വിസ തട്ടിപ്പ് എന്നത് മലയാളിക്ക് പുതിയൊരു കാര്യമൊന്നുമല്ല. നേരത്തേ ഗൾഫ് നാടുകളിലേക്ക് കുടിയേറാൻ ആഗ്രഹിച്ചിരുന്നവരായിരുന്നു ഇത്തരക്കാരുടെ തട്ടിപ്പിന് കൂടുതലായി ഇരയായി കൊണ്ടിരുന്നത്. എന്നാൽ, ഗൾഫിൽ ജോലി സാധ്യതകൾ മങ്ങിയപ്പോൾ, ബ്രിട്ടൻ പോലുള്ള രാജ്യങ്ങളിൽ അവസരങ്ങൾ വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ ഇറങ്ങിയിരിക്കുന്നത്.

കഴിഞ്ഞ മാസമായിരുന്നു വിസിറ്റിങ് വിസയിൽ യു കെയിൽ എത്തിച്ചിട്ട് അഭയാർത്ഥി വിസയിലേക്ക് മാറ്റാമെന്ന വാഗ്ദാനം നൽകി മൂന്ന് മലയാളികളെ തട്ടിപ്പിനിരയാക്കിയ കഥ മാധ്യമങ്ങളിൽ വന്നത്. 3 ലക്ഷം രൂപ വീതമായിരുന്നു തട്ടിപ്പുകാർ ഇവരിൽ നിന്നും കൈക്കലാക്കിയത്. എന്നാൽ, മാധ്യമങ്ങളിലൂടെ സത്യാവസ്ഥ അറിഞ്ഞ അവർ യാത്ര റദ്ദ് ചെയ്യുകയായിരുന്നു. ഇപ്പോൾ അവർ വർക്കിങ് വിസയ്ക്കായി ശ്രമിക്കുകയാണെന്ന് അറിയുന്നു.

എന്നാൽ, ഇപ്പോഴും ധാരാളം മലയാളികൾ ഇത്തരം തട്ടിപ്പു സംഘങ്ങളുടെ വലയിൽ പെട്ട് വിസിറ്റിങ് വിസയിൽ യു കെയിൽ എത്തുന്നു എന്നാണ് സൂചന. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈസ്റ്റ് ഹാമിൽ താമസിക്കുന്നതിനിടയിൽ മരണപ്പെട്ട തിരുവനന്തപുരം സ്വദേശിയായ സ്ത്രീയുടെ കഥ. ഭർത്താവുമൊത്ത് ആറു മാസത്തെ വിസിറ്റിങ് വിസയിൽ എത്തിയ ഇവർ ഈസ്റ്റ് ഹാമിൽ താമസിച്ചു വരവെ പെട്ടെന്ന് അസുഖം ബാധിച്ച് മരിക്കുകയായിരുന്നു.

സാധാരണ ഗതിയിൽ വിസിറ്റിങ് വിസയിൽ യു കെയിൽ എത്തുമ്പോൾ ഒരു സ്പോൺസർ ഉണ്ടായിരിക്കും. സ്പോൺസർ ഈ സന്ദർശന വിവരം ഹോം ഓഫീസിനെ അറിയിക്കുകയും, സന്ദർശകർ യു കെയിൽ ആയിരിക്കുന്നിടത്തോളം കാലം അവരുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുകയും വേണം. എന്നാൽ, ഇക്കാര്യത്തിൽ സ്പോൺസർ ഒരു ഉത്തരവാദിത്ത്വവും ഏറ്റെടുത്തില്ല. ഇവരുടെ സ്പോൺസർ എവിടെ? ഈ മൃതശരീരം നാട്ടിലേക്ക് അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് അയാൾ എന്ത് ചെയ്തു? ഇവർക്ക് എന്തെങ്കിലും ധന സഹായം ലഭ്യമാക്കിയോ എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ഉയരുകയാണ്.

ഈസ്റ്റ് ഹാമിൽ ഇവരുമായി അടുപ്പമുള്ളവർ പറയുന്നത് നാട്ടിൽ ലക്ഷക്കണക്കിന് രൂപ മുടക്കിയാണ് ഇവർ ഈ വിസ സംഘടിപ്പിച്ചത് എന്നാണ്. ഇന്റർനെറ്റിന്റെ കാലത്തും, പണം കൊടുത്താൽ യു കെയിലേക്ക് വിസ എളുപ്പത്തിൽ നേടാമെന്നും, ഇവിടെയെത്തിയാൽ അത് മാറ്റി അഭയാർത്ഥി വിസ ആക്കാമെന്നും, അങ്ങനെ എളുപ്പത്തിൽ ജോലിക്ക് കയറാം എന്നുമൊക്കെ ചിന്തിക്കുന്നവർ കേരളത്തിൽ ഉണ്ട് എന്നതാണ് അദ്ഭുതകരമായ കാര്യം.

ഏതായാലും, മനുഷ്യത്വം വറ്റാത്ത യു കെ മലയാളികളും, ഇന്ത്യൻ ഹൈക്കമീഷനും, നോർക്കയും എല്ലാം ചേർന്ന് ഈ സ്ത്രീയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. പക്ഷെ ഇനിയും ഇത്തരത്തിലുള്ള ഒഴുക്ക് യു കെയിലെക്ക് ഉണ്ടാകും എന്നാണ് ആശങ്ക. നിയമവിരുദ്ധമായി തൊഴിലാളികളെ നിയമിക്കാൻ യു കെയിൽ പലരും മടിക്കും. വർക്ക് പെർമിറ്റ് ഇല്ലാത്തവരെ ജോലിക്കെടുത്താൽ വൻ തുക പിഴ അടക്കേണ്ടി വരും എന്നതാണ് അവരെ അതിൽ നിന്നും പിന്മാറ്റുന്നത്. മാത്രമല്ല, ഇനി ആരെങ്കിലും ജോലിക്ക് എടുത്താൽ തന്നെ, കേവലം മണിക്കൂറിൽ 3 പൗണ്ട് മാത്രമായിരിക്കും കൂലി ഭക്ഷണത്തിന് പോലും ഇത് തികയുകയില്ല.

അധികൃതർ പിടിച്ചാൽ ഉടനടി നാടുകടത്തുകയും ചെയ്യും. പലരും വൻ തുക ഏജന്റുമാർക്ക് നൽകി ഇത്തരത്തിൽ വളഞ്ഞ വഴിയിലൂടെ യു കെ യിൽ എത്തി, ഏജന്റിന് കൊടുത്ത പൈസപോലും സമ്പാദിക്കും മുൻപ് നാടുവിടേണ്ടി വന്ന സംഭവങ്ങൾ ഏറെയുണ്ട്. അതുകൊണ്ടു തന്നെ യു കെ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഹോം ഡിപ്പാർട്ട്മെന്റിന്റെ സൈറ്റിലും വിശദമായി പരിശോധിച്ച് മാത്രം യു കെ വിസ വാങ്ങാൻ ഒരുങ്ങുക.