90കളുടെ അവസാനത്തിൽ മൂന്നാംമുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിക്കെപ്പെട്ട നേതാവായിരുന്നു അയാൾ. ഇന്ത്യയിലെ ഏറ്റവും മിടുക്കനായ മുഖ്യമന്ത്രിയെന്ന പേരെടുത്ത, വിദേശ മാധ്യമങ്ങളും സ്വദേശ മാധ്യമങ്ങളും നവയുഗശിൽപ്പിയെന്ന് വിലയിരുത്തിയ നേതാവ്. പക്ഷേ ഇന്ന് അദ്ദേഹം ജയിലിൽ 'ഗോതമ്പുണ്ട' തിന്നുകയാണ്! ആന്ധ്രപ്രദേശിൽ ഏറ്റവുമധികം കാലം മുഖ്യമന്ത്രി ആയിരുന്ന റെക്കോർഡിട്ട എൻ ചന്ദ്രബാബു നായിഡുവാണ്, 371 കോടി രൂപയുടെ അഴിമതിക്കേസിൽ റിമാൻഡിലായ രാജമുദ്രി സെൻട്രൽ ജയിലിലെ 7691-ാം നമ്പർ തടവുകാരനായി കഴിയുന്നത്.

73കാരനായ ചന്ദ്രബാബു നായിഡുവിനെ സുരക്ഷാഭീഷണിയുള്ളതിനാൽ, പ്രത്യേകം താമസിപ്പിക്കാൻ അമരാവതിയിലെ എസിബി കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ജയിലിൽ പ്രത്യേക മുറിയും വീട്ടിൽ നിന്നുള്ള ഭക്ഷണവും അനുവദിച്ചിട്ടുണ്ട്. ഇസഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിയാണു ചന്ദ്രബാബു നായിഡു. ഇനി സെപ്റ്റംബർ 22ാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കുക.

ആറു മാസം കൂടി മാത്രം നിയമസഭ തിരഞ്ഞെടുപ്പിന് ബാക്കിയുള്ളപ്പോഴാണ് വലിയ തോതിലുള്ള സംഭവവികാസങ്ങൾക്ക് ആന്ധ്ര വേദിയാകുന്നത്. നായിഡുവിന്റെ അറസ്റ്റിൽ ആഹ്ലാദം പ്രകടിപ്പിച്ച് തുള്ളിച്ചാടുകയും മധുരം വിതരണം ചെയ്യുകയും ചെയ്ത മുൻ ചലച്ചിത്ര താരവും വൈഎസ്ആർസിപി (വൈസിപി) നേതാവുമായ റോജയുടെ ദൃശ്യം വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. നിയമം നിയമത്തിന്റെ വഴിക്കാണ് പോകുന്നതെങ്കിൽ എന്തിനാണ് വൈസിപി നേതാക്കൾ ആഹ്ലാദിക്കുന്നത് എന്നാണ് ടിഡിപി ഉയർത്തുന്ന ചോദ്യങ്ങൾ.

അതിനിടെ, മുൻ മുഖ്യമന്ത്രിയും ഇതിഹാസ ചലച്ചിത്ര താരവുമായ എൻടി രാമറാവുവിന്റെ ശാപമാണിതെന്നും വ്യാപക പ്രചാരണം നടക്കുന്നുണ്ട്. ഇപ്പോൾ നായിഡുവിന് 74 വയസ്സുണ്ട്. എൻടിആറിനെ ഇതേ പ്രായത്തിൽ വിഷമിപ്പിച്ച നായിഡു, ഇപ്പോൾ അതേ പ്രായത്തിൽ ജയിലിൽ എന്നാണ് വൈഎസ്ആർസിപി നേതാവ് കോടാലി നാനി പ്രതികരിച്ചത്. നായിഡു അറസ്റ്റിലായതിന്റെ പിറ്റേന്ന്, എൻടിആറിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയാണ് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ലക്ഷ്മി പാർവതി പ്രതികരിച്ചത്. നായിഡു അനുഭവിക്കുന്നത് എൻടിആറിനെ പിന്നിൽനിന്ന് കുത്തിയതിന്റെ ശാപമാണെന്നാണ് അവരും പറയുന്നത്.

അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട്, മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ജയിൽ ശിക്ഷ അനുഭവിച്ചതും നായിഡുവിന്റെ ഇപ്പോഴത്തെ അറസ്റ്റും താരതമ്യപ്പെടുത്തുന്നവരുമുണ്ട്. വൈഎസ്ആറിന്റെ മരണത്തിനു ശേഷം പിൻഗാമിയാകുമെന്ന് കരുതിയിരുന്ന ജഗൻ കോൺഗ്രസ് നേതൃത്വവുമായി ഉരസിയതോടെ പാർട്ടിവിട്ടത്. തുടർന്ന് 2011ലാണ് ജഗൻ വൈഎസ്ആർസിപി രൂപീകരിക്കുന്നത്. എന്നാൽ അഴിമതി, അനധികൃത സ്വത്തു സമ്പാദന കേസിൽ 2012 മേയിൽ അദ്ദേഹം അറസ്റ്റിലായി. ഒടുവിൽ 16 മാസത്തെ ജയിൽ വാസത്തിനു ശേഷം 2013 സെപ്റ്റംബറിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. അന്ന് ജഗനെ കുടുക്കാൻ ചരടുവലികൾ നടത്തിയത് നായിഡുവാണെന്നാണ് പറയുന്നത്. ഇപ്പോൾ ജഗന്റെ പ്രതികരത്തിൽ നായിഡു അകത്തുമായി.

ശരിക്കും സെക്സും, സ്റ്റണ്ടും, സെന്റിമൻസും, തൊഴുത്തിൽക്കുത്തുമൊക്കെയുള്ള ഒരു ചിരഞ്ജീവിയുടെ മസാല സിനിമപോലെയാവുകയാണ് ആന്ധ്രാ പ്രദേശ് രാഷ്ട്രീയം! ഈ കലക്കവെള്ളത്തിൽ ആര് മീൻ പിടിക്കുമെന്ന് കണ്ടുതന്നെ അറിയണം?


28ാം വയസ്സിൽ എംഎൽഎ

എല്ലാം വളരെപെട്ടന്ന് തളികയിൽവെച്ച് കിട്ടിയ വ്യക്തിയാണ് ചന്ദ്രബാബുനായിഡു. 1950 ഏപ്രിൽ 20 തിരുപ്പതി ജില്ലയിലെ നരവരിപ്പള്ളിയിലെ ഒരു കാർഷിക കുടുംബത്തിൽ, നാര ഖർജുര നായിഡുവിന്റെയും അമാനമ്മയുടെയും മകനായണ് ജനനം. അദ്ദേഹത്തിന് ഒരു ഇളയ സഹോദരനും രണ്ട് സഹോദരിമാരുമുണ്ട്. നായിഡുവിന് വിറ്റിലിഗോ രോഗം ഉണ്ട്. ഇതുമൂലമാണ് ചർമ്മത്തിൽ വെളുത്ത പാടുകൾ ഉണ്ടാകുന്നത്. പക്ഷേ ഇത് സൃഷ്ടിക്കുന്ന അപകർഷതാബോധത്തെയൊക്കെ മറികടക്കാൻ കുട്ടിക്കാലം തൊട്ടേ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

തന്റെ ഗ്രാമത്തിൽ സ്‌കൂൾ ഇല്ലാത്തതിനാൽ നായിഡു ശേഷപുരത്തെ പ്രൈമറി സ്‌കൂളിലാണ് അഞ്ചാം ക്ലാസ് വരെ പഠിച്ചത്. ചന്ദ്രഗിരി ഗവൺമെന്റ് ഹൈസ്‌കൂളിൽ പത്താം ക്ലാസും. പഠിക്കാൻ മിടുക്കനായിരുന്നു അദ്ദേഹം ക്ലാസ് ലീഡറുമായിരുന്നു. തിരുപ്പതിയിലുള്ള ശ്രീ വെങ്കടേശ്വര ആർട്ട് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദാനന്തരബിരുദം നേടി. അവിടെ നിന്ന് പി.എച്ച്.ഡി എടുക്കാവാൻ ഉള്ള ശ്രമങ്ങൾക്കിടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.

ശ്രീ വെങ്കിടേശ്വര സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോൾ കോൺഗ്രസിന്റെ വിദ്യാർത്ഥി യൂണിയൻ നേതാവായിട്ടാണ് നായിഡു രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 1975-ൽ ഇന്ത്യൻ യൂത്ത് കോൺഗ്രസിൽ ചേർന്ന അദ്ദേഹം പ്രാദേശിക ചാപ്റ്ററിന്റെ പ്രസിഡന്റായി. 1975-ൽ രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ ശേഷം അദ്ദേഹം സഞ്ജയ് ഗാന്ധിയുടെ അനുയായിയായി മാറി. മുതിർന്ന തേതാവ് എൻ.ജി. രംഗയുടെ സഹായത്തോടെ, നായിഡു കോൺഗ്രസ് പാർട്ടിയിൽ നിന്ന് സ്ഥാനാർത്ഥിത്വം നേടി. യുവാക്കൾക്കുള്ള 20 ശതമാനം സംവരണം എന്ന പാർട്ടി നയം അദ്ദേഹത്തെ തുണച്ചു. 1978 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചന്ദ്രഗിരി മണ്ഡലത്തിലെ നിയമസഭാംഗമായി. അന്ന് വെറും 28വയസ്സായിരുന്നു പ്രായം.

തുടക്കത്തിൽ ആന്ധ്രപ്രദേശ് ചെറുകിട വ്യവസായ വികസന കോർപ്പറേഷന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. പിന്നീട് ടി.അഞ്ജയ്യയുടെ സർക്കാരിൽ മന്ത്രിയായി. 1980-നും 1983-നും ഇടയിൽ, സംസ്ഥാന സർക്കാരിൽ ആർക്കൈവ്‌സ്, സിനിമാട്ടോഗ്രഫി, സാങ്കേതിക വിദ്യാഭ്യാസം, ചെറുകിട ജലസേചനം തുടങ്ങി വിവിധ വകുപ്പുകൾ നായിഡു വഹിച്ചിരുന്നു. 28ാം വയസ്സിൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎ‍ൽഎ, 30-ാം വയസ്സിൽ മന്ത്രിയുമായി എന്ന രീതിയിൽ ശവവേഗത്തിലായിരുന്നു നായിഡുവിന്റെ വളർച്ച.

സിനിമാ മന്ത്രിയായിരിക്കെ, നായിഡു തെലുങ്ക് സിനിമയിലെ ജനപ്രിയ ചലച്ചിത്രതാരം എൻ.ടി.രാമ റാവുവുമായി അടുക്കുന്നത്. 1981 സെപ്റ്റംബറിൽ അദ്ദേഹം റാവുവിന്റെ രണ്ടാമത്തെ മകളായ ഭുവനേശ്വരിയെ വിവാഹം കഴിച്ചു. അത് ഒരു അറേഞ്ചഡ് മാരേജ് ആയിരുന്നു. അന്ന് ചന്ദ്രബാബു കോൺഗ്രസിൽ തന്നെ ആയിരുന്നു. പക്ഷേ എൻടിആറിന് അയാളുടെ കഴിവിൽ വലിയ വിശ്വാസമായിരുന്നു.

കോൺഗ്രസിൽനിന്ന് ടിഡിപിയിലേക്ക്

1982-ൽ എൻടിആർ എന്ന തെലുങ്ക് ഇതിഹാസ താരം, തെലുങ്കുദേശം പാർട്ടി (ടിഡിപി) രൂപീകരിച്ചതോടെ ആന്ധ്രയുടെ ചരിത്രം മാറി. തെലങ്കിൽ ഒരു താരത്തിനും ഇദ്ദേഹത്തെപ്പോലെ ജനപ്രീതി ഉണ്ടായിരുന്നില്ല. നിരന്തരം കൃഷ്ണവേഷങ്ങൾ ചെയ്യുന്നതിനാൽ, ആന്ധ്രയിലെ ശ്രീകൃഷ്ണ പ്രതിമകൾക്കൊക്കെ എൻ ടി ആറിന്റെ മുഖഛായയാണെന്നാണ് പറയാറുള്ളത്!

1983-ൽ നടന്ന ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ടിഡിപി ജയിച്ചു. പക്ഷേ അപ്പോഴും എൻടിആറിന്റെ മരുമകനായിരുന്ന ചന്ദ്രബാബു നായിഡു കോൺഗ്രസിലാണ് തുടർന്നത്. ഭാര്യാപിതാവിന്റെ സ്ഥാനാത്ഥിക്കെതിരെ മത്സരിക്കാനും അദ്ദേഹം ധൈര്യപ്പെട്ടു. പക്ഷേ ചന്ദ്രഗിരി നിയമസഭാ മണ്ഡലത്തിൽ ടിഡിപി സ്ഥാനാർത്ഥിയോട് നായിഡു പരാജയപ്പെട്ടു. അതോടെ നായിഡുവിനും എൻടിആറിന്റെ സ്വാധീനം കൃത്യമായ മനസ്സിലായി.

താമസിയാതെ ചന്ദ്രബാബുനായിഡുവും തെലുങ്കുദേശം പാർട്ടിയിൽ ചേർന്നു. തുടക്കത്തിൽ, നായിഡു പാർട്ടി പ്രവർത്തനത്തിലും പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലും അംഗത്വ രേഖകൾ കമ്പ്യൂട്ടറൈസ് ചെയ്യുന്നതിലും എർപ്പെട്ടു. 1984 ഓഗസ്റ്റിലെ നാദേന്ദ്‌ല ഭാസ്‌കര റാവുവിന്റെ നേതൃത്വത്തിൽ അട്ടിമറിയിലൂടെ ഗവൺമെന്റ് പ്രതിസന്ധിയിലായപ്പോൾ അത് പരിഹരിച്ചത് നായഡുമോണ്്. ഇതോടെ 1986ൽ ടിഡിപിയുടെ ജനറൽ സെക്രട്ടറിയായി എൻടിആർ നായിഡുവിനെ നിയമിച്ചു. ക്രമേണേ എൻടിആറിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന നിലയിൽ അയാൾ വളർന്നു.

1989ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നായിഡു കുപ്പം മണ്ഡലത്തിൽ നിന്ന് മത്സരിച്ച് 5000 വോട്ടുകൾക്ക് വിജയിച്ചു. പക്ഷേ കോൺഗ്രസ് അധികാരം തിരിച്ചുപിടിച്ചതിനാൽ നായിഡുവിന് പ്രതിപക്ഷത്തിരിക്കേണ്ടി. രാമറാവു അദ്ദേഹത്തെ ടിഡിപിയുടെ കോർഡിനേറ്ററായി നിയമിച്ചു. അതിൽ അദ്ദേഹം നന്നായി ശോഭിച്ചു. നിയമസഭയ്ക്കകത്തും പുറത്തും ഈ ഘട്ടത്തിൽ അദ്ദേഹം വഹിച്ച പങ്ക് പാർട്ടിയുടെ തുടർന്നുള്ള വിജയത്തിന് നിർണായക ഘടകമായിരുന്നു. 1994ലെ തിരഞ്ഞെടുപ്പിൽ കുപ്പം മണ്ഡലത്തിൽ നിന്ന് അദ്ദേഹം വീണ്ടും ജയിച്ച് എൻടിർ മന്ത്രിസഭയിൽ ധനകാര്യ-റവന്യൂ മന്ത്രിയായി. പക്ഷേ അപ്പോൾ എൻടി രാമാറാവിന്റെ കുടുംബത്തിലും ചില നിർണ്ണായക സംഭവങ്ങൾ നടക്കുകയായിരുന്നു.

എൻടിആറിനെ അട്ടിമറിക്കുന്നു

ആന്ധ്രയിൽ ആദ്യത്തെ കോൺഗ്രസ് ഇതര സർക്കാർ ഉണ്ടാക്കിയ എൻടിആറിന് പക്ഷേ പിഴച്ചുപോയത് വ്യക്തി ജീവിതത്തിലാണ്. നന്ദമൂരി ബസവതാരകത്തെ അദ്ദേഹം ജീവിത സഖിയാക്കുന്നത് 1942ലാണ്. 85ൽ അവർ മരിച്ചു. ആ ദാമ്പത്ത്യത്തിൽ 12 മക്കൾ ഉണ്ടായിരുന്നു. പിന്നെ 1993ലാണ് എൻടിആർ ലക്ഷ്മി ശിവപാർവതിയെ വിവാഹം കഴിക്കുന്നത്. ഇത് വലിയ കോളിളക്കം സൃഷ്ടിച്ചു. ഒരു കോളജ് അദ്ധ്യാപിയായ ലക്ഷ്മി പാർവതി എൻടിആറിന്റെ അത്മകഥ എഴുതാൻ വന്നയാളാണ്. ക്രമേണേ അവർ രഹസ്യ ജീവിതം തുടങ്ങി. ഇത് വിവാദമായപ്പോഴാണ് വിവാഹം കഴിച്ചത്. ഇത് കുടുബത്തിൽ വലിയ പൊട്ടിത്തെറിയുണ്ടായി. രോഗിയായ എൻടിആറിനെ മൂൻ നിർത്തി ഭാര്യയാണ് ഭരണം നടത്തുന്നത് എന്ന് പരാതി വന്നു. അങ്ങനെയാണ് എൻടിആറിന്റെ 12 മക്കളുടെയും പിന്തുണതോടെ നായിഡു അട്ടിമറി നടത്തുന്നത്.

1995 സെപ്റ്റംബർ 1 ന്, നായിഡു, 45-ാംവയസ്സിൽ, എൻ.ടിആറിന്റെ നേതൃത്വത്തിനെതിരായ വിജയകരമായ അട്ടിമറിയെ തുടർന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഭൂരിപക്ഷം നിയമസഭാംഗങ്ങളുടെയും പിന്തുണ ഉറപ്പാക്കാൻ നായിഡുവിന് കഴിഞ്ഞു. തന്റെ മനസാക്ഷി സൂക്ഷിപ്പുകാരും മക്കളേക്കാളും താൻ വിശ്വസിച്ചിരുന്ന മരുമകൻ ഇങ്ങനെ ചെയ്തത് എൻടിആറിന് സഹിച്ചില്ല. നായിഡുവിനെതിരെ പ്രതികാരം ചെയ്യുമെന്ന് എൻടിആർ പ്രതിജ്ഞയെടുത്തു. റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ, രാമറാവു തന്നെ, മകനാൽ തടവിലാക്കപ്പെട്ട, പതിനേഴാം നൂറ്റാണ്ടിലെ മുഗൾ ചക്രവർത്തി ഷാജഹാനുമായി താരതമ്യപ്പെടുത്തി. തിരിച്ചുവരവിന് അദ്ദേഹം പ്രതിജ്ഞയെടുത്തു. പക്ഷേ 1996-ൽ എൻടിആർ ഹൃദായാഘാതം വന്ന് മരിച്ചു. ഈ മരണവും വിവാദമായി. അമിതമായ ലൈംഗിക ഉത്തേജകമരുന്നകൾ കൊടുത്ത ലക്ഷ്മി പാർവതിയാണ് മരത്തിന് ഉത്തരവാദിയെന്നുവരെ നായിഡുപക്ഷക്കാർ ആരോപിച്ചിരുന്നു.

ലക്ഷ്മി പാർവതിയ എൻടിആറിന്റെ രാഷ്ട്രീയ പാരമ്പര്യത്തിനായുള്ള നായിഡുവിന്റെ അവകാശവാദത്തെ എതിർത്തു. ടിഡിപിയുടെ നേതാവെന്ന നിലയിൽ നായിഡു ഇതിനകം തന്നെ പാർട്ടി പ്രവർത്തകർക്കിടയിലും നേതാക്കൾക്കിടയിലും സ്വീകരാര്യത നേടിക്കഴിഞ്ഞിരുന്നു. പക്ഷേ ലക്ഷ്മി പാർവതി ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് നായിഡു അദ്ദേഹത്തെ പിന്നിൽനിന്നു കുത്തിയ വഞ്ചകനാണെന്നാണ്.

ആധുനിക ഹൈദരബാദിന്റെ ശിൽപ്പി

പക്ഷേ അപ്പോഴേക്കും എൻടിആർ കുടുംബത്തിലും തെലുങ്കുദേശം പാർട്ടിയിലും എല്ലാം ചന്ദ്രബാബു നായിഡു ആയിക്കഴിഞ്ഞിരുന്നു. അഞ്ച് വർഷം തന്റെ കാലാവധി പൂർത്തിയാക്കിയശേഷം നടന്ന തിരഞ്ഞെടുപ്പിലും തെലുഗുദേശം പാർട്ടി വിജയിക്കുകയും, 1999 ഒക്ടോബർ 11-ന് രണ്ടാമതും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു. ഈ കാലയളവിൽ വലിയ വികസനമാണ് ആന്ധ്രയിൽ ഉണ്ടായത്.

രാഷ്ട്രീയമായ ചന്ദ്രബാബുനായിഡുവിനെ എതിർക്കുന്നവർപോലും അദ്ദേഹത്തിന്റെ വികസനത്തെ അംഗീകരിക്കാതിരിക്കാൻ ആവില്ല. നിരവധി ആഗോള ഐടി കമ്പനികളെവരെ കൊണ്ടുവന്ന് ഇന്ന് കാണുന്ന ആധുനിക ഹൈദരബാദ് സൃഷ്ടിച്ചത്തിൽ നായിഡുവിന്റെ പങ്ക് ചെറുതായി കാണാൻ കഴിയില്ല. സംസ്ഥാനത്ത് മൊത്തത്തിൽ വലിയ രീതിയിലുള്ള വികസന പ്രവർത്തനങ്ങളാണ് ഇക്കാലത്ത് ഉണ്ടായത്. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണും, ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും സംസ്ഥാന സർക്കാറിന്റെ അതിഥിയായി ഹൈദരബാദിൽ എത്തിയിരുന്നു. വിദേശ സ്വദേശ മൂലനധം ആന്ധ്രയിലേക്ക് കുത്തിയൊഴുകി. ചന്ദ്രബാബു നായിഡു മോഡൽ എന്ന പദപ്രയോഗം പോലും അക്കാലത്ത് ഉണ്ടായി. 2000ത്തിന്റെ തുടക്കസമയത്ത്, മൂന്നാം മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിപ്പോലും അദ്ദേഹം പരിഗണിക്കപ്പെട്ടു.

പക്ഷേ അപ്പോഴും എൻടിആർ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
മകൻ നാരാ ലോകേഷിനെ പിൻഗാമിയായി വാഴിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളാണ് ഇതിന് കാരണം. നായിഡു സർക്കാറിൽ മന്ത്രി പദവിവഹിച്ച നാരാ ലോകേഷ്, എൻ ടി രാമറാവുവിന്റെ മകൻ നന്ദമുരി ബാലകൃഷ്ണയുടെ മൂത്ത മകൾ ബ്രാഹ്മണിയെയാണ് വിവാഹം കഴിച്ചത്. പക്ഷേ, ഇദ്ദേഹവും, നടനും എൻടിആർ കുടുംബത്തിലെ ഏറ്റവും ശക്തനുമായ നടൻ ജൂനിയർ എൻടിആറുമായുള്ള ഭിന്നതകൾ വാർത്തയായിട്ടുണ്ട്. പക്ഷേ നായിഡു വിചാരിച്ച രീതിയിൽ കാര്യങ്ങൾ നടന്നില്ല. ആന്ധ്ര പിളർന്ന് തെലുങ്കാനയായവും, വൈഎസ്ആർ കോണഗ്രസിന്റെ ഉദയുമൊക്കെ അദ്ദേഹത്തെ പ്രതിപക്ഷത്ത് ഇരുത്തിച്ചു. ഇപ്പോഴിതാ അവിടെ നിന്ന് ജയിലിലും.

എല്ലാം ജഗന്റെ പ്രതികാരം?

2023 സെപ്റ്റംബർ 10 ന് നായിഡുവിന്റെയും ഭുവനേശ്വരിയുടെയും 42ാം വിവാഹവാർഷികമായിരുന്നു. അന്ന് ഒരുമിച്ച് ക്ഷേത്രദർശനം നടത്താനും ഇരുവരും തീരുമാനിച്ചിരുന്നു. എന്നാൽ തലേന്ന് ആന്ധ്ര പ്രദേശ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി), സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയും തെലുഗുദേശം പാർട്ടി നേതാവുമായ നായിഡുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ വെളുപ്പിന് മൂന്നിനാണ് അവസാനിച്ചത്. നായിഡു പിന്നീട് ആശുപത്രിയിലേക്ക്. അവിടെനിന്ന് നാലരയോടെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ. വെളുപ്പിന് ആറുമണിയോടെ ആന്ധ്രയെ പ്രക്ഷുബ്ധമാക്കിയ ആ വാർത്തയെത്തി. 371 കോടി രൂപയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തു.

ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരിക്കെ, 2016ൽ ആരംഭിച്ച 'ആന്ധ്ര പ്രദേശ് സ്‌കിൽ ഡവലപ്മെന്റ് കോർപറേഷനാണ് (എപി സ്‌കിൽ ഡവലപ്മെന്റ് കോർപറേഷൻ) വിവാദത്തിന്റെ കേന്ദ്രസ്ഥാനത്ത്. തൊഴിൽരഹിതരായ ചെറുപ്പക്കാർക്ക് തൊഴിൽ ശേഷി ഉയർത്തുന്ന വിധത്തിൽ അവരുടെ നൈപുണ്യശേഷി വികസിപ്പിക്കുക എന്നതായിരുന്നു പദ്ധതിയുടെ ഉദ്ദേശം. 3300 കോടി രൂപയാണ് പദ്ധതിക്കായി കണക്കാക്കിയത്. എന്നാൽ ടെൻഡർ നടപടികൾ ഒന്നും കൂടാതെയാണ് സ്വകാര്യ കമ്പനികൾക്ക് ഇതുമായി ബന്ധപ്പെട്ട കരാറുകൾ നൽകിയത് എന്ന് സിഐഡി പറയുന്നു. മാത്രമല്ല, പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും സിഐഡി വ്യക്തമാക്കുന്നു.

പദ്ധതിയുടെ ഭാഗമായി 6 നൈപുണ്യ വികസന കേന്ദ്രങ്ങൾ തുടങ്ങാൻ സീമെൻസ് ഇൻഡസ്ട്രി സോഫ്റ്റ്‌വെയർ ഇന്ത്യ എന്ന കമ്പനിയെയാണ് ചുമതലപ്പെടുത്തിയത്. പദ്ധതിച്ചെലവിന്റെ 90% സ്വകാര്യ കമ്പനിയും 10% സർക്കാരും എന്നതായിരുന്നു വ്യവസ്ഥ. എന്നാൽ സ്വകാര്യ കമ്പനി ഏതെങ്കിലും വിധത്തിലുള്ള നിക്ഷേപം നടത്തുന്നതിനു മുന്നേ സർക്കാർ തങ്ങളുടെ വിഹിതമായ 371 കോടി രൂപ അനുവദിച്ചു. ഇല്ലാത്ത സേവനങ്ങൾ നൽകി എന്ന പേരിൽ വ്യാജ രസീതുകളുണ്ടാക്കി വിവിധ 'ഷെൽ' കമ്പനികൾ വഴി ഈ പണം സ്വകാര്യ അക്കൗണ്ടുകളിലെത്തിച്ചു. ഇതിന്റെ സൂത്രധാരൻ നായിഡു ആണെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞതെന്നും സിഐഡി പറയുന്നു.

സ്‌കിൽ ഡവലപ്മെന്റ് കോർപറേഷൻ രൂപീകരിച്ചത് ചട്ടങ്ങൾ പാലിക്കാതെയാണെന്ന് സിഐഡി വാദിച്ചപ്പോൾ, താനല്ല, സംസ്ഥാന മന്ത്രിസഭ എടുത്ത തീരുമാനപ്രകാരമാണ് കോർപറേഷൻ രൂപീകരിച്ചത് എന്നായിരുന്നു നായിഡുവിന്റെ മറുപടി. സംസ്ഥാന മന്ത്രിസഭ എടുക്കുന്ന തീരുമാനത്തിന്റെ പേരിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ പാടില്ല. 2021 ഡിസംബറിൽ കേസ് രജിസ്റ്റർ ചെയ്യുമ്പോൾ തന്റെ പേര് ഉണ്ടായിരുന്നില്ലെന്നും നായിഡു കോടതിയിൽ പറഞ്ഞു. അന്നില്ലാത്ത കേസ് ഇപ്പോൾ ഉണ്ടാകുന്നത് രാഷ്ട്രീയപ്രേരിതമാണ്. നാലു ദശകത്തിലധികമായി താൻ ആന്ധ്ര പ്രദേശിനും ഇവിടുത്തെ ജനങ്ങൾക്കുമായി പ്രവർത്തിക്കുന്നു. ഇനി അതിനു വേണ്ടി മരിക്കേണ്ടി വന്നാലും തനിക്കു പ്രശ്നമില്ല എന്നായിരുന്നു നായിഡുവിന്റെ മറുപടി.

അഴിമതി ആരോപണങ്ങൾ നായിഡുവിന് പുത്തരിയല്ല. നിലവിലെ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ പിതാവ് വൈ.എസ്.രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോഴും നായിഡുവുമായി ബദ്ധശത്രുതയിലായിരുന്നു. മുപ്പതിലേറെ കേസുകൾ അന്നും രജിസ്റ്റർ ചെയ്തിരുന്നു കാര്യമായ തെളിവുകളൊന്നും ലഭിച്ചതുമില്ല. ജഗൻ മുഖ്യമന്ത്രിയായതിനു ശേഷവും നിരവധി അഴിമതിക്കേസുകളിൽ നായിഡുവിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. നേരത്തെ ജഗനെ പതിനെട്ടുമാസം അകത്തിട്ടത് നായിഡുവാണ്. ഇപ്പോൾ ജഗന്റെ പ്രതികരമാണ് നടന്നത് എന്നാണ് പറയുന്നത്.

ആഘോഷിച്ച് ലക്ഷ്മി പാർവതി

ചന്ദ്രബാബു നായിഡു ജയിലിലായത് ശരിക്കും ആഘോഷിക്കയാണ് എൻ.ടി.ആറിന്റെ രണ്ടാം ഭാര്യ ലക്ഷ്മി പാർവതി. എൻ.ടി.ആറിന്റെ മരണത്തിന് കാരണക്കാരനെന്ന് കരുതുന്ന നായിഡുവിന്റെ പതനമാണ് തന്റെ ലക്ഷ്യമെന്ന് പലപ്പോഴും പാർവതി പലപ്പോഴും പറഞ്ഞിരുന്നു. കോടതിയുത്തരവ് എന്തായിരിക്കുമെന്ന ആശങ്ക മൂലം കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാൻ പോലും സാധിച്ചിട്ടില്ലെന്ന് ലക്ഷ്മി പാർവതി തെലുങ്ക് മാധ്യമങ്ങളോട് പറഞ്ഞു. ''ഒരുപാട് കാലമായി കാത്തിരുന്ന നിമിഷമാണിത്. അവസാനം നീതിയുടെ ചെറുതിരിവെട്ടം പരന്നു. ഈ വഞ്ചകർ നീതിയുടെ ദൈവത്തെ പൂട്ടിയിട്ടിരിക്കുന്നു എന്ന തോന്നൽ ഏറെ കാലമായി ഉള്ളിലുണ്ടായിരുന്നു. എന്നാൽ ഇന്ന് ഞാൻ സന്തോഷവതിയാണ്.''- ലക്ഷ്മി പാർവതി പറഞ്ഞു. തുടർന്ന് ഹുസൈൻ സാഗർ തടാകത്തിലെ എൻ.ടി.ആർ സ്മാരകത്തിൽ ലക്ഷ്മി പാർവതി പുഷ്പാർച്ചന നടത്തി.

2004ൽ നായിഡുവിന്റെ തെരഞ്ഞെടുപ്പ് പരാജയവും പാർവതി ആഘോഷിച്ചിരുന്നു. അന്ന് വൈ.എസ്. രാജശേഖര റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസാണ് നായിഡുവിനെ പരാജയപ്പെടുത്തിയത്. 2012ൽ പാർവതി വൈ.എസ്.ആർ.സി.പിയിൽ ചേർന്നിരുന്നു.


രജനിയും പവനും നായിഡുവിന് ഒപ്പം

അതിനിടെ സിനിമാ മേഖലയിലും നായിഡുവിന്റെ അറസ്റ്റ് വലിയ പ്രശ്നമുണ്ടാക്കുന്നുണ്ട്. ബിജെപി സഖ്യകക്ഷി കൂടിയായ ജന സേന പാർട്ടി നേതാവും, സൂപ്പർ സ്റ്റാർ ചിരഞ്ജീവിയുടെ സഹോദരനും നടനുമായ പവൻ കല്യാൺ പരസ്യമായി നായിഡുവിന് പിന്തുണ കൊടുത്തിരിക്കയാണ്. തനിക്കൊപ്പം നായിഡു എന്നും നിന്നിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ താൻ അദ്ദേഹത്തിനൊപ്പം എന്തുകാര്യത്തിനും ഉണ്ടാകുമെന്നും പവൻ കല്യാൺ പറയുന്നു. ''അഴിമതി കേസിൽ രണ്ടു വർഷം ജയിലിൽ കഴിഞ്ഞയാളാണ് ജഗൻ മോഹൻ റെഡ്ഡി. ഇന്ന് ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രിയാണ് ജഗൻ. എല്ലാവരെയും ക്രിമിനലുകളാക്കി ചിത്രീകരിക്കാനാണ് ജഗൻ ശ്രമിക്കുന്നത്''- മാധ്യമങ്ങളോട് സംസാരിക്കേ സിനിമാ സ്റ്റെലിൽ പൊട്ടിത്തെറിക്കയായിരുന്നു പവൻ.

അതിനിടെ സൂപ്പർ സ്റ്റാർ രജനീകാന്തും നായിഡുവിനെ അനുകൂലിച്ച് രംഗത്തെത്തി. ചന്ദ്രബാബു നായിഡു ജയിലിലായ ശേഷം മകൻ നാരാ ലോകേഷുമായി രജനീകാന്ത് സംസാരിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ ഹൈദരാബാദിലെ ജുബിലി ഹിൽസിലുള്ള വസതിയിൽ എത്തി, രജനി നായിഡുവിനെ സന്ദർശിച്ചതിനു ശേഷമാണ് ആന്ധ്ര രാഷ്ട്രീയത്തിൽ ചില മാറ്റങ്ങളുണ്ടാകുന്നത്. രജനിയുടെ സന്ദർശന ശേഷം നായിഡു സ്വന്തമായി രാഷട്രീയ പാർട്ടിയുള്ള നടൻ പവൻ കല്യാണിനെയും കണ്ടിരുന്നു. ബിജെപിയുമായി സഖ്യനീക്കം നടത്തിയതിനു പിന്നലും പവൻ കല്യാണാണെന്നാണ് സംസാരം.

കഴിഞ്ഞ ഏപ്രിലിൽ ഹൈദരാബാദിൽ എൻ.ടി.ആറിന്റെ ജന്മശതാബ്ദി ആഘോഷങ്ങളിലും രജനീകാന്ത് ചന്ദ്രബാബു നായിഡുവിനൊപ്പം പങ്കെടുത്തിരുന്നു. നായിഡു ദീർഘവീക്ഷണമുള്ള രാഷ്ട്രീയ നേതാവണ് നായിഡിവെന്നാണ് ഈ ചടങ്ങിൽ രജനീകാന്ത് വിശേഷിപ്പിച്ചത്. നായിഡുവിന്റെ കാഴ്ചപ്പാട് മൂലമാണ് ഹൈദരാബാദ് ഹൈടെക് നഗരമായി ഉയർന്നതെന്ന് പറഞ്ഞ രജനി ന്യൂയോർക്കുമായും ഈ നഗരത്തെ താരതമ്യം ചെയ്തിരുന്നു. രജനിയുടെ പ്രശംസയ്ക്കെതിരെ ആന്ധ്രയിലെ മന്ത്രിയും വൈ.എസ്.ആർ. കോൺഗ്രസ് വനിതാ വിഭാഗം അദ്ധ്യക്ഷയുമായ റോജ രംഗത്തെത്തിയിരുന്നു. ശതാബ്ദി ആഘോഷത്തിൽ രജനിയുടെ പ്രസംഗം ചിരിപ്പിക്കുന്നതാണെന്ന് റോജ പറഞ്ഞു. 20 വർഷം ആന്ധ്ര ഭരിക്കാൻ കഴിയാത്ത ഒരാൾക്ക് എങ്ങനെ അതിന്റെ വികസനത്തിനുള്ള ക്രെഡിറ്റ് ലഭിക്കുമെന്നും റോജ ചോദിച്ചിരുന്നു. ഇപ്പോൾ നായിഡുവിനെ കാണാൻ രജനി ജയിൽ സന്ദർശിക്കുമെന്നാണ് വിവരം. 'ജയിലർ' ഹിറ്റായ ഈ സമയത്ത് മാധ്യമങ്ങൾ അങ്ങനെ തലക്കെട്ടിട്ട് വാർത്ത ആഘോഷിക്കുന്നുണ്ട്.

എല്ലാ കണ്ണുകളും ബിജെപിയിലേക്ക്

നായിഡു കുടുംബത്തിന് വലിയ ആഘാതംതന്നെയാണ് അറസ്റ്റ്. തന്റെ രാഷ്ട്രീയ പിൻഗാമിയായി നായിഡു വാഴിക്കാൻ ഉദ്ദേശിക്കുന്ന മകൻ നാരാ ലോകേഷ് ആന്ധ്രയിലുടനീളം 'യുവഗളം' (യുവാക്കളുടെ ശബ്ദം) പദയാത്ര നടത്തുന്നതിനിടെയാണ് പിതാവിന്റെ അറസ്റ്റ് വാർത്ത. പിതാവിന്റെ അടുത്തെത്താൻ പുറപ്പെട്ട ലോകേഷിനെ പലയിടത്തും പൊലീസ് തടഞ്ഞു. ക്ഷീണിതനായി റോഡിൽ കുത്തിയിരിക്കുന്ന ലോകേഷിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വളരെയേറെ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തു. തുടർന്ന് പുറത്തിറക്കിയ ഒരു പേജ് നീണ്ട കുറിപ്പിൽ ലോകേഷ് അറസ്റ്റിനെ രൂക്ഷമായി വിമർശിക്കുകയും ജഗൻ മോഹൻ സർക്കാരിന് എതിരായ പോരാട്ടത്തിൽ അണിനിരക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇപ്പോൾ കിട്ടുന്ന രക്തസാക്ഷി പരിവേഷം അടുത്ത തെരഞ്ഞെടുപ്പിൽ നായിഡുവിന്റെ വിജയത്തിന് ഇടയാക്കുമെന്നും നിരീക്ഷകർ കരുതുന്നുണ്ട്.

പക്ഷേ ഇപ്പോൾ ആന്ധ്രയിൽ എല്ലാവരും ഉറ്റുനോക്കുന്നത് ബിജെപിയെ ആണ്.
ബിജെപി, വൈസ്ആർസിപിയുടെ പിന്തുണ തേടുന്നതു സംബന്ധിച്ചും അഭ്യൂഹങ്ങൾ പരന്നു തുടങ്ങിയപ്പോഴാണ് അറസ്റ്റ് വിവാദം വരുന്നത്. ആന്ധ്രയിൽ പരസ്പരം പോരടിച്ചു നിൽക്കുന്ന രണ്ടു കക്ഷികളിൽ ആരായിരിക്കും ബിജെപിയുടെ സഖ്യകക്ഷിയാവുക എന്നത് വളരെ പ്രധാനമാണ്. സർക്കാരിന് രാജ്യസഭയിൽ ഏറെ പിന്തുണ നൽകുന്ന ആളാണ് ജഗൻ. അദ്ദേഹം ഇടയ്ക്കിടെ ഡൽഹി സന്ദർശിക്കാറുമുണ്ട്. അതേസമയം, രണ്ടു തവണ ബിജെപിയെ തള്ളിപ്പറഞ്ഞ് എൻഡിഎ വിട്ടയാളാണ് നായിഡു. എങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവരുമായി അദ്ദേഹം അടുപ്പം സൂക്ഷിക്കുന്നു. നായിഡു അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിക്കുകയും, അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. നായിഡു വീണ്ടും എൻഡിഎയുടെ ഭാഗമാകാൻ ഒരുങ്ങുന്നു എന്ന വാർത്തകൾക്കിടെയാണ് പുതിയ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്.

നായിഡുവും പവൻ കല്യാണിന്റെ ജന സേനയും തമ്മിൽ ആന്ധ്രയിൽ സഖ്യമുണ്ടാകുമെന്ന് നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. സ്വാഭാവികമായും ബിജെപിയെ കൂടി ഉൾപ്പെടുത്തിയുള്ള ഒരു മുന്നണി ജഗനെ നേരിടുക എന്നതാണ് നായിഡു ആലോചിച്ചിരുന്നത്. ഇപ്പോൾ തന്റെ അറസ്റ്റിനു പിന്നിൽ ബിജെപി നേതാക്കൾക്കും മനസ്സറിവുണ്ടെന്ന അഭ്യൂഹങ്ങൾ പരക്കുമ്പോൾ നായിഡു എന്തു തീരുമാനമെടുക്കും എന്നത് പ്രധാനമാണ്. അതുപോലെ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടും പ്രധാനമാണ്.

ജഗനെ പിണക്കിക്കൊണ്ട് നായിഡുവിനെ പിന്തുണയ്ക്കാൻ അവർ തയാറാകുമോ? പക്ഷേ, സംസ്ഥാന ബിജെപി നേതൃത്വം നായിഡുവിന്റെ അറസ്റ്റിനെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ആന്ധ്ര ബിജെപി അധ്യക്ഷ ഡി.പുരന്ദേശ്വരി നായിഡുവിന്റെ ഭാര്യാ സഹോദരികൂടിയാണ്. എങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ആയിരിക്കുമോ കേന്ദ്ര നേതൃത്വത്തിനും എന്നതു കൂടി പുറത്തു വന്നാലേ നായിഡുവിന്റെ രാഷ്ട്രീയ ജീവിതത്തിലെ അടുത്ത ഘട്ടം എന്താണെന്ന് പറയാൻ കഴിയൂ. അറസ്റ്റിനെ അപലപിച്ച സംസ്ഥാന ബിജെപി പക്ഷേ, ടിഡിപി നടത്തിയ ബന്ദിനെപ്പറ്റി ഒരക്ഷരം മിണ്ടുകയോ മറ്റു പ്രസ്താവനകളിലേക്കു കടക്കുകയോ ചെയ്തിട്ടില്ല. അതായത് ആന്ധ്ര രാഷ്ട്രീയത്തിൽ എന്തു സംഭവിക്കുമെന്ന് ഇനിയും പറയാൻ കഴിയില്ല.

വാൽക്കഷ്ണം: നിരവധി വധശ്രമങ്ങളെ അതിജീവിച്ച നേതാവാണ് ചന്ദ്രബാബു നായിഡു. 2003 ഒക്ടോബർ 1ന് നക്സലുകളുടെ ലാൻഡ്മൈൻ ആക്രമണത്തിൽ അദ്ദേഹം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അത്ര പെട്ടെന്നൊന്നും അർക്കും ഇല്ലാതാക്കാൻ കഴിയുന്ന നേതാവല്ല നായിഡുവെന്ന് ചുരുക്കം.