ലണ്ടൻ: വലിയ ആവേശത്തോടെയാണ് ബ്രിട്ടണിലെ ധന സെക്രട്ടറിയും മുതിർന്ന കൺസർവേറ്റീവ് നേതാവുമായ ജെറമി ഹണ്ട് ലിവിങ് വേജ് 11 പൗണ്ട് ആണെന്ന പ്രഖ്യാപനം മാഞ്ചസ്റ്ററിലെ പാർട്ടി സമ്മേളനത്തിൽ നടത്തിയത്. എന്നാൽ സമ്മേളന ഹാളിൽ പോലും കാര്യമായ കയ്യടി ഉയർത്താതെ പോയ പ്രഖ്യാപനം നിലവിലെ മിനിമം വേജിൽ നിന്നും വെറും 52 പെൻസ് മാത്രമാണ് ധന സെക്രട്ടറി നൽകാൻ തയ്യാറായത് എന്ന തിരിച്ചറിവിലാണ് ഉണ്ടയില്ലാ വെടിയായി മാറിയിരിക്കുന്നത്. 

ഈ പ്രഖ്യാപനം വഴി ഒരു സാധാരണ ജീവനക്കാരന് പ്രതിമാസം നൂറു പൗണ്ട് പോലും അധികമായി ലഭിക്കില്ല എന്നതാണ് സത്യം. ജീവിത ചെലവ് ഓരോ ദിവസവും എന്ന നിലയിൽ കുതിക്കുന്ന ബ്രിട്ടനിൽ ഈ പ്രഖ്യാപനം കൊണ്ട് ഒരാഴ്ചത്തെ കുടുംബത്തിലേക്കുള്ള ഭക്ഷണം പോലും വാങ്ങാനാകില്ല എന്നതാണ് സത്യം. തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന പാർട്ടിക്കും സർക്കാരിനും വലിയ ആത്മ വിശ്വാസം നൽകുന്നതാകും മാഞ്ചസ്റ്റർ സമ്മേളനം എന്ന പാർട്ടി പ്രവർത്തകരുടെ പ്രതീക്ഷക്കും ഇതോടെ മങ്ങൽ ഏറ്റിരിക്കുകയാണ്.

കഴിഞ്ഞ മാസം നാണയപ്പെരുപ്പം കുറയ്ക്കും, ജീവനക്കാരുടെ വേതനം വർധിപ്പിക്കും, ഭക്ഷണ ബിൽ കുറച്ചുകൊണ്ട് വരും, ഇന്ധന - ഊർജ്ജ ബില്ലുകൾ വഴി ജനത്തെ കൊള്ളയടിക്കുന്ന പരിപാടി അവസാനിപ്പിക്കും എന്നൊക്കെ പറഞ്ഞു കൈയടി നേടിയ ഋഷി സുനക് ഈ പ്രഖ്യാപനത്തിൽ പലതിലും നിർണായക വിജയം നേടിയതും പാർട്ടിക്ക് നൽകിയത് വലിയ പ്രതീക്ഷകളാണ്. എന്നാൽ ഇപ്പോൾ വലിയ വാഗ്ദാനം ഒന്നും നൽകാതെ ആയിരക്കണക്കിന് ടോറികൾ നാലു ദിവസത്തെ സമ്മേളന ശേഷം വീടുകളിലേക്ക് മടങ്ങുമ്പോൾ പാർട്ടിയെ ബാധിച്ച പ്രതിസന്ധിക്കു ഒരു മാറ്റവും വന്നിട്ടില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.

അതിനാൽ തിരഞ്ഞെടുപ്പിന് മുൻപ് ടോറികളിൽ നിന്നും പരമാവധി ആനുകൂല്യം നേടിയെടുക്കാൻ സമ്മർദ്ദം ചെലുത്താനായുള്ള തയ്യാറെടുപ്പിലാണ് തൊഴിൽ സംഘടനകൾ. പരാജയ ഭീതിയിൽ നിൽക്കുന്ന സർക്കാരിന് ഈ സമ്മർദ്ദങ്ങളെ അതിജീവിക്കാനാകില്ല എന്നാണ് പൊതു വിലയിരുത്തൽ. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ വേതന വർധനയ്ക്ക് ഇനിയും സാധ്യത നിലനിൽക്കുന്നുണ്ട്.

സ്യുവേല വിജയിച്ചാൽ കെയറർമാർക്ക് ഡിമാൻഡ് ഉയരും, നേട്ടമാകും

നവംബറിൽ കെയർ വിസ നേടുന്നവർക്ക് ആശ്രിത വിസയിൽ ആരെയും കൊണ്ടുവരാനാകില്ല എന്ന നിയമം നടപ്പിലായാൽ യുകെയിലേക്കുള്ള നിയമാനുസൃത കുടിയേറ്റത്തിൽ വലിയ മാറ്റം ഉണ്ടാകും എന്നാണ് ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനം പറയുന്നത്. കുടുംബമായി യുകെയിൽ ജീവിക്കാം എന്ന ആനുകൂല്യം പ്രതീക്ഷിച്ചാണ് കുറഞ്ഞ ശമ്പളത്തിലും പ്രതികൂല സാമ്പത്തിക സാഹചര്യങ്ങളെ തരണം ചെയ്തു ജീവിക്കാൻ ആയിരങ്ങൾ ലക്ഷങ്ങൾ വ്യാജ എജെനസികൾക്ക് നൽകി കഴിഞ്ഞ രണ്ടു വർഷമായി യുകെയിൽ എത്തിയത്.

എന്നാൽ ഇനി ആ വരവിൽ കുടുംബത്തെ കൊണ്ട് വരാൻ ആയില്ലെങ്കിൽ യുകെ മോഹം മൊട്ടിട്ട് നിൽക്കുന്ന ഭൂരിഭാഗം പേരും ആ ഉദ്യമത്തിൽ നിന്നും പിന്തിരിയും എന്നുറപ്പാണ്. വെറും 8000 പേരെത്തും എന്ന് സർക്കാർ പ്രതീക്ഷിച്ച കെയർ വിസയിൽ ഇതിനകം 50,000 പേരെത്തിയതാണ് കുടിയേറ്റ കണക്കിൽ സർക്കാരിന്റെ കൈ പൊള്ളിക്കുന്നത്.

എന്നാൽ കെയറർമാരെ ആവശ്യത്തിന് കിട്ടാതാകുമ്പോൾ ഇപ്പോഴും ഈ രംഗത്ത് 1,65,000 ഒഴിവുകൾ ഉണ്ടെന്നു വിലയിരുത്തപ്പെടുന്ന മേഖലയിൽ കൂടുതൽ ശമ്പളം നൽകാതെ ആളെ ജോലിക്ക് കിട്ടാതാകും. ഈ സാഹചര്യയത്തിൽ നിലവിൽ മിനിമം ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവർക്കും കൂടുതൽ ശമ്പള വർധന ന്യായമായി ഉന്നയിക്കാനാകും. ഇത് മുൻകൂട്ടി കണ്ടാണ് കെയറർമാരുടെ ശമ്പളം മണിക്കൂറിനു 15 പൗണ്ട് ആക്കണം എന്ന ആവശ്യം ഉയർന്നിരിക്കുന്നത്.

ബോറിസ് ജോൺസൺ പ്രധാനമന്ത്രി ആയിരിക്കെ കോവിഡ് പിടിപെട്ട ശേഷം പുറത്തു വന്നപ്പോൾ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരെ കരുതലോടെ കാണും എന്ന പ്രഖ്യാപനത്തോടെ നടത്തിയ പ്രസംഗത്തിൽ കെയറർമാരുടെ കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് പലതവണ ഈ രംഗത്ത് ജോലി ചെയ്യുന്നവർക്ക് ആവശ്യമായ ശമ്പളം ലഭിക്കുന്നിലെന്ന വസ്തുത സർക്കാരിന്റെ തന്നെ വാക്കുകളായി പുറത്തു വരുകയും ചെയ്തതാണ്. എന്നാൽ ശമ്പള വർധന മാത്രം സംഭവിച്ചില്ല. ഇതോടെയാണ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു മണിക്കൂറിനു 15 പൗണ്ട് എന്ന ആവശ്യം ഉയരുന്നത്. ഇത്രയും ആവശ്യപ്പെടുമ്പോൾ അൽപം എങ്കിലും കൂട്ടാൻ സർക്കാർ തയ്യാറാകാതിരിക്കില്ല എന്ന പ്രതീക്ഷയാണ് തൊഴിൽ സംഘടനകൾ മുന്നോട്ടു വയ്ക്കുന്നതും.

കെയറർമാരുടെ ശമ്പളം കൂട്ടുന്നത് നാടിനു തന്നെ ഗുണമാകും

അടിസ്ഥാന ജീവനക്കാരായ കെയറർമാരുടെ ശമ്പളം ഉയർന്നാൽ രാജ്യത്തിന്റെ എക്കണോമിക്ക് തന്നെ അത് ഗുണമാകും എന്നാണ് ഈ ശുപാർശയെ പിന്താങ്ങുന്നവരുടെ അഭിപ്രായം. കാരണം ഈ ശ്രേണിയിൽ ജോലി ചെയ്യുന്നവർ കിട്ടുന്ന ശമ്പളം ചെലവാക്കാൻ പ്രവണതയുള്ളവരാണ്. അഥവാ അവരുടെ ആവശ്യങ്ങൾ കിട്ടുന്ന ശമ്പളത്തേക്കാൾ കൂടിയതുമാണ്. അതിനാൽ കെയറർമാർക്ക് നൽകുന്ന പണം മറ്റൊരു വിധത്തിൽ സമ്പദ് ഘടനയിലേക്ക് തന്നെ മടങ്ങിവരും എന്നാണ് സർക്കാരിന് ലഭിക്കുന്ന ഉപദേശം.

കൂടുതൽ പേരും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിനാൽ സർക്കാർ ഇക്കാര്യത്തിൽ നിയമം കടുപ്പിക്കാതെ ഈ രംഗത്ത് ജോലി ചെയ്യുന്നവരുടെ ശമ്പളം ഉയരില്ല എന്നാണ് തൊഴിൽ സംഘടനകൾ പറയുന്നത്. കോവിഡ് കാലത്തു സർക്കാർ സ്വകാര്യ കെയർ ഹോമുകൾക്ക് നൽകിയ ആനുകൂല്യങ്ങൾ പോലും ബഹുഭൂരിഭാഗം കെയറർ ജീവനക്കാരിൽ എത്തിയില്ല എന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാർ അന്വേഷണം നടത്തണം എന്ന ആവശ്യവും ഉയരുന്നുണ്ട്. ബഹുഭൂരിഭാഗം ജീവനകക്കറും ഇപ്പോഴും മിനിമം ശമ്പളത്തിൽ ജോലി ചെയ്യാൻ നിർബന്ധിതരാകുന്ന മേഖലയാണ് കെയറർമാരുടേതെന്നു ട്രേഡ് യൂണിയൻ കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.

നിലവിൽ അഞ്ചര ലക്ഷം ജീവനക്കാർ കെയറർ ആയി ജോലി ചെയുന്ന മേഖലയിൽ ശമ്പളം മണിക്കൂറിന്ന് 15 പൗണ്ട് ആയാൽ ഇവരുടെ വാർഷിക ശമ്പളം 29,250 പൗണ്ടായി ഉയരുമെന്നും ട്രേഡ് യൂണിയൻ കോൺഗ്രസ് പറയുന്നു. ജീവനക്കരിൽ 79 ശതമാനവും സ്ത്രീകളും 31 ശതമാനം കുടിയേറ്റക്കാരായ വിഭാഗക്കാരും ആയതോടെ ഇവരുടെ ക്ഷേമം ഉറപ്പാക്കാനായാൽ അത് വലിയൊരു നീതി നിഷേധത്തിനുള്ള മറുപടി കൂടിയായി മാറും എന്നും സംഘടന ചൂണ്ടിക്കാട്ടുന്നുണ്ട്.