രു പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ, 33 പേർ വെട്ടിയും കുത്തിയും കൊല്ലപ്പെടുക! ഇരുനുറിലേറെപേർക്ക് ഗുരുതരമായി പരിക്കേൽക്കുക. നിയമസഭാ തെരഞ്ഞടുപ്പ് കഴിഞ്ഞശേഷമുള്ള രണ്ടുവർഷത്തിനുള്ളിൽ നുറിലേറെ പേർ കൊല്ലപ്പെടുക. അതിനൊപ്പം 39 പേർ ഇവിടെ ബലാൽസംഗം ചെയ്യപ്പെടുകയും ചെയ്തുവെന്ന് കേട്ടാൽ ഞെട്ടരുത്! ഇത് നടന്നതും ഇന്ത്യയിലാണ്. ഒരുകാലത്തെ നമ്മുടെയൊക്കെ മധുരമനോഞ്ജമായ ബംഗാളിൽ. രാജ്യം മണിപ്പൂരിനെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ, ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ കൊടിയ അതിക്രമങ്ങൾ വേണ്ടത്ര ചർച്ച ചെയ്യാതെ പോവുകയാണ്.

ബംഗാളിൽ തെരഞ്ഞെടുപ്പുകാലത്ത് എക്കാലവും ചോര ഒഴുകിയിട്ടുണ്ട്. വേട്ടക്കാരുടെയും ഇരകളുടെയും പാർട്ടികൾ മാറിമാറിവരും എന്നേയുള്ളൂ. അടിയന്തരാവസ്ഥക്കാലത്തൊക്കെ സിദ്ധാർത്ഥ് ശങ്കർ റേയുടെ നേതൃത്വത്തലുള്ള കോൺഗ്രസ് സർക്കാർ സിപിഎമ്മിനെ വേട്ടയാടി. പൊലീസിനെവിട്ടും ഗുണ്ടകളെ ഇറക്കിയും നിരവധി പാർട്ടി പ്രവർത്തകരെ കൊന്നു. എന്നാൽ സിപിഎം അധികാരത്തിൽവന്നതോടെ ഇതിനെല്ലാം കണക്കു തീർത്തു. പിന്നീടങ്ങോട്ട് മൂന്ന് പതിറ്റാണ്ട് സിപിഎം നരനായാട്ടാണ് ബംഗാളിൽ കണ്ടത്. കോൺഗ്രസ് നേതാവായിരുന്നു മമത ബാനർജിപോലും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. എന്നാൽ സിപിഎമ്മിനെ നിഷ്‌ക്കാസിതരാക്കി തൃണമൂൽ, അധികാരം പിടിച്ചതോടെ പിന്നെ, സിപിഎം- തൃണമൂൽ സംഘർഷങ്ങളുടെ കാലമായി. തൃണമൂലിന്റെയും അവരുടെ കുപ്രസിദ്ധമായ ബൈക്ക് ബ്രിഗേഡിന്റെയും ആക്രമണം സഹിക്കവയ്യാതെ, സിപിഎം പ്രവർത്തകർ കൂട്ടമായി ബിജെപിയിലെത്തി.

ഇപ്പോൾ ബംഗാൾ ചുവക്കുന്നത് തൃണമൂൽ- ബിജെപി ഏറ്റുമുട്ടലുകളെ തുടർന്നാണ്. മൂന്ന് പതിറ്റാണ്ട് ഈ നാട് ഭരിച്ച ഇടതുപക്ഷം ഇന്ന് ചിത്രത്തിലില്ല. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൊല്ലപ്പെട്ടവർ ഏറെയും കാവിക്കൊടിയേന്തിയവരാണ്. ആർക്കും നിയന്ത്രിക്കാൻ കഴിയുന്നതല്ല ബംഗാൾ അക്രമങ്ങൾ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം നടന്ന അക്രമങ്ങൾ സിബിഐ അന്വേഷിക്കുന്നുണ്ട് കൊല്ലപ്പെട്ടവരും അസ്വാഭാവികമായി മരണപ്പെട്ടവരും ഉൾപ്പെടെ 52 പേരുടെ കേസുകളിലാണ് സിബിഐ അന്വേഷണം നടക്കുന്നത്. തിരഞ്ഞെടുപ്പു വിജയത്തിനു ശേഷമുണ്ടായ അക്രമത്തിനിടയിൽ 39 പേർ ബലാൽസംഗം ചെയ്യപ്പെട്ട കേസുകളും സിബിഐ അന്വേഷിക്കുന്നുണ്ട്! തെരഞ്ഞെടുപ്പ് വിജയാഹ്ലാദം പോലും ഇവിടെ കൂട്ട ബലാൽത്സഗത്തിന് വഴിവെക്കുന്നു. ശരിക്കും ചോരപുരണ്ടാതാണ് ബംഗാളിന്റെ ചരിത്രം.

കോൺഗ്രസ് ഇടതിനെ വേട്ടയാടുന്നു

ബംഗാളിൽ അടിയന്തരാവസ്ഥക്കാലത്തൊക്കെ ആയിരക്കണക്കിന് സിപിഎം പ്രവർത്തകരും നേതാക്കളുമാണ്, കോൺഗ്രസുകാരുമായും പൊലീസുമായുള്ള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടത്. 72 മുതൽ 77വരെ ബംഗാൾ ഭരിച്ച കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധാർഥ് ശങ്കർ റേയുടെ ഭരണകാലം ശരിക്കും അർദ്ധ ഫാസിസ്റ്റ് ഭരണം തന്നെയായിരുന്നു. മാർക്സിസ്്റ്റുകാർക്കൊപ്പം നക്‌സലൈറ്റുകളെ അടിച്ചമർത്തലും ഇക്കാലയളവിൽ നടന്നു.

1975 മുതൽ 1977 വരെ അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതിൽ സിദ്ധാർത്ഥ ശങ്കർ റേയ്ക്ക് വലിയ പങ്കുണ്ട്. ഇക്കാര്യം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് നിർദ്ദേശിക്കുകയും, പ്രഖ്യാപനം പുറപ്പെടുവിക്കാൻ രാഷ്ട്രപതിക്ക് ഒരു കത്ത് തയ്യാറാക്കുകയും ചെയ്തത് സിദ്ധാർഥ് ശങ്കർ റേ ആയിരുന്നു. അടിയന്തരവസ്ഥക്കാലത്ത് ബംഗാളിൽ അതിക്രൂരമായ അതിക്രമങ്ങൾക്കാണ് സിപിഎം ഇരയായത്. കേരളത്തിൽ ഒരു രാജനേ ഉണ്ടായിരുന്നുള്ളുവെങ്കിൽ ഒരു ആയിരം രാജന്മാർ ബംഗാളിൽ ഉണ്ടായി. സത്യത്തിൽ ഈ ക്രൂരമായ മർദനവും, അതിക്രമങ്ങളും തന്നെയാണ് ബംഗാളിൽ സിപിഎമ്മിനെ വളർത്തിയത്.

1977 ജൂണിലെ പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴും സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് വലിയ ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. ജനതാ പാർട്ടിയുമായി ചേർന്ന മത്സരിക്കാനാണ് അവർ തീരുമാനിച്ചത്. ഇടതുമുന്നണി, ജനതാ പാർട്ടിക്ക് 52% സീറ്റുകളും പാർട്ടി നേതാവ് പ്രഫുല്ല ചന്ദ്ര സെന്നിന് മുഖ്യമന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ 56% സീറ്റിൽ കുറവൊന്നും പാർട്ടിക്ക് സമ്മതമായിരുന്നില്ല. അങ്ങനെ ഇടതുമുന്നണി ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചു. പക്ഷേ ഫലം സിപിഎമ്മിനെപ്പോലും ഞെട്ടിച്ചു.

294 സീറ്റിൽ 231 സീറ്റും നേടിയാണ് ഇടതുമുന്നണി വിജയിച്ചത്. സിപിഎം 178 സീറ്റുകൾ നേടി. ജനം അത്രയേറെ കോൺഗ്രസ് ഭരണത്തെ വെറുത്തിരുന്നു. അങ്ങനെ
1977 ജൂൺ 21 ന് ജ്യോതി ബസു മുഖ്യമന്ത്രിയായി ഇടതുമുന്നണി സർക്കാർ രൂപീകരിച്ചു. ബസുവിന്റെ ആദ്യ മന്ത്രിസഭാ യോഗം രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടതായിരുന്നു. 1977-2011 കാലയളവിൽ ഇടതുമുന്നണി തുടർച്ചയായി ഏഴ് തവണ സംസ്ഥാനം ഭരിച്ചു, അഞ്ച് തവണ ജ്യോതി ബസു മുഖ്യമന്ത്രിയായി. രണ്ട് തവണ ബുദ്ധദേവ് ഭട്ടാചാര്യയും. 2011 നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അധികാരം നഷ്ടമാവുന്നത്വരെ ഈ കുത്തക തുടർന്നു. പക്ഷേ കോൺഗ്രസിന്റെ അക്രമത്തിന്റെ ഇരകളായ സിപിഎമ്മുകാർ അധികാരം കിട്ടിയപ്പോൾ അതിനേക്കാൾ വലിയ അക്രമികളും അഴിമതിക്കാരുമാവുന്ന കാഴ്ചയാണ് പിന്നീട് ബംഗാൾ കണ്ടത്.

സിപിഎം ഭരണത്തിൽ 55,408 കൊലകൾ!

പശ്ചിമ ബംഗാളിൽ സിപിഎം ഭരണകാലത്ത് (19772009) നടന്ന രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് പഠനം നടത്തിയ ഡി. ബന്ദോപാധ്യായയുടെ റിപ്പോർട്ട് പ്രകാരം 55,408 കൊലകളാണ് നടന്നത്! 1997ൽ ബുദ്ധദേവ് ഭട്ടാചാര്യ ഒരു നിയമസഭാ ചോദ്യത്തിന് മറുപടിയായി ഈ കാലയളവിൽ 28,000 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതായി ഉത്തരം കൊടുത്തിട്ടുണ്ടായിരുന്നു. മെയിസ് സ്ട്രീം വാരികയുടെ എഡിറ്റർ നിഖിൽ ചക്രവർത്തിയും ഇതേക്കുറിച്ച് എഴുതിയിരുന്നു.

ബംഗാളി മാധ്യമപ്രവർത്തകനായ സൗർജ്യ ഭൗമിക് എഴുതിയ 'ഗാങ്സ്റ്റർ സ്റ്റേറ്റ്' എന്ന പുസ്തകം വിവരിക്കുന്നത്, മൂന്നര പതിറ്റാണ്ടു കാലം പശ്ചിമ ബംഗാൾ അടക്കി ഭരിച്ച സിപിഎം, ഇപ്പോൾ നിയമസഭയിലേക്ക് ഒരംഗത്തെ പോലും ജയിപ്പിക്കാനാകാത്ത വിധം തകർന്നതിന്റെ കാരണങ്ങളാണ്. പുറത്തുനിന്നു സിപിഎമ്മിനെ നോക്കി വിലയിരുത്തുന്ന ഒരാളല്ല സൗർജ്യ. ബംഗാൾ രാഷ്ട്രീയം പ്രക്ഷുബ്ധമായ, സിപിഎമ്മിന്റെ തകർച്ചയ്ക്കു കാരണമായ രാഷ്ട്രീയ സംഭവങ്ങൾ അരങ്ങേറിയ 2004 മുതൽ 2011വരെ സജീവമായി പാർട്ടിയിൽ പ്രവർത്തിച്ചയാളാണ്. കൊൽക്കത്ത പ്രസിഡൻസി കോളജിലെ എസ്എഫ്ഐ നേതാവായി തുടങ്ങി. ഡിവൈഎഫ്ഐയിലും സിപിഎമ്മിലും സജീവ അംഗമായി. സപിഎം ഭരണകാലത്ത് ഒരു സ്റ്റേറ്റിനെ ഒന്നടങ്കം അവർ എങ്ങനെയാണ് ഗുണ്ടാവത്ക്കരിച്ചത് എന്ന് പറയുന്നു.

സയന്റിഫിക് റിഗ്ഗിങ് എന്നാണ് തിരഞ്ഞെടുപ്പു തട്ടിപ്പുകളെ പൊതുവായി ബംഗാളിൽ വിശേഷിപ്പിക്കുന്നത്. സിൻഡിക്കറ്റ് എന്ന പേരിനോളം പ്രശസ്തമാണ് സയന്റിഫിക് റിഗ്ഗിങ്ങും ബംഗാളിൽ. സിപിഎം കാലത്ത് പരിപോഷിച്ച് പിന്നീട് തൃണമൂൽ കാലത്ത് തഴച്ചുവളർന്നതാണ് സിൻഡിക്കറ്റ് എന്ന പണംപിടുങ്ങൽ സംഘം. വീടുണ്ടാക്കാനുള്ള ടൈൽസ് തൊട്ട്, പാവപ്പെട്ടവരുടെ വീടിനു മുകളിൽ സ്ഥാപിക്കുന്ന ഷീറ്റിനു വരെ കമ്മിഷൻ വാങ്ങി സാധനസാമഗ്രികൾ വിതരണം ചെയ്യുന്ന 'അധോലോക' സംഘം. അതുപോലെ കട്ട് മണി എന്ന പരിപാടിയും ബംഗാളിൽ ഉണ്ട്. നമ്മുടെ നാട്ടിലെ നോക്കുകൂലിപോലെ അതും സിപിഎം സംഭവനയാണ്. എന്തിനും ഏതിനും പാർട്ടിക്ക് കമ്മീഷൻ കൊടുക്കണം. നൂറുരൂപയുടെ സർക്കാർ പെൻഷനിൽനിന്നുപോലും പത്തുരൂപ പാർട്ടി നേതാവിനാണ്. ഈ കട്ട് മണി തൃണമുൽ ഭരണം വന്നപ്പോഴും ശക്തമായി തുടർന്നു. പത്തുശതമാനം എന്നത് 20 ശതമാനം ആയി. ഈയിടെ മുഖ്യമന്ത്രി മമതാ ബാനർജി കട്ട്മണിക്കെതിരെ രംഗത്ത് വന്നിരുന്നു. പക്ഷേ ഇപ്പോഴും അത് നിർബാധം തുടരുന്നു.

മകന്റെ രക്തം അമ്മയെക്കൊണ്ട് തീറ്റിച്ചു

ഏരിയ ഡോമിനേഷൻ എന്ന ഒരു പരിപാടിയാണ് തങ്ങളുടെ വളർച്ചക്കായി സിപിഎം എഴുപതുകളിൽ ബംഗാളിൽ പ്രയോഗിച്ചത്. കേരളത്തിൽ പാർട്ടി ഗ്രാമങ്ങൾ ഉണ്ടാക്കുന്നതിന്റെ ഒരു ചെറിയ പതിപ്പ്. അയായത് ഒരു പ്രദേശം തങ്ങളുടെയാണെന്ന് പ്രഖ്യാപിക്കുന്നു. അവിടെ മറ്റ് പാർട്ടികൾ പാടില്ല. ഒന്നുകിൽ നിങ്ങൾക്ക് ആ ഗ്രാമം വിടാം. അല്ലെങ്കിൽ, സിപിഎമ്മിലേക്ക് മാറാം. എന്നാൽ ബർധ്മാനിലെ സൈൻ കുടുംബം അങ്ങനെ മാറാൻ കൂട്ടാക്കിയില്ല. അതിന് അവർ വലിയ വിലകൊടുക്കേണ്ടിയും വന്നു.

1970, മാർച്ച് 17നാണ്, ലോക ചരിത്രത്തിലെ തന്നെ നിഷ്ഠൂരമായ ആ കൊലപാതകം അരങ്ങേറിയത്. സൈൻബാരി കൂട്ടക്കൊല എന്നാണ് അത് അറിയപ്പെടുന്നത്. 1969 ഫെബ്രുവരി 25 മുതൽ, 1970 ജൂലൈ 30വരെ ബംഗ്ലാ കോൺഗ്രസ് നേതാവ് അജോയ് മുഖർജി മുഖ്യമന്ത്രിയായും, സിപിഎം നേതാവ് ജ്യോതിബസു ഉപ മുഖ്യമന്ത്രിയായി ഒരു ഇടക്കാല സർക്കാർ ബംഗാളിൽ ഉണ്ടായിരുന്നു. ഇതോടെ കമ്യൂണിസ്റ്റുകൾക്ക് ഹുങ്കും വർധിച്ചു. ഇപ്പോൾ ഭരണം അവരുടേത് ആണെല്ലോ.സൈൻബാരി കുടുംബത്തിൽ ഒരു വിശേഷം നടക്കുന്ന ദിവസമായിരുന്നു അന്ന്. സെൻ സഹോദരന്മാരുടെ അനന്തിരവൻ അമൃതിന്റെ പേരിടൽ ദിവസം. നബാ കുമാർ അദ്ദേഹത്തിന്റെ ഭാര്യ രേഖാറാണി, അനുജന്മാരായ മലായ്, പ്രണബ്, അമ്മ മൃഗ്യയയന എന്നിവർ ആയിരുന്നു ആ കുടുംബത്തിലെ അംഗങ്ങൾ.

സിപിഎമ്മിന്റെ ഒരു ജാഥ അതിലൂടെ കടന്നു പോകവേ യാതൊരു പ്രകോപനം ഇല്ലാതെ തന്നെ നൂറോളം പ്രവർത്തകർ സൈൻ കുടുംബത്തിലേക്ക് ഇരച്ചു കയറി. വീടിനു അപ്പാടെ തീയിടാൻ ഒരുങ്ങുന്ന അവരെ വീട്ടുകാർ തടയാൻ ശ്രമിച്ചു. ഉടനെ അവർ കുടുംബനാഥനായ നബാകുമാറിനെ പിടികൂടുന്നു. ഭാര്യ നോക്കി നിൽക്കുമ്പോൾ തന്നെ ഭർത്താവിന്റെ രണ്ടു കണ്ണുകളും കത്തി മുന കൊണ്ട് ചൂഴ്ന്നു എടുത്തു. ഇത് കണ്ടു നിന്ന അനുജൻ മലയ് അവരെ തടയാൻ ശ്രമിച്ചു. ആ യുവാവിനെ തല തകർത്തു തരിപ്പണം ആക്കിയത് അമ്മ മൃഗയയനയുടെ കൺമുന്നിൽ വച്ചാണ്. രണ്ടാമത്തെ അനുജൻ പ്രണബ് വീട്ടിൽ നിന്ന് ജീവൻ രക്ഷിക്കാൻ ഇറങ്ങി ഓടി. പക്ഷേ അവനെ അവർ ഓടിച്ചിട്ട് അയൽവാസികളുടെ മുന്നിലിട്ട് വെട്ടിക്കൊന്നു. അതുകൊണ്ടും തീർന്നില്ല. അമൃത് എന്ന ഒരുമാസം മാത്രം പ്രായമായ ബാലനെ കത്തുന്ന തീയിലേക്ക് കാലിൽ തൂക്കി അവർ വലിച്ചെറിഞ്ഞു. പക്ഷേ ഭാഗ്യം കൊണ്ട് അമൃത് രക്ഷപ്പെട്ടു. നാട്ടുകാർ അവനെ കണ്ടെടുത്തു. വീട്ടിൽ ആ സമയത്ത് ഉണ്ടായിരുന്ന ഒരു ട്യൂഷൻ മാസ്റ്ററുടെയും അവർ വെട്ടിക്കൊന്നു. പക്ഷേ യഥാർഥ ക്രൂരത ഇനിയാണ്. രണ്ടുമക്കളുടെയും രക്തം കലർന്ന മാംസപിണ്ഡം സ്വന്തം അമ്മക്ക് ചോറിൽ കുഴച്ചു കഴിക്കാൻ അവർ വായിൽ തള്ളിക്കൊടുത്തു!

ഇയോടെ ആ അമ്മയുടെ മനസ്സിന്റെ താളം തെറ്റി. ഒരു ഭ്രാന്തിയെപ്പോലെയാണ് അവർ ശിഷ്ടകാലം ജീവിച്ചത്. സംഭവം വൻ വിവാദമായതോടെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇവരെ സന്ദർശിച്ചിരുന്നു. രേഖാറാണിക്ക് ഒറ്റ രാത്രി കൊണ്ട് കമ്മ്യൂണിസ്റ്റ്കാർ കൊടുത്ത ശിക്ഷ രണ്ടു ഭർതൃസഹോദരങ്ങളുടെ ജീവനും ഭർത്താവിന്റെ രണ്ടു കണ്ണ് ചൂഴ്ന്ന് എടുക്കലുമായിരുന്നു. എന്നിട്ടും പക തീർന്നില്ല. വീടും മക്കളെയും നഷ്ടപ്പെട്ട രേഖാറാണി അന്ധനായ ഭർത്താവിനും അമ്മയ്ക്കും ഒപ്പം ജീവിച്ചുവരെവേ, വീണ്ടും ഒരു വർഷത്തിനു ശേഷം കലി അടങ്ങാതെ അവർ വീണ്ടും വന്നു. നബാകുമാറിനെ വെട്ടി തുണ്ടം തുണ്ടം ആക്കി കൊന്നു!

ആ കുടുംബം ആകെ ചെയ്ത തെറ്റ് അവർ കോൺഗ്രസ് എന്ന രാഷ്ട്രീയ കക്ഷിയിൽ വിശ്വസിച്ചു എന്നത് മാത്രമായിരുന്നു. നിരുപം സെൻ, ബിനോയ് കോനാർ, അമൽ ഹാൽദർ, അനിൽ ബോസ് എന്നീ ഇടതുപക്ഷ അതികായന്മരാണ് കേസിൽ ഉൾപ്പെട്ടത്. ഇതിൽ നിരുപം സെൻ പിന്നീട് മന്ത്രിയും സിപിഎം പോൽറ്റ് ബ്യൂറോ അംഗവുമായി. ഇത്രയും വലിയ നിഷ്ഠൂര കൃത്യം നടത്തിയിട്ടും പാർട്ടി ഒരു നടപടിയും എടുത്തില്ല. ഈ കേസ് സംബന്ധിച്ച ഫയലുകൾ എല്ലാം തന്നെ നശിപ്പിക്കപ്പെട്ടു. 2011 ൽ മമത ബാനർജി ഈ കേസ് റീഓപ്പൺ ചെയ്തെങ്കിലും തെളിവുകൾ നശിപ്പിക്കപ്പെട്ടിരുന്നു.

സ്വന്തമായി കൊലയാളി സംഘവും

അതുപോലെ നിരവധി അതിക്രമങ്ങൾ സിപിഎം നടത്തിയിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ജാലിയൻ വാലാഭാഗ് എന്ന് വേണമെങ്കിൽ മറിഞ്ചഹാപി കൂട്ടക്കൊലയെ വിശേഷിപ്പിക്കാം. കമ്മ്യൂണിസ്റ്റ് താത്വികാചാര്യൻ കൂടിയായ ജ്യോതിബസുവിന്റെ നേതൃത്വത്തിലാണ് ഇത് നടന്നതെന്ന് ഓർക്കണം. ബംഗ്ലാദേശിൽനിന്ന് അഭയാർഥികൾ ആയി എത്തിയവരയൊണ് പൊലീസ് നടപടിയിലുടെ കൊന്നൊടുക്കിയത്. അവർ സർക്കാർ സമയം അനുവദിച്ചിട്ടും ഒഴിഞ്ഞില്ല എന്നതായിരുന്നു കുറ്റം. 1979 മെയ് 6 നു പൊലീസിനെയും സിപിഎം പ്രവർത്തകരെയും മറിഞ്ചഹാപിയിലേക്ക് അയച്ചു. തുടർന്നുണ്ടായ വെടിവെപ്പിൽ അഭയാർഥികൾ മൃഗീയമായി കൊല്ലപ്പെട്ടു. ആദിവാസി യുവാക്കൾ ജയിലിൽ അടയ്ക്കപ്പെട്ടു. ദളിത് സ്ത്രീകൾ ബലാത്സഗം ചെയ്യപ്പെട്ടു. അങ്ങനെ സർക്കാർ ജയിച്ചു. നൂറോളം പാവങ്ങൾ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. വംശഹത്യയുടെ പേരിൽ ബംഗാളിൽ പിന്നീട് സിനിമകൾ ഉണ്ടായിട്ടുണ്ട്. മിഡ്നാപൂർ, ബർദ്വാൻ എന്നിവിടങ്ങളിൽ രാഷ്ട്രീയ എതിരാളികളെ സിപിഎമ്മുകാർ ജീവനോടെ കത്തിച്ചു.

അതുപോലെ സിപിമ്മിന് കണ്ണിനെനേരെ കണ്ടുകൂടാത്ത ഒരു വിഭാഗമായിരുന്നു ആനന്ദമാർഗികൾ എന്ന ആത്മീയ കൾട്ട്. 1982 ഏപ്രിൽ 30 നു ഒരു സ്ത്രീ ഉൾപ്പെടെ 17 ആനന്ദമാർഗ്ഗി സന്യാസികൾ ആക്രമിക്കപ്പെട്ടു. തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനതിലെക്കുള്ള യാത്രയിലായിരുന്നു സന്യാസികൾ. സിപിഎം പ്രവർത്തകർ അവരുടെ കാറുകൾ തടഞ്ഞു നിർത്തി പുറത്തേക്കു വലിച്ചിഴച്ചു പിന്നെ കല്ലും വടിയും ഒക്കെ ഉപയോഗിച്ച് തല്ലികൊന്നു.

തങ്ങളെ അനുസരിച്ചില്ലെങ്കിൽ ബംഗാളിലെ സിപിഎം നേതൃത്വം അക്കാലത്ത് കൽപ്പിച്ചിരുന്നത് വധിശിക്ഷയായിരുന്നു. അങ്ങനെയാണ് 2000 ജൂലൈ 27 നു പശ്ചിമ ബംഗാളിലെ ബീർഭം ജില്ലയിൽ നാനൂർ പൊലീസ് സ്റ്റേഷനു കീഴിലുള്ള സുചിപൂർ എന്ന സ്ഥലത്ത 11 ഭവനരഹിതരായ തൊഴിലാളികൾ കൊല്ലപെട്ടത്. എല്ലാവരും മുസ്ലീങ്ങൾ ആയിരുന്നു. 24 ചെറിയ ഗ്രാമങ്ങളാണ് നാനൂരിലുള്ളത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങളാണ് കൂടുതലും. മുസ്ലിമുകളും, പിന്നോക്കക്കാരായ ഗോത്രവർഗ്ഗക്കാരുമാണ് ജനസംഖ്യയിലധികവും.സി.പിഎം ജില്ലാ കമ്മിറ്റി അംഗമായ നിത്യാ ചാറ്റർജിയുടെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തകർ തൊഴിലാളികളുടെ നേരെ ആക്രമണം അഴിച്ചു വിട്ടത്. ഒരു കൃഷിയിടത്തിൽ വിളവെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നമാണ് ഈ ആക്രമണത്തിലേക്കു നയിച്ചത്. നമുക്ക് നിസ്സാര പ്രശ്നമെന്ന് തോന്നാം. സിപിഎമ്മിനെ സംബന്ധിച്ച് ഇത് ഏരിയാ ഡോമിനേഷന്റെ പ്രശ്നമാണ്.

കൊല്ലപ്പെട്ടവർ എല്ലാം തന്നെ കവർച്ചക്കാരായ ആളുകളായിരുന്നുവെന്ന് പിറ്റേദിവസം സിപിഎം വിശദീകരിക്കുകയുണ്ടായി.കൊല്ലാനും കൊല്ലിക്കാനുമായി ഹർമാദ് വാഹിനിയെന്ന സംഘവും മാർകിസ്റ്റുകൾക്ക് ഉണ്ടായിരുന്നു. പൊലീസിനൊപ്പം പോകുന്ന ഇവരാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുക. നന്ദിഗ്രാമിലും സിഗുരിലും കൃഷിക്കാരെ കൊന്നതും ഇവർ തന്നെയാണെന്ന് ആരോപണം ഉണ്ട്.

എന്തിനധികം ഇന്നത്തെ മുഖ്യമന്ത്രി മമത ബാനർജിക്ക് സിപിഎം അക്രമത്തിൽനിന്ന് കഷ്ടിച്ചാണ് ജീവൻ തിരിച്ചുകിട്ടുന്നത്. 1990 ൽ ഡിവൈഎഫ്ഐ പ്രവർത്തകർ നിർദ്ദയം വടികളും ഇരുമ്പു ദണ്ഡുകളുമായി മമതയെ ക്രമിക്കുകയായിരുന്നു. ലപൊട്ടി ചോരയൊലിച്ചു നിന്ന മമതയ്ക്ക് ഭാഗ്യത്തിനാണു ജീവൻ തിരിച്ചുകിട്ടിയത്. തലയിൽ ബാൻഡേജുമായി പ്രത്യക്ഷപ്പെട്ട മമതയുടെ പ്രതിച്ഛായ ധീരയായ നേതാവ്, സ്ട്രീറ്റ് ഫൈറ്റർ തുടങ്ങിയ നിലകളിലേക്ക് ഉയരുന്നത് അവിടെനിന്നാണ്. 1996ൽ റൈറ്റേഴ്സ് ബിൽഡിങ്ങിലേക്ക് മമതയുടെ നേതൃത്വത്തിൽ മാർച്ച് ചെയ്ത യൂത്ത് കോൺഗ്രസുകാർക്കു നേരെ പൊലീസ് വെടിവച്ചു. 13 പേർക്ക് അന്നു ജീവൻ നഷ്ടപ്പെട്ടു. ജ്യോതിബസുവിന്റെ പൊലീസ് അടിച്ച് ഒടിച്ച് അവരെ പിടിച്ചുവലിച്ച് വലിച്ചിഴച്ചാണ് കൊണ്ടുപോയത്. അന്ന് മമത എടുത്ത ദൃഢ പ്രതിജ്ഞയാണത്രേ ബംഗാളിൽ സിപിഎമ്മിനെ തറപറ്റിക്കുമെന്ന്. അതിന് കോൺഗ്രസ് വേണ്ട രീതിയിൽ സഹകരിക്കില്ല എന്ന വന്നപ്പോൾ അവർ സ്വന്തമായി പാർട്ടിയും ഉണ്ടാക്കി.

ത്രിണമൂലിന്റെ ബൈക്ക് ബ്രിഗേഡ്

സിപിഎം അക്രമത്തിന്റെ ഡോസ് നന്നായി അറിയാവുന്ന മമത അതേ രീതിതന്നെ ആക്രമണം അഴിച്ചുവിടാൻ സേനയെയുണ്ടാക്കി. സിപിഎം മുമ്പ് നടപ്പാക്കിയ ഏരിയാ ഡോമിനേഷൻ ഇപ്പോൾ തൃണമൂലം നടപ്പാക്കുന്നു. പരിബർത്തൻ' (മാറ്റം) ആഹ്വാനം ചെയ്തു കൊണ്ടാണ് 2011-ൽ മമതാ ബാനർജി അധികാരത്തിൽ വന്നത്. എന്നാൽ, മമതയുടെ വരവോടെ ഗുണ്ടകളും മാഫിയാ സംഘങ്ങളുമൊക്കെ തൃണമൂലിലേക്ക് കളംമാറ്റിച്ചവിട്ടി എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ബംഗാളിൽ മൂന്നു ദശകം മുമ്പ് നിലവിൽ വന്ന 'ബൈക്ക് ബ്രിഗേഡ്‌സ്' വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നു എന്ന പരാതി ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്. അന്തരിച്ച മുൻ സിപിഎം നേതാവും മന്ത്രിയുമായിരുന്ന സുഭാഷ് ചക്രവർത്തി 1980-കളിൽ രൂപം കൊടുത്തതാണ് ബൈക്ക് ബ്രിഗേഡ്. തെരഞ്ഞെടുപ്പ് പ്രചരണമാണ് ലക്ഷ്യമെങ്കിലും ഫലത്തിൽ അത് ഒരു ഗണ്ടാപണിയായിരുന്നു.

സിപിഎം തളർന്നതോടെ ബൈക്ക് ബ്രിഗേഡ് തൃണമൂൽ ഏറ്റെടുക്കുക്കയായിരുന്നു. 70-100 അംഗങ്ങൾ വീതമുള്ള ബൈക്ക് ബ്രിഗേഡാണ് തൃണമൂലിന് ഓരോ ബ്ലോക്കിലുമുള്ളതെന്നാണ് പൊലീസിന്റെ കണക്ക്. കൊൽക്കത്ത ഹൈക്കോടതി ബൈക്ക് ബ്രിഗേഡുകൾക്ക് നിരോധനം ഏർപ്പെടുത്തിയെങ്കിലും ബംഗാളിലെ ഗ്രാമങ്ങൾ ഇപ്പോഴും ഭരിക്കുന്നത് തൃണമൂലിന്റെ ഇത്തരം സംഘങ്ങളാണ്. നാമനിർദ്ദേശ പത്രിക കൊടുക്കാൻ അനുവദിക്കാതിരിക്കുക, വോട്ടർമാരെ ഭീഷണിപ്പെടുത്തി വോട്ടു ചെയ്യിക്കുക തുടങ്ങി സിപിഎം അനുവർത്തിച്ചിരുന്ന കാര്യങ്ങൾ അധികാരത്തിൽ വന്ന് രണ്ടു വർഷത്തിനുള്ളിൽ തന്നെ തൃണമൂൽ അതേ പടി ഏറ്റെടുത്തു എന്നതാണ് ഇപ്പോഴത്തെ ബംഗാളിന്റെ ചിത്രം. സമ്മർദ്ദവും ഭീഷണിയും താങ്ങാനാവതെ 3,500-ഓളം സ്ഥാനാർത്ഥികളാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറിയത് എന്നാണ് കണക്കുകൾ പറയുന്നത്.

മമതയുടെ ഭരണംവന്നതോടെ ബൈക്ക് ബ്രിഗേഡുകൾ സിപിഎം പ്രവർത്തകരെ ആക്രമിക്കാൻ തുടങ്ങി. അടിതാങ്ങാനാവതെ വലിയ വായിൽ കരയുന്ന സിപിഎം പ്രവർത്തകരുടെ വീഡിയോ യ്യൂട്യൂബിൽ വൈറലായിരുന്നു. തല്ലുന്നവനെ തിരിച്ചുതല്ലാൻ പാർട്ടിക്ക് ശക്തിയില്ലാതായതോടെ സിപിഎമ്മുകാർ ആശ്രയിക്കുന്നത് ബിജെപിയെയാണ്. ആർഎസ്എസിന്റെയും കേന്ദ്രഭരണത്തിന്റെയും സഹായത്തോടെയുള്ള ഒരു സംരക്ഷണം ബിജെപി നിൽകുമെന്നത് തന്നെയാണ, ആ പാർട്ടിയിലേക്ക് കൂറുമാറാൻ സിപിഎം പ്രവർത്തകരെ പ്രേരിപ്പിക്കുന്നത്. അങ്ങനെയാണ് 24 പർഗാനപോലുള്ള സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ പാർട്ടി ലോക്കൽകമ്മറ്റി ഓഫീസുകളിൽ കാവിക്കൊടി ഉയർത്തി, സെക്രട്ടറിയും, അംഗങ്ങളും, പ്രവർത്തകരുമെല്ലാം കുട്ടത്തോടെ ബിജെപിയിലേക്ക് മാറിയ സംഭവം ഉണ്ടായത്. ലോക ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇതുപോലെ ഒരു പാർട്ടിമാറ്റം ഉണ്ടായത്. ഇന്നും ബംഗാളിലെ ബിജെപിക്കാരിൽ നല്ലൊരുഭാഗവും പഴയ സിപിഎം കാരാണ്. ഗുണ്ടകൾ ത്രിണമൂലിലേക്കും, സിപിഎം അണികൾ ബിജെപിയിലേക്കും മാറിയെന്നാണ് സുഭാഷ് ഭൗമിക്കിനേപ്പോലുള്ള മുതിർന്ന മാധ്യമപ്രവർത്തകർ പറയുന്നത്.

്2011ലെ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം ആയിരക്കണക്കിനു ഇടതുപക്ഷ പ്രവർത്തകർ ഇവരുടെ ആക്രമണത്തിനു ഇരയായി. നൂറുകണക്കിനു പേർ മരിച്ചു. യിരക്കണക്കിനു വീടുകൾ തകർത്തും തീവച്ചും നശിപ്പിച്ചു. സ്ത്രീകളെയും പുരുഷന്മാരെയും വീടുകളിൽനിന്ന് ആട്ടിയോടിച്ചു. സിപിഎമ്മിനെ തകർക്കാൻ മാവോയിസ്്റ്റുകളെവരെ കുട്ടുപിടിച്ച മമത അധികാരം കിട്ടിയപ്പോൾ ആദ്യം ചെയ്തത് കിഷൻജി അടക്കമുള്ള മുതിർന്ന നേതാക്കളെ എൻകൗണ്ടറിൽ കൊല്ലിക്കയായിരുന്നു!

ബിജെപിക്കാരുടെ ചോര വീഴുന്നു

മമത അധികാരത്തിലെത്തി ആദ്യ അഞ്ചു മാസങ്ങൾക്കുള്ളിൽ തന്നെ വിദ്യാർത്ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട് 642 കേസുകൾ ബംഗാളിൽ റിപ്പോർട്ട് ചെയ്തു. 27 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 926 രാഷ്ട്രീയ പ്രവർത്തകർക്കും 128 വിദ്യാർത്ഥികൾക്കും പരിക്കു പറ്റുകയും ചെയ്തു. കണക്കുകൾ സൂചിപ്പിക്കുന്നത് ഓരോ മാസവും കുറഞ്ഞത് 100 ഏറ്റുമുട്ടലുകളെങ്കിലും ബംഗാളിൽ നടക്കുന്നുണ്ടെന്നാണ് കണക്ക്!

2003ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൊല്ലപ്പെട്ടത് എഴുപതോളം പേരാണ്. 2008ൽ 36 പേർ കൊല്ലപ്പെട്ടു.2018ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 29 കൊലപാതകങ്ങളാണ് നടന്നിരുന്നത്. തൊട്ടുപിന്നാലെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം നേടിക്കൊടുക്കുന്നതിനും തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയ കൊലപാതകങ്ങൾ കാരണമായിരുന്നു. തൃണമൂൽ ഭരണത്തിലിരിക്കെ 2013 ൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 39 പേരാണ് കൊല്ലപ്പെട്ടത്. ഇപ്പോൾ 33 പേരും. ഇപ്പോൾ ബംഗാളിൽ ബിജെപി പ്രവർത്തകരുടെ ചോരയാണ് വീഴുന്നത്. കാരണം ത്രിണമുൽ സിപിഎമ്മിനെ ഒരു എതിരാളികളായി കാണുന്നില്ല. അവർ വേട്ടയാടുന്നത് ബിജെപിക്കാരെയാണ്. സംഘപരിവാർ ആവട്ടെ സർവശക്തിയും എടുത്ത് തിരിച്ചും അടിക്കുന്നു.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 34 ശതമാനം സീറ്റിലാണ് തൃണമൂൽ കോൺഗ്രസ് എതിരില്ലാതെ ജയിച്ചത്. ഭീഷണിമൂലം എതിർ സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ പോലും കഴിഞ്ഞില്ല എന്നതാണു സത്യം. ഇത്തവണ 90 ശതമാനം സീറ്റിലും സ്ഥാനാർത്ഥികളെ നിർത്താൻ പ്രതിപക്ഷത്തിനു കഴിഞ്ഞു. അതുതന്നെ വലിയ കാര്യം.

മമതാ ഭരണത്തിൽ അഴിമതിയും തഴച്ചുവളരുകയാണ്. ജ്യോതിബസു ഭരണത്തിൽ മകൻ ചന്ദൻ ബസുവിന്റെ ചില ബന്ധങ്ങളാണ് ചർച്ചയായതെങ്കിൽ, ഇവിടെ പരത്തിത്തുണിയുടത്ത് നടക്കുന്ന അവിവാഹിതയായ മമതയുടെ മരുമകൻ അഭിഷേക് ബാനർജിയാണ് അഴിമതിയുടെ പേരിൽ കുപ്രസിദ്ധിയാർജിച്ചത്. ശാരദാ ചിട്ടിഫണ്ട് തട്ടിപ്പുപോലെയുള്ള്ള സർക്കാർ സ്പോർൺഡേഡ് കുംഭകോണങ്ങൾ എത്രയോ ബംഗാൾ കണ്ടു. സിപിഎം ഭരണത്തേക്കൾ അഴിമതി താഴേത്തട്ടിലെത്തി.

ബംഗാളിലെ തിർത്തി ഗ്രാമങ്ങളിൽ പഞ്ചായത്ത് അംഗങ്ങൾ രാജാക്കന്മാരാണ്. ബംഗ്ലാദേശിലേക്കുള്ള അനധികൃത കാലിക്കടത്തു മുതൽ പല ബിസിനസുകളുടെയും പിന്നിൽ പഞ്ചായത്ത് ഭാരവാഹികളാണ്.ഇവരുടെ അനുമതിയില്ലാതെ ഒന്നും ബംഗാളിൽ സാധ്യമല്ല. സിപിഎം ഭരണകാലത്ത് സിൻഡിക്കറ്റിനെ വെറുത്ത് മമതാ ബാനർജിക്ക് വോട്ടുകുത്തിയവരും ഇന്ന് ഇതു കൂടുതൽ സ്ഥലങ്ങളിൽ അനുഭവിക്കുകയാണ്. ബംഗാളിലെ സ്വാശ്രയ കോളജ് അഡ്‌മിഷനിൽ വരെ രാഷ്ട്രീയക്കാരുടെ ആശിർവാദത്തോടെ സിൻഡിക്കറ്റ് തഴച്ചു വളരുകയാണ്.

കൈയരിവാൾ സഖ്യം കിക്ലാവുന്നുവോ?

പക്ഷേ ഇപ്പോൾ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സിപിഎമ്മിന് ചില പ്രതീക്ഷകൾ നൽകുന്നുണ്ട്. കേരളത്തിലടക്കം ബദ്ധശത്രുക്കളായ കോൺഗ്രസുമായി ചേർന്നാണ് അവർ പ്രത്യയശാസ്ത്ര ശാഠ്യങ്ങൾ ഒന്നുമില്ലാതെ മത്സരിച്ചത്. 2021ലെ നിയമസഭാതെരഞ്ഞെടുപ്പിൽ കെട്ടിവെച്ച കാശ് പോലും ലഭിക്കാത്ത ഈ സാഹചര്യത്തിൽ നിന്നും വലിയ മുന്നേറ്റമാണ് ഇപ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സിപിഎം നടത്തിയത്. വെറും അഞ്ചുശതമാനത്തിൽ നിന്ന് പാർട്ടി വോട്ടുവിഹിതം 13 ലേക്ക് ഉയർന്നു.

കോണഗ്രസ് - സിപിഎം സഖ്യത്തെ കൈയരിവാൾ സഖ്യം എന്നാണ് ഇരുപാർട്ടികളുടെ ചിഹ്നം ചേർത്ത് വിളിച്ചിരുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പക്ഷേ ഈ സഖ്യം ഒട്ടും വർക്കൗട്ടായില്ല. മത്സരിച്ച ഭൂരിഭാഗം സീറ്റുകളിലും സിപിഎമ്മിന് കെട്ടിവെച്ച കാശ് നഷ്ടമായി. 34വർഷം ബംഗാൾ ഭരിച്ചവർ ഒരു സീറ്റുപോലും ഇല്ലാതെ സംപൂജ്യരായി. എന്നാൽ ആ അവസ്ഥയിൽനിന്ന് ഏറെ മുന്നോട്ടുപോവാൻ ഇപ്പോൾ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കഴിഞ്ഞു.

ഒറ്റമുന്നണിയായി മത്സരിച്ച കോൺഗ്രസ്, സിപിഎം, ഇന്ത്യൻ സെക്കുലർ ഫ്രണ്ട് എന്നിവർക്ക് ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ മൊത്തമായി 20.98% വോട്ട് ലഭിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് കഷ്ടിച്ച് 10 ശതമാനമായിരുന്നു. 13.2 % വോട്ടുവിഹിതം നേടിയ ഇടത് സഖ്യം 5.8 % ഗ്രാമ പഞ്ചായത്ത് സീറ്റുകളും 2.3% പഞ്ചായത്ത് സമിതി സീറ്റുകളും സ്വന്തമാക്കി. രണ്ട് ജില്ലാ പരിഷത്ത് സീറ്റുകളും പാർട്ടിക്ക് ലഭിച്ചു. കോൺഗ്രസ് 6.42% വോട്ട് വിഹിതം നേടി. 4.82 % ഗ്രാമപഞ്ചായത്ത് സീറ്റുകളും 3.2 % പഞ്ചായത്ത് സമിതി സീറ്റുകളും നേടിയ കോൺഗ്രസ് 12 ജില്ലാ പരിഷത്ത് സീറ്റുകളിൽ ജയിച്ചു.

കോൺഗ്രസ്-സിപിഎം സഖ്യത്തിനുണ്ടായ നേട്ടം തിരിച്ചിടയായത് ബിജെപിക്കാണ്. ബിജെപിയുടെ വോട്ട് വിഹിതം കുത്തനെ കുറഞ്ഞു. പല സീറ്റുകളും ബിജെപിക്കു നഷ്ടപ്പെട്ടത് സിപിഎം-കോൺഗ്രസ് സഖ്യത്തിന്റെ മുന്നേറ്റം കൊണ്ടാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 38% വോട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 40% വോട്ടും നേടിയ ബിജെപിക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ലഭിച്ചത് 22.88% മാത്രം. 18.24% ഗ്രാമപഞ്ചായത്ത് സീറ്റുകളും 12.25% പഞ്ചായത്ത് സമിതി സീറ്റുകളും നേടിയ പാർട്ടി 26 ജില്ലാ പരിഷത്ത് സീറ്റുകളിൽ ജയിച്ചു.

പക്ഷേ തൃണമൂൽ വീണ്ടും വോട്ടുവിഹിതം ഉയർത്തുകയാണ് ഉണ്ടായത്. അടുത്തകാലത്തൊന്നും ബംഗാളിന് തൃണമൂലിൽനിന്ന് മോചനം ഇല്ല എന്ന് ഈ ഡാറ്റകൾ വ്യക്തമാക്കുന്നു. പാർട്ടിക്ക് 51.5% വോട്ട് വിഹിതം ലഭിച്ചു. 95% ജില്ലാ പരിഷത്ത് സീറ്റുകൾ തൃണമൂൽ നേടി. പഞ്ചായത്ത് സമിതിയിൽ 78.84% സീറ്റും ഗ്രാമപഞ്ചായത്തിൽ 65.69% സീറ്റും നേടി. ഏതാനും സീറ്റുകളിൽ ഇനിയും ഔദ്യോഗിക ഫലം വന്നിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 48 ശതമാനവും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 43 ശതമാനവുമായിരുന്നു പാർട്ടിയുടെ വോട്ട് വിഹിതം. തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള മുഖാമുഖപോരാട്ടം എന്നതിൽനിന്ന് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ത്രികോണ മത്സരത്തിന്റേതാകുമെന്ന് ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പു ഫലങ്ങൾ സൂചിപ്പിക്കുന്നു.

പക്ഷേ കെട്ടിവെച്ച കാശ് കിട്ടാത്ത അവസ്ഥയിൽനിന്ന് സിപിഎം രക്ഷപ്പെടുകയാണ്. 2022ൽ പശ്ചിമ ബംഗാളിലെ ബാലിഗഞ്ച് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലെ സിപിഎം മുന്നേറ്റത്തെ ചരിത്രപരമായ തിരിച്ചുവരവ് എന്നായിരുന്നു മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. 2021ൽ വെറും അഞ്ച് ശതമാനം വോട്ട് കിട്ടിയ സിപിഎം 30.6 ശതമാനമാക്കി തങ്ങളുടെ വോട്ട് ഉയർത്തി എതിരാളികളെപ്പോലും ഞെട്ടിച്ചിരുന്നു. സിപിഎമ്മിന്റെ സൈറാ ഷാ ഹാലിം 30,940 വോട്ടോടെയാണ് രണ്ടാമതെത്തിയത്. 2021ൽ നടന്ന തെരഞ്ഞെടുപ്പിനേക്കാൾ സിപിഎം 22,000ത്തിലധികം വോട്ട് കൂടുതൽ നേടുകയായിരുന്നു.

ഇതെല്ലാം ചെറുതല്ലാത്ത പ്രതീക്ഷകൾ സിപിഎമ്മിന് നൽകുന്നുണ്ട്. അടുത്തകാലത്തൊന്നും അധികാരം പിടിക്കാൻ കഴിയില്ലെങ്കിലും, സമ്പൂർണ്ണമായി പൂജ്യർ ആവുന്ന അവസ്ഥയിൽനിന്ന് മാറ്റം ഉണ്ടാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. തൃണമൂൽ സമാധാപരമായി തെരഞ്ഞെടുപ്പ് അനുവദിക്കയായിരുന്നെങ്കിൽ തങ്ങളുടെ റിസൾട്ട് ഇതിലേറെ മെച്ചെപ്പെടുമായിരുന്നുവെന്നാണ് സിപിഎം കേന്ദ്രങ്ങൾ പറയുന്നത്. പക്ഷേ നിയസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം ഉണ്ടാവുമോ എന്ന് വ്യക്തമല്ല. ഇപ്പോൾ നടന്ന പ്രാദേശിക അടവുനയം എത്രകാലം തുടരാൻ കഴിയുമെന്നും വ്യക്തതില്ല.

പക്ഷേ ഒരുകാര്യം ഉറപ്പാണ്. ബംഗാളിൽ ഇനി ചോര ചിന്തുക തൃണമൂലം ബിജെപിയും തമ്മിലാണ്. കേന്ദ്രഭരണവും സംസ്ഥാന ഭരണവും തമ്മിലുള്ള ഒരു ഏറ്റമുട്ടലും ഇവിടെ കാണാം. തങ്ങളുടെ പ്രവർത്തകരുടെ ജീവൻ നഷ്ടമാവുന്നത് എന്ത് വിലകൊടുത്തും പ്രതിരോധിക്കുമെന്ന് സാക്ഷാൽ അമിത്ഷാ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.

വാൽക്കഷ്ണം: 'കൊല ചെയ്യുന്നതിൽ നമ്മൾ ബംഗാളികളെ കണ്ട് പഠിക്കണം. കൊന്നാൽ പഞ്ചസാരയിട്ട് കത്തിക്കണം' -എന്ന് പിണറായി വിജയൻ മുമ്പ് ഒരിക്കൽ ഒരു യോഗത്തിൽ പറഞ്ഞു എന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിൽ എഴുതിയ ലേഖനത്തിൽ, എപി അബ്ദുല്ലക്കുട്ടി ആരോപിച്ചിരുന്നു.അന്ന് എല്ലാവരും അത് ബഡായിയായി തള്ളിക്കളഞ്ഞു. പക്ഷേ ബംഗാളിന്റെ ഗുണ്ടാ ചരിത്രം അറിയുന്നവർക്ക് അത് അങ്ങനെ തള്ളാൻ കഴിയില്ല!