''കണ്ണേ, കരളേ.. വി എസ്സേ......'' ഒരേ ഒരു നേതാവിനുവേണ്ടി മാത്രമേ, കേരളത്തിലെ സാധാരണക്കാർ തെരുവിൽ ഇറങ്ങിയിട്ടുള്ളൂ. ജനങ്ങൾ സംഘടിച്ച് പ്രതിഷേധിച്ച് ഒരു നേതാവിനെ മാത്രമേ മത്സരിപ്പിച്ചിട്ടുള്ളൂ. അതാണ് വേലിക്കകത്ത് ശങ്കരൻ മകൻ അച്യുതാനന്ദൻ എന്ന വി എസ്. ഒരു നുറ്റാണ്ട് പിന്നിട്ട് ധന്യമായ ജീവിതത്തിൽ, കഴിഞ്ഞ നാലുവർഷം ഒഴികെ വി എസ് വിശ്രമം അറിഞ്ഞിട്ടില്ല. 2019ൽ ഇതുപോലൊരു ഒക്ടോബറിൽ പക്ഷാഘാതംവന്ന് വിശ്രമത്തിലേക്ക് വഴുതിവീഴുന്നതുവരെ കേരളത്തിലെ ഏറ്റവും ഊർജസ്വലനായ 'യുവാവായിരുന്നു' ഈ മനുഷ്യൻ.

കേരള രാഷ്ട്രീയത്തിലെയും എന്തിന് സിപിഎമ്മിനുള്ളിലെ പ്രതിപക്ഷമായും വി.എസിന്റെ ഘനമുള്ള ശബ്ദം താളബോധത്തോടെ ഉയർന്നു. നീട്ടിയും കുറുക്കിയും കേൾവിക്കാരെ രസിപ്പിക്കും വിധത്തിലുള്ള ചാട്ടുളി പ്രസംഗങ്ങളിലൂടെ പാർട്ടിക്കുള്ളിലെയും പുറത്തെയും എതിരാളികളോട് അദ്ദേഹം പോരടിച്ചു. സിപിഐ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരിൽ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി എസ്. ഇപ്പോൾ ആ നേതാവ് 100 വയസ്സിന്റെ ചരിത്ര പൂർണിമയിലെത്തുകയാണ്. അതിൽ ആദ്യ 15 വർഷവും കഷ്ടജീവിതത്തിന്റെ കണ്ണീർ ദിനങ്ങൾ. പിന്നീട് എട്ടു പതിറ്റാണ്ടിലേറെ സമരഭരിതമായ സഞ്ചാരത്തിന്റെ കയറ്റിറക്കങ്ങൾ. ഒക്ടോബർ 20ന് 100 വയസ്സ് പൂർത്തിയാക്കുന്ന വി എസ് എന്ന രണ്ടക്ഷരത്തെ എഴുതി ഫലിപ്പിക്കാനാവില്ല. ശരിക്കും ഐതിഹാസികം തന്നെയാണ് ആ ജീവിതം.

പുന്നപ്ര വയലാർ സമരത്തിന്റെ ഭാഗമായി ജയിലിൽ അടക്കപ്പെടുമ്പോൾ വി എസ് എന്ന ക്ഷുഭിത യൗവ്വനത്തിന് 23 വയസ്സാണ് പ്രായം. 17 വയസ്സിൽ തുടങ്ങിയ പാർട്ടി പ്രവർത്തനം കുട്ടനാടും ആലപ്പുഴയും മലമ്പുഴയും കടന്ന് കേരളമൊട്ടാകെ നീളുമ്പോൾ വി എസ് പടർന്നു കയറിയത് സാധാരണക്കാരായ ജനങ്ങളുടെ മനസ്സിലാണ്. ശരിക്കും ഒരു പ്രതിഭാസം എന്ന് വിശേഷിപ്പക്കപ്പെടാവുന്ന നേതാവാണ് അദ്ദേഹം.

മരണവും പട്ടിണിയും വേട്ടയാടിയ ബാല്യം

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20-നാണ് വി എസ് ജനിച്ചത്. കൊടിയ ദാരിദ്ര്യത്തിലാണ് വി എസ് തന്റെ ബാല്യ-കൗമാരങ്ങൾ പിന്നിട്ടത്. വെറും നാലുവയസ്സുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. അമ്മയെ കണ്ട ഓർമ്മലേപാലം അദ്ദേഹത്തിനില്ല. ചേട്ടൻ ഗംഗാധരന് അന്ന് പ്രായം 14. അച്യുതാനന്ദന് താഴെ പൊടിക്കുഞ്ഞുങ്ങളായ രണ്ടു പേർ, പുരുഷോത്തമനും ആഴിക്കുട്ടിയും. വസൂരി വന്നാൽ മരണമല്ലാതെ മറ്റൊരു അവസാനവുമില്ലാതിരുന്ന കാലം. രോഗബാധിതയെ മാറ്റിപ്പാർപ്പിക്കുക മാത്രമാണ് ഏക വഴി. അക്കമ്മയെ മാറ്റിതാമസിപ്പിച്ചിരുന്ന ഓലപ്പുരയുടെ അടുത്തേക്ക് ഭർത്താവ് ശങ്കരൻ എല്ലാ ദിവസവും പോകും. മക്കളുടെ വിശേഷങ്ങൾ പറയും. താൻ മരിക്കാൻ പോകുകയാണെന്ന് തീർച്ചയായ ദിവസം അക്കമ്മ പറഞ്ഞു, ''എനിക്ക് അവസാനമായി മക്കളെ കാണണം. അടുത്തേക്ക് കൊണ്ടു വരണ്ട. ദൂരെ മാറ്റി നിർത്തിയാൽ മതി.''

ഓലപ്പുരയ്ക്ക് അമ്പതു വാര അകലെ ശങ്കരൻ നാല് മക്കളുമായി വന്നു. ഓലപ്പുരയുടെ വിടവിലൂടെ അക്കമ്മ മക്കളെ കണ്ടു. ഗംഗാധരന്റെ കയ്യിലിരുന്ന് കളിക്കുന്ന ആഴിക്കുട്ടി. ഒപ്പം അച്യുതാനന്ദനും പുരുഷോത്തമനും. അമ്മയുടെ മുഖം മറഞ്ഞു പോകുന്നത് ഗംഗാധരൻ വ്യക്തമായി കണ്ടു. പിറ്റേന്ന് അക്കമ്മ മരിക്കുകയും ചെയ്തു. ഏട്ടന്റെ പറഞ്ഞുകൊടുത്ത ഓർമ്മമാത്രമായിരുന്നു വിഎസിന് അമ്മ.

ഒരേ അമ്മയുടെ വയറ്റിൽ പിറന്നതാണെങ്കിലും ഒരച്ഛന്റെ മക്കളായിരുന്നില്ല ഇരുവരും. ചെറുപ്രായത്തിൽ വിധവയായ അക്കമ്മ വിഎസിന്റെ അച്ഛൻ ശങ്കരനെ വിവാഹം കഴിക്കുമ്പോൾ ഗംഗാധരന് 9 വയസ്സായിരുന്നു. അമ്മയുടെ മരണശേഷം 11ാം വയസ്സിൽ വിഎസിന് അച്ഛനെ കൂടി നഷ്ടപ്പെട്ടതോടെ ജീവിതത്തിലുടനീളം അച്ഛനും അമ്മയുമായി നിറഞ്ഞത് ഏട്ടൻ ഗംഗാധരനാണ്. ജീവിതത്തിൽ ആരോടെങ്കിലും കടപ്പാടുണ്ടെങ്കിൽ അത് ജ്യേഷഠനോടാണ് എന്ന് വി എസ് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.

ഏട്ടൻ ഗംഗാധരൻ കുടുംബത്തെ തന്റെ തോളിലേക്ക് ചാരിവച്ച് അനുജനെ തൊഴിലാളി ലോകത്തിന് വിട്ടു കൊടുക്കയായിരന്നു.തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. അച്ഛൻ മരിച്ചതോടെ ഏഴാം ക്ളാസ്സിൽ വച്ച് പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയിൽ ജോലി നോക്കി. തുടർന്നു കയർ ഫാക്ടറിയിലും ജോലി ചെയ്തു.

നാലാം ക്ലാസിൽ തുടങ്ങിയ സമര ജീവിതം

വി എസ്. അച്യുതാനന്ദന്റെ മുഴുവൻ പേരായി എല്ലാവരും വിശ്വസിക്കുന്നത് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്നാണ്. എന്നാൽ അതങ്ങനെയല്ല. ശരിക്കുമുള്ള പേര് വെന്തലത്തറ ശങ്കരൻ അച്യുതാനന്ദൻ എന്നാണെന്ന വി.എസിന്റെ ജ്യേഷ്ഠൻ വി എസ്. ഗംഗാധരന്റെ മകൻ പീതാംബരൻ വെളിപ്പെടുത്തിയിരുന്നു. വി.എസിനെ സ്‌കൂളിൽ ചേർത്തപ്പോൾ കുടുംബപ്പേരായ വെന്തലത്തറ കൂടി ചേർക്കുകയായിരുന്നു. ആദ്യമായി 1967 ൽ എംഎൽഎ ആയതിന് ശേഷമാണ് വി എസ്, വേലിക്കകത്തെ വീട്ടിലേക്ക് മാറിയത്. ജേഷ്ഠന്റെ പേരിൽ പുന്നപ്ര വടക്ക് വേലിക്കകത്തുണ്ടായിരുന്ന സ്ഥലം സ്വന്തമായി സ്ഥലമില്ലാതിരുന്ന വി എസ്. അച്യുതാനന്ദൻ വാങ്ങുകയായിരുന്നു.

ശരിക്കും നാലാംക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങുന്നതാണ് വിഎസിന്റെ സമരകാലം. ജാതിവെറിയോട് ഉറക്കെ ശബ്ദിച്ചായിരുന്നു ആ തുടക്കം. നാലാം ക്ലാസ് എത്തിയപ്പോൾ ആദ്യം പഠിച്ചിരുന്ന സ്‌കൂളിൽ നിന്ന് കളർകോട് എൽപി സ്‌കൂളിലേക്ക് വിഎസിനെ മാറ്റിച്ചേർത്തു. പക്ഷേ, ഇരുണ്ട നിറമുള്ള വിഎസിനെ, ജാതിപ്പേരു കൂട്ടി വിളിച്ചാണ് അവിടുത്തെ കുട്ടികൾ എതിരേറ്റത്. പല തവണ ഇത് തുടർന്നു. കുട്ടികൾ പേരു വിളിക്കാൻ തയാറായതേയില്ല. അച്ഛൻ ശങ്കരനോട് വിഷമം പറഞ്ഞപ്പോൾ, ''അരയിൽ അരഞ്ഞാണമല്ലേ കിടക്കുന്നത്..?'' എന്നായിരുന്നു ചോദ്യം.അടുത്ത തവണ വിളി ഉയർന്നപ്പോൾ അച്യുതൻ അരയിലെ അരഞ്ഞാണമൂരി. അടി കിട്ടിയവരാരും പിന്നെ അച്യുതനെ കളിയാക്കാൻ ധൈര്യപ്പെട്ടില്ല.

പിതാവ് മരിച്ച് പഠനം നിർത്തിയതോടെ ആസ്പിൻവാൾ കയർ ഫാക്ടറിയിലെ തൊഴിലാളിയായി മാറി അച്യുതാനന്ദൻ. ജോലി സമയം കഴിഞ്ഞാൽ തൊഴിലാളികളെ സംഘടിപ്പിക്കാനും അവരോട് അവകാശ നിഷേധങ്ങളെപ്പറ്റിയും സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളെപ്പറ്റിയും പറയാനും സമയം കണ്ടെത്തി. നീട്ടിയും കുറുക്കിയുമുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ നേതാക്കളുടെ ശ്രദ്ധയിൽപ്പെട്ടു. കയർഫാക്ടറി ട്രേഡ് യൂണിയൻ രംഗത്തെ മികച്ച നേതാവായി പേരെടുത്ത അച്യുതാനന്ദനെ 1943 ലെ പാർട്ടിയുെട ആദ്യ സംസ്ഥാന സമ്മേളനത്തിനു ശേഷം സഖാവ് പി.കൃഷ്ണപിള്ള ആളെ വിട്ട് വിളിപ്പിച്ചു. ഫാക്ടറിയിലെ ജോലി വിട്ട് മുഴുവൻ സമയ പാർട്ടി പ്രവർത്തകനാകണമെന്നും കുട്ടനാട്ടിലെ കർഷക തൊഴിലാളികളെ സംഘടിപ്പിക്കണമെന്നുമായിരുന്നു ആവശ്യം.

അങ്ങനെ വി എസ് ആലപ്പുഴയിൽ എത്തി. ഒരു കൊല്ലത്തെ പ്രവർത്തനം കൊണ്ട് കാര്യങ്ങൾ മാറ്റിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കൂലി കൊടുക്കാതിരിക്കുകയും കള്ള അളവുപാത്രം ഉപയോഗിച്ച് തൊഴിലാളികളെ പറ്റിക്കുകയും ചെയ്തിരുന്ന ജന്മിമാർക്ക് എതിരെയുള്ള സമരങ്ങൾ വിജയം കണ്ടു. അർഹമായ കൂലി വാങ്ങി, നെല്ലും ചുമന്ന് പാടവരമ്പത്തൂടെ നടന്നു പോകുന്ന തൊഴിലാളികൾ കുട്ടനാടിന്റെ കാഴ്ചയായി.രണ്ടാം ലോകമഹായുദ്ധകാലത്ത് ധാന്യങ്ങൾ പൂഴ്‌ത്തിവെച്ച ജന്മിമാർക്കെതിരെ വിഎസിന്റെ നേതൃത്വത്തിൽ ഏറ്റുമുട്ടലുണ്ടായി.

ജീവൻ രക്ഷിച്ച കള്ളൻ

വിഎസിനെ പുന്നപ്ര-വയലാർ സമര നായകൻ എന്ന് പലരും വിശേഷിപ്പിക്കാറുണ്ടെങ്കിലും അദ്ദേഹം ആ ആക്ഷനിൽ നേരിട്ട് പങ്കെടുത്തിട്ടില്ല. പക്ഷേ പ്രചാരണത്തിലും മറ്റും സജീവമായിരുന്നു. അതിനാൽ പൊലീസ് വിഎസിനെയും തേടിയെത്തി. അദ്ദേഹം ഒൽിൽപ്പോയി. ഒടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. ലോക്കപ്പിൽ നേരിടേണ്ടി വന്നത് ക്രൂര മർദ്ദനം. ''രണ്ടു കാലുകളും ലോക്കപ്പിന്റെ അഴികളിലൂടെ അവർ പുറത്തെടുത്തു. അഴികൾക്ക് വിലങ്ങനെ രണ്ടു കാലിലും ലാത്തി വെച്ചു കെട്ടി. എന്നിട്ട് ലോക്കപ്പ് പൂട്ടി. കാലുകളും പാദങ്ങളും ലോക്കപ്പ് അഴികൾക്കു പുറത്തും ബാക്കി ശരീര ഭാഗങ്ങൾ ലോക്കപ്പിനകത്തും. അകത്തു നിൽക്കുന്ന പൊലീസുകാർ തോക്കിന്റെ പാത്തി കൊണ്ട് എന്നെ ഇടിച്ചു. ഉരലിലിട്ട് നെല്ല് ഇടിക്കും പോലെ. പുറത്തുള്ള പൊലീസുകാർ രണ്ടു കാൽപാദങ്ങൾക്കകത്തും ചൂരൽ കൊണ്ട് മാറി മാറി തല്ലി.'' എന്നാണ് ആത്മകഥയിൽ വി എസ് എഴുതിയിരിക്കുന്നത്.

വിഎസിൽ നിന്ന് വിവരങ്ങളൊന്നും കിട്ടാഞ്ഞതോടെ മർദ്ദനത്തിന്റെ രീതി മാറി. ബയണറ്റ് പിടിപ്പിച്ച തോക്ക് ഉള്ളംകാലിലേക്ക് കുത്തിയിറക്കി. കാൽപാദം തുളഞ്ഞ് ബയണറ്റ് അപ്പുറത്തെത്തി. മരിച്ചെന്ന് കരുതിയ വിഎസിനെ കാട്ടിലുപേക്ഷിക്കാൻ പൊലീസുകാർ തീരുമാനിച്ചു. സ്റ്റേഷനിലുണ്ടായിരുന്ന കള്ളന്മാരെയും ഒപ്പം കൂട്ടി. കാട്ടിലെത്തുമ്പോൾ വിഎസിന് നേരിയ ശ്വാസമുണ്ടെന്ന് കള്ളൻ കോലപ്പന് മനസ്സിലായി. ജീവനുള്ളയാളെ കാട്ടിലുപേക്ഷിക്കാൻ ആവില്ലെന്ന് കോലപ്പൻ നിർബന്ധം പിടിച്ചതോടെയാണ് മൃതപ്രായനായ വിഎസിനെ പാലാ ജനറൽ ആശുപത്രിയിൽ എത്തിക്കുന്നത്. ബയണറ്റ് തറഞ്ഞു കയറിയ ആ കാല് നിലത്തുകുത്താൻ ഒൻപത് മാസം വേണ്ടി വന്നു.രാജവാഴ്ചയ്ക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരിൽ ഒരു വർഷം തടവ് ആദ്യം തന്നെ കോടതി വിധിച്ചിരുന്നു. അതുകൊണ്ട് ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് ഉണരുന്ന പുലരി അഴികൾക്കിടയിലൂടെയാണ് വി എസ് കണ്ടത്. വെറും 23 വയസ്സുമാത്രമായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ പ്രായം.

കരഞ്ഞത് അഴീക്കോടൻ മരിച്ചപ്പോൾ

1952ൽ വി എസ്.അച്യുതാനന്ദൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954-ൽ പാർട്ടി സംസ്ഥാന കമ്മറ്റിയിൽ അംഗമായ വി എസ് 1956-ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1959-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ അംഗം. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അഖിലേന്ത്യാടിസ്ഥാനത്തിൽ രണ്ടായി പിളർന്നതോടെ സിപിഎം. കേന്ദ്രക്കമ്മറ്റിയംഗമായി. 1964 മുതൽ 1970 വരെ സിപിഎം. ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് വഴിവച്ച 1964-ലെ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം രൂപീകരിച്ച കേരളത്തിൽ നിന്നുള്ള ഏഴുനേതാക്കളിൽ ഒരാളാണ് വി എസ്.അച്യുതാനന്ദൻ. 1980 മുതൽ 1991 വരെ മൂന്നു തവണ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. 1986 മുതൽ 2009 വരെ 23 വർഷം പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിൽ അംഗവും.

കാരിരിമ്പിന്റെ കരുത്തുള്ള നേതാവ് എന്നാണ് പൊതുവെ വി എസ് അറിയപ്പെട്ടിരുന്നത്. എന്നാൽ അദ്ദേഹം കരഞ്ഞുപോയത് അഴീക്കോടൻ രാഘവന്റെ കൊലപാതകത്തിലായിരുന്നു. ഒപ്പം പ്രവർത്തിച്ച സഖാവ്. നാലു വയസ്സിന്റെ മാത്രം പ്രായവ്യത്യാസം. കൊല നടന്ന് മൂന്നാം ദിവസം വി എസ് നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ടുവന്നു. 1972 സെപ്റ്റംബർ 25. മരണം ചർച്ച ചെയ്യണമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സംസാരിക്കവേ പല തവണ വിഎസിന്റെ ശബ്ദമിടറി, വാക്കുകൾ മുറിഞ്ഞു. ഉറ്റ സുഹൃത്തിന്റെ വിയോഗത്തിൽ തളർന്നുലഞ്ഞു പോയ സഖാവിനെ സഭ കേട്ടിരുന്നു.

വി എസ് അത്തരത്തിൽ വേദനയുടെ ഒരു തണൽമരമായി മാറുന്നത് 2012 ലും കേരളം കണ്ടു. സഖാവ് ടി.പി.ചന്ദ്രശേഖരൻ വധിക്കപ്പെട്ടപ്പോഴായിരുന്നു അത്. പാർട്ടിയുടെ എല്ലാ തിട്ടൂരങ്ങളെയും മറികടന്ന് ടിപിയുടെ വീട്ടിലേക്ക് അന്ന് വി എസ് പോയി. വിഎസിന്റെ കൈകൾ കൂട്ടിപ്പിടിച്ച് കെ.കെ.രമ കരയുന്ന ദൃശ്യം ചാനലുകളിൽ നിറഞ്ഞു. നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം കൂടിയായിരുന്നു അന്ന്. ചന്ദ്രശേഖരൻ 'കുലംകുത്തി' ആണെന്ന് പിണറായി പറഞ്ഞപ്പോൾ, ചന്ദ്രശേഖരൻ ധീരനായ കമ്മ്യൂണിസ്റ്റ് ആയിരുന്നു എന്ന പ്രസ്താവനയിൽ വി എസ് എല്ലാക്കാലത്തും ഉറച്ചു നിന്നു.

ചന്ദ്രശേഖരനെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് മുൻകൂട്ടി അറിഞ്ഞ വി എസ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ബൈക്കിലെ തനിച്ചുള്ള യാത്ര ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് പുറത്തുവന്നു. ടിപി കൊലപാതകത്തിൽ വി എസ് എടുത്ത പക്ഷമാണ് വിഎസിനെ പാർട്ടിക്കുള്ളിലെ പ്രതിപക്ഷമാക്കിയതും

സ്ത്രീപീഡകർക്കും പെൺവാണിഭക്കാർക്കും എതിരെ സന്ധിയില്ലാത്ത നിലപാട് സ്വീകരിച്ച നേതാവ് കൂടിയാണ് വി എസ്. 'പെൺവാണിഭക്കാരെ റോഡിലൂടെ കൈയാമം വച്ച് നടത്തിക്കും' എന്ന വിഎസിന്റെ പ്രസ്താവന കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചതാണ്. കവിയൂർ പീഡനക്കേസിലും കിളിരൂർ കേസിലും പ്രതിപക്ഷത്തും ഭരണപക്ഷത്തും ഇരുന്ന് വി എസ് സ്വീകരിച്ച നടപടികൾ അതിന്റെ തെളിവായിരുന്നു. കവിയൂർ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്മോഹൻ സിങിനെ രണ്ടു തവണ വി എസ് നേരിട്ടു കണ്ടു.

ഗ്രൂപ്പിസമോ, ആശയപോരാട്ടമോ?

കൈയടികൾ മാത്രമല്ല വിമർശനങ്ങും ഏറെ കേട്ടനേതാവ് വി എസ്. അദ്ദേഹത്തിനെതിരായ എറ്റവും വലിയ ആരോപണമായി പറയുന്നത് അദ്ദേഹം എവിടെയാണെങ്കിലും വിഭാഗീയത ഉണ്ടാവും എന്നാണ്. 64ൽ ചൈനീസ് ചാരന്മാർ എന്ന് പറഞ്ഞ് ജയിലിൽ അടച്ചപ്പോൾ, അവിടെ രക്തം കൊടുക്കാനുള്ള പ്രവർത്തനം നടത്തിയപ്പോൾ പോലും അദ്ദേഹം ഗ്രൂപ്പിസത്തിന് വളം വെക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്ന് ആക്ഷേപമുണ്ട്. തന്നെ അംഗീകരിക്കാത്തവരെ ഒക്കെ വെട്ടിനിരത്തുക എന്ന ഒരു ശൈലി ഒരു കാലത്ത് വി എസ് വെച്ചു പുലർത്തിയിരുന്നു.

1998ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തിൽ സിഐടിയുവിന്റെ മുതിർന്ന നേതാക്കളെ വെട്ടിനിരത്താൻ മുന്നിൽ നിന്നത് വി എസ് ആയിരുന്നു. അതിലൊക്കെ അദ്ദേഹത്തിന്റെ വിശ്വസ്ഥനായ ശിഷ്യൻ ആയിരുന്നു പിണറായി. 1998-ൽ സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ നിര്യാണത്തെ തുടർന്ന് പിണറായി പാർട്ടി സംസ്ഥാന സെക്രട്ടറി ആയ ശേഷമാണ് പാർട്ടിയിൽ വിഭാഗീയപ്രവർത്തനങ്ങൾ രൂക്ഷമായത്. 2002-ൽ കണ്ണൂരിൽ സംസ്ഥാന സമ്മേളനം നടന്നപ്പോൾ പിണറായി വിജയനും വി.എസും വിരുദ്ധ ചേരികളിലായി വിഘടിച്ച് മാറി. അവിടെ വെച്ച് പിണറായി പക്ഷവും വി എസ് പക്ഷവും രൂപം കൊണ്ടു. പിന്നീട് 2005-ൽ നടന്ന മലപ്പുറം സമ്മേളനത്തിൽ പിണറായി വിജയൻ ആധിപത്യം ഉറപ്പിച്ചു പാർട്ടിയിലെ ഔദ്യോഗിക പക്ഷമായി മാറി. പിന്നീട് നടന്ന 2008-ലെ കോട്ടയം, 2012-ലെ തിരുവനന്തപുരം സമ്മേളനങ്ങളിലും അതാവർത്തിച്ചു. 2015-ൽ ആലപ്പുഴയിൽ സംസ്ഥാന സമ്മേളനത്തിന് എത്തിയപ്പോൾ അത് പൂർണമായി. 2013-ന് ശേഷം വി.എസിന്റെ സ്വന്തം ചേരിയിലുണ്ടായിരുന്നവർ ഭൂരിഭാഗവും മറുകണ്ടം ചാടി.

ലാവ്‌ലിൻ പോരാട്ടത്തിന്റെ മൂർധന്യത്തിൽ് പൊളിറ്റ് ബ്യൂറോയിൽനിന്ന് ഒഴിവാക്കപ്പെട്ടത് വിഎസിന് വൻ തിരിച്ചടിയായി. ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോൾ കെ.കെ.രമയെ ആശ്വസിപ്പിക്കാനുള്ള യാത്രയിൽനിന്ന് അദ്ദേഹത്തെ തടയാൻ പാർട്ടിയുടെ ഒരു തിട്ടൂരത്തിനും കഴിഞ്ഞില്ല. ഈ കുറ്റപത്രങ്ങൾക്കെല്ലാം ഒടുവിലാണ് ആലപ്പുഴയിൽ സംസ്ഥാന സമ്മേളനത്തിന് കൊടി ഉയരുന്നതിന്റെ തലേന്ന് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ അച്യുതാനന്ദന് 'പാർട്ടി വിരുദ്ധ മാനസികാവസ്ഥ' ഉണ്ടെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തുറന്നടിച്ചത്.

2015 ലെ ആലപ്പുഴ സംസ്ഥാന സമ്മേളനം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോരേണ്ടി വന്നതായിരുന്നു പാർട്ടി ജീവിതത്തിൽ വിഎസിന് ഏറ്റവും കനം അനുഭവപ്പെട്ട സന്ദർഭം. ആലപ്പുഴയിൽ വി എസ് വാങ്ങിയ വേലിക്കകത്തു വീട്ടിലും പിന്നീട് തിരുവനന്തപുരത്തു കന്റോൺമെന്റ് ഹൗസിലും കാണാനെത്തിയവരുടെ മുന്നിൽ ഏറെ നേരം അദ്ദേഹം നിശ്ശബ്ദനായിരുന്നു. ദേഷ്യവും രോഷവും കൂടി എന്തെങ്കിലും പറഞ്ഞു പോകുമെന്ന് കരുതുന്ന നിമിഷം വി എസ് ചെയ്യുന്ന ഒരു കാര്യമുണ്ട്: എഴുന്നേറ്റ് അകത്തേക്കു നടക്കും.

പക്ഷേ, സിപിഎമ്മിൽനിന്നു പുറത്തു പോകാൻ വി എസ് ഒരു കാലത്തും സന്നദ്ധനായിരുന്നില്ല. കാരണം, ഇതു താനും കൂടി ഉണ്ടാക്കിയ പാർട്ടിയാണ് എന്ന് 1964 ലെ സിപിഐ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്ന 32 നേതാക്കളിൽ ഒരാളായ അച്യുതാനന്ദൻ വിചാരിച്ചിരുന്നു. രണ്ടാമത്, തന്നെ അങ്ങനെയൊന്നും തൊടാൻ പാർട്ടിക്കു കഴിയില്ലെന്ന ഉറച്ച വിശ്വാസവും വിഎസിന് ഉണ്ടായിരുന്നു. താൻ ഒരിക്കലും ഗ്രൂപ്പിസത്തിന്റെ വക്താവല്ലെന്നും എപ്പോഴും ആശയപോരാട്ടമാണ് നടത്തിയതെന്നുമാണ് വി എസ് പറയാറുള്ളത്.

എന്നും പ്രതിപക്ഷ നേതാവ്

കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ തർക്കം ഉണ്ടാവുമെങ്കിലും, കേരളത്തിലെ ഏറ്റവും മികച്ച പ്രതിപക്ഷ നേതാവ് ആരാണെന്ന കാര്യത്തിൽ ആർക്കും തർക്കവുമുണ്ടാവില്ല. 15 വർഷം പ്രതിപക്ഷ നേതാവായി ഇരുന്നുകൊണ്ട് വി എസ് നടത്തിയ പോരാട്ടം അതിശക്തമായിരുന്നു. എന്തുകാര്യവും നേരിട്ട് കണ്ട് പഠിച്ച് മനസ്സിലാക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ രീതി. അങ്ങനെ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള സമരപ്പന്തലുകളിൽ വി എസ് അതിഥിയായി എത്തി.

2001ൽ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്, ഒരു മുരടൻ കമ്യുണിസ്റ്റിൽനിന്ന് ജനകീയനായി വി എസ് മാറുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിയമസഭക്ക് അകത്തും പുറത്തും മികച്ച പ്രകടനം കാഴ്ചവച്ച അച്യുതാനന്ദൻ ഒട്ടേറെ സമരങ്ങൾക്ക് നേതൃത്വം നൽകി. വനം കയ്യേറ്റം, മണൽ മാഫിയ, അഴിമതി എന്നിവയ്ക്കെതിരെ ശക്തമായ നിലപാടുകൾ എടുത്തത് ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. എല്ലാം നേരിട്ട് കണ്ട് പഠിച്ചശേഷം പ്രതികരിക്കുക എന്ന വി എസ് ശൈലി വൻ ഇമേജാണ് അദ്ദേഹത്തിന് ഉണ്ടാക്കിയത്.

അതുവരെ വൻ ഭുരിപക്ഷത്തിന് ജയിക്കുന്ന നേതാവ് ആയിരുന്നില്ല വി എസ്.
1991ൽ മാരാരിക്കുളം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കു മത്സരിച്ച അദ്ദേഹം കോൺഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. എന്നാൽ 1996-ൽ കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളെ അപ്പാടെ അമ്പരിപ്പിച്ചുകൊണ്ട് മാർക്സിസ്റ്റു പാർട്ടിയുടെ ഉറച്ചകോട്ടയായി കരുതപ്പെട്ടിരുന്ന മാരാരിക്കുളത്ത് അച്യുതാനന്ദൻ തോൽവിയറിഞ്ഞു. പാർട്ടിയിലെ തന്നെ ഒരു വിഭാഗമായിരുന്നു അച്യുതാനന്ദന്റെ തോൽവിക്കു പിറകിലെന്ന് പിന്നീടു നടന്ന പാർട്ടിതല അന്വേഷണങ്ങളിൽ തെളിഞ്ഞു. ഈ പരാജയം പക്ഷേ, പാർട്ടിയിൽ അച്യുതാനന്ദനെ ശക്തനാക്കി. ആ രക്തസാക്ഷി ഇമേജ് അദ്ദേത്തിന് കിട്ടി. തന്റെ തോൽവിക്ക് കാരണക്കാർ എന്ന് ആരോപിക്കപ്പെടുന്നവരെ മുഴുവൻ പുറത്താക്കി വി എസ് പകവീട്ടിയതും വേറെകാര്യം.

പാർലമെന്ററി പ്രവർത്തന രംഗത്ത് ഒട്ടേറെക്കാലമായി ഉണ്ടെങ്കിലും അച്യുതാനന്ദൻ ഇതുവരെ അധികാരപദവികളൊന്നും വഹിച്ചിട്ടില്ല. 1967ലും 2006ലുമൊഴികെ അദ്ദേഹം ജയിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം പാർട്ടി അധികാരത്തിനു പുറത്തായതാണു പ്രധാനകാരണം. 67-ൽ കന്നിക്കാരനായിരുന്നതിനാൽ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടില്ല. 1996-ൽ സിപിഎംന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അനൗദ്യോഗികമായി അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും മാരാരിക്കുളത്തെ തോൽവിയോടെ അതു നടക്കാതെപോയി

2001-ൽ ആലപ്പുഴ ജില്ല വിട്ട് മാർക്സിസ്റ്റു പാർട്ടിയുടെ ഉറച്ച സീറ്റായി ഗണിക്കപ്പെടുന്ന പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് ജനവിധി നേടിയത്. എന്നാൽ കണ്ണൂർ ജില്ലയിൽ നിന്നു മത്സരിക്കാനെത്തിയ സതീശൻ പാചേനി എന്ന ചെറുപ്പക്കാരനുമേൽ 4703 വോട്ടിന്റെ ഭൂരിപക്ഷമേ നേടാനായുള്ളൂ. അതുവരെ എല്ലാ തിരഞ്ഞെടുപ്പുകളിലും സിപിഎം. സ്ഥാനാർത്ഥികൾ ഇരുപതിനായിരത്തിലേറെ വോട്ടുകൾക്ക് ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ് മലമ്പുഴ. 2006-ൽ ഇതേ മണ്ഡലത്തിൽ ഇതേ എതിരാളിയെ 20,017 വോട്ടുകൾക്കു തോൽപിച്ച് വി എസ്. ഭൂരിപക്ഷത്തിലെ കുറവു നികത്തി. അപ്പോഴേക്കും വിഎസിന്റെ ഇമേജ് വല്ലാതെ മാറിയിരുന്നു. ഈ നാട്ടിലെ പാവപ്പെട്ടവരുടെയും അനീതിക്ക് എതിരെ പോരടിക്കുന്നവരുടെയും ശബ്ദമായി അദ്ദേഹം മാറിയിരുന്നു. പാർട്ടി അദ്ദേഹത്തിന് ആദ്യം സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കേരളം എമ്പാടും ഉണ്ടായ 'കണ്ണേ കരളേ വിഎസേ, എന്ന് പറഞ്ഞ പ്രകടനം രാഷ്ട്രീയ കേരളം മറന്നിട്ടുണ്ടാവില്ല. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 140 സീറ്റിൽ 98 സീറ്റുകളും നേടി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ഒരു വിഷയം കിട്ടിയാൽ അതിന്റെ അവസാനംവരെ പോരാടുക. അതായിരുന്നു പോരാട്ടങ്ങളിലെ വി എസ്. തന്ത്രം. പാർട്ടിക്കുള്ളിലും അത് തന്നെയായിരുന്നു വി എസ്. സ്വീകരിച്ച നിലപാട്. പാർട്ടിയിൽ സ്വന്തംപക്ഷക്കാരിൽ ഏറിയപങ്കും മറുപക്ഷത്തേക്ക് നീങ്ങിയപ്പോഴും അദ്ദേഹം പോരാട്ടം തുടർന്നു. പ്രതിപക്ഷ നേതാവായിരുന്ന കാലത്തും പിന്നീട് മുഖ്യമന്ത്രിയായപ്പോഴും വി എസ്. നിരന്തരപോരാട്ടങ്ങളിലായിരുന്നു.

മുഖ്യമന്ത്രിയായിരിക്കെ പോലും ഒറ്റയാൻ പോരാട്ടങ്ങളായിരുന്നു അദ്ദേഹം നയിച്ചിരുന്നതും. പാമോയിൽ, ഇടമലയാർ, മതികെട്ടാൻ, പ്ലാച്ചിമട, സൂര്യനെല്ലി, ഐസ് ക്രീം പാർലർ, കിളിരൂർ അങ്ങനെ നിരവധി കേസുകളിൽ വി എസ്. പോരാട്ടത്തിനിറങ്ങി. ഇടമലയാർ കേസിൽ മുന്മന്ത്രി ബി. ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെടുകയും ചെയ്തു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം നടപ്പാക്കിയ മൂന്നാർ ഒഴിപ്പിക്കൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഒടുവിൽ നിഷ്‌ക്കാസിതൻ

2016 ലെ തെരഞ്ഞെടുപ്പ് ആവുമ്പോഴും പാർട്ടിയും വിഎസും പൂർണ്ണമായും അകന്നിരുന്നു. വിഎസും പിണറായിയും ഒരുപോെല മത്സരിക്കുകയും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്കും വി എസ് സമ്പൂർണ്ണമായി ഔട്ടാവുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. തനിക്ക് മകനുമുള്ള സ്ഥാനമാനങ്ങൾ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിക്ക് മുന്നിൽ ഒരു തുണ്ടു കടലാസിൽ എഴുതിക്കൊടുത്ത് നിൽക്കുന്ന വിഎസിന്റെ രൂപം മറക്കാൻ കഴിയില്ല. അങ്ങേയറ്റം അപമാനിതനായിരുന്നു അദ്ദേഹം. അവസാനം ഭരണപരിഷ്‌ക്കാര കമ്മീഷൻ അധ്യക്ഷനാക്കി, ലക്ഷങ്ങളുടെ ശമ്പളം യാതൊരു കാര്യവും ഇല്ലാതെ ചെലവാക്കിയെന്ന പഴിയും കേട്ടതോടെ വിഎസിന്റെ ഇമേജ് വല്ലാതെ ഇടിഞ്ഞു. പിണറായി പ്രഭാവം കത്തിജ്വലിക്കുകയും, തുടർഭരണം കിട്ടുകയും ചെയ്തതോടെ വി എസ് തീർത്തും അപ്രസക്തനായി.

പക്ഷേ അപ്പോഴും ജനങ്ങൾക്ക് വിഎസിനെ വേണമായിരുന്നു. 2019 ൽ രോഗാവസ്ഥയിലേക്കു വീഴുന്നതിന് തൊട്ടു മുൻപത്തെ ഉപതിരഞ്ഞെടുപ്പുകളിൽ പോലും വി എസ് എന്ന 'ക്രൗഡ് പുള്ളറെ' പാർട്ടിക്കും വേണമായിരുന്നു. യുഡിഎഫിന്റെ കുത്തക മണ്ഡലമായ വട്ടിയൂർക്കാവ് എൽഡിഎഫ് പിടിച്ചെടുത്തതിനെക്കുറിച്ചു വി എസ് പറഞ്ഞു: 'ഉപതിരഞ്ഞെടുപ്പുകളുടെ ഫലം സൂചിപ്പിക്കുന്നത് ജാതി സംഘടനകൾക്ക് കേരളത്തിന്റെ വിധി നിർണയിക്കാനുള്ള കെൽപില്ല എന്നു തന്നെയാണ്. ജനങ്ങളുടെ ഈ മനോഭാവമാണ് വാസ്തവത്തിൽ നവോത്ഥാനത്തിന്റെ സൂചന'. പിന്നീടങ്ങോട്ട് പക്ഷാഘാതവും കോവിഡും പ്രായാധിക്യത്തിന്റെ അസ്വസ്ഥതകളും കാരണം വി എസ് വീട്ടിൽ ഒതുങ്ങി.

എല്ലാ മുനഷ്യരെയം പോലെ ഗുണങ്ങൾ മാത്രമുള്ള നേതാവല്ല വി എസ്. അദ്ദേഹത്തിന്റെ ഒരു പ്രധാന മോശം വശമായി പറയുന്നത്, പാമ്പിന് സമാനമായ പക സൂക്ഷിക്കുന്നുവെന്നാണ്. ഒരു വിഷയത്തിൽ ഒരാളെക്കുറിച്ച് മുൻവിധി വന്നാൽ വി എസ് അത് തിരുത്താൻ പോകില്ല. അതുകൊണ്ടുതന്നെ ഏഷണിക്കാർക്ക് നന്നായി മുതലെടുക്കാനും കഴിയും. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഇങ്ങനെ വി എസ് ശത്രുക്കൾ ആക്കിയ വ്യാപാരികളും വ്യവസായികളും രാഷ്ട്രീയക്കാരുമൊക്കെയുണ്ട്.

ഇഷ്ടമുള്ളവരെ കാണുമ്പോൾ വിടർന്നു ചിരിക്കുന്ന വി എസ് അല്ലാത്തവരെ കണ്ടാൽ മുന്നിലെ പത്രത്തിൽ നോക്കി ഇരിക്കും. പണി തന്നിട്ടുള്ളവർക്ക് അതേ നാണയത്തിൽ തിരിച്ചു കൊടുക്കും. മകളുടെ വിവാഹം ക്ഷണിക്കാനെത്തിയ അങ്ങനെ ഒരാളുടെ കയ്യിൽനിന്ന് കുറി വാങ്ങി വാല്യക്കാരൻ പയ്യന്റെ കയ്യിലേക്ക് എറിഞ്ഞു കൊടുത്തിട്ടുണ്ട് വി എസ്. മേനി നടിച്ച് വിഎസിന്റെ വിശ്വസ്തരായി മാറി അദ്ദേഹത്തെ വെട്ടിൽ ചാടിച്ചവരും ഉണ്ട്. ജേക്കബ് വടക്കൻചേരിയെപ്പോലുള്ളവർ വിഎസിന്റെ പേഴ്സൺൽ ഡോക്ടർ ആണെന്ന് പറഞ്ഞ് വിലസി നടന്നിരുന്നു.

ചെയ്ത കാര്യങ്ങളിൽ ഒരു വീണ്ടു വിചാരം, പശ്ചാത്താപവും പ്രകടിപ്പക്കാനും വി എസ് മടിക്കാറില്ല. നടൻ ജഗതി ശ്രീകുമാറിന് ലഭിച്ച ഒരു അംഗീകാരത്തിന് സെക്രട്ടേറിയറ്റിൽ വച്ച് ആദരിച്ചപ്പോൾ സംഘാടകർ ക്ഷണിച്ചത് മുഖ്യമന്ത്രി വിഎസിനെയാണ്. വരാം എന്നേറ്റ വി എസ് തൊട്ടു മുൻപ് പിൻവാങ്ങി. ജഗതിയുമായി ബന്ധപ്പെട്ട കേസ് ചൂണ്ടിക്കാട്ടി ചിലർ പിന്തിരിപ്പിച്ചത് ജഗതിയെ വിളിച്ചു വരുത്തി അപമാനിക്കലായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് വി എസ് ഓഫിസിൽ വച്ച് ഇങ്ങനെ പ്രതികരിച്ചു: 'അതു വേണ്ടായിരുന്നു'.

അതുപോലെ തന്നെ ശാസ്ത്രീയമായി കാര്യങ്ങൾ പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും വിഎസിന് വലിയ പരിമിതകൾ ഉണ്ടായിരുന്നു. ശാസ്ത്രീയമായ മോഡേൺ മെഡിസിനോട് അദ്ദേഹം അകൽച്ചകാട്ടിയിരുന്നു. ഹോമിയേപ്പതി, യോഗ, സിദ്ധവൈദ്യം എന്ന കപട വൈദ്യങ്ങളോടായിരുന്നു അദ്ദേഹത്തിന് എന്നും താൽപ്പര്യം. അതുപോലെ പ്ലാച്ചിമട കൊക്കക്കോള, എൻഡോസൾഫാൻ തുടങ്ങിയ വിഷയങ്ങളിലും വി എസ് എടുത്ത നിലപാടുകൾ ഒട്ടും ശാസ്ത്രീയം ആയിരുന്നില്ല എന്ന് ഇന്ന് വിമർശനങ്ങൾ വരുന്നുണ്ട്. അതുപോലെതന്നെ ക്യാപിറ്റലിസത്തിന്റെയും തുറന്ന വിപണയുടെയും സാധ്യതകൾ മനസ്സിലാക്കുന്നതിൽ അദ്ദേഹം പൂർണ്ണമായും പരാജയപ്പെടുകയാണ് ചെയ്തത്.

വി എസ് എന്ന പ്രതീക്ഷ

ഇങ്ങനെ ഒക്കെ ഒരുപാട് തകരാറുകൾ ഉണ്ടെങ്കിലും വി എസ് ഒരു പ്രതീക്ഷയായിരുന്നു. അഴിമതിക്കാർക്കെതിരെ, പെൺവാണിഭക്കാർക്ക് എതിരെ, ഭൂമി കൈയേറ്റക്കാർക്ക് എതിരെ, മദ്യ-മയക്കുമരുന്ന് മാഫിയകൾക്കെതിരെ, കമ്യുണിസ്റ്റ പാർട്ടിയിലെ ജീർണ്ണതക്കെ് എതിരെ ഒക്കെ പൊരുതുന്ന ഒരു നേതാവ്. ഒന്നും നടന്നില്ലെങ്കിലും അങ്ങനെ ഒരു പ്രതീക്ഷകൊടുക്കാൻ കഴിയുന്ന എത്ര നേതാക്കൾ നമുക്കുണ്ട്. അവിടെയാണ് വി എസ് എന്ന രണ്ടക്ഷരത്തിന്റെ പ്രസക്തിയും.

പുറമെ പരുക്കൻ ആണെങ്കിലും, വീട്ടിൽ തീരെ ക്ഷോഭിക്കാത്ത സ്നേഹ സമ്പന്നനായ ഗൃഹനാഥൻ ആയിട്ടാണ് ഭാര്യയും മക്കളും അദ്ദേഹത്തെ വിലയിരുത്തു്നനത്. ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന വിഎസിന്, വിദഗ്ധ ഡോക്ടർമാരുടേതു കൂടാതെ നഴ്സ് കൂടിയായ ഭാര്യ വസുമതിയുടെയും മരുമക്കളായ രണ്ട് ഡോക്ടർമാരുടെയും കൂടി സ്നേഹനിർഭരമായ പരിചരണം വിഎസിന് ലഭിക്കുന്നുണ്ട്.

ഭാര്യ വസുമതി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. '' വിവാഹം കഴിക്കേണ്ട എന്ന് ചിന്തിച്ചയാളായിരുന്നു വി എസ്. വയസ്സാകുമ്പോൾ ഒരു കൂട്ട് അത്യാവശ്യമാണെന്ന ചിന്തയിൽ പിന്നെ തീരുമാനം മാറ്റി. ചേർത്തല കുത്തിയതോടിനുസമീപം കോടംതുരുത്തിലാണ് എന്റെ വീട്. കോടംതുരുത്തിലെ ഒരുയോഗത്തിൽ വി എസ്. പ്രസംഗിക്കാൻ വന്നപ്പോൾ കേൾക്കാൻ പോയി. അന്ന് പിന്നിൽനിന്ന് പ്രസംഗം കേൾക്കുകയായിരുന്ന എന്നോട് പാർട്ടിയുടെ പ്രാദേശിക നേതാവായ ടി.കെ. രാമൻ എന്ന സഖാവ് വന്നുചോദിച്ചു 'എങ്ങനെയുണ്ട് സഖാവിന്റെ പ്രസംഗം' എന്ന്.പിന്നീട് സെക്കന്തരാബാദ് ഗാന്ധി ഹോസ്പിറ്റലിൽ നഴ്സിങ് പഠിത്തം കഴിഞ്ഞ് ജോലിതുടങ്ങിയപ്പോൾ ഒരുദിവസം വീട്ടിൽനിന്ന് കമ്പി സന്ദേശം എത്തി. ഉടൻ എത്തണം എന്നായിരുന്നു അതിൽ. വീട്ടിലെത്തിയപ്പോൾ അറിഞ്ഞു എന്റെ കല്യാണം നിശ്ചയിച്ചിരിക്കുന്നു. വരൻ വി എസ്. അച്യുതാനന്ദൻ. വിവാഹംകഴിഞ്ഞ് പിറ്റേന്ന് രാവിലെത്തന്നെ വി എസ്. ഭാര്യയെ വീട്ടിൽ കൊണ്ടാക്കി നിയമസഭാസമ്മേളനത്തിനുപോയി''- വസുമതി പറയുന്നു. മകൻ ഡോ അരുണുകമാറിനും, ആശക്കും പറയാനുള്ളതും സ്നേഹനിധിയായ പിതാവിനെ കുറിച്ചാണ്.

''ആഹാരമില്ലായ്മയായിരുന്നു ഒരിക്കൽ എന്റെ ആരോഗ്യം. അണികളുടെ സഖാവേ എന്ന വിളി മതി മനസ്സും വയറും നിറയാൻ..'' എന്ന് വി എസ് പറഞ്ഞതായി 'വിഎസിന്റെ ആത്മരേഖ' എന്ന പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. 15 വർഷം പ്രതിപക്ഷ നേതാവും 5 വർഷം മുഖ്യമന്ത്രിയും അതിലധികം കാലം ജനനേതാവും ആയിരുന്ന ഒരാൾ ഒരു നൂറ്റാണ്ടു കാലം അഴിമതി രഹിതനായി ജീവിക്കുന്നു. സ്വർണ്ണക്കടത്തുമതൽ കരിമണൽ കർത്തയുടെ മാസപ്പടിയിൽവരെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ കുടുംബം എത്തിനിൽക്കുന്ന ഇക്കാലത്ത് വി എസ് ഒരു തിരുത്തിന്റെ ഓർമ്മപ്പെടുത്തൽ തന്നെതാണ്.

വാൽക്കഷ്ണം: തികഞ്ഞ മാർക്സിസ്റ്റായ വി എസ് കറകളഞ്ഞ ഭൗതികവാദികൂടിയാണ്. പക്ഷേ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണുന്ന വിവാദം, വിഎസിന്റെ കുടുംബം അദ്ദേഹത്തിന്റെ നൂറാം പിറന്നാളിൽ കുടുംബ ക്ഷേത്രത്തിൽ വഴിപാട് കഴിച്ചതിന്റെതാണ്. ഇതിന്റെ മറുപടി വി എസ് നേരത്തെ മറുപടി പറഞ്ഞതാണ്. ഞാൻ എന്റെ കുടുബാംഗങ്ങളുടെ വിശ്വാസത്തിൽ ഇടപെടാറില്ലെന്ന്. വി എസ് മുഖ്യമന്ത്രിയായിക്കെ മകൻ അരുൺകുമാർ ക്ലിഫ് ഹൗസിൽനിന്ന് കെട്ടുനിറച്ച ശബരിമലക്ക് പോയിരുന്നു. അതിനേക്കാൾ വലുതാണോ ഇത്.