ലണ്ടൻ:  ഏതൊരു നഴ്‌സും ആഗ്രഹിക്കുന്നതാണ് ബ്രിട്ടനിലെ എൻഎച്ച്എസ് നഴ്‌സിങ് ഓഫിസർ അവാർഡ്. ഈ വർഷത്തെ വെയ്ൽസ് മേഖല നഴ്‌സിങ് ഓഫീസർ അവാർഡ് പ്രഖ്യാപിച്ചപ്പോൾ വിജയികളായ നാലുപേരിൽ ഒരാളായത് മലയാളി നഴ്സ് ആയ സിജി സലിംകുട്ടി. ആയിരക്കണക്കിന് മലയാളി നഴ്സുമാരുള്ള വെയ്ൽസിൽ ഈ അവാർഡ് നേടുന്ന ആദ്യ മലയാളിയാണ് സിജിയെന്നു കരുതപ്പെടുന്നു. കോവിഡ് കാലം മുതൽ സോഷ്യൽ മീഡിയ മുഖേനെയും മറ്റും മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമാണ് അഡ്വാൻസ് നഴ്സ് പ്രാക്ടീഷണറായ സിജി.

കാർഡിഫ് ആൻഡ് വെയ്ൽസ് യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡ് ജീവനക്കാരനാണ് സിജി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി കാർഡിഫ് മലയാളിയായ സിജി വിദേശ നഴ്‌സുമാരുടെ പരിശീലനം അടക്കമുള്ള രംഗങ്ങളിൽ ചെയ്ത പ്രവർത്തനം വിലയിരുത്തിയാണ് അവാർഡ് നൽകുന്നതെന്നു വെയ്ൽസ് ഹെൽത്ത് ബോർഡ് എക്സിക്യുട്ടീവ് ഡയറക്ടർ റെബേക്ക അയൽവെർഡ് സാമൂഹ്യ മാധ്യമമായ എക്‌സിൽ വ്യക്തമാക്കി. നൂറിലധികം വിദേശ നഴ്‌സുമാരാണ് കഴിഞ്ഞ വർഷം വെയ്ൽസ് റിക്രൂട്ട്മെന്റ് സ്വന്തമാക്കി ജോലിയിൽ പ്രവേശനം നേടിയത്.

ഇംഗ്ലണ്ടിൽ മുൻ വർഷങ്ങളിൽ ഒട്ടേറെ മലയാളികളുടെ കൈകളിൽ ചീഫ് നഴ്‌സിങ് ഓഫിസർ അവാർഡ് എത്തിയിട്ടുണെണ്ടെങ്കിലും വെയ്ൽസിൽ ഈ നേട്ടം കൈവരിക്കാനായതോടെ ഈ പ്രദേശത്തുള്ള മലയാളി നഴ്‌സുമാർക്കും കൂടുതൽ പ്രചോദനമാകാൻ കാരണമായിരിക്കുകയാണ് സിജി. പോസ്റ്റ് കോവിഡ് കാലത്തെ പ്രവർത്തനം മുൻനിർത്തിയാണ് കഴിഞ്ഞ വർഷങ്ങളിൽ പ്രധാനമായും ചീഫ് നഴ്‌സിങ് ഓഫീസർ അവാർഡുകൾ പ്രഖ്യാപിക്കപ്പെട്ടതും കൂടുതൽ മലയാളികൾക്ക് ഈ അഭിമാന നേട്ടം സ്വന്തമാക്കാനായതും. വെയ്ൽസിലേക്ക് കൂടുതൽ മലയാളി നഴ്‌സുമാർക്ക് എത്താനാകും വിധം നോർക്ക അടക്കമുള്ളവരെ കൂടി റിക്രൂട്ട്മെന്റ് രംഗത്ത് ഉൾപ്പെടുത്തിക്കാനായുള്ള ശ്രമങ്ങളിൽ സിജിയും പങ്കാളി ആയിരുന്നു.

പോസ്റ്റ് കോവിഡ് കാലഘട്ടത്തിലാണ് ചീഫ് നഴ്‌സിങ് അവാർഡുകൾ പ്രഖ്യാപിക്കപ്പെട്ടത്. തൊഴിൽ രംഗത്ത് നഴ്‌സിങ് സമൂഹത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നതിനും ആത്മ വിശ്വാസം വളർത്തുന്നതിനും ഒക്കെ ഇത്തരം ഒരു അവാർഡിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് സർക്കാർ ഇക്കാര്യത്തിൽ മുൻകൈ എടുത്തത്.

ഇപ്പോൾ വെയ്ൽസിലെ ചീഫ് നേഴ്‌സിങ് ഓഫീസറായ സ്യു ട്രാൻകയാണ് വാർഷിക സമ്മേളനത്തിന്റെ ഭാഗമായി അവാർഡ് പ്രഖ്യാപിച്ചതും വിജയികളെ ആദരിച്ചതും. സിജിക്കൊപ്പം ഡിമെൻഷ്യ സ്പെഷ്യലിസ്റ്റ് നഴ്സ് ആയ കാതറിൻ ലോറി, പ്രാക്ടീസ് ഡെവലപ്മെന്റ് നഴ്സ് സാന്ദ്ര മൈൽസ്, ക്ലിനിക്കൽ സ്പെഷ്യലൈസ് നഴ്സുമാരായ സെറി ഹെഡ്, ജെയ്ൻ ഡിക്‌സൺ എന്നിവരാണ് മറ്റു അവാർഡ് ജേതാക്കൾ. കാഞ്ഞിരപ്പള്ളി സ്വദേശിയായ സിജിയുടെ ഭാര്യ റീത്ത സ്‌കൂൾ ജീവനക്കാരിയാണ്. വിദ്യാർത്ഥികളായ സഹ്ല, ഷാൻ എന്നിവരാണ് മക്കൾ.