ലണ്ടൻ: നഴ്സുമാർ ഓടി രക്ഷപ്പെടുന്ന ആശുപത്രികൾ, ബ്രിട്ടനിലെ പതിവ് കാഴ്ചയായി മാറുകയാണ്. പുതുതായി ജോലിക്കെത്തുന്ന നഴ്സുമാർ ജോലി ഭാരം, കുറഞ്ഞ ശമ്പളം, ഉയർന്ന ജീവിത ചെലവ്, തുടങ്ങി അനേകം കാരണങ്ങളാൽ ജോലി ഉപേക്ഷിക്കുന്ന ട്രെൻഡ് വർധിക്കുകയാണ്. പുതുതായി എത്തുന്ന മലയാളികളാകട്ടെ ഓസ്ട്രേലിയ, ന്യുസിലാൻഡ്, കാനഡ, അമേരിക്ക എന്നിവിടങ്ങളിലേക്ക് ചേക്കാറാനുള്ള ഒരു ചില്ലയായി മാത്രമാണ് ബ്രിട്ടനെ കാണുന്നതും.

യുകെയിൽ എത്തി ഒരു വർഷം കഴിയുമ്പോൾ തന്നെ ഇത്തരക്കാർ സ്ഥലം കാലിയാക്കുകയാണ്. അതിനാൽ കണക്കെടുപ്പ് നടത്തുമ്പോൾ യുകെ ആശുപത്രികളിൽ നിന്നും ജോലി ഉപേക്ഷിച്ചു പോകുന്ന നഴ്സുമാരുടെ എണ്ണം സർവകാല റെക്കോർഡിലേക്ക് നീങ്ങുകയാണ്.കഴിഞ്ഞ ദിവസം ബെക്ഷയർ എൻഎച്എസ് ട്രസ്റ്റിൽ നിന്നും ജോലി ഉപേക്ഷിച്ചവരുടെ കണക്കുകൾ പുറത്തു വന്നപ്പോൾ കഴിഞ്ഞ പത്തു വർഷത്തിലെ കണക്കുകളിൽ ഏറ്റവും ഉയർന്ന നിരക്കിൽ ഉള്ളതുമായിരുന്നു.

ഈ ട്രസ്റ്റിൽ നിന്നും ഒറ്റയടിക്ക് നഷ്ടമായത് 195 നേഴ്‌സുമാരെയാണ്. പരിഹാരം തേടി തലപുകഞ്ഞ ട്രസ്റ്റ് അധികൃതർ റിക്രൂട്ടിങ് രംഗത്തുള്ള മലയാളി സ്ഥാപനത്തെ സമീപിക്കുകയും അവർ കഴിഞ്ഞ ദിവസം കേരളത്തിൽ എത്തി നടത്തിയ റിക്രൂട്‌മെന്റ് വഴി നൂറോളം നഴ്സുമാരെ ഒറ്റയടിക്ക് കണ്ടെത്തുകയും ആയിരുന്നു. ഇതോടെ കടുത്ത പ്രതിസന്ധിയിൽ നിന്നും ചെറിയൊരു ആശ്വാസം കണ്ടെത്തുകയാണ് ബെക്ഷയർ എൻഎച്എസ് ട്രസ്റ്റ്. എന്നാൽ പുതുതായി എത്തുന്നവർ ജോലിയിൽ പ്രവേശിക്കാൻ എടുക്കുന്ന പരിശീലന കാലയളവ് ഉൾപ്പെടെയുള്ള രണ്ടു മാസം ഈ ട്രസ്റ്റിൽ ജോലി ചെയുന്നവർ ചക്രശ്വാസം വലിച്ചേ മതിയാകൂ. ഈ ഒറ്റക്കാരണം കൊണ്ട് തന്നെ കൂടുതൽ നഴ്സുമാർ ജോലി ഉപേക്ഷിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.

കോവിഡിന് ശേഷം ഒട്ടേറെ നഴ്സുമാർ രോഗാവധികളിൽ പോകുന്നു എന്നത് മുതൽ ജീവിതഭാരം വർധിച്ചതിനാൽ വിരമിക്കൽ കാലം നീട്ടിയെടുത്തവർ മൂലം പ്രൊമോഷനുകൾ തടസപ്പെടുന്നത് വരെയുള്ള ഒട്ടേറെ കാരണങ്ങൾ ചെറുപ്പക്കാരായ നഴ്സുമാർ വിട്ടുപോകാൻ ഉള്ള ഘടകങ്ങളായി മാറുന്നു. ഇക്കഴിഞ്ഞ മാർച് വരെ 705 പേർ ആകെ ട്രസ്റ്റിൽ നിന്നും ജോലി ഉപേക്ഷിച്ചപ്പോൾ അതിൽ 195 പേരും നഴ്സുമാർ ആണെന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ജോലി ഉപേക്ഷിച്ച ഡോക്ടർമാരുടെ എണ്ണം 305 എന്നത് അല്പം നൽകുന്ന കണക്കായിരുന്നു, കാരണം തൊട്ടു മുൻ വർഷം 340 ഡോക്ടർമാരാണ് ജോലി ഉപേക്ഷിച്ചത്.

രാജ്യമൊട്ടാകെയുള്ള ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളും കൈകാര്യം ചെയുന്ന എൻഎച്എസിൽ നിന്നും കഴിഞ്ഞ വർഷം രണ്ടേകാൽ ലക്ഷം പേരാണ് ജോലി ഉപേക്ഷിച്ചിരിക്കുന്നത്. എൻഎച്എസ് 75 പിറന്നാൾ ആഘോഷ വേളയിൽ തന്നെയാണ് ജീവനക്കാർ കൈവിടുന്നത് മൂലമുള്ള പ്രതിസന്ധിയും രൂക്ഷമാകുന്നത്.

സർക്കാർ കൂടുതൽ ജീവനക്കാരെ കണ്ടെത്താനും ഭാവിയിൽ കൂടുതൽ പേരെ പരിശീലിപ്പിച്ചെടുക്കാനും രണ്ടര ബില്യൺ പൗണ്ടിന്റെ പദ്ധതി പ്രഖ്യാപിച്ചതിനാൽ ഏതാനും വർഷം കഴിയുമ്പോഴേക്കും പ്രതിസന്ധിയിൽ നല്ല മാറ്റം ഉണ്ടാകും എന്നാണ് എൻഎച്എസ് വൃത്തങ്ങൾ പറയുന്നത്.