മുംബൈ: വിദേശ യാത്രയുടെ പേരിൽ പണം തട്ടിയതായി പരാതി. മഹാരാഷ്ട്ര ബിൾഡറായ യുവതിയാണ് പരാതി നൽകിയത്. സംഭവത്തിൽ ട്രാവൽ കമ്പനി ഉടമകളായ ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു.

പരാതിക്കാരിയും കുടുംബവും 2020 ഫെബ്രുവരിയിൽ യുഎസ് പര്യടനത്തിനായി ട്രാവൽ സ്ഥാപനവുമായി ബന്ധപ്പെട്ടിരുന്നു. വിമാന ടിക്കറ്റ്, വിസ, യാത്രാച്ചെലവ്, കാഴ്ചകൾ കാണുന്നതിനുള്ള ചെലവ്, മറ്റ് ചെലവുകൾ എന്നിവയ്ക്കായി അവർ കമ്പനിക്ക് 31,71,972 രൂപ നൽകിയതായി പരാതിയിൽ പറയുന്നതായി പൊലീസ് അറിയിച്ചു.

എന്നാൽ ലോകമെമ്പാടും കോവിഡ് മഹാമാരി പടർന്ന് പിടിച്ചതിനെ തുടർന്ന് ടൂർ പിന്നീടുള്ള തീയതിയിലേക്ക് മാറ്റിവച്ചു. പിന്നീട് ബിൾഡർ തന്റെ കുടുംബാംഗങ്ങളുടെ ബുക്കിങ് റദ്ദാക്കുകയും താൻ മാത്രമേ ടൂറിന് പോകൂന്നുള്ളു എന്ന് തീരുമാനിക്കുകയും ചെയ്തു. ട്രാവൽ കമ്പനി ഇത് സമ്മതിക്കുകയും 2022 ഒക്ടോബർ 28 നും നവംബർ 11 നും ഇടയിൽ പര്യടനത്തിന് ഏർപ്പാട് ചെയ്യാമെന്ന് അറിയുക്കയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. എന്നാൽ, ഫ്‌ളൈറ്റ് ടിക്കറ്റും ഹോട്ടൽ ബുക്കിങ് വിശദാംശങ്ങളും ടൂർ യാത്രാ വിവരങ്ങളും ബിൽഡർക്ക് ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇതേ തുടർന്ന് ബിൾഡർ പരാതിയുമായി പൊലീസിനെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാനിയമം 406, 34 പ്രകാരം ട്രാവൽ കമ്പനി ഉടമകളായ ദമ്പതികൾക്കെതിരെ ശനിയാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.