ലണ്ടൻ: ബ്രിട്ടന്റെ ഐകോണിക് കാർ ബ്രാൻഡായ ജാഗ്വർ ലാൻഡ് റോവറിലെ 45 ലക്ഷത്തിനു മുകളിൽ ജോലി ചെയ്യുന്ന ചെറുപ്പക്കാരനായ മലയാളി യുവാവ് ബ്രിട്ടീഷ് പട്ടണ മധ്യത്തിൽ ഒരു തട്ടുകട തുടങ്ങിയാൽ എങ്ങനെയിരിക്കും? അതും ദോശയും സാമ്പാറും ഇഡ്ഡ്ലിയും ലഭിക്കുന്ന അസൽ നാടൻ തട്ടുകട. മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾ അഭിനയിച്ച കാമ്പില്ലാത്ത തിരക്കഥയിൽ വന്ന ഇംഗ്ലീഷ്, ലണ്ടൻ ബ്രിഡ്ജ്, ഡ്രാമ തുടങ്ങി യുകെ മലയാളികളുടെ കഥ പറയാൻ ശ്രമിച്ച സിനിമകളിലേതു പോലെ ഒരു തിരക്കഥയുടെ ത്രെഡ് ഒന്നുമല്ല ഈ തട്ടുകട കഥ. സാക്ഷാൽ സംഭവ കഥയാണ്.

ബ്രിട്ടനിലെ കാറുകളുടെ തറവാടായ കവൻട്രിയിൽ നടന്ന യഥാർത്ഥ സംഭവം. ഇക്കഥ യാഥാർഥ്യത്തിന്റെ കുപ്പായമിട്ടിട്ട് രണ്ടാഴ്ച പിന്നിടുന്നതേയുള്ളൂ. സംഭവ കഥയിലെ നായകന്റെ പേര് മാർട്ടിൻ ജോസഫ്. സ്ഥലം പാലായിലെ മുത്തോലി. കഥാനായകൻ യുകെയിൽ എത്തിയത് 2009ൽ. അതും പ്ലസ് ടു പാസായ ശേഷം നേരെ കവൻട്രി യൂണിവേഴ്‌സിറ്റിയിലെ എൻജിനിയറിങ് ബിരുദ കോഴ്‌സിലേക്ക്. അന്നത്തെ കണക്കിൽ 30 ലക്ഷം രൂപയോളം മുടക്കി പഠിച്ച ശേഷം ഒരു കമ്പനിയും കൈ നീട്ടി സ്വീകരിക്കാൻ കാത്തിരിക്കുക ആയിരുന്നില്ല മാർട്ടിനെ പോലെയുള്ള മലയാളി ചെറുപ്പക്കാരെ. പിന്നീടങ്ങോട്ട് കഷ്ടപ്പാടിന്റെയും ത്യാഗത്തിന്റെയും കദന കഥകളാണ് മാർട്ടിന് ഒപ്പം കൂട്ടുണ്ടായിരുന്നത്. 

രുചിയുടെ ലോകത്തേക്ക് എത്തിയത് അവിചാരിതമായി

കാറുകളുടെ ലോകത്തെ എൻജിനിയറിങ് ചിന്തകളിൽ നിന്ന് എങ്ങനെ തീയും ചൂടും നിറഞ്ഞ തട്ടുകടയിലേക്കു എത്തും? അതിനു വർഷങ്ങൾ നീണ്ട വിദ്യാർത്ഥി ജീവിതത്തിനു ശേഷമുള്ള പ്രയാസങ്ങളാണ് മാർട്ടിനെ തട്ടുകടയുടെ ലോകത്തേക്ക് എത്തിച്ചത്. വിദ്യാർത്ഥി ജീവിത കാലത്തും അതിനു ശേഷവും നീണ്ട അഞ്ചു വർഷത്തോളമാണ് മാർട്ടിൻ മക്ഡൊണാൾഡിലെ അടുക്കളയുടെ ചൂട് അറിഞ്ഞത്. അപ്പോഴും വിശപ്പറിഞ്ഞ നാളുകളിലൂടെയാണ് സാധാരണക്കാരായ ഓരോ വിദേശ വിദ്യാർത്ഥിയും യുകെയിലെ പഠന കാലം ചെലവിടുന്നത് എന്ന തിരിച്ചറിവും മാർട്ടിന് ഉണ്ടായിരുന്നു.

അങ്ങനെയാണ് താൻ പഠിച്ച കവൻട്രി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾക്ക് വിശന്നാൽ ആശ്രയിക്കാൻ ഒരു തട്ടുകട ഉണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹം മനസ്സിൽ തോന്നിയത്. ആ ആഗ്രഹവുമായി കവൻട്രിയിലും മറ്റു പല നഗരങ്ങളിലും മാർട്ടിൻ യാത്ര ചെയ്യുമ്പോൾ കണ്ണുകൾ തേടിയിരുന്നത് വഴിയരികിൽ കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭിക്കുന്ന ഇടങ്ങളായിരുന്നു.

താൻ ആഗ്രഹിച്ച പോലെ ഒരു ഭക്ഷണ ശാല ഇപ്പോൾ മൂന്നാഴ്ച ആയി കവൻട്രിയിൽ സംസാര വിഷയമാക്കാൻ കഴിഞ്ഞ മാർട്ടിൻ തന്റെ കടയിൽ പരമാവധി ഒരാൾക്ക് ഏതു ഐറ്റം ഭക്ഷണം കഴിക്കുമ്പോഴും അഞ്ചു പൗണ്ടിൽ അധികം ചെലവാക്കേണ്ടി വരില്ല എന്നുറപ്പ് പറയുന്നു. എന്നാൽ അഞ്ചു പൗണ്ടിൽ കഴിച്ചു മടങ്ങാൻ എത്തുന്ന ചെറുപ്പക്കാർ പലരും ഇപ്പോൾ പല പല ഇനങ്ങൾ ട്രൈ ചെയ്തു 20 പൗണ്ടിന്റെ ബില്ലിലേക്ക് എത്തുന്നു എന്നത് മാർട്ടിനിലെ സംരംഭകന്റെ വിജയമായി മാറുകയാണ്.

കവൻട്രിയിലെ ഇന്ത്യൻ ഫുഡ് കിട്ടുന്ന സകല ഏഷ്യൻ കടകളിലും കയറിയിറങ്ങി രുചി പരീക്ഷിച്ച മാർട്ടിൻ ഈ കടകളിൽ എവിടെ ലഭിക്കുന്നതിലും 30 ശതമാനം വിലക്കുറവ് നൽകാൻ തനിക്ക് കഴിയുമെന്നും അവകാശപ്പെടുന്നു. കച്ചവടം പിടിക്കുക എന്നതല്ല ഇതിന്റെ പിന്നിലെ മനഃശാസ്ത്രം, മറിച്ചു സ്ഥിര വരുമാനം ഇല്ലാത്ത ചെറുപ്പക്കാർ വിശപ്പറിയരുതെന്നും പോക്കറ്റിനെ പേടിച്ചു നാടിന്റെ രുചി മറന്നു പോകരുത് എന്ന നിശ്ചയവുമാണ് ഈ തീരുമാനത്തിന് പിന്നിൽ.

പ്ലസ് ടു കഴിഞ്ഞു നേരെ യുകെയിലേക്ക്, പഠനത്തിനായി വായ്പ എടുത്തത് 30 ലക്ഷം രൂപ, ജോലി കിട്ടിയില്ല എന്ന കാരണത്താൽ മാർട്ടിന് നാട്ടിലേക്ക് മടങ്ങാനാകുമായിരുന്നില്ല

പ്ലസ് ടു കഴിഞ്ഞു നേരെ യുകെയിലേക്ക് വിമാനം കയറുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആണെങ്കിലും 2009 ൽ മാർട്ടിൻ അത് ചെയ്യുമ്പോൾ ഒരു സാഹസം തന്നെ ആയിരുന്നു, അതും 30 ലക്ഷം രൂപയുടെ ബാങ്ക് ലോണും ബാക്കി തുക വീട്ടിലെ ആകെ സമ്പാദ്യത്തിൽ നിന്നും സംഘടിപ്പിച്ചായിരുന്നു ആ യാത്ര. 2009ൽ യുകെയിൽ എത്തിയ മാർട്ടിൻ കോഴ്സ് പൂർത്തിയാക്കുമ്പോൾ തന്നെ വിദ്യാർത്ഥി വിസക്കാരുടെ കാര്യത്തിൽ അന്നത്തെ യുകെ സർക്കാർ നിഷേധാത്മക നിലപാടിലേക്ക് എത്തുക ആയിരുന്നു.

പോസ്റ്റ് സ്റ്റഡി വിസ ഇല്ലാതായി, പഠിച്ചിറങ്ങുന്നവർക്കു മാന്ദ്യം കഴിഞ്ഞ ക്ഷീണ രാജ്യത്തിൽ ജോലി കിട്ടാൻ പ്രയാസമായി. ആ കാലഘട്ടം ഇപ്പോൾ ഓർക്കാൻ പോലും മാർട്ടിന് പേടിയാണ്. കാരണം അത്രയധികം പ്രയാസങ്ങളാണ് നേരിടേണ്ടി വന്നത്. തിരിച്ചു പോകാൻ ആലോചിക്കുമ്പോൾ മുന്നിൽ വന്നു നിൽക്കുന്നത് 30 ലക്ഷത്തിന്റെ ബാങ്ക് ലോൺ ആയിരുന്നു. ഒടുവിൽ ജാഗ്വർ ലാൻഡ് റോവറിലെ ഓട്ടോ ഡൈനാമിക് ലീഡ് എൻജിനിയർ ആയി മാറിയ മാർട്ടിൻ നാട്ടിലെ കടവും വീട്ടി, വീട്ടുകാർക്ക് അഭിമാനത്തോടെ പറയാനായി ഒരു വീടും വച്ചു. ഇപ്പോൾ വിവാഹത്തിലേക്ക് കടക്കാൻ തയ്യാറായ ഘട്ടത്തിലാണ് സംരംഭകന്റെ റോളും ഏറ്റെടുക്കുന്നത്.

തുടക്ക നിക്ഷേപം 5000 പൗണ്ട്, ആദ്യ ആഴ്ചയിൽ തന്നെ സ്‌കോട്ലൻഡിൽ നിന്നും ബ്രൈറ്റണിൽ നിന്നുമൊക്കെ ഇംഗ്ലീകാരായ ഭക്ഷണ പ്രേമികൾ

പണ്ടത്തെ അപേക്ഷിച്ചു ഭക്ഷണ വിപണന രംഗത്ത് മുതൽ മുടക്കാൻ ഏറ്റവും പറ്റിയ കാലാവസ്ഥയാണ് എന്ന് മാർട്ടിനും പറയുന്നു. കാരണം സോഷ്യൽ മീഡിയയുടെ തരംഗം അത്ര വലുതാണ്. ഇന്ത്യയിലും കേരളത്തിലും പോയിട്ടില്ലാത്ത സായിപ്പിന് വരെ ദോശയുടെയും സാമ്പാറിന്റെയും ഇഡ്ലിയുടെയും ഒക്കെ കഥകൾ അറിയാം. ആ രുചികൾ പരീക്ഷിക്കാൻ അവസരം കിട്ടിയാൽ അവർ തയ്യാറാകും.

തന്റെ തട്ടുകട തേടി വരുന്ന ഇംഗ്ലീഷ് ഭക്ഷണ പ്രേമികൾ പറയുന്ന കാര്യങ്ങൾ ഇപ്പോൾ മാർട്ടിനെയും അത്ഭുതപ്പെടുത്തുകയാണ്. തനി കേരളീയ രുചിയിൽ തയ്യാറാക്കുന്ന സാമ്പാറിന്റെ എരിവൊക്കെ സായിപ്പ് എങ്ങനെ താങ്ങും എന്ന വിഷമം പങ്കുവച്ച മാർട്ടിനോട് തങ്ങൾ ആദ്യമായല്ല ഇന്ത്യൻ കട കാണുന്നതെന്നും ആ രുചി നാവിൽ പിടിച്ചതുകൊണ്ടാണ് കവൻട്രി കാണാൻ വന്നപ്പോൾ കണ്ണിൽ തടഞ്ഞ ഇന്ത്യൻ ഭക്ഷണ ശാല എന്ന പേരിലേക്ക് ആകൃഷ്ടരായത് എന്നും ബ്രിട്ടീഷ് കസ്റ്റമേഴ്സ് പറഞ്ഞത് ആശ്ചര്യത്തോടെയാണ് മാർട്ടിൻ പറഞ്ഞു പോകുന്നത്. തനി രുചി സായിപ്പിനെ അറിയിക്കാൻ 15 മിനിറ്റ് എന്തെങ്കിലും ഷോപ്പിങ് നടത്തിക്കോളൂ നല്ല ആവി പറക്കുന്ന നാടൻ ഐറ്റം കയ്യിൽ തരാം എന്ന് പറയുമ്പോൾ ഭക്ഷണം കഴിക്കാൻ വരുന്നവർക്കും സന്തോഷം.

കാരണം സാദാ റെസ്റ്റോറന്റിലും ഹോട്ടലിലും ഒക്കെ പല ദിവസങ്ങളിലായി ഫ്രോസൺ ചെയ്തു സൂക്ഷിച്ച ഭക്ഷണം രുചി മാറി കഴിക്കേണ്ടി വരുമ്പോൾ അന്നന്ന് തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ രുചിയും ചേരുവയും ഒക്കെ ഒന്ന് വേറെ തന്നെ ആയിരിക്കും എന്ന് യഥാർത്ഥ ഭക്ഷണ പ്രേമികൾക്കും അറിയാം. മിച്ചം വരുന്ന ഭക്ഷണം സൂക്ഷിക്കാൻ മാർട്ടിന്റേത് പോലുള്ള ചെറു കടകളിൽ സാധിക്കില്ല എന്നറിയുന്ന ആളുകളാണ് കടയുടെ പകിട്ടിൽ മയങ്ങാതെ രുചിയുടെ പറുദീസാ തിരിച്ചറിഞ്ഞു നാടൻ ഭക്ഷണ ശാലയിലേക്ക് ഓടിയെത്തുന്നത്.

ബിസിനസ് പ്ലാൻ ഇല്ലാതെയാണോ കച്ചവടത്തിന് ഇറങ്ങുന്നത്? എങ്കിൽ എപ്പോ പൊട്ടി എന്ന് ചോദിച്ചാൽ മതി

നിങ്ങൾ ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരൻ ആണോ? എങ്കിലും നിശ്ചയമായും മാർട്ടിനെ ഒന്ന് നേരിൽ കാണുന്നത് ഏറ്റവും നല്ല തീരുമാനം ആയിരിക്കും. യുകെയിൽ ബിസിനെസ്സിൽ കൈവച്ചു പൊള്ളിയ അനേകം പേരുള്ളതിനാൽ ഇപ്പോൾ അവരോടൊക്കെ ബിസിനസ് പ്ലാനിൽ എവിടെയാണ് വീഴ്ച പറ്റിയത് എന്ന് ചോദിച്ചാൽ ബിസിനസ് പ്ലാനോ, അതെന്താ എന്ന മറുചോദ്യം കേൾക്കേണ്ടി വരും. എന്നാൽ മാർട്ടിന്റെ അഭിപ്രായത്തിൽ മുടക്കാൻ ഉദ്ദേശിക്കുന്ന പണത്തേക്കാൾ വലുതാണ് ബിസിനസ് പ്ലാൻ.

സ്ഥാപനം തുടങ്ങാൻ ഉള്ള കാരണം, സ്ഥാപനത്തിന്റെ സ്വഭാവം, സ്ഥാപനം തുടങ്ങും വരെ ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ, തുടങ്ങി കഴിഞ്ഞു മുന്നോട്ടുള്ള വഴികൾ, എന്താണ് വിൽക്കുന്ന ഉൽപ്പന്നങ്ങൾ, ആരെയാണ് ടാർജറ്റ് ചെയ്യുന്നത് എന്ന് തുടങ്ങി ഒരു കുഞ്ഞിന്റെ ജാതകം എഴുതുന്ന ജ്യോത്സനേക്കാൾ കണിശത്തോടെ നാൾവഴികൾ എഴുതുന്ന റിപ്പോർട്ടാണ് ബിസിനസ് പ്ലാൻ. കവൻട്രി നഗരമധ്യത്തിൽ ഇത്തരം ഒരു ബിസിനസിന് ടെണ്ടർ ക്ഷണിച്ച ഏജൻസി നടത്തിപ്പുകാരൻ റോസ് ബെൻഡൽ തലകുത്തി വീണത് മാർട്ടിന്റെ ബിസിനസ് പ്ലാൻ കണ്ട ശേഷമാണ്.

ഏറ്റവും ഉയർന്ന ടെൻഡർ അല്ല കവൻട്രി സിറ്റി കൗൺസിലിന് ആവശ്യം, ഏറ്റവും കൂടുതൽ ആളുകളെ ആകർഷിക്കുന്ന ഒരു സ്ഥാപനമാണ് നഗര മധ്യത്തിൽ ഏവരുടെയും കണ്ണിൽ ഉടക്കേണ്ടത് എന്നായിരുന്നു റോസിന്റെ ആഗ്രഹം. അതിനു മാർട്ടിന്റെ ബിസിനസ് പ്ലാനിൽ ആവശ്യത്തിലേറെ കാര്യങ്ങൾ തിക്കി നിറഞ്ഞിരുന്നു. എൻജിനിയറിങ് പ്രൊഫഷണൽ ആയ സംരംഭകൻ തന്റെ വിദ്യാഭ്യസ മികവ് ആണ് ബിസിനസ് പ്ലാനിൽ സാധ്യമാക്കി എടുത്തത്.

എന്ന് മാത്രമല്ല, ടെൻഡർ അംഗീകരിക്കപ്പെട്ട അന്ന് മുതൽ കട തുടങ്ങുന്ന ദിവസം വരെ എന്താണോ മാർട്ടിൻ ബിസിനസ് പ്ലാനിൽ പറഞ്ഞത് അത് ഒരു ദിവസത്തിന്റെ പോലും മാറ്റം കാണിക്കാതെ അതേവിധം നടന്നത് കണ്ടപ്പോൾ ഇന്ത്യക്കാരന്റെ മുൻകൂട്ടി കാണാനുള്ള കഴിവിനെ റോസ് ബെൻഡൽ മനസ് കൊണ്ടെങ്കിലും നമിച്ചിരിക്കണം. എന്നാൽ ഒരു ബിസിനസ് പ്രൊമോട്ടർ പെരുമാറുന്നത് പോലെയല്ല, സഹോദര തുല്യമായ സ്നേഹവും പിന്തുണയും നൽകിയാണ് റോസ് ബെൻഡൽ ദോശയും ഇഡലിയും വിൽക്കുന്ന കേരളത്തിന്റെ മുഖച്ഛായ ആയ തട്ടുകടയെയും തന്നെയും ചേർത്ത് പിടിക്കുന്നതെന്നു മാർട്ടിനും പറയുന്നു.

രാവിലെ 11 മുതൽ വൈകിട്ട് ഏഴുമണി വരെ മാർട്ടിന്റെ ചൂട് ദോശയും ഇഡ്ഡലിയും സാമ്പാറും പലവിധ നോർത്ത് ഇന്ത്യൻ വിഭവങ്ങളും കഴിക്കാൻ കവൻട്രി പട്ടണ മധ്യത്തിലേക്ക് ധൈര്യമായി വരാം. ആഴ്ചയിൽ ഏഴു ദിവസം തുറക്കുന്ന കട എന്ന പെരുമയും ഇപ്പോൾ കവൻട്രി മലയാളി തട്ടുകടക്കു സ്വന്തം.