ലണ്ടൻ: വിസ തട്ടിപ്പുകാരുടെ പുതിയ അക്ഷയഖനിയായി മാറിയിരിക്കുകയാണ് യു. കെ. യു കെയിലെ ആരോഗ്യ മേഖലയിൽ ഉൾപ്പടെ പല മേഖലകളിലും തൊഴിൽ സാധ്യതകൾ ഉണ്ട് എന്നത് വാസ്തവമാണ്. മാത്രമല്ല, ആരോഗ്യ മേഖല ഉൾപ്പടെ ചില മേഖലകളിലെ തസ്തികകൾ ഷോർട്ടേജ് ഒക്ക്യൂപേഷൻ ലിസ്റ്റിൽ പെടുത്തി വിസ ചട്ടങ്ങളിൽ ഇളവ് നൽകിയിട്ടുമുണ്ട്. എന്നാൽ, അതിലും എളുപ്പമായ വഴികൾ ഉണ്ടെന്ന് ബോദ്ധ്യപ്പെടുത്തിയാണ് തട്ടിപ്പുകാർ ഇരകളെ വലയിൽ വീഴ്‌ത്തുന്നത്.

വിസക്ക് അപേക്ഷിക്കുന്നതിന് മുൻപായി യു കെയിൽ ഒരു സ്പോൺസറെ കണ്ടെത്തേണ്ടതുണ്ട്. അവരിൽ നിന്നും സർട്ടിഫിക്കറ്റ് ഓഫ് സ്പോൺസർഷിപ്പ് (സി ഒ എസ് കരസ്ഥമാക്കണം. ലൈസൻസ് ഉള്ള ഒരു തൊഴിലുടമക്ക് മാത്രമെ ഇത് നൽകാൻ കഴിയുകയുള്ളു, വർക്ക് വിസയുടെ കാര്യത്തിൽ. വിസ അപേക്ഷ സമർപ്പിക്കുന്നതിന് ഇത് നിർബന്ധമാണ്. സ്‌കിൽഡ് വർക്കർ വിസ, ഇൻട്രാ കമ്പനി ട്രാൻസ്ഫർ വിസ, ഗ്രാഡ്വേറ്റ് എന്റർപ്രീണർ വിസ തുടങ്ങിയവയ്ക്കൊക്കെ ഇത് നിർബന്ധമാണ്.

ഇത് നൽകാൻ ആദ്യം യു കെയിലെ തൊഴിലുടമ സ്പോൺസർഷിപ്പ് ലൈസൻസിന് അപേക്ഷിക്കണം. അങ്ങനെ ലഭിച്ചവർ സി ഒ എസ് നൽകുമ്പോൾ അതിൽ തൊഴിലുടെമയുടെ വിവരങ്ങൾ, ജോബ് ഒഫർ, വരാൻ പോകുന്ന തൊഴിലാളിയുടെ വിവരങ്ങൾ എന്നിവ അതിൽ ഉണ്ടാകും. ഒപ്പം അതിൽ ഒരു യുണിക്ക് റെഫറൻസ് നമ്പറും ഉണ്ടായിരിക്കും. ഹോം ഓഫീസിലെ നടപടികൾക്കായി അവർ ഈ നമ്പർ ആണ് ഉപയോഗിക്കുക.

നൽകിയ തീയതി മുതൽ ആറ് മാസത്തേക്ക് മാത്രമായിരിക്കും സി ഒ എസ്സിന് സാധുത ഉണ്ടാവുക. ആറു മാസത്തിനുള്ളിൽ വിസക്ക് അപെക്ഷിച്ചില്ലെങ്കിൽ വീണ്ടും പുതിയ സി ഒ എസ് ആവശ്യമായി വരും. എന്നാൽ, ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യം സി ഒ എസ്സ് ഉണ്ട് എന്നത് നിങ്ങൾക്ക് ജോലി കിട്ടും എന്നുള്ളതിനുള്ള ഉറപ്പല്ല എന്നതാണ്. മാത്രമല്ല, സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് ഉള്ളതുകൊണ്ട് മാത്രം എൻട്രി ക്ലിയറഞ്ഞ്സ്, ബ്രിട്ടനിൽ പ്രവേശിക്കുന്നതിനുള്ള അനുമതി, ഇവിടെ താമസിക്കുന്നതിനുള്ള അനുമതി എന്നിവ ലഭിക്കും എന്നതും ഉറപ്പല്ല.

ഈ വഴി എത്തുന്നവർ, തങ്ങൾ നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യണം. മാത്രമല്ല, നിങ്ങൾക്ക് സി ഒ എസ് നൽകിയ തൊഴിൽ ഉടമ ജോലി നൽകും എന്നതിന് ഉറപ്പുമില്ല. അതിന് നിരവധി കാരണങ്ങൾ ഉണ്ടാകാം. തൊഴിലുടമയുടെ മനസ്സു മാറി, അല്ലെങ്കിൽ കൂടുതൽ യോഗ്യതയുള്ള ഒരാളെ ലഭിച്ചു, സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതിനാൽ പുതിയതായി തൊഴിൽ നൽകുവാൻ സാധിക്കാതെ വരുന്നു എന്നിങ്ങനെ നിരവധി കാരണങ്ങൾ തൊഴിലുടമക്ക് നിരത്താൻ ഉണ്ടാകും.

ഇങ്ങനെ സംഭവിച്ചാൽ നിങ്ങൾക്ക് തൊഴിലുടമയോട് സംസാരിച്ച് പ്രശ്നങ്ങൾ തീർക്കാൻ ശ്രമിക്കാം. അതിനുപുറമെ നിങ്ങൾക്ക് യു കെ സർക്കാരിൽ പരാതിയും നൽകാം. യു കെ ഇമിഗ്രേഷൻ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് കാണിച്ചായിരിക്കണം പരാതി നൽകേണ്ടത്. ഉദാഹരണത്തിന്, ഇല്ലാത്ത ഒരു ജോലിക്കായി സി ഒ എസ് നൽകി, അല്ലെങ്കിൽ വാഗ്ദാനം ചെയ്ത ശമ്പളം നൽകുന്നതിൽ പരാജയപ്പെട്ടു, അല്ലെങ്കിൽ വംശീയ വിവേചനം കാണിച്ചു എന്നിങ്ങനെ പരാതിപ്പെടാം.

എന്നാൽ, ഇതിനായി നിങ്ങൾക്ക് ഹോം ഓഫീസുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയില്ല. ഹോം ഓഫീസിന്റെ വെബ്സൈറ്റ് പരിശോധിച്ച് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം മാത്രം മുൻപോട്ട് പോവുക. അത്തരത്തിൽ പരാതി നൽകുമ്പോൾ അതിൽ നിങ്ങളുടെ യഥാർത്ഥ പരാതി പരമാവധി വ്യക്തമാക്കാൻ ശ്രമിക്കണം. മാത്രമല്ല, പരമാവധി തെളിവുകളും നൽകാൻ ശ്രമിക്കണം. ഹോം ഓഫീസുമായി നടത്തിയ എല്ലാ കത്തിടപാടുകളുടെയും ഒരു കോപ്പി എപ്പോഴും കൈവശം സൂക്ഷിക്കണം.

ഇത് ചെയ്താലൊ ഹോം ഓഫീസ് തൊഴിലുടമയ്ക്കെതിരെ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ എടുക്കുന്നതായിരിക്കും.