ടിവെട്ടേറ്റവനെ പാമ്പുകടിക്കുക എന്ന് കേട്ടിട്ടില്ലേ. പക്ഷേ പാക്കിസ്ഥാന്റെ ഇപ്പോഴുള്ള അവസ്ഥ പറയാൻ ഈ ഉപമ പോരാ. സാമ്പത്തിക പ്രതിന്ധിയിൽ നട്ടം തിരിഞ്ഞ് ഗതികെട്ട് നിൽക്കുന്ന രാജ്യത്തിന്റെ മേലാണ് ഇപ്പോൾ പാക്ക് താലിബാന്റെ ഭീകരാക്രമണങ്ങളും ഉണ്ടാവുന്നത്. അരിക്കും, ഗോതമ്പിനും, ഗ്യാസിനും, വൈദ്യുതിക്കുമെല്ലാം കടുത്ത ക്ഷാമം നേരിട്ട് ജനം, കാലാപത്തിലേക്ക് നീങ്ങുമെന്ന ആശങ്ക നിലനിൽക്കെയാണ് രാജ്യത്തിന്റെ വടക്കൻ മേഖല ഏതാണ്ട് പിടിച്ചടിക്കിയപോലുള്ള താലിബാൻ മുന്നേറ്റം. ജഗതി ഒരു സിനിമയിൽ പറഞ്ഞപോലെ 'കത്തുന്ന ശവത്തിൽനിന്ന് ബീഡി കത്തിക്കയാണ്' താലിബാൻ. പാക്കിസ്ഥാൻ പൊൽ് പാളീസായി നിൽക്കുന്ന സമയം നോക്കി പണി കൊടുക്കയാണ്, തെഹ്രികെ താലിബാൻ പാക്കിസ്ഥാൻ എന്ന ടി ടി പി.

കുറച്ചുകാലമായി അവർ പാക് സുരക്ഷാസേനയ്ക്കുനേരെ മാരകമായ ആക്രമണങ്ങളാണ് അവർ നടത്തിവരുന്നത്. അതിൽ ഏറ്റവും അവസാനത്തേതാണ് തിങ്കളാഴ്ച പെഷവാറിലെ പള്ളിയിൽ ഇന്നലെ ഉച്ചനമസ്‌കാരത്തിനിടെ 46 പേരുടെ മരണത്തിനിടയാക്കിയ ചാവേർസ്ഫോടനം. അതിന്റെ ആഘാതത്തിൽ പള്ളിയുടെ മേൽക്കൂര പറന്നുപോയി. നോക്കണം, എത്ര ശക്തമായിരിക്കണം ഒരു മനുഷ്യബോംബുണ്ടാക്കിയ ആ സ്ഫോടനം.

രാജ്യത്തിനുള്ളിൽ മറ്റൊരു രാജ്യം എന്ന നിലയിലേക്കാണ്, ഇപ്പോൾ ജിന്നയുടെ വിശുദ്ധനാടിന്റെ പോക്ക്. പണ്ട് വേലുപ്പിള്ള പ്രഭാകരന്റെ പ്രതാപകാലത്ത് ശ്രീലങ്കയിൽ ജാഫ്നയടക്കമുള്ള മേഖലകൾ, തമിഴ് പുലികളുടെ നിയന്ത്രണത്തിൽ ആയിരുന്നല്ലോ. പുലികൾക്ക് അവിടെ സൈന്യവും, റേഡിയോയും, സ്‌കൂളും മാത്രമായിരുന്നില്ല, സമാന്തര കറൻസിപോലും ഉണ്ടായിരുന്നു. സമാനമായ അവസ്ഥയിലുടെയാണ് പാക്കിസ്ഥാനും ഇപ്പോൾ കടുന്നുപോവുന്നത്. രാജ്യത്തിന്റെ അഫ്ഗാൻ അതിർത്തിയായ വടക്കൻ മേഖലയിൽ, പാക്ക് താലിബാൻ അധികാരം പിടിച്ചപോലെത്തെ അവസ്ഥയാണ്. രാജ്യത്തിനുള്ളിൽ മറ്റൊരു രാജ്യം! ബംഗ്ലാദേശ് യുദ്ധകാലത്തിന് സമാനമായ ഓർമ്മകളാണ് ഇത് ഉയർത്തുന്നത്. പാക് താലിബാൻ രാജ്യത്തിനെതിരെ ജിഹാദ് പ്രഖ്യാപിച്ച് കഴിഞ്ഞു. അതോടെ ഒരു തവണ പിളർന്ന ആ രാജ്യത്തുനിന്ന് ഒരു ഭാഗം കൂടി നഷ്ടമാവുമോ എന്ന ചർച്ചയും ഇപ്പോൾ ഉയർന്നു കഴിഞ്ഞു.

സമാന്തര ഭരണവുമായി താലിബാൻ

തങ്ങളുടെ സ്വാധീനമേഖലകളിൽ സമാന്തര ഭരണം നടത്തുമെന്ന് 2022 ഡിസംബർ 31 നാണ് പാക് താലിബാൻ പ്രഖ്യാപിച്ചത്. പുതുവർഷ 'സമ്മാനത്തിൽ' രാജ്യം ഞെട്ടിയ നിമിഷം. നിലവിൽ പാക്കിസ്ഥാന്റെ വടക്കും തെക്കും മേഖലകളിലാണു ടിടിപിക്ക് സ്വാധീനമുള്ളത്. വടക്ക് പെഷാവർ, മലാകണ്ഡ്, മാർഡാൻ, ഗിൽജിത് ബാൾട്ടിസ്ഥാൻ എന്നിവയും, തെക്ക് ദേര ഇസ്മയിൽ ഖാൻ, ബന്നു കൊഹാത്ത് എന്നിവയും അവരുടെ സ്വാധീന മേഖലകളിൽ ഉൾപ്പെടുന്നു. ഇവിടെയാണ് താലിബാൻ സമാന്തര ഭരണം പ്രഖ്യപിച്ചത്്.

എന്തിന് പുതിയ മന്ത്രിസഭയെയും, മന്ത്രിമാരെയും വരെ താലിബാൻ പ്രഖ്യാപിച്ചു.
പ്രതിരോധം, വിദ്യാഭ്യാസം, രാഷ്ട്രീയകാര്യം, ഫത്വ, രഹസ്യാന്വേഷണം, നിർമ്മാണം, സാമ്പത്തികകാര്യം തുടങ്ങിയവയ്ക്കും മന്ത്രിമാരെ പ്രഖ്യാപിച്ചു. ടിടിപിയുടെ പ്രതിരോധമന്ത്രാലയം കൈകാര്യം ചെയ്യുന്നത് യുഎസ് ഭീകരപട്ടികയിൽപ്പെടുത്തിയ മുഫ്തി മുസാഹിം ആണ്. ഇതൂകൂടാതെ ചാവേറുകളുടെ ഒരു സ്‌ക്വാഡ്രണും ടിടിപിക്ക് ഉണ്ട്. സ്പെഷൽ ഇസ്ടിഷാദി ഫോഴ്സ്.

ടിടിപിയുടെ ഈ നീക്കത്തോട് പാക്ക് ആഭ്യന്തരമന്ത്രി റാണ സാനാവുല്ല നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു ''രാജ്യത്തിനുനേരെ ഇത്തരം ഭീഷണികൾ ഉയർന്നുവന്നാൽ അഫ്ഗാനിസ്ഥാനിലെ 'ഒളിയിടങ്ങളിൽ' കയറി പാക്കിസ്ഥാൻ ആക്രമണം നടത്തും.''. പക്ഷേ ഇതിനെ ബംഗ്ലാദേശ് യുദ്ധത്തിലെ തോൽവി ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു ടിടിപിയുടെ പ്രതികരണം. 1971 ഡിസംബർ 16, ബംഗ്ലാദേശ് യുദ്ധത്തിൽ കീഴടങ്ങുന്നതായി ഇന്ത്യൻ സൈന്യത്തിന് പാക്കിസ്ഥാൻ എഴുതി ഒപ്പിട്ടുകൊടുത്ത ചിത്രം എടുത്ത് അഹമ്മദ് യാസിർ എന്ന പാക്ക് താലിബാൻ നേതാവ് ഇങ്ങനെ ട്വീറ്റ് ചെയ്തു. 'പാക്ക് താലിബാന്റെ നേർക്ക് ആക്രമണം നടത്തിയാൽ 'നാണംകെട്ട' ഇതേ അവസ്ഥയായിരിക്കും വീണ്ടും ഇസ്ലാമാബാദിന് ഉണ്ടാകുക''- ഇതും പാക്കിസ്ഥാനെ ഞെട്ടിച്ചു.

പാക് സർക്കാരുമായുണ്ടാക്കിയ വെടിനിർത്തൽ പിൻവലിച്ച് രാജ്യത്തുടനീളം ആക്രമണങ്ങൾ നടത്താൻ ടിടിപി, കഴിഞ്ഞ നവംബറിൽ ആഹ്വാനംചെയ്തിരുന്നു. ഇതോടെയാണ് കൂട്ടക്കുരുതികളുണ്ടാവുന്നത്. അഫ്ഗാൻ അതിർത്തിപ്രദേശമായ ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിൽ ആക്രമണങ്ങൾ തുടർക്കഥയാണ്. കഴിഞ്ഞവർഷം കൊചാ റിസാൾദറിലെ ഷിയാ പള്ളിയിലുണ്ടായ സമാന സ്ഫോടനത്തിൽ 63 പേർ കൊല്ലപ്പെട്ടിരുന്നു. 2009ൽ കരസേനാ ആസ്ഥാനത്തിനു നേരെയുണ്ടായ ആക്രമണം, 2008ൽ ഇസ്ലാമാബാദിൽ മാരിയട്ട് ഹോട്ടലിലെ ബോംബ്സ്ഫോടനം തുടങ്ങിയവ ടിടിപി. ആസൂത്രണംചെയ്ത് നടപ്പാക്കിയവയാണ്. 2014ൽ പെഷവാറിലെ ആർമി പബ്ളിക് സ്‌കൂളിൽ നടത്തിയ ആക്രമണത്തിൽ 131 കുട്ടികളുൾപ്പെടെ 150 പേരാണ് മരിച്ചത്. മലാല യൂസ്ഫ് സായിയെ ആക്രമിച്ചത് അടക്കമുള്ള ലോകത്തെ ഞെട്ടിച്ച പലതും അവർ നടത്തിയിരുന്നു.

വളർത്തിയതും പാക്കിസ്ഥാൻ

താലിബ് എന്ന അറബിവാക്കിന്റെ അർഥം വിദ്യാർത്ഥി എന്നാണത്രേ. ഇസ്ലാമിനെക്കുറിച്ച് കൂടുതൽ പഠിക്കുക എന്നതാണ് താലിബാൻ എന്ന വാക്കിന്റെ അർഥം. അങ്ങനെ കൂടുതൽ 'പഠിച്ചാണ്', സ്ത്രീകളെ പുറംലോകം കാണിക്കാതെ പർദക്കുള്ളിൽ മൂടിയും, അവർക്ക് വിദ്യാഭ്യാസ അവകാശങ്ങൾ നിഷേധിച്ചും, താലിബാനികൾ അഫ്ഗാനിൽ ഭരണത്തിൽ എത്തുന്നത്. അതേ അഫ്ഗാൻ താലിബാന്റെ തുടർച്ചയാണ് പാക് താലിബാനും. അവരുടെ ലക്ഷ്യവും, അഫ്ഗാനിലെന്നപോലെ, ശരീയത്ത് അടിസ്ഥാനമാക്കിയുള്ള ഒരു ഭരണക്രമം പാക്കിസ്ഥാനിലും സൃഷ്ടിക്കയാണ്. അതിനുള്ള ജിഹാദ് ആണ് അവർ പാക്കിസ്ഥാനിലും നടത്തുന്നത്.

സത്യത്തിൽ പാക്കിസ്ഥാൻ തന്നെയാണ് പാക്ക് താലിബാനെ പാലൂട്ടി വളർത്തിയത്.
2007ൽ പാക്ക് സൈന്യത്തെ എതിർക്കുന്നവരെ നേരിടാനുള്ള സായുധ ശൃംഖല എന്ന തരത്തിലാണ് തെഹ്രീകെ താലിബാൻ പാക്കിസ്ഥാന്് ഔദ്യോഗിക തുടക്കമാകുന്നത്. 2001 മുതൽ ഇവർ പാക്ക് സൈന്യത്തെ സഹായിക്കാറുണ്ടായിരുന്നു. പക്ഷേ അഫ്ഗാനിസ്ഥാനിൽ അമേരിക്ക നടത്തിയ യുദ്ധത്തിൽ പാക്കിസ്ഥാൻ സഖ്യം ചേർന്നതോടെ ഇവർ പാക്കിസ്ഥാൻ സർക്കാരിനെതിരെ തിരിഞ്ഞു. വൈകാതെ ഇസ്ലാമാബാദിലെ സർക്കാരിനെ തൂത്തെറിഞ്ഞ് ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കണമെന്ന നിലപാട് പരസ്യമായി അവർ പറയാൻ തുടങ്ങി. അതോടെയാണ് പാക്കിസ്ഥാന് അപകടം മനസ്സിലായത്. 2008 ഓഗസ്റ്റ് 25ന് സംഘടനയെ പാക്ക് സർക്കാർ നിരോധിച്ചു. ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളുടെ ക്രയവിക്രയങ്ങളും മരവിപ്പിച്ചു. മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതും വിലക്കി. പ്രമുഖ നേതാക്കളുടെ തലയ്ക്ക് ഇനാം പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും പാക്് താലിബാന് രാജ്യത്തിനകത്ത് ആഴത്തിൽ വേരോടിയിരുന്നു.

ഒരിക്കൽ പാക്ക് സൈന്യം ചെല്ലും ചെലവും കൊടുത്തു വളർത്തിയ ടിടിപിക്ക് ഇപ്പോൾ തനിയെ നിൽക്കാൻ കെൽപ്പായി. നിലവിൽ ടിടിപിക്ക് ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ 10,000 വരെ അംഗബലമുണ്ട്. ഇവരുടെ കുടുംബാംഗങ്ങൾ കൂടിയാകുമ്പോൾ ആകെ അംഗബലം 25,000 ആകും. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ടിടിപി പാക്ക് ഭരണകൂടത്തിന്റെ പ്രതിരോധ, സൈനിക കേന്ദ്രങ്ങൾക്കുനേരെ 148 തവണ ആക്രമണം നടത്തിയിരുന്നു. എന്നാൽ ഇതിനെതിരെ കാര്യമായി അന്വേഷണം നടത്തി നടപടിയെടുക്കാൻ സർക്കാർ തയാറായിട്ടില്ല. 2021ലും ടിടിപി പൊലീസിനും ഖൈബർ പഖ്തുൻഖ്വ, ബലൂചിസ്ഥാനിലെ ക്വറ്റ എന്നിവിടങ്ങളിലും സൈനിക ആസ്ഥാനത്തിനും നേരെ നൂറുകണക്കിന് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ടിടിപിയുടെ ഭാഗമായി നിരവധി ചെറു ഭീകരസംഘടനകളും അവരുടെ ശക്തി വിപുലീകരിച്ചിട്ടുണ്ട്.

ഇന്ത്യക്ക് പണിതരുകയും ലക്ഷ്യം

പാക് താലിബാനെ തീറ്റിപ്പോറ്റുമ്പോൾ, പർവേശ് മുഷ്റഫ് അടക്കമുള്ളവരുടെ മനസ്സിൽ ഇന്ത്യക്ക് പണിതരുക എന്ന ലക്ഷ്യം കൂടി ഉണ്ടായിരുന്നു. അതായതുകൊല്ലാനും, സ്വയം ചാവാനും യാതൊരു ഭയവുമല്ലാത്ത ഇവരെ കശ്മീർ അതിർത്തി കടത്തിവിട്ട് ഇന്ത്യക്ക് പണി തരാനായിരുന്നു നീക്കം. പക്ഷേ ഈ ഇന്റലിജൻസ് വിവരം ചോർന്ന് കിട്ടിയ ഇന്ത്യ നുഴഞ്ഞുകയറ്റം കൈയോടെ പിടികൂടി. പറുമെനിന്ന് നോക്കുമ്പോൾ തങ്ങൾ ഇന്ത്യയെ ഒന്നും ചെയ്യുന്നില്ലെന്ന് വരുത്തി തീർക്കുക. എന്നിട്ട് പാക് താലിബാനികള്ളെ പറഞ്ഞിളക്കി കാശ്മീരിലേക്ക് നുഴഞ്ഞു കയറ്റിവിടുക. ഇതായിരുന്നു പാക്കിസ്ഥാന്റെ ആദ്യകാലം തന്ത്രം. പാക്് അധിനിവേശ കാശ്മീരിൽ പലയിടത്തും ക്യാമ്പുകൾ തുറന്നാണ്, അവർ ഈ തീവ്രവാദികൾക്ക് പരിശീലനം കൊടുത്തത്. പക്ഷേ അങ്ങനെ പരിശീലനം കിട്ടിയവർ ഭസ്മാസുരന് വരം കൊടുത്തപോലെ, പാക്കിസ്ഥാന് നേരെ തിരിയുകയും ചെയ്തു!

അതുപോലെ പാക്കിസ്ഥാനിൽ സ്വയംഭരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന ബലൂചികളെ, പാക് താലിബാനെ വിട്ട് തകർക്കുന്ന എന്ന നീക്കും സർക്കാറിനുണ്ടായിരുന്നു. പാക് വിരുദ്ധവികാരം ആളിക്കത്തുന്ന ബലൂചിൽ, താലിബാൻ ഭീകരർ പാക് സൈനികരുമായി ചേർന്ന് അക്രമം അഴിച്ചുവിട്ടിരുന്നു. അൽഖായിദയുടെയും ഐസിസിന്റെ പിന്തുണയും ഈ നീക്കത്തിന് ഉണ്ടായി. ബലൂച് മേഖലകളിലെ ഭീകരരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് നിരന്തരം ഉയരുന്ന പ്രദേശവാസികളുടെ പരാതികൾ ഭരണകൂടം ശ്രദ്ധിച്ചതേ ഇല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലഘട്ടത്തിലും ഭീകരാക്രമണം ശക്തമായിരുന്നു. അഫ്ഗാനിൽ നിന്നും പിന്മാറുമ്പോൾ മേഖലയിൽ മറ്റൊരു സൈനിക താവളമെന്ന അമേരിക്കയുടെ ആഗ്രഹത്തോട് പാക്കിസ്ഥാൻ സമ്മതം മൂളിയിട്ടില്ല. ഇത് താലിബാൻ ഭീകരരുടെ സ്വാധീനം കാരണമാണെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം സൂചിപ്പിച്ചിരുന്നു.പക്ഷേ ഇവിടെയും അവസാനം പാക്കിസ്ഥാന പാളി. ബലൂചിസ്ഥാനിൽ തങ്ങളുടേതായ ഒരു ഭരണപ്രദേശമെന്നതാണ് പാക്-താലിബാന്റെ ലക്ഷ്യം. അവർ അതിന് തൊട്ടടുത്ത് എത്തിയിരിക്കയാണിപ്പോൾ.

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സ്വന്തം പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന നിരവധി പ്രദേശങ്ങളിലും ടിടിപി ഭീകരർ സജീവമാണ്. ഇവർ പ്രദേശത്തെ പൊലീസിന്റെ സഹായത്തോടെ ആക്രമണം നടത്തുന്നതും ഇപ്പോൾ നിത്യസംഭവമാണ്. ഡോൺ പോലുള്ള പാക്കിസ്ഥാൻ മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രാദേശിക പൊലീസ് പാക്കിസ്ഥാന് ഒപ്പമല്ല. മറിച്ച് തീവ്രവാദികൾക്ക് ഒപ്പമാണ്! ഒരു രാജ്യം എത്തിപ്പെട്ട അവസ്ഥ നോക്കുക.

മലാലയെ വെടിവെക്കുന്നു

വിദ്യാഭ്യാസ പ്രവർത്തക, മലാല യൂസ്ഫ് സായിയെ വെടിവെച്ചതിലുടെയാണ് പാക് താലിബാന്റെ ഭീകരത ലോകം മുഴുവനും അറിഞ്ഞത്. കടുത്ത പാശ്ചാത്യ വിരോധിയും പാക്ക് വിരോധിയും ആയ മുല്ല ഫസ്ലുല്ല എന്ന താലിബാൻ നേതാവ് ആയിരുന്നു മലാല യൂസഫ്സായിയെ വധിക്കാൻ 2012ൽ നടത്തിയ ശ്രമങ്ങളുടെ സൂത്രധാരൻ. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി മലാല നടത്തിയ പ്രവർത്തനങ്ങളാണ് പാക് താലിബാനെ ചൊടിപ്പിച്ചത്.

പാക്കിസ്ഥാൻ താലിബാന്റെ ശക്തി കേന്ദ്രമായ വടക്കു പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ സ്വാത് ജില്ലയിലെ മിങ്കോറയാണ് മലാലയുടെ ജന്മദേശം. വിദ്യാഭ്യാസ, യുവജന, വനിതാവകാശ പ്രവർത്തകനും സ്‌കൂൾ ഉടമയും കവിയുമായ സിയവുദ്ദീൻ യൂസഫാണ് പിതാവ്. പഷ്തൂൺ കവിയും പോരാളിയുമായ, മലാലായി ഓഫ് മായിവന്ദിനോടുള്ള ഇഷ്ടമാണ് മലാലയ്ക്ക് പിതാവ് ആ പേരിടാൻ കാരണം. ഖുഷാൽ പബ്ലിക് സ്‌കൂൾ എന്ന പേരിൽ ഒരു നിര സ്‌കൂളുകൾ നടത്തുന്നുണ്ട് അദ്ദേഹം. വിദ്യാഭ്യാസ അവകാശ പ്രവർത്തകയായി മലാലയെ മാറ്റിയതും പിതാവ് തന്നെയാണ്. .

2008 സെപ്റ്റംബറിലാണ് വിദ്യാഭ്യാസ അവകാശത്തെ കുറിച്ച് മലാല പൊതുവേദിയിൽ സംസാരിച്ചു തുടങ്ങിയത്. പെൺകുട്ടികളുടെ പഠനാവകാശം നിഷേധിക്കുന്ന താലിബാനെതിരെ സംസാരിക്കാൻ പെഷവാറിലെ പ്രസ്സ് ക്ലബ്ബിൽ അവളെ കൊണ്ടുപോയത് പിതാവാണ്. അന്ന് അവൾ താലിബാന്റെ വിദ്യാഭ്യാസ നിയന്ത്രണത്തെക്കുറിച്ച് ആഞ്ഞടിച്ചു. 2007 ഒടുവിലാണ് സ്വാത് ജില്ലയുടെ നിയന്ത്രണത്തിനു വേണ്ടി പാക്കിസ്ഥാനും താലിബാനും യുദ്ധം തുടങ്ങിയത്. ഒന്നാം സ്വാത് യുദ്ധം എന്നാണ് ഇത് അറിയപ്പെടുന്നത്. സ്വാത്തിന്റെ നിയന്ത്രണം കൈക്കലാക്കിയ താലിബാൻ സ്വാത് വാലിയിൽ ടെലിവിഷനും സംഗീതവും പെൺകുട്ടികളുടെ വിദ്യാഭ്യാസവും നിരോധിച്ചു. സ്ത്രീകൾ സാധനങ്ങൾ വാങ്ങാൻ പോകുന്നത് വിലക്കി. 

സ്വാത്തിലെ സ്ഥിതി ഇതായിരിക്കുമ്പോൾ 2009-ന്റെ തുടക്കത്തിൽ ബി.ബി.സി. യുടെ ഉറുദു വിഭാഗം മലാലയുടെ പിതാവ് സിയാവുദ്ദീനെ സമീപിച്ചു. അദ്ദേഹത്തിന്റെ സ്‌കൂളിലെ ഏതെങ്കിലും കുട്ടിയെ കൊണ്ട് താലിബാൻ നിയന്ത്രണത്തിലെ സ്വാത്തിനെ പറ്റി എഴുതിക്കാമോ എന്ന് ചോദിച്ചു. അയിഷ എന്ന കുട്ടി ഡയറി എഴുതാൻ സമ്മതിച്ചു. എന്നാൽ താലിബാൻ തിരിച്ചടി ഭയന്ന അയിഷയുടെ മാതാപിതാക്കൾ അത് നിർത്തിച്ചു. പിന്നെ സിയാവുദ്ദീന് മുന്നിൽ സ്വന്തം മകളാണ് ഉണ്ടായിരുന്നത്. അങ്ങനെ മലാല ഡയറി എഴുതി തുടങ്ങി. 2009 ജനുവരി 3-ന് ബി.ബി.സി. ഉറുദു ബ്ലോഗിൽ പ്രത്യക്ഷപ്പെട്ട മലാലയുടെ ആദ്യ ബ്ലോഗ് അവളെ പ്രശസ്തയാക്കി. നോട്ട് കൈകൊണ്ടെഴുതി ഒരു റിപ്പോർട്ടർക്ക് കൈമാറുകയാണ് മലാല ചെയ്തിരുന്നത്. അദ്ദേഹം അത് സ്‌കാൻ ചെയ്ത് മെയിൽ ചെയ്യുകയായിരുന്നു. അത് വലിയ രീതിയിൽ വായിക്കപ്പെട്ടു. താലിബാന്റെ സ്ത്രീ വിരുദ്ധകൾ ചർച്ചയായി. പക്ഷേ അതിന് അവൾക്ക് വലിയ വിലയും കൊടുകേണ്ടിവന്നു.

സ്‌കൂൾ ബസ്സിൽ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു മലാലക്ക് നേരെ താലിബാൻ ആക്രമണം ഉണ്ടായത്. തോക്കുമായി എത്തിയയാൾ ബസിനുള്ളിലെ മുഴുവൻ കുട്ടികളോട് ചോദിച്ച മലാലയാരാണെന്ന്. അവസാനം അയാൾ മലാലയെ കണ്ടെത്തി. കൈയെത്തും ദൂരത്തു നിന്ന് അയാൾ നിറയൊഴിച്ചു. ഒരു വെടിയുണ്ട അവളുടെ തല തുളച്ച് കയറി കഴുത്തിലൂടെ കടന്ന് തോളെല്ലിനടുത്തെത്തി. മരണത്തോട് മല്ലടിച്ച് ദിവസങ്ങളോളം കിടന്ന മലാലയുടെ ഇംഗ്ലണ്ടിലെ ബർമിങ്ഹാമിലെ ചികിത്സയിൽ സുഖം പ്രാപിച്ചു. പിന്നീട് ഉണ്ടായത് ചരിത്രം. നെബോൽ സമ്മാനംവരെ കിട്ടുന്ന രീതിയിൽ മലാല വളർന്നു. ഇന്നും ലോകത്തിലെ എറ്റവും വലിയ താലിബാൻ വിരുദ്ധ പേരാളിയാണ് മലാല. പക്ഷേ അവളുടെ നാട്ടിലെ സ്ഥിതി ഇന്നും വലുതായെന്നും മാറിയിട്ടില്ല. ഒരു കൊച്ചു കുട്ടിയെ വെടിവെച്ചതിൽ തങ്ങൾക്ക് ദുഃഖമൊന്നുമില്ലെന്നും മലാല പിശാചിന്റെ സന്തതിയാണെന്നുമാണ് താലിബാൻ ഈയിടെയും പറഞ്ഞത്.


44 കുട്ടികളെ നിരത്തി കൊല്ലുന്നു

2014 ഡിസംബർ 16ന് പെഷാവറിൽ ആർമി പബ്ലിക് സ്‌കൂൾ ആക്രമിച്ച് 144 വിദ്യാർത്ഥികളെയും ജീവനക്കാരെയും കൊലപ്പെടുത്തിയ സംഭവം, ക്രൂരതവെച്ചുനോക്കുമ്പോൾ ലോക ചരിത്രത്തിൽ സമാനതകൾ ഇല്ലാത്തതാണ്. കുഞ്ഞുങ്ങളെ നിരത്തിനിർത്തി വെടിവെച്ചും അദ്ധ്യാപകരെ പച്ചയ്ക്ക് തീക്കൊളുത്തിയും ഇവർ അപഹരിച്ചത് 145 ലധികം ജീവനുകളാണ്. വിദ്യാഭ്യാസത്തോടുള്ള നിഷേധാത്മകമായ സമീപനവും, അനിസ്ലാമികമായ എന്തിനെയും തകർക്കണമെന്ന ത്വരയുമാണ് താലിബാനികൾ ഇവിടെ പ്രകടിപ്പിച്ചത്. വടക്കൻ വസീരിസ്താനിലുണ്ടായ സൈനിക നടപടികൾക്ക് പ്രതികാരമായാണ് സ്‌കൂൾ ആക്രമിച്ചതെന്നാണ് താലിബാന്റെ ഔദ്യോഗിക പ്രതികരണം.

ഡിസംബർ 16 ചൊവ്വാഴ്ച രാവിലെ ഇന്ത്യൻ സമയം പത്തരമണിയോടെയാണ് ഭീകരർ വിദ്യാലയത്തിലേയ്ക്കു് കടന്നു കയറിയത്. സൈനിക യൂണിഫോമിൽ തോക്കുമായി എത്തിയ ആറ് ഭീകരരാണ് സ്‌കൂളിൽ ആക്രമണം നടത്തിയത്. തുടർച്ചയായി സ്‌ഫോടനങ്ങളും നടത്തി. അഞ്ഞൂറിലധികം കുട്ടികളും ഒട്ടേറെ അദ്ധ്യാപകരും ഈ സമയം സ്‌കൂളിലുണ്ടായിരുന്നു. ഇതിൽ കുറേപേരെ പാക് സൈന്യം ഒഴിപ്പിച്ചു. എട്ടരമണിക്കൂർ പാക്കിസ്ഥാൻ സൈന്യവുമായ ഇവരുടെ ഏറ്റുമുട്ടൽ നീണ്ടുനിന്നു. ഭീകരരിൽ ഒരാൾ ചാവേറായി പൊട്ടിത്തെറിച്ചപ്പോൾ ബാക്കിയുള്ളവരെ സൈന്യം വധിക്കുകയായിരുന്നു. 10 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. മുതിർന്ന വിദ്യാർത്ഥികളുള്ള ഒരു ബ്ലോക്കിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിൽ 132 വിദ്യാർത്ഥികൾ അടക്കം 145 പേർ കൊല്ലപ്പെട്ടു.122 പേർക്കു് പരിക്കേറ്റു. ചില അദ്ധ്യാപകനെ പച്ചക്ക് തീ കൊളുത്തി കൊല്ലുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

നിരനിരയായി കിടത്തിയ കുട്ടികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ പ്രചരിച്ചതോടെ, താലിബാനെതിരെ ആഗോള രോഷം ഉയർന്നു. പക്ഷേ താലിബാന് ഒരു ഖേദം പോലും ഉണ്ടായില്ല. അതിനുശേഷം അവർ നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് ഇന്നലെ പെഷവാറിലെ പള്ളിയിൽ നടന്നത്.

ഓപ്പിയം വാറും ഭീഷണി

ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട പാക് സർക്കാരിൽ തൊലിബാന് വിശ്വാസമില്ല. കുറ്റവാളികൾക്ക് മുസ്ലിം നിയമം അനുശാസിച്ച് കടുത്ത ശിക്ഷ നൽകണം എന്ന പക്ഷക്കാരാണ് ഇവർ. പുരുഷന്മാർ താടി നീട്ടി വളർത്തണം. സ്ത്രീകൾ ബുർഖ ധരിക്കണം. ഇത് ലംഘിച്ചാൽ ശിക്ഷ കടുത്തതാണ്.പാക് താലിബാന് സ്വാധീനമുള്ള ഇടങ്ങളിൽ ടി വിയും സിനിമയും നിരോധിച്ചിട്ടുണ്ട്. 10 വയസ്സിന് മുകളിലുള്ള പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നതിനുമുണ്ട് വിലക്ക്. പാക്കിസ്ഥാനെതിരെയുള്ള പോരാട്ടം അവർക്ക് ജിഹാദ് തന്നെയാണ്.

നിലവിൽ നൂർ വാലി മെഹ്സൂദ് ആണ് തലവൻ. അഫ്ഗാൻ താലിബാനോടുള്ള വിധേയത്വം നൂർ പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ ഭാഗമാണെന്നായിരുന്നു പ്രഖ്യാപനം. അതുകൊണ്ടുതന്നെ പാക്ക് താലിബാന്റെ പ്രവർത്തനങ്ങൾക്ക് അഫ്ഗാൻ താലിബാന്റെ പിന്തുണയുണ്ടാകുമെന്നു വിലയിരുത്തപ്പെടുന്നുണ്ട്. അൽ ഖായിദയോടു ചേർന്നു പ്രവർത്തിക്കുന്ന വിഭാഗം കൂടിയാണ് ഇവർ. അഫ്ഗാൻ പാക്ക് അതിർത്തിയിലെ ഗോത്രമേഖലയാണ് പാക്ക് താലിബാന്റെ ശക്തികേന്ദ്രം.

മറ്റൊരു ഭീഷണിയും പാക്് താലിബാനിലുടെ പാക്കിസ്ഥാൻ മാത്രമല്ല ലോകം മുഴുവൻ നേരിടുന്നുണ്ട്്. അതാണ് ഓപ്പിയം വാർ അഥാവാ കറുപ്പ് യുദ്ധം. എന്തിനും ഹറാമും ഹലാലും നോക്കുക, ഇസ്ലാമിസ്റ്റുകൾ ആണെങ്കിലും, അഫ്ഗാൻ താലിബാന്റെ ഒരു പ്രധാന വരുമാനമാർഗം കറുപ്പാണ്്. താലിബാൻ മലമടക്കുകളിൽ കുടിൽ വ്യവസായം പോലും അവർ ഓപ്പിയം കൃഷിചെയ്യുന്നുണ്ട്. ഇത് സംസ്‌ക്കരിച്ച് വിവിധ ലഹരി വസ്തുക്കളാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കയാണ് അഫ്ഗാൻ താലിബാന്റെ പ്രധാനമാർഗം. ഇപ്പോൾ ഈ പാത പാക് താലിബാനും പിന്തുടർന്നിരിക്കയാണ്. നേരത്തെ തന്നെ അഫ്ഗാൻ താലിബാനിൽ വരുന്ന ഓപ്പിയം സംസ്‌ക്കരിച്ച് വിവിധ ലഹരി വസ്തുക്കളാക്കി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് എത്തിക്കുന്ന പരിപാടിയും അവർക്കുണ്ടായിരുന്നു. ഇപ്പോൾ അഫ്ഗാൻ താലിബാനെ അനുകരിച്ച് അവർ ഓപ്പിയം കൃഷിയിലേക്ക് നീങ്ങിയിരിക്കയാണെന്നാണ്, പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നത്.


പിളരുമോ പാക്കിസ്ഥാൻ?

മതം പുളക്കുന്ന രാഷ്ട്രമാണ് പാക്കിസ്ഥാൻ. അതുകൊണ്ടുതന്നെ മതം അടിസ്ഥാനമാക്കിയുള്ള മൈൻഡ് ഗെയിം തന്നെയാണ് താലിബാനും പുറത്തെടുക്കുന്നത്.
പാക് സർക്കാരിനെതിരെ ജിഹാദ് ആരംഭിക്കുമെന്നാണ് ടിടിപി കമാൻഡർ ഒമർ ഷാഹിദ് ഭീഷണിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.'ബദർ യുദ്ധത്തിൽ പ്രവാചകന്റെ അനുചരന്മാരുടെ കാൽപ്പാടുകൾ പിന്തുടർന്ന് ഞങ്ങൾ പാക്കിസ്ഥാൻ ജിഹാദിൽ ബലിയർപ്പിക്കുന്നു. ദൈവം ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ പാക്കിസ്ഥാനെ മോചിപ്പിക്കുകയും അടിമത്തത്തിന്റെ ചങ്ങലകൾ തകർക്കുകയും ചെയ്യും'- വീഡിയോയിൽ ഒമർ ഷാഹിദ് പറയുന്നു.

പാക്കിസ്ഥാനിൽ ബലപ്രയോഗത്തിലൂടെ ശരീഅത്ത് നടപ്പാക്കുകയാണ് തെഹ്രീകെ താലിബാൻ പകിസ്താന്റെ ലക്ഷ്യം. ഇത് ഇപ്പോൾ പാക് പ്രധാനമന്തി ഷഹബാസ് ഷരീഫ് അടക്കമുള്ളവർ തിരിച്ചറിയുന്നുണ്ട്. പാക്കിസ്ഥാന്റെ ദേശീയ സുരക്ഷാ കമ്മിറ്റി (എൻഎസ്സി) രാജ്യവ്യാപകമായി ഭീകരവാദത്തിനെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകിക്കഴിഞ്ഞു.

പക്ഷേ അപ്പോഴേക്കും വൈകിപ്പോയി എന്ന ആശങ്കയും ഉണ്ട്. ഇപ്പോൾ തേയില ഇറക്കുമതിക്ക് പണം ഇല്ലാത്തതിനാൽ, ജനങ്ങളോട് ചായ കുടിക്കരുത് എന്ന് ഉപദേശിക്കത്തക്ക ഗതികേടിയാണ് പാക്കിസ്ഥാൻ. പോറ്റാൻ പണം ഇല്ലാത്തതിനാൽ, മൃഗശാലയിലെ സിംഹങ്ങളെപ്പോലും വിൽക്കുന്നു. സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ കഴിഞ്ഞ വർഷം വന്ന പ്രളയം രാജ്യത്തെ തകർത്തുകളഞ്ഞു. അപ്പോൾ എങ്ങനെയാണ് പാക്ക് സൈന്യത്തിന് ഫലപ്രദമായി താലിബാനെ ചെറുക്കാൻ കഴിയുക എന്നാണ് ചോദ്യം. അങ്ങനെ വരുമ്പോൾ ഫലത്തിൽ പാക്കിസ്ഥാൻ വീണ്ടും പിളർന്ന് പുതിയ ഒരു താലിബാൻ രാഷ്ട്രം ഉണ്ടാവുമോ എന്ന ചോദ്യമാണ് ബിബിസി അടക്കമുള്ള ലോക മാധ്യമങ്ങൾ ചോദിക്കുന്നത്.

പക്ഷേ ഇപ്പോൾ അത്തരം സാധ്യതകൾ വിദൂരമാണെന്ന റിപ്പോർട്ടുകൾ ഉണ്ട്. ഒന്ന് ബംഗ്ലാദേശ് യുദ്ധകാലത്തെന്നപോലെ ഇപ്പോൾ ഇന്ത്യയുടെ പിന്തുണ ഇത്തരം നീക്കങ്ങൾക്ക് കിട്ടില്ല. രണ്ട് ചൈന പൂർണ്ണമായും പാക്കിസ്ഥാന് ഒപ്പമാണ്്. തങ്ങളുടെ നല്ല ഒരു കറവപ്പശുവായാണ് ഷീ ജിൻ പിങ്്, ചൈനയെ കാണുന്നത്. മൂന്നാമതായും പാക്കിസ്ഥാൻ പിളരണമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകുടവും ശരിക്കും ആഗ്രഹിക്കുന്നില്ല. കാരണം അഫ്ഗാൻ താലിബാൻ നേതാക്കളുടെ കുടുംബങ്ങൾ പലതും പാക്കിസ്ഥാനിലെ പെഷവാറിലും മറ്റുമാണ് കഴിയുന്നത്. മാത്രമല്ല, അവിടുത്തെ നേതാക്കന്മാർക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ പാക്കിസ്ഥാനിലേക്കു കൊണ്ടുവന്നാലേ മെച്ചപ്പെട്ട ചികിത്സ കിട്ടൂ. ആ ബന്ധം തകർക്കണമെന്ന് ഇപ്പോൾ അവർ ആഗ്രഹിക്കില്ല. പക്ഷേ തിരിച്ചും വാദങ്ങളുണ്ട്.

പക്ഷേ ഒരു കാര്യം വ്യക്തമാണ്. പാക്് താലിബാൻ കയറിവരികയാണ്. അവർ കുറേ പ്രദേശങ്ങൾ സമാന്തരമായി ഭരിക്കും. ഇനിയും ഭീകരാക്രമണങ്ങളും മലാലമാരും ഉണ്ടാവും. മതത്തിന്റെ പേരിൽ ഉണ്ടായ പാക്കിസ്ഥാന് മതം തന്നെ പണി തരികയാണ്. അടുത്തകാലത്തൊന്നും ആ രാജ്യത്തിന്റെ കഷ്ടകാലം ഒഴിയുമെന്ന് തോന്നുന്നില്ല.


വാൽക്കഷ്ണം: പാക് താലിബാന്റെ മോസറ്റ് വാണ്ടഡ് ലിസ്്റ്റിലുള്ള രണ്ടുപേർ നമുക്കം സുപരിചിതരാണ്. ഒന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ. അതുകൊണ്ടുതന്നെ ഈ കളിയിൽ എത്രകാലം ഇന്ത്യക്ക് കാണിയായി മാറി നിൽക്കാൻ കഴിയും എന്ന ചോദ്യവും ഉയരുന്നുണ്ട്.