ലണ്ടൻ: മകളുടെ രോഗത്തിന് ഏറ്റവും വിദഗ്ധ ചികിത്സ ലഭിക്കാൻ പറ്റിയ ഇടം യുകെ മാത്രമാണ് എന്ന ഡോക്ടർമാരുടെ വാക്കുകൾ കേട്ടാണ് കെയറർ വിസ സ്വന്തമാക്കി ജിബുവും കുടുംബവും യുകെയിൽ എത്തുന്നത്. ബഹ്‌റൈനിൽ ജീവിച്ചിരുന്ന ജിബുവിന് മകൾ ഡോണയുടെ രോഗ വിവരം അറിഞ്ഞത് മുതൽ എങ്ങനെയും കുഞ്ഞിനെ മരണത്തിൽ നിന്നും രക്ഷിക്കണം എന്ന ഒരൊറ്റ ആഗ്രഹം മാത്രം ആയിരുന്നു മനസ്സിൽ. ഇതിനായി യുകെയിൽ എത്താനുള്ള വഴികൾ തേടിയ കുടുംബത്തിന് ഒടുവിൽ ആ ആഗ്രഹം സാധ്യമാകുകയും ചെയ്തു. ബെൽഫാസ്റ്റിൽ ലണ്ടൻഡറിയിൽ എത്തിയ കുടുംബം 16കാരിയായ ഡോണയുടെ അസുഖ വിവരങ്ങൾ റിപ്പോർട്ട് ചെയ്തത് മുതൽ സാധ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കിയാണ് എൻഎച്ച്എസ് കൂടെ നിന്നത്.

ഇതിന്റെ ഭാഗമായി കുട്ടിക്ക് വിദഗ്ധ ചികിത്സ നൽകാൻ ഏർപ്പാടുകൾ ചെയ്തത് ബ്രിസ്റ്റോൾ ഹോസ്പിറ്റലിൽ ആയിരുന്നു. ഇവിടെ സ്റ്റെം സെൽ ചികിത്സ അടക്കം നൽകിയാണ് ഡോണയെ ജീവിതത്തിലേക്ക് മടക്കി എത്തിച്ചത്. ആറുമാസം മുൻപ് ചികിത്സക്ക് ശേഷം പുഞ്ചിരിയോടെ മടങ്ങിയ ഡോണ തുടർ ചികിത്സയുടെ ഭാഗമായി എല്ലാ രണ്ടാഴ്ച കൂടുമ്പോഴും പരിശോധനകൾക്ക് എത്തുമായിരുന്നു. അടുത്തിടെ വരെ നടന്ന എല്ലാ പരിശോധനകളും പൂർണ വിജയം എന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

എന്നാൽ ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് എത്തിയപ്പോഴാണ് രക്തത്തിൽ ചില വേരിയേഷനുകൾ കണ്ടെത്തിയത്. തുടർന്ന് ചികിത്സ വിദഗ്ദ്ധർ ഏറ്റെടുക്കുമ്പോഴേക്കും ഡോണയെ ന്യുമോണിയ പിടികൂടിയിരുന്നു. ഒടുവിൽ അതിവേഗം വ്യാപിച്ച ഇൻഫെക്ഷൻ മരുന്നുകൾ കൊണ്ട് ചെറുക്കാനാകാതെ വന്നതോടെ കുട്ടിയുടെ മരണം ഇന്നലെ അതീവ വേദനയോടെ മാതാപിതാക്കളെയും പ്രിയപ്പെട്ടവരെയും തേടി എത്തുക ആയിരുന്നു.

ലണ്ടൻഡറി മലയാളികൾക്കാകട്ടെ ഒരാഴ്ച മുൻപ് തങ്ങളുടെ പ്രിയപ്പെട്ട രണ്ടു കൗമാരക്കാരുടെ മരണം സൃഷ്ടിച്ച വേർപാടിന്റെ വേദനയുടെ ഒന്നാം ആണ്ടു കടന്നു പോകുന്ന അവസരത്തിൽ തന്നെയാണ് അതേ പ്രായത്തിൽ ഉള്ള മറ്റൊരു കുട്ടിയുടെ വേർപാടും കാണേണ്ടി വന്നിരിക്കുന്നത്. കുട്ടിയുടെ മൃതദേഹം നാട്ടിൽ എത്തിക്കണമെന്നാണ് കുടുംബം പ്രാഥമികമായി നൽകുന്ന സൂചന. കുടുംബത്തെ എങ്ങനെ സഹായിക്കാനാകും എന്ന ആലോചയാണ് ലെൻഡൻഡെറി കേരള അസോസിയേഷൻ പ്രവർത്തകർ ഏറ്റെടുത്തിരിക്കുന്നത്. ഇടുക്കി തട്ടാരത്തട്ട സ്വദേശികളാണ് ജിബുവും കുടുംബവും. യുകെയിൽ എത്തിയിട്ട് ഏറെക്കാലം ആയിട്ടില്ലെങ്കിലും ലണ്ടൻഡെറി മലയാളി സമൂഹം ഒരേ മനസോടെയാണ് ജിബുവിനെയും പത്നി ബിനിയെയും ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്.

ഏറെ വേദനകളിലൂടെ കടന്നു പോയ ഒട്ടേറെ വിഷമകരമായ ദിനങ്ങൾക്ക് ശേഷം മകൾ ജീവിതത്തിലേക്ക് മടങ്ങി വന്നു എന്ന സന്തോഷം ഏതാനും മാസം മാത്രമാണ് ജിബുവിനും ഭാര്യയ്ക്കും ലഭിച്ചത്. ആ വിഷമം ഇന്നലെ ആശ്വസിപ്പിക്കാൻ എത്തിയ ഓരോരുത്തരിലും മനസിലേൽപിച്ച മുറിവും ഏറെ ആഴത്തിൽ ഉള്ളതാണ്.

രണ്ടു ദിവസം മുൻപ് യുകെ മലയാളികളെ വേദനിപ്പിച്ചു കടന്നുപോയ പാട്ടുകാരൻ അനിൽ സൃഷ്ടിച്ച വിടവ് മായ്ച്ചു കളയും മുന്നേയാണ് മറ്റൊരു തീരാ വേദനയായി ഡോണയുടെ വിയോഗ വാർത്ത എത്തുന്നത്. അടുത്തടുത്ത മരണ വാർത്തകൾ യുകെ മലയാളികൾക്ക് പതിവാണെങ്കിലും ഇത്തരത്തിൽ ആകസ്മിക മരണങ്ങൾ ആകുമ്പോൾ അത് നൽകുന്ന വേദനയും ഏറെയാണ്.