ലണ്ടൻ: ഊഴമിട്ട് ഊഴമിട്ട് ഓരോ നാടുകളിൽ നിന്നും മറ്റൊരു നാട്ടിലേക്ക് മരണം പതുങ്ങി എത്തുകയാണ്. അടുത്തിടെയായി തുടർ മരണങ്ങൾ ആവർത്തിക്കുമ്പോൾ കാൻസർ മരണങ്ങൾ ഭയപ്പെടുത്തുന്ന വിധത്തിൽ ഏറുകയാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിലായി ചെറുപ്പക്കാരായ നാല് മലയാളികളാണ് ജീവൻ വെടിഞ്ഞിരിക്കുന്നത്. ഇതോടെ നാലു വീട്ടുകാരുടെ മാത്രമല്ല നാല് നാടിന്റെ ദുഃഖം കൂടിയാണ് യുകെ മലയാളി സമൂഹത്തെ തേടി എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിലെ രാഹുലും വിസ്റ്റണിലെ ജോമോൾ ജോസും വാറിങ്ടണിലെ മെറീന ബാബുവും മരിച്ചതിനു പിന്നാലെയാണ് ഇന്നലെ ഇപ്‌സ്വിച്ചിലെ ബിനു മാടത്തിച്ചിറയിലും പ്രിയപെട്ടവരെ വിട്ടു യാത്രയായിരിക്കുന്നത്. ഐടി എൻജിനിയർ ആയിരുന്ന രാഹുലും നഴ്സ് ആയിരുന്ന ജോമോളും പോയതിനൊപ്പമാണ് നഴ്‌സിങ് വിദ്യാർത്ഥിനി ആയിരുന്ന മെറീനയും നാട്ടിൽ നഴ്സ് ആയിരുന്ന ബിനുമോൻ മഠത്തിൽചിറയിലും യുകെ മലയാളികളുടെ ഓർമ്മപ്പുസ്തകത്തിൽ ഇടം പിടിച്ചിരിക്കുന്നത്. തുടർച്ചയായി സംഭവിച്ച മരണങ്ങളിൽ ഇടറിയ നെഞ്ചോടെ പ്രാദേശിക മലയാളി സമൂഹം ദുരിതം നേരിടുന്ന കുടുംബങ്ങൾക്ക് ഒപ്പം ഉണ്ടെന്നത് മാത്രമാണ് ആശ്വാസമാകുന്നത്.

കാൻസർ ചികിത്സയിൽ ആയിരുന്നതിനാൽ ഡോക്ടർമാർ രോഗ വിവരം കൃത്യമായി ബിനുവിനോട് പറഞ്ഞിരുന്നതിനാൽ എത്രയും വേഗം ജന്മനാടായ കോട്ടയത്തേക്ക് എത്തണം എന്ന ആഗ്രഹമായിരുന്നു അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. സുഖമില്ലാത്ത കുഞ്ഞുമായി ബിനുവിന്റെ ഭാര്യയ്ക്ക് യാത്ര ചെയ്യാൻ ഉള്ള പ്രയാസം കണക്കിലെടുത്തു കുടുംബത്തിന്റെ പ്രിയ സുഹൃത്തുക്കളും സഹപ്രവർത്തകരുമായ രണ്ടു പേർ കൂടി ഇവർക്കൊപ്പം യാത്ര ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നതാണ്.

എന്നാൽ യാത്ര പുറപ്പെടുന്നതിനു രണ്ടു ദിവസം മുൻപാണ് ബിനുവിന്റെ രോഗനില കലശലായതും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതും. തിരികെ വീട്ടിലേക്ക് മടങ്ങാനാകാതെ ഒടുവിൽ ബിനുവിന്റെ ജീവൻ അന്ത്യശ്വാസം എടുക്കുക ആയിരുന്നു. ഏറെ നാളുകളായി യുകെയിൽ ഉള്ള കുടുംബം ഏതാനും വർഷം മുൻപാണ് ഇപ്‌സ്വിച്ചിൽ താമസം മാറിയെത്തുന്നത്. ബിനുവിന്റെ അസുഖ വിവരം അറിഞ്ഞ് ലണ്ടനിലും കാനഡയിലുമുള്ള സഹോദരങ്ങൾ ആശുപത്രിയിലേക്ക് എത്തിയിരുന്നു. ഇരുവരുടേയും സാന്നിധ്യത്തിലാണ് ബിനു മരണത്തിനു കീഴടങ്ങിയതും. സഹോദരങ്ങൾ ഇരുവരും ഇവിടെയുള്ളതിനാൽ തന്നെ മൃതദേഹം യുകെയിൽ തന്നെ സംസ്‌കരിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

സുമനസുകളായ നാട്ടുകാർ ഈ കുടുംബത്തെ ഹൃദയത്തോടു ചേർത്ത് പിടിച്ചിരിക്കുന്ന കാഴ്ചയാണ് അസുഖകാലത്ത് കാണാനായത്. ഇപ്പോൾ ബിനുവിന്റെ മരണ ശേഷവും ആ ഹൃദയവായ്‌പ്പ് കൂടിയിട്ടേ ഉള്ളൂ എന്നാണ് എല്ലാക്കാര്യങ്ങൾക്കും മേൽനോട്ടം വഹിക്കുന്ന പ്രദേശത്തെ മലയാളി സമൂഹം നൽകുന്ന കാഴ്ചയും.