ബംഗളൂരു: രാജ്യത്ത്, മുസ്ലിം പുരുഷന്മാർ മൂന്ന് തവണ തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുന്ന മുത്തലാഖ് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്. 2019 ഓഗസ്റ്റ് 1നാണ് പാർലമെന്റ് നിയമം അംഗീകരിച്ചത്. എന്നാൽ, നിയമം ലംഘിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഏറ്റവുമൊടുവിൽ, ഭാര്യയെ മുത്തലാഖ് ചൊല്ലിയ ഡോക്ടർ അറസ്റ്റിലായി. ബംഗളൂരു വിമാനത്താവളത്തിൽ വച്ചാണ് ഡൽഹി പൊലീസ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.

നാൽപ്പതുകാരനായ ഡോക്ടർ യുകെയിലേക്ക് പോകാനിരിക്കെയാണ് അറസ്റ്റ് നടപടിയുണ്ടായത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇയാൾ ഭാര്യയെ മുത്തലാഖ് ചൊല്ലിയത്. ഇതിനു പിന്നാലെ ഭാര്യ ഡൽഹി കല്യാൺപുരി പൊലീസിൽ പരാതി നൽകിയിരുന്നു. ഒക്ടോബർ 13 നാണ് 36 കാരിയായ ഭാര്യയെ 40 കാരനായ ഡോക്ടർ മൂത്തുതവണ തലാഖ് ചൊല്ലി ഉപേക്ഷിച്ചത്. എന്നാൽ, ഡൽഹി കല്യാൺപുരിയിലെ പൊലീസ് സ്റ്റേഷനിൽ, ഫെബ്രുവരി ഒന്നിന് ഭാര്യ പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്.

2018 ലാണ് ഇരുവരും പരിചയപ്പെട്ടത്. രണ്ടുവർഷത്തിന് ശേഷം വിവാഹം കഴിഞ്ഞു. കുട്ടികളില്ല. വിദേശത്ത് മെഡിക്കൽ ഗ്രാജ്വേറ്റ്‌സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് താനെന്ന് പറഞ്ഞാണ് ഇയാൾ യുവതിയെ പരിചയപ്പെട്ടത്. കല്യാണം കഴിഞ്ഞ് ഏതാനും മാസത്തിന് ശേഷം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്ന വ്യാജേന ഡോക്ടർ ഡൽഹിയിലെ മറ്റൊരു സ്ഥലത്തേക്ക് താമസം മാറി. കഴിഞ്ഞ വർഷം ഒക്ടോബർ 13 ന് സ്ഥലത്ത് എത്തിയപ്പോഴാണ് ഭർത്താവ് മറ്റൊരു യുവതിക്കൊപ്പമാണ് കഴിയുന്നതെന്ന് മനസ്സിലാക്കിയത്.

ഡോക്ടർ തന്നെ വളരയധികം നിർബന്ധിച്ച ശേഷമാണ് ദരിയാഗഞ്ചിലെ തന്റെ വീട്ടിൽ വച്ച് വിവാഹിതരായതെന്ന് യുവതി പറയുന്നു. പിന്നീട് ലജ്പത് നഗറിൽ വീട് വാടകയ്ക്ക് എടുത്ത് താമസിച്ചു. 2020 ഒക്ടോബറിൽ യുവാവ് ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. അന്ന് അവിടുത്തെ ഒരു ലേഡി ഡോക്ടറുമായി ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തെ കുറിച്ച് ചോദിക്കുമ്പോഴൊക്കെ തന്നെ അയാൾ തല്ലുമായിരുന്നെന്ന് യുവതി പറയുന്നു. ഇതിനെ തുടർന്നാണ് മൂന്നുതവണ തലാഖ് ചൊല്ലി യുവാവ് ബന്ധം വേർപ്പെടുത്തിയത്.