ഗുവാഹത്തി: അസമിലെ മദ്രസകളുടെ എണ്ണം കുറയ്ക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. പ്രവർത്തനം നടത്തേണ്ട മദ്രസകൾക്ക് വിദ്യഭ്യാസ ബോർഡിന്റെ കീഴിൽ രജിസ്‌ട്രേഷൻ നൽകുന്ന രീതി നിലവിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 'പൊതു വിദ്യാഭ്യാസ രീതിയിലേക്ക് മദ്രസകളെ കൊണ്ട് വരേണ്ടതുണ്ട്.

അതോടൊപ്പം തന്നെ വിദ്യാഭ്യസ വകുപ്പിന്റെ കീഴിൽ മദ്രസ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനും നടപ്പിലാക്കും. സംസ്ഥാനത്തെ ചെറിയ മദ്രസകളുടെ എണ്ണം കുറയ്ക്കുകയും വലിയ മദ്രസ സ്ഥാപനങ്ങളുമായി അവയെ ചേർക്കുകയും ചെയ്യുക എന്ന മാർഗവുമാണ് ഇതിന്റെ ആദ്യ ഭാഗമായി നടപ്പിലാക്കുക. ന്യൂനപക്ഷ വിഭാഗം ഈ സർക്കാരിനെ സഹായിക്കാറുണ്ട്. അവർക്കൊപ്പം തന്നെയാണ് ഈ ഗവൺമെന്റ് പ്രവർത്തിക്കുന്നതും', ഹിമന്ത ബിശ്വ ശർമ വിശദീകരിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ മദ്രസകളിൽ പരിഷ്‌കാരങ്ങൾ കൊണ്ട് വരുന്നതിനായുള്ള ചർച്ചകൾ നടക്കുകയാണ് എന്ന് അസം പൊലീസ് ഡയറക്ടർ ജനറൽ ഭാസ്‌കർ ജ്യോതി മഹന്ത് നേരത്തെ പറഞ്ഞിരുന്നു.
'68 മദ്രസകളുമായി ഞങ്ങൾ ചർച്ച നടത്തി.

ചെറിയ മദ്രസകളെ വലിയ മദ്രസകളുമായി ലയിപ്പിക്കാനാണ് തീരുമാനം. അതിന് ശേഷം വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ മദ്രസകളെ കൊണ്ട് വരികയും മികച്ച രീതിയിൽ അവ പ്രവർത്തിപ്പിക്കുകയും ചെയ്യും. കഴിഞ്ഞ വർഷാവസാനം തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 53 പേരെയാണ് അറസ്റ്റ് ചെയ്തത്. അവരെല്ലാവരും സ്വകാര്യ മദ്രസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരായിരുന്നു. അവർ അസമിനെ ലക്ഷ്യം വയ്ക്കുകയാണ്', ഡിജിപി ഭാസ്‌കർ ജ്യോതി മഹന്ത് പ്രതികരിച്ചു.