കുട്ടികളുടെയും ദുർവിധിയിൽ നീറിപ്പുകയാന് വിധിക്കപ്പെട്ട മാതാപിതാക്കളുമാണ് ഇപ്പോൾ ഈ കൂട്ടക്കൊലപാതകത്തിലെ നിത്യ സാക്ഷികളായി മാറുന്നത്.

മറ്റെല്ലാവരും അൽപ നാളുകൾ കൂടി കഴിയുമ്പോൾ അഞ്ചുവിനെയും സാജുവിനെയും ഒക്കെ മറന്നാലും സാജുവിന്റെയും അയാളുടെ വൃദ്ധ മാതാവിന്റെയും അഞ്ജുവിന്റെ മാതാപിതാക്കളുടെയും ശേഷ ജീവിതത്തിൽ ഒരു കൂട്ടക്കൊലപാതകം സൃഷ്ടിച്ച ആധിയും വ്യാധിയും ഒക്കെ ഓരോ നിശ്വാസത്തിലും കൂടെയുണ്ടാകും, അത് മാത്രമാണ് കെറ്ററിങ് കൂട്ടക്കൊലയുടെ ബാക്കിപത്രവും.