ലണ്ടൻ: 2021 നവംബർ മുതൽ മറുനാടൻ മലയാളി നടത്തിയ വിസ തട്ടിപ്പ് കാമ്പയിൻ ഏറ്റെടുത്ത് ഒടുവിൽ ബിബിസിയും രംഗത്തെത്തി. ഓരോ വാർത്തയും തർജ്ജമയോടെ കിട്ടിക്കൊണ്ടിരുന്ന ഒബ്‌സർവർ, ഗാർഡിയൻ, സ്‌കൈ ന്യൂസ് തുടങ്ങിയ ദേശീയ മാധ്യമങ്ങൾ ഏറ്റെടുത്തപ്പോഴും കാര്യമായ പരിഗണന നൽകാതിരുന്ന ബിബിസി ഒടുവിൽ കഴിഞ്ഞ ആറുമാസമായി ചതിക്കപ്പെട്ടവർ കൂടി നേരിട്ട് ബന്ധപ്പെട്ടു തുടങ്ങിയ സാഹചര്യത്തിലാണ് കെയർ വിസ എന്ന പേരിൽ നടന്ന തൊഴിൽ തട്ടിപ്പ് മനുഷ്യക്കടത്തു തന്നെയാണ് എന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുന്നത്.

രണ്ടു വർഷമായി കെയർ വിസയിൽ കാര്യമായ യോഗ്യത ഇല്ലെങ്കിൽ പോലും എത്താനാകും വിധം ഹോം ഓഫിസ് ഇളവുകൾ നൽകിയതോടെയാണ് തട്ടിപ്പ് സംഘവും തഴച്ചു വളർന്നതും 31 ലക്ഷം രൂപ വരെ വാങ്ങാൻ തുടങ്ങിയതും. ലോകത്തിലെ ഏറ്റവും വിലപിടിച്ച മനുഷ്യക്കടത്തിനാകും ഇതോടെ സാധാരണക്കാരായ ആയിരക്കണക്കിന് മലയാളികൾ യുകെ മോഹമെന്ന പേരിൽ ഇരകളായി മാറിയത്. ബിബിസി നൂറുകണക്കിന് ആളുകളുടെ പരാതിയെന്നു പറയുമ്പോഴും ഏറ്റവും ഒടുവിൽ ലഭിച്ച ഹോം ഓഫിസ് കണക്കിൽ 3300 ലേറെ പേർ വിസ തട്ടിപ്പിന് ഇരയായതായി കാണിച്ചു പരാതി നൽകിയത് മറുനാടൻ മലയാളി മാസങ്ങൾക്ക് മുൻപേ റിപ്പോർട്ട് ചെയ്തിരുന്നു.

വിസ കച്ചവട ഏജൻസികൾ മറയാക്കിയത് യുകെയിലെ മികച്ച ജോലി ചെയ്യുന്നവരുടെ ജീവിതം, തുച്ഛ വേതനക്കാരായ കെയറർമാർ ലക്ഷങ്ങൾ വാരിയെറിഞ്ഞത് സുഖ ജീവിതം സ്വപ്നം കണ്ട്

കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി എത്തികൊണ്ടിരിക്കുന്ന ഡൊമൈസിലറി കെയർ വിസയുടെ പേരിലാണ് വ്യാപകമായി തട്ടിപ്പ് നടന്നത്. യുകെയിൽ എത്തിയിട്ടും മാസങ്ങളായി ജോലി ചെയ്യാതെ അടിമകളെ പോലെ കുടുസു മുറികളിൽ കഴിയുകയാണ് നൂറു കണക്കിന് മലയാളികൾ. ചാലക്കുടിക്കാരനായ ഒരു യുവാവ് ഇടപ്പള്ളിയിൽ നടത്തിയ ഏജൻസിയുടെ പേരിൽ എത്തിയ 400 ഓളം പേർക്ക് ജോലി ലഭിക്കാതായ സാഹചര്യം വലിയ വാർത്ത പ്രാധാന്യം നേടിയതോടെ അതിൽ ഉൾപ്പെട്ട കുറെയധികം പേർക്ക് പിന്നീട് താത്കാലിക ജോലി ലഭിച്ചെന്നു പറയപ്പെടുന്നു.

എന്നാൽ യുകെയിൽ എത്തുന്ന വിവിധ മലയാളി പ്രൊഫഷണലുകൾക്ക് ലഭിക്കും വിധം ജോലിയും ആനുകൂല്യവും ശമ്പളവും ഒക്കെ ലഭിക്കും എന്ന വ്യാജ വിവരം നൽകിയാണ് താൽക്കാലിക ജോലിയായ ഡൊമൈസിലറി കെയർ ജോലിക്ക് മലയാളികളെ തള്ളികയറ്റുന്നത്. ഇവർക്ക് ലഭിക്കുന്ന തുച്ഛമായ ശമ്പളത്തിൽ യുകെയിലെ ജീവിത ചെലവ് പോലും തികയില്ല എന്ന വിവരവും മനുഷ്യക്കടത്തു നടത്തുന്ന വ്യജ ഏജൻസികൾ മറച്ചു വയ്ക്കുകയാണ്.

ഐടി രംഗത്തും ഡോക്ടർ, നഴ്സ് തുടങ്ങിയ മികച്ച ശമ്പളം ലഭിക്കുന്ന ജോലി പോലെയാണ് യുകെയിലെ ഏതു ജോലിയും എന്ന് കരുതിയാണ് പലരും ഏജൻസികളുടെ വ്യാജ ഓഫറുകളിൽ ചാടി വീഴുന്നത്. ബ്രിട്ടീഷ് സർക്കാർ സ്വന്തം പൗരന്മാർക്ക് നൽകുന്ന സൗജന്യങ്ങൾ യുകെയിൽ എത്തുന്ന ആർക്കും നൽകുമെന്ന നുണയും ഇത്തരം ഏജൻസികൾ വിസക്കച്ചവടം വേഗത്തിലാക്കാൻ ഉപയോഗിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ നിജസ്ഥിതി ഗൂഗിൾ ചെയ്തു നോക്കാൻ പോലും മിനക്കെടാതെയാണ് യൂണിവേഴ്‌സിറ്റി യോഗ്യതകൾ ഉള്ള മലയാളികൾ പോലും മനുഷ്യക്കടത്തിന് തല വച്ച് കൊടുക്കുന്നത്.

യുക്രൈൻ യുദ്ധ ശേഷം വീട് വാടക, ഇലക്ട്രിസിറ്റി, വൈദ്യുതി, പെട്രോൾ, ഡീസൽ, ഭക്ഷണം തുടങ്ങി സകല മേഖലകളിലും ഊഹിക്കാനാകാത്ത വിലക്കയറ്റം ഉണ്ടായതും ജീവിതം തേടിയെത്തുന്ന മലയാളികൾ അടക്കമുള്ള പുത്തൻ കുടിയേറ്റകാകർക്ക് യുകെ ജീവിതം നരക തുല്യമാക്കി. ഈ സാഹചര്യത്തിലാണ് തുച്ഛ വേതനവും, ജോലിയും ഇല്ലാത്ത സാഹചര്യത്തിലേക്ക് കെയർ വിസ എന്ന പേരിൽ അടിമക്കച്ചവടത്തിനു ഇരയായ ചെറുപ്പക്കാരായ മലയാളികൾ ഇരച്ചെത്തിയത്.

ബിബിസിക്ക് സ്വയം ബോധ്യപ്പെട്ട സത്യങ്ങൾ

വിസ കച്ചവട ലോബിയെ കുറിച്ചു ബ്രിട്ടനിൽ ആദ്യ പരാതി നിയമത്തിനു മുന്നിൽ എത്തുന്നത് 2021ലാണ്. അന്ന് കെയർ ഹോമിൽ കുളിയും നനയും ഇല്ലാതെ അഭയാർത്ഥികളെ നാണിപ്പിക്കും വിധം കെയർ ജോലി ചെയ്യാനെത്തിയ സ്റ്റുഡന്റ് വിസക്കാരിൽ നിന്നും വിവരങ്ങൾ ചോർത്തി കെയർ ഹോം ജീവനക്കാരായ ബ്രിട്ടീഷുകാരാണ് നോർത്ത് വെയ്ൽസിൽ പരാതി ഉന്നയിച്ചത്. അതൊരു തുടക്കം മാത്രം ആയിരിക്കുമെന്നു അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ആ വർഷം ആകെ 15 പരാതികളിലായി 63 പേർ മനുഷ്യക്കടത്തിന് ഇരകളായി എന്നാണ് ഇപ്പോൾ ബിബിസി പറയുന്നത്.

തൊട്ടു പിന്നാലെ കഴിഞ്ഞ വർഷം രെജിസ്റ്റർ ചെയ്യപ്പെട്ട കേസുകൾ 106 ആയി കുതിച്ചുയർന്നു. ഇരകളുടെ എണ്ണം 708 ആയും ഉയർന്നു. ഇതിൽ നല്ല പങ്കും സഹായം തേടി എത്തിയ പരാതികളാണ്. ഈ പരാതികൾ മലയാളി അഭിഭാഷകരുടെയും ഹോം ഓഫിസ് വളണ്ടിയർ ജോലി ചെയ്യുന്ന മലയാളികളുടെയും സഹായത്തോടെയാണ് നിയമത്തിനു മുന്നിൽ എത്തിച്ചത്, സാൽവേഷൻ ആർമി എന്ന സന്നദ്ധ സംഘടനയും പൂർണ സഹായവുമായി ഓരോ പരാതിക്കൊപ്പവും ഇരകൾക്കൊപ്പം നിന്നു. ഇപ്പോൾ അൺസീൻ യുകെ എന്ന സന്നദ്ധ സംഘടനയാണ് തങ്ങൾക്ക് ലഭിച്ച വിവരങ്ങൾ ബിബിസിക്ക് കൈമാറിയിരിക്കുന്നത്.

ഈ വര്ഷം ഇതിലേറെ പരാതികൾ വന്നതോടെ രണ്ടു ഘട്ടമായി കേസുകൾ അന്വേഷിക്കാൻ 600 ഓളം പുതിയ ജീവനക്കാരെ കൂടി നിയമിച്ചാണ് ഹോം ഓഫിസ് പ്രതികരണം ശക്തമാക്കിയത്. ഇതോടെ അടുത്ത വര്ഷം നാട് കടത്തപ്പെടുന്ന മലയാളികളുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിക്കപ്പെടും എന്നതാണ് സാഹചര്യം. എന്നാൽ ഇപ്പോഴും ഇത്രയധികം മലയാളികളെ വഞ്ചിച്ച നൂറു കണക്കിന് മലയാളി ഏജൻസിക്കാർ മാന്യന്മാരായും മഹതികളായും യുകെ മലയാളികൾക്കിടയിൽ നിറഞ്ഞു നിൽക്കുകയാണ്.

സാമൂഹ്യ സംരക്ഷകർ എന്നവകാശപെട്ട സംഘടനാ നടത്തിക്കൊണ്ടിരിക്കുന്ന പരിപാടികളിൽ പോലും സ്പോൺസർമാരായി ഇപ്പോഴും നിറയുന്നത് വ്യാജ വിസക്കച്ചവടത്തിലൂടെ കോടികൾ സ്വന്തമാക്കിയവരാണ്. പലവട്ടം നിയമക്കുരുക്കിൽ അകപ്പെട്ട കുപ്രസിദ്ധ സ്ഥാപനങ്ങളുടെ പേരിൽ തന്നെയാണ് മലയാളി സ്റ്റേജുകളിൽ നിറയുന്ന പരസ്യപ്പലകകളിൽ ഇത്തരം സ്ഥാപനങ്ങളുടെ പേരുകൾ നിരന്നു പ്രത്യക്ഷപ്പെടുന്നത്.

ബിബിസിക്ക് ലഭിച്ചത് ആധികാരിക രേഖകൾ, പരാതികൾ റെക്കോർഡ് ഭേദിച്ചെന്നു സന്നദ്ധ സംഘടന

അൺസീൻ യുകെ 24 പേജുകളിലായി തയ്യാറാക്കിയ പഠന റിപ്പോർട്ടാണ് ആധികാരിക രേഖയായി ബിബിസി ഉപയോഗിച്ചിരിക്കുന്നത്. തികച്ചും അർത്ഥവത്തായ ഹൂ കെയെർസ് എന്ന തലക്കെട്ടോടെയാണ് ഈ പഠന റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. പരാതികളുടെ എണ്ണം സകല റെക്കോർഡും ഭേദിക്കുക ആണെന്ന് അൺസീൻ യുകെയും അടിവരയിട്ട് പറയുന്നു. മാത്രമല്ല പരാതിക്കാർ സിംഹഭാഗവും ഇന്ത്യക്കാർ ആണെന്ന കാര്യവും ഗ്രാഫിക്സ് സഹിതമാണ് സന്നദ്ധ സംഘടനയുടെ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. തിങ്കളാഴ്ച പുറത്തുവന്ന റിപ്പോർട്ട് ഹോം സെക്രട്ടറി, ഇമ്മിഗ്രേഷൻ സെക്രട്ടറി എന്നിവരുടെ മേശപ്പുറത്തും എത്തിക്കഴിഞ്ഞു.

ഇതോടെ ഇന്ത്യ കൂടുതൽ പേർക്ക് അവസരം എന്ന് ചർച്ചകളിൽ ഉന്നയിക്കുമ്പോൾ ഇതാണ് നിങ്ങളുടെ കയ്യിലിരിപ്പ് എന്ന് ചുട്ട മറുപടി നൽകി വിസ അപേക്ഷകൾ തിരസ്‌ക്കരിക്കാനും ബ്രിട്ടന് അവസരം ഒരുങ്ങുകയാണ്. ഈ സ്ഥിതി വരുത്തി വച്ചതു മലയാളികൾ ആണെന്നത് ഒരു പക്ഷെ ഔദ്യോഗികമായി ഒരിക്കലും പുറത്തു വരില്ല. കാരണം കണക്കുകളിൽ ഇന്ത്യയുടെ പേരായിരിക്കും മലയാളിക്ക് പകരം മുഴച്ചു നിൽക്കുക. ആകെ 14 രാജ്യങ്ങളിൽ നിന്നുള്ളവർ മനുഷ്യക്കടത്തിന് ഇരയായി എന്ന് പറയുമ്പോൾ തായ്‌ലൻഡ് അടക്കം ആറിടങ്ങളിൽ നിന്നും വെറും ഒരാൾ മാത്രമാണ് പരാതിക്കാരായി മാറുന്നത്. എന്നാൽ ഇന്ത്യയുടെ പേര് വരുമ്പോൾ അത് നൂറുകണക്കിന് എന്നായി പരിണമിക്കുകയാണ്. ഒരവസരം എങ്ങനെ ദുരുപയോഗം ചെയ്തു ഇല്ലാതാക്കാം എന്നാണ് കെയർ വിസ കച്ചവടം വഴി മലയാളികൾ തെളിയിച്ചത്.