ലണ്ടൻ: വിദേശ യാത്രക്ക് പോകുന്നവർക്ക് ഏറ്റവും സുപ്രധാനമായ രേഖയാണ് പാസ്സ്പോർട്ട്; പാസ്സ്പോർട്ടിന്റെ കാലാവധി മുതൽ വിവിധ രാജ്യങ്ങളിലെ പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട നിയമങ്ങൾ വരെ അറിഞ്ഞിരിക്കേണ്ടത് ആവശ്യവുമാണ്. പല രാജ്യങ്ങളിലും വിദേശങ്ങളിൽ നിന്നെത്തുന്നവർക്കുള്ള നിയമങ്ങൾ വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും യൂറോപ്യൻ യൂണിയനെ സംബന്ധിച്ച് പല കാര്യങ്ങളിലും ഒരുപോലുള്ള നിയന്ത്രണങ്ങൾ ആണുള്ളത്.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് സന്ദർശനത്തിന് പോകുന്ന ബ്രിട്ടീഷുകാർ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം അവരുടെ പാസ്സ്പോർട്ടുകൾ ഇഷ്യൂ ചെയ്ത തീയതി മുതൽ 10 വർഷത്തേക്ക് മാത്രമാണ് സാധുവായിട്ടുള്ളത് എന്നാണ്. ഇത് മറ്റു രാജ്യങ്ങൾ ഡേറ്റ് ഓഫ് എക്സ്പയറി നോക്കുന്നതിൽ നിന്നും വ്യത്യസ്തമായിരിക്കും. ബ്രെക്സിറ്റിനു ശേഷം ഇ യു എടുത്ത തീരുമാനം പാസ്സ്പോർട്ട് സാധുതയിലുള്ള അധിക മാസങ്ങൾ പരിഗണിക്കണ്ട എന്നതായിരുന്നു.

2018 സെപ്റ്റംബറിന് മുൻപ് ഇതായിരുന്നില്ല സ്ഥിതി. 10 വർഷം തികയുന്നതിനു മുൻപ് തന്നെ പാസ്സ്പോർട്ട് പുതുക്കിയാൽ, ഒൻപത് മാസങ്ങൾ വരെ സാധുതാ കാലാവധിയിൽ അധികമായി ലഭിക്കുമായിരുന്നു. മാത്രമല്ല, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സന്ദർശിക്കണമെങ്കിൽ ബ്രിട്ടീഷ് പാസ്പോർട്ടിന് കുറഞ്ഞത് മൂന്ന് മാസത്തെ കാലാവധി ബാക്കി ഉണ്ടാവുകയും വേണം.ഈ നിയമങ്ങൾ ഇ യു പൊതുവായി പാലിക്കുന്നതാണ്. വ്യത്യസ്ത രാജ്യങ്ങളിൽ ഇതിനു പുറമെ വേറെ നിയന്ത്രണങ്ങൾ ഉണ്ടോ എന്നും പരിശോധിക്കുക.

ഉദാഹരണത്തിന് ആസ്ട്രേലിയ, കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ എത്ര കാലമാണ് നിങ്ങൾ താമസിക്കാൻ ആഗ്രഹിക്കുന്നത്, അത്രയും നാളത്തെ സാധുത നിങ്ങളുടെ പാസ്സ്പോർട്ടിന് ഉണ്ടായിരിക്കണം. ഉദാഹരണത്തിന് നിങ്ങൾ നാല് മാസത്തേക്കാണ് താമസിക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ, നിങ്ങളുടെ പാസ്സ്പോർട്ട് ചുരുങ്ങിയത് നാല് മാസത്തേക്കെങ്കിലും സാധുവായിരിക്കണം. അതേസമയം, ചൈന, തായ്ലൻഡ്, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ പ്രവേശിക്കണമെങ്കിൽ പാസ്സ്പോർട്ടിൽ കുറഞ്ഞത് ആറുമാസക്കാലത്തെ സാധുതയെങ്കിലും ബാക്കി ഉണ്ടാകണം.

അതുപോലെ പതിവായി യാത്ര ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം പാസ്സ്പോർട്ട് പുതുക്കലുമായി ബന്ധപ്പെട്ടതാണ്. കാലാവധി തീരുമ്പോൾ മാത്രമല്ല, അതിലെ എല്ലാ പേജുകളിലും സ്റ്റാമ്പുകൾ കൊണ്ട് നിറയുമ്പോഴും പാസ്സ്പോർട്ട് പുതുക്കേണ്ടതുണ്ട്. സൗത്ത് ആഫ്രിക്ക, അംഗോള, ചാഡ്, കെനിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കണമെങ്കിൽ പാസ്സ്പോർട്ടിൽ ചുരുങ്ങിയത രണ്ട് ബ്ലാങ്ക് പേജുകൾ എങ്കിലും വേണം. മൊസാംബിക്, സാംബിയ, മഡഗസ്സ്‌കർ, ബോത്സ്വന തുടങ്ങിയ രാജ്യങ്ങൾ മൂന്ന് ഒഴിഞ്ഞ പേജുകൾ വേണമെന്ന് നിഷ്‌കർഷിക്കുമ്പോൾ നമീബിയയിൽ ആറ് പേജ് ആവശ്യമാണ്.