ലണ്ടൻ: യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ഓഫ് നോർത്ത് മിഡ്ലാൻഡ്സ് (യു എച്ച് എൻ എം) 2021 ഒ ആരംഭിച്ച റിക്രൂട്ടിങ് പരമ്പരയിൽ അടുത്ത മാസം ആകുമ്പോഴേക്കും 352 വിദേശ നഴ്സുമാരെ ജോലിക്ക് എടുത്തു കഴിഞ്ഞിരിക്കും. ഒക്ടോബറിൽ ഇന്ത്യയിൽ നിന്നും ബോത്സ്വാനയിൽ നിന്നുമായി മുപ്പതോളം നഴ്സുമാരാണ് റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി സ്റ്റഫോർഡ്സ് കൗണ്ടി ഹോസ്പിറ്റൽസിൽ ജോലിക്ക് കയറിയിയത്. 2022-ൽ കെയർ ക്വാളിറ്റി കമ്മീഷൻ (സി ക്യൂ സി) കൗണ്ടി ഹോസ്പിറ്റലിലെ സ്റ്റാഫിങ് ലെവലിനെ കുറിച്ച് ആശങ്ക രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ വർഷം 400 ഓളം നഴ്സുമാരുടെ ഒഴിവായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഒക്ടോബറിലെ നിയമനം കഴിയുന്നതോടെ ഇത് 40 ആയി കുറയുമെന്ന് യു എച്ച് എൻ എം ചീഫ് എക്സിക്യുട്ടീവ് ട്രേസി ബുള്ളക്ക് സെപ്റ്റംബറിൽ പറഞ്ഞിരുന്നു. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്ന കാര്യത്തിൽ വിദേശ നഴ്സുമാർ വലിയൊരു പങ്കാണ് വഹിച്ചിരിക്കുന്നത് എന്ന് യു എച്ച് എൻ എം പറയുന്നു. ഇതുവരെ നടന്ന വിദേശ നഴ്സുമാരുടെ റിക്രൂട്ടിംഗിൽ എണ്ണത്തിന്റെ കാര്യത്തിൽ ഒന്നാമതുള്ളതാണ് ഒക്ടോബറിൽ 30 പേരെ റിക്രൂട്ട് ചെയ്തത്.

ഇവർ എല്ലാവരും തന്നെ അവരവരുടെ രാജ്യങ്ങളിൽ നഴ്സിങ് പരിശീലനം പൂർത്തിയാക്കിയവരാണ്. എന്നാൽ, യു കെയിൽ നഴ്സ് ആയി പ്രാക്ടീസ് ചെയ്യാൻ നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ വഴി ഒരു ക്ലിനിക്കൽ പരീക്ഷ പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു. ഈ വർഷം അവസാനത്തോടെ യു എച്ച് എൻ എം ആശുപത്രികളിൽ 352 വിദേശ നഴ്സുമാർ ജോലി എടുക്കുന്നുണ്ടാവുമെന്നും, ഇത് നഴ്സുമാരുടെ ഒഴിവുകൾ വലിയ തോതിൽ നികത്തുമെന്നും ഇന്റർനാഷണൽ നഴ്സ് ലീഡ് സ്റ്റെല്ല അണ്ടർവുഡ് പറഞ്ഞു.

റിക്രൂട്ട്മെന്റ് പ്രക്രിയ പൂർത്തിയാക്കിയ ശേഷം അവർ നേടിയ അനുഭവ സമ്പത്ത് വിപുലീകരിക്കുന്നതിനും അത് പരമാവധി ഉപയോഗിക്കുന്നതിനുമായിരിക്കും ശ്രദ്ധിക്കുക എന്നും സ്റ്റെല്ല പറഞ്ഞു. ഏതായാലും, ബ്രിട്ടനിലെ ആരോഗ്യ മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് വിദേശത്തു നിന്നുള്ള റിക്രൂട്ടിങ് തന്നെയാണ് ഏറ്റവും അനുയോജ്യമായ അടിയന്തിര നടപടി എന്ന് ഇതോടെ കൂടുതൽ വ്യക്തമായിരിക്കുകയാണ്.