ലണ്ടൻ: ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ടുള്ള യാത്രയ്ക്കിടയിൽ ഉണ്ടായ അപകടത്തിൽ ലിവർപൂളിന് അടുത്ത് വിരളിൽ മലയാളി കുടുംബം അത്ഭുതകരമായി രക്ഷപെട്ടു. മാതാപിതാക്കളും മൂന്നു കുഞ്ഞുങ്ങളും സഞ്ചരിച്ച കാറിൽ എതിരെ വന്ന യുവാവ് ഓടിച്ച കാർ ഇടിച്ചു കയറുക ആയിരുന്നു എന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ചു ലിവർപൂൾ ഏകോ പത്രം റിപ്പോർട്ട് ചെയ്യുന്നു. ഡിസംബർ മാസത്തിലെ തണുത്തുറയുന്ന രാവുകളിൽ ബ്രിട്ടനിലെ റോഡുകൾ അപ്രതീക്ഷിതമായി അപകടകാരികൾ ആയി മാറും എന്ന ഓർമ്മപ്പെടുത്തൽ ഒരിക്കൽ കൂടി നൽകുകയാണ് ഈ അപകടം.

ഭാഗ്യവശാൽ നിസാര പരുക്കുകളോടെ കുടുംബം രക്ഷപ്പെടുക ആയിരുന്നു. അപകടത്തെ തുടർന്ന് കാറിൽ ഉണ്ടായിരുന്ന മലയാളി യുവതിയെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കുട്ടികളിൽ ഒരാൾ മാത്രമാണ് കുട്ടികൾക്കുള്ള സീറ്റ് ഉപയോഗിച്ചിരുന്നത്. സീറ്റ് ബെൽറ്റ് കുട്ടികൾ ധരിച്ചിരുന്നില്ല എന്ന് സൂചന നൽകി അപകടത്തെ തുടർന്ന് കാറിൽ നിന്നും തെറിച്ചു വീണതായും റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

അപകടത്തെ തുടർന്ന് ആപൽക്കരമായ വിധത്തിൽ ഡ്രൈവ് ചെയ്ത അപകടം സൃഷ്ടിച്ചതിന് 22കാരനായ യുവാവിനെ അറസ്റ് ചെയ്തതായി മേഴ്സ്റ്റിസൈഡ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി മലയാളി യുവാവ് ലിവർപൂളിൽ വിസ ഏജന്റിന് നൽകിയ പണം തിരിച്ചു കിട്ടാൻ ബഹളം സൃഷ്ടിച്ച സമയത്തു തന്നെയാണ് മലയാളി കുടുംബം അപകടത്തിൽ പെട്ടെന്ന സന്ദേശം ലിവർപൂളിൽ പ്രചരിച്ചത്. ആദ്യ അന്വേഷണത്തിൽ അപകടം ഗൗരവം ഉള്ളതല്ലെന്നു വ്യക്തമായതോടെ പ്രദേശവാസികളായ മലയാളികൾ ഇന്ന് രാവിലെയാണ് കുടുംബത്തെ കാണാൻ എത്തിയത്. അപകടത്തിൽ ഒരു കുട്ടിക്ക് മാത്രമാണ് ആശുപത്രിയിൽ കിടന്നു ചികിൽസിക്കേണ്ട പരുക്ക് പറ്റിയിട്ടുള്ളത്.

വൈകുന്നേരം അഞ്ചു മണിയോടെ ഇരുട്ട് പരന്നു തുടങ്ങിയ സമയത്താണ് അപകടം നടന്നത്. മലയാളി കുടുംബം സഞ്ചരിച്ച ഫോർഡ് ഫിയസ്റ്റയും എതിരെ വന്ന യുവാവിന്റെ ഐ 10 കാറും ആണ് കൂട്ടിയിടിയിൽ തകർന്നത്. അപകടത്തെ തുടർന്ന് അഗ്നിശമന സേന അംഗങ്ങൾ എത്തുമ്പോഴും മലയാളി കുടുംബം കാറിൽ അകപ്പെട്ട നിലയിൽ ആയിരുന്നു. ചില്ല് തകർത്തു കുട്ടികളെ വേഗം പുറത്തെടുത്തെങ്കിലും എതിരെ വന്ന കാറിൽ അകപ്പെട്ട യുവതിയെ പുറത്തെടുക്കാൻ കാർ വെട്ടിപ്പൊളിക്കുക ആയിരുന്നു. പരുക്കേറ്റ എല്ലാവരെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തെ തുടർന്ന് സമീപ പ്രദേശത്തെ പല റോഡുകളും അടച്ചാണ് പൊലീസ് തെളിവുകൾ ശേഖരിച്ചത്. മലയാളി കുടുംബത്തിലെ മൂന്നു ആൺ കുട്ടികളിൽ രണ്ടു പേർക്ക് പ്രാഥമിക ശുശ്രൂഷ മാത്രം നൽകി വീട്ടിൽ പറഞ്ഞയക്കുക ആയിരുന്നു. എന്നാൽ ഒരു കുട്ടിക്ക് കൂടുതൽ പരുക്കേറ്റതിനാൽ വിദഗ്ധ ചികിത്സാ ആവശ്യമായി വന്നിരിക്കുകയാണ്.

അതിനിടെ ശൈത്യകാലത്തെ റോഡ് പരിചയം പുതുതായി എത്തുന്ന മലയാളി കുടുംബങ്ങൾക്ക് അത്ര വേഗത്തിൽ മനസിലാക്കാൻ പ്രയാസമുള്ളതിനാൽ ഡിസംബർ - ജനുവരി മാസങ്ങളിലെ ഡ്രൈവിങ് ഏറെ ശ്രദ്ധ വേണ്ടതാണ് എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ലിവർപൂൾ അപകടം. തണുത്തുറഞ്ഞു കിടക്കുന്ന റോഡിൽ കാറിന്റെ ടയറിനു പിടുത്തം കുറയും എന്നതിനാൽ തേഞ്ഞു പഴകിയ ടയറുകൾ ആണെങ്കിൽ നിസാര അപകടം ആയാൽ പോലും കനത്ത പിഴയും ഡ്രൈവിങ് ലൈസൻസിൽ പോയിന്റ് നഷ്ടവും ഉണ്ടാകും എന്നതും ഓർമ്മിക്കേണ്ടതാണ്.

കാറിന്റെ വാർഷിക എം ഓ ടിക്ക് കാത്തു നിൽക്കാതെ ടയറുകൾ മാറാനുള്ളവ ശൈത്യകാലത്തു മാറ്റിയിടുക എന്നത് ഏറ്റവും പ്രധാനവുമാണ്. ആവശ്യത്തിലേറെ സമയമെടുത്ത് ഡ്രൈവ് ചെയ്യുക എന്നതാണ് മറ്റൊരു പ്രധാന വസ്തുത.