പട്ന: ബിഹാറിൽ ആർജെഡി നേതാക്കളുടെ വീടുകളിൽ സിബിഐ റെയ്ഡ്. യുപിഎ കാലത്ത് ലാലുപ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന കാലത്തെ റെയിൽവേ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് റെയ്ഡ് എന്നാണ് വിവരം. ബിജെപി ബന്ധം അവസാനിച്ച് നിതീഷ് കുമാർ രൂപീകരിച്ച മഹാസഖ്യ സർക്കാർ നിയമസഭയിൽ ഇന്ന് വിശ്വാസവോട്ട് തേടാനിരിക്കെയാണ് സിബിഐയുടെ നീക്കം.

ആർ.ജെ.ഡി നേതാവും മുനിസിപ്പൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ സുനിൽ സിങ്ങ്, ആർ.ജെ.ഡി രാജ്യസഭാ എംപി അഹമ്മദ് അഷ്ഫാഖ് എന്നിവരുടെ വീട്ടിലാണ് രാവിലെ സിബിഐ എത്തി റെയ്ഡ് തുടങ്ങിയത്. റെയ്ഡ് പ്രത്യേക ലക്ഷ്യം വെച്ചുള്ളതാണെന്നും ബിജെപിയുടെ ഭയമാണ് ഇതിന് പിന്നിലെന്നും സുനിൽ സിങ്ങ് പ്രതികരിച്ചു.

ഈ വർഷം മേയിൽ മുൻ റെയിൽവേ മന്ത്രി ലാലു പ്രസാദ്, ഭാര്യ റാബ്‌റി ദേവി, രണ്ട് പെൺമക്കൾ, മറ്റ് 12 പേർ എന്നിവർക്കെതിരെ സിബിഐ പുതിയ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബിഹാറിൽ അധികാരം നഷ്ടപ്പെട്ടതിന്റെ പ്രതികാരം തീർക്കാൻ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സിബിഐ റെയ്ഡിന് പദ്ധതിയിടുന്നതായി ആർ.ജെ.ഡി വക്താവ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്.

ആർ.ജെ.ഡി നേതാവ് തേജസ്വിയാദവിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാണ് ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ സഖ്യസർക്കാർ. ആകെയുള്ള 243 അംഗ സഭയിൽ 164 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ജെ.ഡി.യു-ആർ.ജെ.ഡി നേതൃത്വം അവകാശപ്പെടുന്നത്. നിലവിലെ 241 അംഗ സഭയിൽ 121 പേരുടെ പിന്തുണയാണ് സർക്കാർ മുന്നോട്ട് കൊണ്ടുപോവാനായി ആവശ്യമുള്ളത്.