തിരുവനന്തപുരം: ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷാ തീരത്തിനടുത്തായി ന്യൂനമര്‍ദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി വരും ദിവസങ്ങളില്‍ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ത്തന്നെ മധ്യപടിഞ്ഞാറന്‍ ഭാഗത്ത് 19-ന് മറ്റൊരു ന്യൂനമര്‍ദവും രൂപപ്പെടാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ചവരെ തീവ്രമഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഇടിന്നലോടും കാറ്റോടും കൂടിയ അതിശക്തമായ മഴയ്ക്കാണ് സാധ്യത.

ഇന്ന് അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും 18ന് കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 18ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 19ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലും മഞ്ഞ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ആഗോള മഴപ്പാത്തിയായ എംജെഒ (മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍) കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്നു പടിഞ്ഞാറന്‍ പസിഫിക് സമുദ്രത്തിലേക്കു നീങ്ങുന്നതാണു മഴയ്ക്കു കാരണം. മേഘങ്ങള്‍ കൂട്ടമായി ഭൂമധ്യരേഖയ്ക്കു കുറുകെ നീങ്ങുന്നതാണ് എംജെഒ പ്രതിഭാസം. അമേരിക്കന്‍ ശാസ്ത്രജ്ഞരായ റോളന്‍ഡ് മാഡനും പോള്‍ ജൂലിയനും ചേര്‍ന്ന് 1971ല്‍ കണ്ടെത്തിയതിനാലാണ് ഈ പേരു വന്നത്. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ 19 വരെ മീന്‍പിടിത്തം വിലക്കി.

അതിതീവ്ര മഴ അപകടങ്ങളുണ്ടാക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അതാനാല്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാകാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. മലയോര മേഖലയിലുള്ളവരും ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ദുരിതം വിതച്ച് മഴയും കാറ്റും

കോട്ടയം-കുമരകം-ചേര്‍ത്തല പാതയില്‍ ബണ്ട് റോഡില്‍ ഓടിക്കൊണ്ടിരുന്ന 2 കാറുകള്‍ക്കു മുകളിലേക്കു മരം വീണു. ആളപായമില്ല. ഇടുക്കി ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വൈകിട്ട് 7 മുതല്‍ രാവിലെ 6 വരെ യാത്ര നിരോധിച്ചു. ചപ്പാത്ത്കട്ടപ്പന റോഡില്‍ ആലടി ഭാഗത്ത് പഴയ കല്‍ക്കെട്ട് ഇടിഞ്ഞു റോഡ് അപകടാവസ്ഥയിലായതിനാല്‍ ഗതാഗതം നിരോധിച്ചു.

കൊല്ലത്ത്, സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ബസിനു മുകളിലേക്കു കടപുഴകി വീണ മരത്തിന്റെ ചില്ലകള്‍ പതിച്ചു. കുട്ടികള്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു. മങ്ങാട് ഗവ. എച്ച് എസ്എസ് വളപ്പിലെ കൂറ്റന്‍ മരമാണ് കടപുഴകിയത്. കനത്ത ജലപാതത്തെത്തുടര്‍ന്ന് തെങ്കാശി കുറ്റാലം വെള്ളച്ചാട്ടം, ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് പ്രവേശനം തടഞ്ഞു.

ആലപ്പുഴ ജില്ലയില്‍ 31 വീടുകള്‍ ഭാഗികമായി തകര്‍ന്നു. നഗരത്തില്‍ മട്ടാഞ്ചേരി പാലത്തിനു സമീപം രാവിലെ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു ദമ്പതികള്‍ക്കു പരുക്കേറ്റു. സ്‌കൂട്ടറില്‍ വരികയായിരുന്ന ആറാട്ടുവഴി മൈഥിലി ജംക്ഷനില്‍ ഷിയാദ് മന്‍സിലില്‍ ഉനൈസ് (30), ഭാര്യ അലീന (28) എന്നിവര്‍ മഴയെത്തുടര്‍ന്ന് വഴിയോരത്തു നില്‍ക്കുമ്പോഴാണു മരക്കൊമ്പ് വീണത്. ഇരുവരും തീവ്രപരിചരണ വിഭാഗത്തിലാണ്. ഉനൈസിന്റെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം പാലക്കാട് പാലക്കയം വട്ടപ്പാറ ചെറുപുഴയില്‍ ഒഴുക്കില്‍പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.