ലണ്ടൻ: കരുവന്നൂരിൽ ജന്മ സമ്പാദ്യം മുഴുവൻ നിക്ഷേപിച്ചത് കണ്ണിൽ നിന്നും പറന്നകലുന്നത് കണ്ടു ഹൃദയവേദനയോടെ നെഞ്ചു തകർന്നു മരിക്കുന്നവരുടെ കൂട്ടത്തിലേക്ക് ഒരു പ്രവാസി കൂടി. കരുവന്നൂരിൽ പണം നഷ്ടമായതറിഞ്ഞ് ഇതുവരെ മരിച്ച അരഡസൻ പേരിലേക്ക് ഒരാൾ കൂടി ചേർക്കപ്പെടുന്നത് അയ്യായിരം മൈൽ അകലെ അയർലണ്ടിൽ നിന്നാണെന്ന വ്യത്യാസം മാത്രം. കാരണം സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിച്ച വിൻസന്റ് തണുത്തുറഞ്ഞ യൂറോപ്പിൽ ജീവിതം അറിയാതെ അധ്വാനിച്ചു ഉണ്ടാക്കിയ പണമാണ് സിപിഎം ഭരണസമിതി തട്ടിയെടുത്തത് അറിഞ്ഞു മനോവിഷമത്തിൽ ഹൃദയം തകർന്നു മരിച്ചത്.

ഇനി അധികകാലം കൂടി ഇവിടെ ജീവിക്കാനാകില്ല എന്നുറപ്പാക്കി നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം വളരവേയാണ് ബാങ്കിൽ ഇട്ട പണം നഷ്ടമായി എന്ന് വിൻസെന്റ് അറിയുന്നത്. ഇതോടെ വെറും കയ്യോടെ നാട്ടിലേക്ക് മടങ്ങേണ്ടി വരുമല്ലോ എന്ന ചിന്ത വിൻസെന്റിനെ വല്ലാതെ തളർത്തിയിരുന്നു, ഇനി ജോലി ചെയ്തു സമ്പാദിക്കാനുള്ള പ്രായവും ആരോഗ്യവും ബാക്കിയില്ല എന്നാണ് ഇദ്ദേഹം നാട്ടുകാരായ സുഹൃത്തുക്കളോട് അവസാനമായി പറഞ്ഞത്.

ബാങ്ക് ഇരിക്കുന്ന നാട്ടുകാരൻ കൂടിയായതിനാൽ മറ്റേതൊരു പ്രവാസിയെക്കാളും ബാങ്ക് തട്ടിപ്പ് വാർത്തകൾ മാധ്യമങ്ങൾ വഴി അല്ലാതെ വീട്ടുകാരും നാട്ടുകാരും പരിചയക്കാരും ഒക്കെ പങ്കുവയ്ക്കുന്ന വിശേഷങ്ങൾ വഴിയാണ് വിൻസെന്റും അറിഞ്ഞിരുന്നത്. രണ്ടു പെണ്മക്കൾ വിവാഹിതരായി നാട്ടിൽ തന്നെ കഴിയുന്നതും വിൻസെന്റിനും ഭാര്യക്കും വേഗം നാട്ടിലേക്ക് എത്താനുള്ള മറ്റൊരു കാരണമായിരുന്നു. ഏക മകൻ യുകെയിൽ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നതിനാൽ അവന്റെ പഠനം പൂർത്തിയാകാൻ കാത്തിരിക്കുക ആയിരുന്നു ഇരുവരും.

അപ്രതീക്ഷിതമായാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അയർലന്റിലെ ദ്രോഗഡയിൽ വച്ച് 66കാരനായ വിൻസെന്റിന്റെ മരണം സംഭവിച്ചത്. ഭാര്യ താര വിൻസന്റ് (റിട്ടയേർഡ് സ്റ്റാഫ് നഴ്സ്, ലൂർദ്ദ് ഹോസ്പിറ്റൽ, ദ്രോഗഡ). സംസ്‌കാരം നാട്ടിൽ വച്ച് നടത്താനാണ് പ്രിയപ്പെട്ടവർ തീരുമാനിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും തുടർനടപടികൾ പൂർത്തീകരിക്കുന്നതിനും ദ്രോഗഡയിലെ വിവിധ ഇന്ത്യൻ സംഘടനകൾ കുടുംബത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ദ്രോഗഡ മലയാളി അസോസിയേഷന്റെ ആദ്യകാല അംഗമായിരുന്ന വിൻസന്റ് ചിറ്റിലപ്പിള്ളി. അദ്ദേഹത്തിന്റെ വേർപാടിൽ ഡിഎംഎ അനുശോചനം രേഖപ്പെടുത്തി.

കരുവന്നൂർ ബാങ്കിൽ നിക്ഷേപം ഉണ്ടായിരുന്ന വിൻസന്റ് തന്റെ സമ്പാദ്യത്തിന്റെ മുഖ്യഭാഗവും ഇവിടെ നിക്ഷേപിച്ചിരുന്നതായും എന്നാൽ ഇപ്പോൾ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് പോലും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് വിൻസന്റിന്റെ കുടുംബമെന്നും കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ അനിൽ അക്കര ആരോപിച്ചതോടെയാണ് സംഭവം പൊതു സമൂഹത്തിന് മുന്നിലെത്തുന്നത്. കരുവന്നൂർ സ്വദേശി വിൻസെന്റ് സമ്പാദിച്ചതെല്ലാം കരുവന്നൂർ ബാങ്കിലാണ് നിക്ഷേപിച്ചിട്ടുള്ളത്.

വിൻസെന്റ് ചിറ്റിലപ്പള്ളി അയർലൻഡിലെ ദ്രോഗഡയിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്ട്രോക്ക് മൂലമാണ് അന്തരിച്ചത്. റിട്ടയർമെന്റ് ജീവിതം നാട്ടിൽ ആക്കാം എന്നാണ് വിൻസന്റും ഭാര്യ താര വിൻസന്റും ആഗ്രഹിച്ചിരുന്നത്. ഇതേ തുടർന്ന് ദ്രോഗഡയിലെ ലൂർദ്ദ് ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തിരുന്ന താരയുടെ സമ്പാദ്യമുൾപ്പടെ കരുവന്നൂരിൽ നിക്ഷേപിക്കുകയായിരുന്നു. ഇവരുടെ മക്കൾ നാട്ടിലാണ് താമസിച്ചിരുന്നത്. അതുകൊണ്ടാണ് ഈ തീരുമാനം എടുത്തത്. എന്നാൽ ബാങ്ക് തട്ടിപ്പ് എല്ലാ പ്രതീക്ഷകളേയും മാറ്റി മറിച്ചു. അതിനിടെ വിൻസന്റ് ചിറ്റിലപ്പള്ളിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുവാൻ അടിയന്തരമായി സർക്കാർ സഹായം ഉണ്ടാകണമെന്നും അനിൽ അക്കര അവശ്യപ്പെട്ടു.

ബാങ്കിൽ തട്ടിപ്പ് നടന്ന വിവരം പുറത്തു വന്നതോടെ നിക്ഷേപം തിരികെ ലഭിക്കാൻ ശ്രമിച്ചു. കിട്ടിയില്ല. ഇതോടെ കടുത്ത മാനസിക വിഷമത്തിലും സാമ്പത്തിക പ്രയാസത്തിലും ആയിരുന്നു വിൻസന്റും കുടുംബവും. ഇവരുട മക്കളായ തുഷാര വിൻസന്റ്, അമൂല്യ വിൻസന്റ് എന്നിവർ വിവാഹിതരായി നാട്ടിലാണ് ഉള്ളത്. മകൻ അഭയ് വിൻസന്റ് യുകെയിൽ വിദ്യാർത്ഥിയും. അച്ഛന്റെ വേദന ഇവർക്കും അറിയാം. ദ്രോഗഡ മലയാളി അസോസിയേഷന്റെ ആദ്യകാല അംഗമായിരുന്ന വിൻസന്റ് ചിറ്റിലപ്പിള്ളി അയർലൻഡ് മലയാളികൾക്ക് ഏറെ പ്രീയപ്പെട്ടവനായിരുന്നു. ഈ പ്രവാസികളും ഇതേ അഭിപ്രായക്കാരാണ്.

അയർലണ്ടിലെ ദ്രോഗഡയിൽ ആദ്യമായി എത്തിയ മലയാളി കുടുംബങ്ങളിൽ ഒന്നായിരുന്നു ഇദ്ദേഹത്തിന്റേത്. വിൻസെന്റ് ചിറ്റിലപ്പിള്ളിയുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് അയർലണ്ടിലെ മലയാളിസമൂഹം, മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാരിന്റെ സഹായം വേണം എന്നതാണ് അവസ്ഥ.